അണുക്കൾ മരുന്നുകൾക്കെതിരെ ശക്തിയാർജിച്ചാൽ: ആന്റിബയോട്ടിക് പ്രതിരോധം വരാതിരിക്കാന്‍
അണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതിനെയാണ് ആന്റിബയോട്ടിക് റസിസ്റ്റൻസ് എന്നു പറയുന്നത്. ആന്റിബയോട്ടിക്കുകളുമായുള്ള മനുഷ്യരുടെ നിരന്തര സമ്പർക്കം കാരണം അണുക്കൾക്ക് സ്വാഭാവികമായി പ്രതിരോധം കൈവരാം. പക്ഷേ, ചില കാര്യങ്ങൾ ഈ പ്രതിരോധത്തെ വേഗത്തിലാക്കുന്നു. ആന്റിബയോട്ടിക്
അണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതിനെയാണ് ആന്റിബയോട്ടിക് റസിസ്റ്റൻസ് എന്നു പറയുന്നത്. ആന്റിബയോട്ടിക്കുകളുമായുള്ള മനുഷ്യരുടെ നിരന്തര സമ്പർക്കം കാരണം അണുക്കൾക്ക് സ്വാഭാവികമായി പ്രതിരോധം കൈവരാം. പക്ഷേ, ചില കാര്യങ്ങൾ ഈ പ്രതിരോധത്തെ വേഗത്തിലാക്കുന്നു. ആന്റിബയോട്ടിക്
അണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതിനെയാണ് ആന്റിബയോട്ടിക് റസിസ്റ്റൻസ് എന്നു പറയുന്നത്. ആന്റിബയോട്ടിക്കുകളുമായുള്ള മനുഷ്യരുടെ നിരന്തര സമ്പർക്കം കാരണം അണുക്കൾക്ക് സ്വാഭാവികമായി പ്രതിരോധം കൈവരാം. പക്ഷേ, ചില കാര്യങ്ങൾ ഈ പ്രതിരോധത്തെ വേഗത്തിലാക്കുന്നു. ആന്റിബയോട്ടിക്
അണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതിനെയാണ് ആന്റിബയോട്ടിക് റസിസ്റ്റൻസ് എന്നു പറയുന്നത്. ആന്റിബയോട്ടിക്കുകളുമായുള്ള മനുഷ്യരുടെ നിരന്തര സമ്പർക്കം കാരണം അണുക്കൾക്ക് സ്വാഭാവികമായി പ്രതിരോധം കൈവരാം. പക്ഷേ, ചില കാര്യങ്ങൾ ഈ പ്രതിരോധത്തെ വേഗത്തിലാക്കുന്നു.
ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ പ്രധാന കാരണം മനുഷ്യരിലെ അമിതമായും അനാവശ്യമായുമുള്ള ആന്റിബയോട്ടിക് ഉപയോഗമാണ്. മരുന്നുകളല്ലാതെയുള്ള സ്രോതസ്സുകളിൽ നിന്ന് ആന്റിബയോട്ടിക്കുകൾ ശരീരത്തിലെത്തുന്നതും ഒരു കാരണം തന്നെ. പക്ഷി–മൃഗമാംസത്തിൽ നിന്ന്, മത്സ്യങ്ങളിൽ നിന്ന്, പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്ന്, സൗന്ദര്യസംരക്ഷണ ഉപാധികളിൽ നിന്ന്, സോപ്പ്, ലോഷൻ പോലുള്ള ആന്റിബാക്ടീരിയൽ ഉൽപന്നങ്ങളിൽ നിന്നൊക്കെ ആന്റിബയോട്ടിക് ഘടകങ്ങൾ ശരീരത്തിലെത്താം . ഇത് ആന്റിബയോട്ടിക് ഉപയോഗിക്കാത്തവരിൽ പോലും പ്രതിരോധം സൃഷ്ടിക്കാം. ഏറ്റവും പുതിയതായി വരുന്ന ആന്റിബയോട്ടിക്കുകളൊന്നും ഇത്തരത്തിൽ ഉപയോഗിക്കാറില്ല. നമ്മൾക്കു മരുന്നായി ഉപയോഗിക്കാനാകാത്ത, തഴഞ്ഞുകളയുന്ന ആന്റിബയോട്ടിക്കുകളാണ് ഇങ്ങനെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കുക.
