മരിച്ചു ശരീരത്തിന്റെ ചൂടാറും മുൻപു കണ്ണു കുത്തിയെടുക്കാൻ വന്ന കാലന്മാരെന്നു വിളിച്ചു; ഒടുവിൽ ശ്രീലങ്കയിൽ നിന്നു കണ്ണെത്തിച്ചു: നേത്രരോഗവിദഗ്ധൻ ഡോ. ടോണി ഫെർണാണ്ടസിന്റെ സംഭവബഹുലമായ ജീവിതകഥ A Pioneer in Kerala's Ophthalmology: Dr. Tony Fernadez's Journey
‘എഴുപതുകളുടെ പകുതി...അന്നു കൃഷ്ണമണി മാറ്റിവയ്ക്കലിനുള്ള കണ്ണു കൊണ്ടുവന്നിരുന്നതു ശ്രീലങ്കയിൽ നിന്നാണ്. കണ്ണ്, വലിയ ഐസ് പെട്ടിയിലാക്കി ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്നു ‘കേരള ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ്’ സംഘടനയുടെ അംഗങ്ങൾ ആരെങ്കിലും കെഎസ്ആർടിസി ബസ് വഴി കണ്ണ് അങ്കമാലിയിൽ
‘എഴുപതുകളുടെ പകുതി...അന്നു കൃഷ്ണമണി മാറ്റിവയ്ക്കലിനുള്ള കണ്ണു കൊണ്ടുവന്നിരുന്നതു ശ്രീലങ്കയിൽ നിന്നാണ്. കണ്ണ്, വലിയ ഐസ് പെട്ടിയിലാക്കി ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്നു ‘കേരള ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ്’ സംഘടനയുടെ അംഗങ്ങൾ ആരെങ്കിലും കെഎസ്ആർടിസി ബസ് വഴി കണ്ണ് അങ്കമാലിയിൽ
‘എഴുപതുകളുടെ പകുതി...അന്നു കൃഷ്ണമണി മാറ്റിവയ്ക്കലിനുള്ള കണ്ണു കൊണ്ടുവന്നിരുന്നതു ശ്രീലങ്കയിൽ നിന്നാണ്. കണ്ണ്, വലിയ ഐസ് പെട്ടിയിലാക്കി ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്നു ‘കേരള ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ്’ സംഘടനയുടെ അംഗങ്ങൾ ആരെങ്കിലും കെഎസ്ആർടിസി ബസ് വഴി കണ്ണ് അങ്കമാലിയിൽ
‘എഴുപതുകളുടെ പകുതി...അന്നു കൃഷ്ണമണി മാറ്റിവയ്ക്കലിനുള്ള കണ്ണു കൊണ്ടുവന്നിരുന്നതു ശ്രീലങ്കയിൽ നിന്നാണ്. കണ്ണ്, വലിയ ഐസ് പെട്ടിയിലാക്കി ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്നു ‘കേരള ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ്’ സംഘടനയുടെ അംഗങ്ങൾ ആരെങ്കിലും കെഎസ്ആർടിസി ബസ് വഴി കണ്ണ് അങ്കമാലിയിൽ എത്തിച്ചുതരും.
ഒരിക്കൽ, കാഴ്ചയില്ലാത്ത ഒരാൾ ‘മനുഷ്യനേത്രം’ എന്നെഴുതിയ പെട്ടിയും പിടിച്ച് ഇരിക്കുന്നതു കണ്ടു ഭയപ്പെട്ട ബസ്സ് ജീവനക്കാർ നട്ടപാതിരയ്ക്ക് അയാളെ റോഡിൽ ഇറക്കിവിട്ടു. മരണശേഷമെടുക്കുന്ന കണ്ണ് കഴിവതും 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണ മെന്നാണ്. അന്ന് ആ കണ്ണ് ഉപയോഗിക്കാൻ പറ്റിയില്ല. സൗജന്യമായി ഒരു നിയമ കുരുക്കുകളുമില്ലാതെയാണ് അന്നു വിമാനത്തിൽ കണ്ണ് എത്തിച്ചു തന്നിരുന്നത്. ‘അവയവ കള്ളക്കടത്ത്’ പോലുള്ള ആശങ്കകളുള്ള ഇന്നാണെങ്കിൽ ഇതു സാധിക്കുമോ എന്നു സംശയമാണ്.’’
