അലർജി വന്നാൽ ആന്റിഹിസ്റ്റമിൻ കഴിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം
അലർജിക്കു കാരണമാകുന്ന വസ്തുക്കൾ അഥവാ അലർജനുകൾക്കെതിരെ ശരീരം പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഉൽപാദിപ്പിക്കപ്പെടുന്ന നിരവധി ഘടകങ്ങളിലൊന്നാണു ഹിസ്റ്റമിനുകൾ. ശരീരം ചൊറിഞ്ഞു തടിക്കുക, മൂക്കടപ്പുണ്ടാകുക, കൺപോളകൾ ചുവന്നു തടിക്കുക, ശ്വാസനാളികളിൽ നീർക്കെട്ടുണ്ടായി ശ്വാസംമുട്ടലുണ്ടാകുക തുടങ്ങി ഒട്ടേറെ ലക്ഷണങ്ങൾ ഇതിനെ തുടർന്നുണ്ടാകാം. ഹിസ്റ്റമിനുകൾക്കെതിരേ പ്രവർത്തിച്ച് അവയെ നിർവീര്യമാക്കുന്ന മരുന്നുകളെയാണു പൊതുവേ ആന്റിഹിസ്റ്റമിനുകൾ എന്നു വിളിക്കുന്നത്.
ഇത്തരം മരുന്നുകൾ പല രൂപത്തിൽ ലഭ്യമാണു. ഗുളികകളായും കുത്തിവയ്പുകളായും മരുന്നുതുള്ളി രൂപത്തിലും ലേപനമായും മൂക്കിലേക്കു നേരിട്ടു മരുന്ന് എത്തിക്കുന്ന സ്പ്രേരൂപത്തിലുമൊക്കെ ലഭിക്കും.
ആദ്യകാലത്തു കണ്ടുപിടിക്കപ്പെട്ട ഇത്തരം മരുന്നുകൾ പൊതുവേ ഉറക്കം ഉണ്ടാക്കുന്നവയായിരുന്നു. എന്നാൽ രണ്ടാം തലമുറയിലെ ഇത്തരം മരുന്നുകൾ താരതമ്യേന ഈ പ്രശ്നം ഉണ്ടാക്കാറില്ല.
ഉപയോഗിക്കേണ്ടി വരുന്നതെപ്പോൾ?
അലർജിക് തുമ്മൽ (Allergic Rhinitis), അലർജിക് കണ്ണുചൊറിച്ചിൽ (Allergic Conjunctivits), ദേഹം ചൊറിഞ്ഞു തടിക്കുന്ന അർട്ടികാറിയ തുടങ്ങി സാഹചര്യങ്ങളിൽ ആന്റിഹിസ്റ്റമിൻ വിഭാഗത്തിൽപെട്ട മരുന്നുകൾ ഉപയോഗിക്കേണ്ടിവരാറുണ്ട്.
ഉറക്കം വരാനിടയുള്ളതുകൊണ്ട് ആദ്യ തലമുറയിൽപെട്ട മരുന്നുകൾ ഇന്നു വ്യാപകമായി ഉപയോഗിക്കാറില്ല. പ്രത്യേകിച്ചും വാഹനം ഒാടിക്കുന്നവർക്കും ശ്രദ്ധാപൂർവമുള്ള ജോലികൾ ചെയ്യേണ്ടിവരുന്നവർക്കും. എന്നാൽ ഇക്കാര്യത്തിൽ രണ്ടാം തലമുറ മരുന്നുകളും തികച്ചും നിരുപദ്രവികളാണ്. ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉറക്കത്തിന്റെ കാര്യത്തിൽ വ്യക്തിഗത വ്യത്യാസങ്ങൾ കാണാറുണ്ട്. എന്നു മാത്രമല്ല, ആന്റിഹിസ്റ്റമിനുകൾ പതിവായി ഉപയോഗിക്കുന്നവരിൽ ഈ പ്രശ്നം അത്ര കണ്ട് ഉണ്ടായെന്നും വരില്ല. ഇത്തരം മരുന്നുകൾ തുടർച്ചയായി കഴിക്കുന്നതു പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം.
ദൂഷ്യഫലങ്ങൾ അറിഞ്ഞിരിക്കാം
ദീർഘകാല ഉപയോഗം ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. വായും ചുണ്ടും വരളുക, മൂത്രതടസ്സം, മലബന്ധം, കാഴ്ചയ്ക്കു മങ്ങൽ തുടങ്ങി പല പ്രശ്നങ്ങൾക്കും ഇത്തരം മരുന്നുകൾ കാരണമാകാം. കണ്ണിലെ സമ്മർദം കൂടി ഗ്ലൂക്കോമ എന്ന അവസ്ഥയ്ക്കും ഇത് അപൂർവമായെങ്കിലും കാരണമാകാം. അത്യപൂർവമായെങ്കിലും കരളിനു കേടുപാടുണ്ടാകാനും ഇത്തരം മരുന്നുകളുടെ സ്ഥിരോപയോഗം വഴിവയ്ക്കാം.