ഐസിഎംആറിന്റെ 2021 ലെ റിപ്പോർട്ട് പറയുന്നത്, കോഴിയിലും അറവുമൃഗങ്ങളിലുമുള്ള അമിതമായും അനിയന്ത്രിതമായുമുള്ള ആന്റിബയോട്ടിക് ഉപയോഗം പ്രതിരോധത്തിനിടയാക്കുന്നുവെന്നും ഇങ്ങനെ പ്രതിരോധമാർജിച്ച അണുക്കൾ മനുഷ്യരിലേക്ക് എളുപ്പം പകരാമെന്നുമാണ്. മരുന്നുൽപാദക കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ജലാശയങ്ങളിലേക്കൊഴുകി അവിടം ആന്റിബയോട്ടിക് പ്രതിരോധമുള്ള അണുക്കളുടെ വിഹാരരംഗമാക്കുന്നുവെന്നും റിപ്പോർട്ടു ചൂണ്ടിക്കാണിക്കുന്നു.
വിദേശങ്ങളിലെ നിയന്ത്രണം
വിദേശരാജ്യങ്ങളിലൊക്കെ കൃത്യമായ പ്രിസ്ക്രിപ്ഷൻ മോണിട്ടറിങ് പദ്ധതികളുണ്ട്. ഡോക്ടറുടെ കുറിപ്പടിയുമായി ചെന്നാൽ മാത്രമേ ആന്റിബയോട്ടിക്കുകൾ ലഭിക്കൂ. മാത്രമല്ല, കുറിപ്പടിയിൽ പറഞ്ഞിരിക്കുന്ന അത്രയും എണ്ണമേ ലഭിക്കൂ. ഒരു കോഴ്സ് ആന്റിബയോട്ടിക് കഴിച്ചു കഴിഞ്ഞ് വീണ്ടും വാങ്ങണമെങ്കിൽ ഡോക്ടർ വീണ്ടും കുറിച്ചുകൊടുക്കണം.
എന്നാൽ, നമ്മുടെ നാട്ടിൽ ആന്റിബയോട്ടിക്കുകളുടെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങളൊന്നുമില്ല. പ്രിസ്ക്രിപ്ഷൻ ഒാഡിറ്റിങ് വന്നിട്ടില്ല. അതുതന്നെയാണ് ഇവിടെ ആന്റിബയോട്ടിക് പ്രതിരോധം വർധിക്കാൻ പ്രധാന കാരണം.
ഒരു വ്യക്തിക്ക് ഏതെങ്കിലും ആന്റിബയോട്ടിക്കിനോടു പ്രതിരോധം വന്നാൽ തന്നെ അതു കണ്ടുപിടിക്കാൻ സാധിക്കും. മറ്റു രാജ്യങ്ങളിൽ ഏതൊക്കെ ആന്റിബയോട്ടിക്കിനോടാണു പ്രതിരോധമുള്ളതെന്നു രേഖപ്പെടുത്തിയ കാർഡുകൾ നൽകാറുണ്ട്. അനാവശ്യമായ മരുന്നുപയോഗം തടയാൻ ഇതു സഹായിക്കും. എന്നാൽ നമ്മുടെ നാട്ടിൽ ആന്റിബയോട്ടിക് പ്രതിരോധം സംബന്ധിച്ചു രോഗിക്കു വ്യക്തമായി അറിവു ലഭിക്കാറില്ല, ആശുപത്രികളിൽ നിന്ന് ഇതു സംബന്ധിച്ചു രേഖകളും നൽകാറില്ല. ആശുപത്രികൾ തമ്മിൽ മെഡിക്കൽ രേഖകൾ ഡിജിറ്റലായി പങ്കുവയ്ക്കുന്നുമില്ല. ഫലമോ, ഒാരോ തവണ അസുഖം വരുമ്പോഴും വീണ്ടും ആന്റിബയോട്ടിക് ഒാരോന്നായി നൽകി പരീക്ഷിക്കേണ്ടിവരുന്നു.
പ്രതിരോധം വന്നാൽ എന്തു സംഭവിക്കും?
അസുഖങ്ങളുടെ ചികിത്സയിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് പല സാഹചര്യങ്ങളിൽ പല രീതിയിലാണ്. ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ, തേഡ് ലൈൻ എന്നിങ്ങനെ ആന്റിബയോട്ടിക് ചികിത്സയ്ക്ക് പലഘട്ടങ്ങളുണ്ട്. ഫസ്റ്റ്ലൈൻ ആന്റിബയോട്ടിക്കുകൾ ചികിത്സയുടെ പ്രാഥമിക ഘട്ടത്തിൽ ഉപയോഗിക്കുന്നു. പെൻസിലിൻ , അമോക്സിസിസിലിൻ പോലുള്ളവ. വളരെ കാലമായി വ്യാപകമായി ഉപയോഗിച്ചുവരുന്നവയായതിനാൽ ഇവ കൂടുതൽ സുരക്ഷിതവും ചെലവു കുറഞ്ഞവയുമാണ്. സെക്കൻഡ്‌ലൈൻ ആന്റിബയോട്ടിക്കുകൾ കുറച്ചുകൂടി ചെലവു കൂടിയതാണ്, കൂടുതൽ ഫലപ്രദവും. പ്രാഥമികഘട്ടത്തിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതിരോധം വന്നാൽ സ്വാഭാവികമായും ആദ്യഘട്ടത്തിലേ ചെലവു കൂടിയ ആന്റിബയോട്ടിക്കുകൾ എഴുതേണ്ടിവരും. ചികിത്സ ചെലവേറിയതാകും.