ആലുവയിലെ സ്വന്തം ആശുപത്രിയിൽ ഇരുന്ന്, ഒരു ചെറുചിരിയോടെ ആറു പതിറ്റാണ്ടു നീണ്ട സേവനകാലത്തെ നാടകീയമായ ചില മുഹൂർത്തങ്ങൾ ഒാർത്തെടുക്കുകയാണു പ്രമുഖ നേത്രചികിത്സകനായ ഡോ. ടോണി ഫെർണാണ്ടസ്. കേരളത്തിലെ ആദ്യ നേത്രബാങ്ക് പോലെ നേത്രചികിത്സാരംഗത്തു വിപ്ലവകരമായ പല മാറ്റങ്ങൾക്കും തുടക്കം കുറിച്ചതു പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസാണ്.
കോങ്കണ്ണു നേരേയാക്കുന്നതിനുള്ള ചികിത്സ മുതൽ കണ്ണു മാറ്റിവയ്ക്കൽ, ലെൻസ് ഉപയോഗിച്ചുള്ള തിമിര ശസ്ത്രക്രിയ, കണ്ണടയും കോണ്ടാക്ട് ലെൻസും ഒഴിവാക്കാൻ സഹായിക്കുന്ന റിഫ്രാക്ടീവ് സർജറി, കാഴ്ചാവൈകല്യങ്ങൾക്കുള്ള ലേസർ ചികിത്സകൾ എന്നിവയൊക്കെ കേരളത്തിൽ ഔദ്യോഗികമായി ആദ്യമെത്തിയത് അദ്ദേഹത്തിലൂടെയാണ്. ആ നാളുകളെക്കുറിച്ച് അദ്ദേഹം പറയുന്നു.
ഒാർമകളുടെ ‘മധുര’കാലം
‘‘അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിനോടു ചേർത്താകും ആളുകൾക്ക് എന്റെ പേരു പരിചിതം. പക്ഷേ, എന്റെ ആദ്യ ജോലിസ്ഥലം മധുര ഗവ. മെഡി. കോളജാണ്. എംബിബിഎസ് കഴിഞ്ഞു ലണ്ടനിലെ അഞ്ചു വർഷം നീണ്ട പഠനവും കഴിഞ്ഞാണു മധുരയിലെത്തുന്നത്. ലണ്ടനിൽ നിന്നു കോങ്കണ്ണു നേരേയാക്കലിലും നേത്രപടലം മാറ്റിവയ്ക്കലിലുമൊ ക്കെ വൈദഗ്ധ്യം നേടിയിരുന്നു. അതുകൊണ്ട് മധുരയിലും കോങ്കണ്ണു നേരേയാക്കുന്ന ചികിത്സയാണ് ആരംഭിച്ചത്. ഇപ്പോഴത്തെ അരവിന്ദ് ഐ ഹോസ്പിറ്റ ൽസിന്റെ സ്ഥാപകനായ പ്രഫ. വെങ്കിട്ട സ്വാമിയായിരുന്നു അന്നു നേത്രരോഗ
വിഭാഗം തലവൻ.
ഇന്നത്തെ പോലെയല്ല, അന്നു ദക്ഷിണേന്ത്യയിൽ കോങ്കണ്ണിനു ചികിത്സയില്ലായിരുന്നു. കുറഞ്ഞകാലം കൊണ്ടു തന്നെ കോങ്കണ്ണു നേരേയാക്കലിൽ മധുര മെഡി. കോളജ് പ്രശസ്തിയാർജിച്ചു. നേത്രബാങ്ക് രൂപീകരണം, നേത്രപരിശോധനാക്യാംപുകൾ എന്നിങ്ങനെ ജോലിദിനങ്ങൾ മധുരം നിറഞ്ഞതായിരുന്നു.
പെട്ടെന്നാണ് അന്തരീക്ഷം മാറിമറിഞ്ഞത്. ഡിഎംകെ അധികാരത്തിൽ വന്നതോടെ പ്രാദേശികവാദം ശക്തമായി. തമിഴരല്ലാത്തവർക്ക് അവിടെ തുടരാൻ ബുദ്ധിമുട്ടായി. എന്റെ ഭാര്യ ഡോ. ഇവോണിന് അവിടെ പിജി പ്രവേശനവും നിഷേധിക്കപ്പെട്ടു. അതോടെ ഭാവി ആശങ്ക നിറഞ്ഞതാണെന്നു തോന്നിത്തുടങ്ങി.
ഈ സമയത്താണ് എന്റെ പഴയ സഹപാഠിയും അങ്കമായി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ സൂപ്രണ്ടുമായ ഡോ. ജേക്കബ് കണ്ണമ്പള്ളി അങ്കമാലിയിലേക്കു വിളിക്കുന്നത്.