ഇത്തരം പാർശ്വഫലങ്ങൾ കൂടുതലായി കണ്ടുവരുന്നത് ആദ്യതലമുറയിൽപ്പെട്ട മരുന്നുകൾക്കാണ്. പൊതുവേ പറഞ്ഞാൽ രണ്ടാം തലമുറ മരുന്നുകൾ കൂടുതൽ സുരക്ഷിതമാണ്. എന്നിരുന്നാലും അവയുടെ അമിതോപയോഗവും കുഴപ്പങ്ങൾക്കു കാരണമാകാം. ഒരു ചെറിയ മൂക്കടപ്പുവന്നാൽ, പൊടിയടിച്ചാൽ, ജലദോഷക്കോളുണ്ടായാൽ ഉടൻ തന്നെ ആന്റി ഹിസ്റ്റമിനുകൾ കഴിക്കുന്ന പ്രവണത വളരെ വ്യാപകമാണ്. പലപ്പോഴും യാെതാരു ആവശ്യവുമില്ലാതെയായിരിക്കും ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത്. പലരിലും ഇത് ഒരുതരം അഡിക്‌ഷൻ (Addiction) പോലെ ആകുന്നതും കണ്ടുവരാറുണ്ട്. ആന്റി ഹിസ്റ്റമിനുകൾ പൊതുവേ െെജവസ്രവങ്ങളിലെ ജലസാന്നിധ്യം കുറയ്ക്കുകയും കഫം കട്ടിയേറിയതാക്കാനും ഇടയാക്കും. കഫം പുറത്തേക്കു ശരിയായ രീതിയിൽ ചുമച്ചു കളയാൻ ബുദ്ധിമുട്ടാവുക എന്നതാണു പരിണിതഫലം. െെസനസുകളിലെ കഫം സ്വാഭാവികമായ രീതിയിൽ പുറന്തള്ളപ്പെടുന്നതിനെയും ഇതു ദോഷകരമായി ബാധിക്കാം.
വയോധികർ, കുട്ടികൾ, ഗർഭിണികൾ, ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ, അപസ്മാരസാധ്യത ഉള്ളവർ എന്നിവരിൽ പാർശ്വഫലങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. മറ്റു രോഗങ്ങൾക്കു മരുന്നുകൾ ഉപയോഗിക്കുന്നവരിൽ ആന്റി ഹിസ്റ്റമിനുകൾ അത്തരം മരുന്നുകളുമായി പ്രതിപ്രവർത്തിക്കാനുള്ള (Drug interaction) സാധ്യതയും ഉണ്ട്. പല ആസ്മബാധിതരും ആന്റിഹിസ്റ്റമിൻ മരുന്നുകൾ സ്ഥിരമായി കഴിക്കുന്നതായി കണ്ടുവരാറുണ്ട്. കഫത്തിനു കട്ടികൂടി അതു പുറത്തേക്കു കളയാൻ പറ്റാതാകുക എന്നതാണ് അനന്തരഫലം.
ആന്റി ഹിസ്റ്റമിനുകൾ ആവശ്യമായി വരുമ്പോൾ?
ഒട്ടേറെ സാഹചര്യങ്ങളിൽ അലർജിക് മരുന്നുകൾ നിർബന്ധമായും ഉപയോഗിക്കേണ്ടിവന്നേക്കാം. നിർത്താതെയുള്ള തുമ്മൽ, പെട്ടെന്നു ദേഹം ചൊറിഞ്ഞുതടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ആന്റിഹിസ്റ്റമിനുകൾ കഴിക്കേണ്ടിവരാം. എന്നാൽ തുടർന്നു ചികിത്സ തേടുമ്പോൾ രോഗചരിത്രവും മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വിവരവും ചികിത്സിക്കുന്ന ഡോക്ടറോട് വിശദമായി പറയണം. ഇത്തരം മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം മാത്രം അതു തുടരുക. അലർജി സംബന്ധമായ പല അസുഖങ്ങൾക്കും ദീർഘകാല ചികിത്സ വേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ അലർജനുകളെ തടയുന്ന ഇനം മരുന്നുകൾ ആയിരിക്കും ആവശ്യം വരുക. ആന്റിഹിസ്റ്റമിനുകൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹിസ്റ്റമിൻ എന്ന ഘടകത്തെ മാത്രമാണു നിർവീര്യമാക്കുന്നത്. ദേഹത്തുണ്ടാകുന്ന ചൊറിഞ്ഞുതടിക്കൽ ഒട്ടനവധി കാരണങ്ങളാലുണ്ടാകാം. അവ ആന്റിഹിസ്റ്റമിൻ മരുന്നുകൾ കൊണ്ടു ഭേദപ്പെടില്ല. ശരിയായ ചികിത്സ തേടാതെ ആന്റിഹിസ്റ്റമിൻ മരുന്നുകളിൽ അഭയം തേടിയാൽ ശരിയായ സമയത്തു രോഗനിർണയം നടക്കാതെ അസുഖം സങ്കീർണതകളിലേക്കെത്താം.
ചുരുക്കത്തിൽ വളരെ ഫലപ്രദവും ഉപകാരികളുമായ ഒരു കൂട്ടം മരുന്നുകളാണ് ആന്റിഹിസ്റ്റമിൻ വിഭാഗത്തിലുള്ളത്. എന്നാൽ അവയുടെ ഉപയോഗം മറ്റേതു മരുന്നുകളുടെയും കാര്യത്തിലെന്നപോലെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും വേണമെന്നുമാത്രം.
ഡോ. പി.എസ്. ഷാജഹാൻ
പൾമണറി മെഡിസിൻ
ഗവ. ടിഡി മെഡിക്കൽ കോളജ്, ആലപ്പുഴ