ആന്റിബയോട്ടിക് പ്രതിരോധം വരുന്നതോടെ അണുബാധകളിൽ ആന്റിബയോട്ടിക്കുകൾ പ്രയോജനം ചെയ്യാതെ വരുന്നു. പ്രയോജനം ചെയ്യുന്ന മറ്റുമരുന്നുകൾ കണ്ടുപിടിക്കുക പ്രയാസമാണ്. തന്മൂലം ആശുപത്രിവാസം കൂടുതൽ വേണ്ടിവരാം, ചെറിയ മുറിവുകൾ പോലും ജീവാപായത്തിനിടയാക്കുന്ന സാഹചര്യം വരാം. ആന്റിബയോട്ടിക്കുകളുടെ മേൽ അണുക്കൾ ശക്തിയാർജിക്കുന്നത് ന്യൂമോണിയ, ക്ഷയം. ഗോണോറിയ, സാൽമൊണെല്ലോസിസ് തുടങ്ങിയ ഗൗരവകരമായ അണുബാധകളുടെ ചികിത്സ പ്രയാസമുള്ളതാക്കാം. അവയവമാറ്റിവയ്ക്കലുകൾ, കീമോതെറപ്പി, സിസേറിയൻ പോലുള്ള സങ്കീർണമായ ശസ്ത്രക്രിയകളെ ദോഷകരമായി ബാധിക്കാം. ഇത്തരം സർജറികൾക്കു മുൻപും ശേഷവുമൊക്കെ ആന്റിബയോട്ടിക്കുകൾ നൽകാറുണ്ട്.
തടയാൻ ചെയ്യേണ്ടത്
∙ ഡോക്ടർ കുറിച്ചുതരുന്നവയല്ലാതുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്.
∙ അസുഖലക്ഷണങ്ങൾ മാറിയാലും ഡോക്ടർ പറഞ്ഞത്രയും എണ്ണം ആന്റിബയോട്ടിക്കുകൾ കഴിച്ചു തീർക്കണം.
∙ അണുബാധകൾ പിടിപെടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. ഭക്ഷണത്തിന്റെ കാര്യത്തിലും കുടിവെള്ളത്തിന്റെ കാര്യത്തിലും ശുചിത്വം പ്രധാനമാണ്.
∙ വളർത്തുമൃഗങ്ങളുടെ കാര്യത്തിലായാലും അനാവശ്യവും വെറ്ററിനറി ഡോക്ടറുടെ നിർദേശമില്ലാതെയുള്ളതുമായ ആന്റിബയോട്ടിക് ഉപയോഗം ഒഴിവാക്കണം.
∙ പുറംനാടുകളിലെ പോലെ കുറിപ്പടികളെ ഡിജിറ്റലായി നിരീക്ഷിക്കുന്ന ഒരു പ്രിസ്ക്രിപ്ഷൻ റജിസ്ട്രി വരണം.
∙ വ്യക്തികളുടെ വിവിധ ആശുപത്രികളിലെ മെഡിക്കൽ രേഖകൾ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനം വന്നാൽ പ്രതിരോധം വന്ന ആന്റിബയോട്ടിക്കുകളുടെ വീണ്ടുമുള്ള ഉപയോഗം കുറയ്ക്കാം.
യുദ്ധസാഹചര്യങ്ങളിൽ ആദ്യമാദ്യം ചെറിയ ആയുധങ്ങൾ പ്രയോഗിച്ച് ഫലമില്ലെന്നു കണ്ടാലാണ് മിസൈൽ പോലുള്ളവ ഉപയോഗിക്കുക. അതുപോലെ അണുക്കൾക്കെതിരെയുള്ള യുദ്ധത്തിലും അറ്റ കൈക്ക് മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ എന്നു ചികിത്സകരും രോഗികളും മറക്കരുത്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. കെ. ജി. രവികുമാർ, മുന്‍ തലവന്‍, ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം, മെഡി. കോളജ് , തിരുവനന്തപുരം