മുൻപ് ഒരു പ്രാവശ്യം മധുരയിൽ വന്നപ്പോഴും അങ്കമാലിയിലേക്കു വരാൻ അദ്ദേഹം ക്ഷണിച്ചിരുന്നു. പക്ഷേ, ‘ഒരു നല്ല കട പോലുമില്ലാത്ത ആ കുഗ്രാമത്തിൽ പോയിട്ടെന്തു ചെയ്യാനാണ്’ എന്ന കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തടസ്സവാദങ്ങളും മധുര വിട്ടുപോരാനുള്ള എന്റെ മടിയും കൊണ്ട് അതിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. പക്ഷേ, പുതുതായി ഉരുത്തിരിഞ്ഞ ആശങ്ക എന്നെ അങ്കമാലിയിലേക്ക് എത്തിക്കാനുള്ള ദൈവനിയോഗമായിരുന്നു എന്നു പിന്നീടാണു മനസ്സിലായത്.
‘കണ്ണായ’ നാളുകൾ
ലിറ്റിൽ ഫ്ലവറിലെ നേത്രരോഗ വിഭാഗം വെറും അഞ്ചു കിടക്കകൾ മാത്രമുള്ള ഒരു ചെറു യൂണിറ്റായിരുന്നു. ആവശ്യത്തിന് ഉപകരണങ്ങളില്ല. സൗകര്യങ്ങളും കുറവ്. പക്ഷേ, പടിപടിയായി മധുരയിലുണ്ടായിരുന്ന എല്ലാ ചികിത്സകളും അവിടെയും ലഭ്യമാക്കി തുടങ്ങി. കോങ്കണ്ണു നേരേയാക്കുന്ന കേരളത്തിലെ ആദ്യ ആശുപത്രിയായി. അക്കാലത്ത് അങ്കമാലിയിലും തൃശൂരിലുമൊക്കെയുള്ള പല കുടുംബങ്ങളിലും ഒരാൾക്കെങ്കിലും അന്ധത ഉണ്ടായിരുന്നു. ഇന്നിതു വായിക്കുമ്പോൾ നിങ്ങൾക്ക് അദ്ഭുതം തോന്നുന്നുണ്ടാകാം.
പക്ഷേ, കണ്ണിലെ കൃഷ്ണമണി വെളുത്തു ക്രമേണ കാഴ്ച നഷ്ടമാകുന്ന കോർ ണിയൽ ഡിസ്ട്രഫി എന്ന ജനിതക രോഗം അന്നു വ്യാപകമായിരുന്നു. കൃഷ്ണമണി മാറ്റിവയ്ക്കൽ മാത്രമാണ് അതിനുള്ള ചികിത്സ. അന്നു കേരളത്തിൽ കൃഷ്ണമണി ലഭിക്കാനില്ല. രോഗികളെ ഉത്തരേന്ത്യയിലെ ഒരു സെന്ററിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്.
കേരളത്തിലെ ആദ്യ നേത്രബാങ്ക്
കോർണിയൽ ഡിസ്ട്രഫിയുള്ള തൃശൂരുകാരിയായ ഒരു സ്ത്രീ തന്റെ അന്ധത എങ്ങനെയെങ്കിലും മാറ്റിത്തരണമെന്നു പറഞ്ഞ് അടിക്കടി എന്നെ കാണാൻ വരുമായിരുന്നു. സാധുവായ അവർക്ക് ഉത്തരേന്ത്യയിൽ പോയി ചികിത്സിക്കാൻ നിവൃത്തിയില്ല. അതുപോലെ ഒരു വൈദികന്റെ സഹോദരനായ, ഇതേപ്രശ്നമുള്ള അധ്യാപകൻ, അദ്ദേഹത്തിന് ഒരു വർഷം കൂടി ജോലിയിൽ തുടരാനായാൽ പ്രൊമോഷൻ കിട്ടും. ഇങ്ങനെ ഒട്ടേറെ പേരുടെ ദയനീയത കണ്ടതാണു കേരളത്തിൽ ഒരു നേത്രബാങ്ക് ആരംഭിക്കാനുള്ള ചിന്തയിലേക്കെത്തിച്ചത്.
1970 ൽ കേരളത്തിലെ ആദ്യത്തെ നേത്രബാങ്ക് രൂപവത്കരണം നടന്നു. പക്ഷേ, പൊതുജനം നേത്രദാനമെന്ന ആശയത്തെ ഉൾക്കൊണ്ടില്ല. മരണാനന്തര നേത്രദാന സമ്മതപത്രമുണ്ടെങ്കിലും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സമ്മതമില്ലാതെ കണ്ണ് എടുക്കാനാകില്ല. അവരെ സംബന്ധിച്ചിടത്തോളം ‘മരിച്ചു ശരീരത്തിന്റെ ചൂടാറും മുൻപു കണ്ണു കുത്തിയെടുക്കാൻ വന്ന കാലന്മാരാ’യിരുന്നു ഞങ്ങൾ.
നേത്രബാങ്കിന്റെ സംഘാടകരിലൊരാളായ ഇ വി ഫിലിപ്പ്, ഭാര്യ മരിച്ചപ്പോൾ ആരെയുമറിയിക്കാതെ അവരുടെ കണ്ണുകൾ ദാനം ചെയ്തതും തയ്യൽക്കാരനായ തോമസ് എന്നയാൾ സന്നദ്ധ നേത്രദാനം ചെയ്തതുമൊക്കെ വാർത്തയായെങ്കിലും അധികമാരും നേത്രദാനത്തിനു മുൻപോട്ടു വന്നില്ല.
മറ്റെവിടെ നിന്നെങ്കിലും കണ്ണുകൾ കണ്ടെത്താനാകുമോ എന്ന തിരച്ചിൽ എത്തിയത് ശ്രീലങ്കയിലാണ്. ബുദ്ധമത വിശ്വാസികൾക്കിടയിൽ മരണാനന്തരമുള്ള നേത്രദാനം വിശിഷ്ടമാണെന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ശ്രീലങ്കയിലെ ഇന്റർനാഷനൽ ഐ ബാങ്ക് കേരളത്തിലെ നേത്രദാരിദ്ര്യം പരിഹരിക്കാൻ ഒരു മാർഗമായി.
പക്ഷേ, 1983 ൽ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ ആ വഴിയും അടഞ്ഞു.
അതു പക്ഷേ, ‘ഉർവശീ ശാപം ഉപകാര’മെന്ന പോലെയായി. വീണ്ടും നേത്രദാന ബോധവത്കരണ ശ്രമങ്ങൾ ശക്തിപ്രാപിച്ചു. ഒരുപാടു പേരുടെ പ്രത്യേകിച്ച്, ചില വൈദികരുടെ ശ്രമഫലമായി നേത്രദാനം പുരോഗമിച്ചുതുടങ്ങി. ഇന്നു പ്രതിവർഷം 1500 ൽ പരം നേത്രപടലങ്ങൾ സമാഹരിക്കാ നാകുന്നുണ്ട്.
ലോക്കോപൈലറ്റിന്റെ ധൈര്യം
നേത്രചികിത്സാരംഗത്തെ പുതിയ പല സങ്കേതങ്ങളും ആരംഭിക്കാൻ യാദൃശ്ചികമെന്നു തോന്നുന്ന പല നിമിത്തങ്ങളും കാരണമായി, ലെൻസ് ഉപയോഗിച്ചുള്ള തിമിരശസ്ത്രക്രിയ തന്നെ ഉദാഹരണം. കണ്ണിലെ തിമിരം ബാധിച്ച ലെൻസ് മാറ്റി കട്ടിക്കണ്ണട വയ്ക്കുക യായിരുന്നു ആദ്യകാല രീതി. തിമിരം ബാധിച്ച ലെൻസിനു പകരം വയ്ക്കാവുന്ന ഇൻട്രാ ഒക്യുലർ ലെൻസ് കണ്ടുപിടിച്ചെങ്കിലും അത് ഉപയോഗിക്കു ന്നതിൽ ഡോക്ടർമാർ പോലും മടി കാണിച്ചിരുന്നു.
ആ സമയത്ത് റെയിൽവേയിൽ ലോക്കോപൈലറ്റായ ഒരാൾ കാണാൻ വന്നു. തിമിരം നീക്കി, കണ്ണട വയ്ക്കാതെ കാണാൻ പറ്റുമെന്നു മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ അയാൾക്കു ജോലിയിൽ തുടരാം. ഇൻട്രാ ഒക്യുലർ ലെൻസിനെ കുറിച്ച് എങ്ങനെയോ അറിഞ്ഞിട്ടാണു വരവ്.
ഇക്കാര്യത്തിലുള്ള എന്റെ പരിശീലനക്കുറവിനെ കുറിച്ചും ലെൻസു വയ്ക്കുന്നതു സംബന്ധിച്ചുള്ള വിമർശനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞെങ്കിലും അയാൾ പിന്മാറിയില്ല. ലണ്ടനിൽ നിന്നു ലെൻസും വരുത്തി തന്നു. അങ്ങനെ അയാളുടെ ധൈര്യം പുതിയൊരു ചരിത്രം കുറിക്കാനിടയായി. കേരളത്തിലാദ്യമായി ലെൻസ് ഉപയോഗിച്ചുള്ള തിമിര ശസ്ത്രക്രിയ വിജയകരമായി നടന്നു.
ഒരിക്കലൊരു മെഡിക്കൽ കോൺഫറൻസിൽ ലെൻസ് ഉപയോഗിച്ചുള്ള തിമിര ശസ്ത്രക്രിയക ളെക്കുറിച്ചുള്ള തടസ്സവാദമായി ‘നിങ്ങളുടെ അമ്മയ്ക്കോ പെങ്ങൾക്കോ ആണെങ്കിൽ നിങ്ങളിതു ചെയ്യുമോ’ എന്നവർ ചോദിച്ചു. ‘ചെയ്തു കഴിഞ്ഞു സർ’ എന്നു ഞാൻ ഉത്തരം പറഞ്ഞു. കാരണം എന്റെ അമ്മയുടെ തിമിര ശസ്ത്രക്രിയ നടത്തിയതും ഞാനായിരുന്നു– ലെൻസ് ഉപയോഗിച്ചു തന്നെ.
74 വയസ്സിൽ പുതിയ തുടക്കം
74–ാം വയസ്സിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിനോടു വിട പറഞ്ഞപ്പോൾ ഞാൻ വിശ്രമജീവിതത്തിലേക്കു കടക്കുമെന്നാണു പലരും കരുതിയത്. അപ്പോഴേക്കും ഹൃദയാഘാതം വന്നു ബൈപാസ് സർജറി കഴിഞ്ഞിരുന്നു. ലിവർ സിറോസിസ്, ലിവർ കാൻസർ, സയാറ്റിക്ക എന്നിവയൊക്കെ വിവിധ പരീക്ഷണങ്ങളുമായി വന്നു. പക്ഷേ, അതിശയകരമായ ദൈവിക ഇടപെടലുകളിലൂടെ അവയെയൊക്കെ അതിജീവിക്കാനായി.
ആലുവയുടെ ഹൃദയഭാഗത്തായി ‘ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ’ പിറന്നതും മറ്റൊരു വഴിത്തിരിവാണെന്നു കരുതാനാണ് എനിക്കിഷ്ടം. ഇപ്പോൾ ആലുവയിൽ തന്നെ പുതിയ സ്ഥലത്തു മകൻ ഡോ. ഫ്രെഡി ടോണിയുടെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ 3–4 മാസത്തിനു ള്ളിൽ പ്രവർത്തനം തുടരാനുള്ള തയാറെടുപ്പിലാണ്.
91 വയസ്സായി. അന്നും ഇന്നും കാഴ്ചയെന്ന മഹാദ്ഭുതത്തിനു പിന്നാലെയാണു ജീവിതം. ഇരുട്ടിലായിരിക്കുന്ന ഒരാൾക്കു വെളിച്ചത്തിന്റെ ഒരു കണമെങ്കിലും നൽകാനാകുന്നതിലും ധന്യമായി മറ്റെന്തുണ്ട്...’’
കേരളത്തിന്റെ നേത്രചികിത്സാരംഗത്തു പല വിപ്ലവകരമായ പദ്ധതികൾക്കും തുടക്കമിട്ടയാളാണു പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ്. മലയാളിയാണെങ്കിലും ജനിച്ചതു മലേഷ്യയിലാണ്. മംഗലാപുരം കസ്തൂർബ മെഡി. കോളജിലെ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാർഥി. ലണ്ടനിലെ
റോയൽ കോളജ് ഒഫ് ഫിസിഷൻസ് & സർജൻസിൽ നിന്നു നേത്രചികിത്സയിൽ ഉന്നതബിരുദം. പത്മശ്രീ, ഷെവലിയർ പുരസ്കാരം, ഇന്ത്യൻ മെഡി. കൗൺസിലിന്റെ ബി സി റോയ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ. ഇന്ത്യൻ ജേണൽ ഒഫ് ഒഫ്താൽമോളജി എഡിറ്റർ, കേരള സ്േറ്ററ്റ് ഒഫ്താൽമോളജി സൊസൈറ്റി സ്ഥാപകൻ എന്നിങ്ങനെ മികച്ച സംഘാടകൻ. കേരള ആക്‌ഷൻ ഫോഴ്സ് സ്ഥാപക പ്രസിഡന്റ്, സാമൂഹികസേവനരംഗത്തും സജീവമാണ്. ഭാര്യ: പരേതയായ ഡോ. ഇവോൺ.