ഘനമില്ലാത്ത ഉടൽഭംഗിക്കു വേണ്ടി എത്ര ഡയറ്റിങ് വിപ്ലവങ്ങളാണു ചുറ്റും നടക്കുന്നത്. അഴകളവില്ലാത്ത ശരീരത്താൽ അപമാനത്തിന്റെ മുള്ളു കൊള്ളാതിരിക്കാൻ ഉപവസിച്ചും പ്രിയ രുചികൾ ത‌്യജിച്ചും ജീവിക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ ഈ ആഹാരനിയന്ത്രണങ്ങൾ നല്ല കടുപ്പത്തിലായാലെന്താകും സ്ഥിതി? അതായത് അൽപമെന്തെങ്കിലും കഴിക്കുക. ഉടൻ കഠിനവ്യായാമങ്ങൾ കൊണ്ട് അതിനെയങ്ങു നിഷ്പ്രഭമാക്കുക. ശരീരഭാരം കൂടുമോ എന്നാശങ്കപ്പെട്ട് സ്വന്തം ഉടലിനോടു യുദ്ധം പ്രഖ്യാപിക്കുന്ന അവസ്ഥ. പട്ടിണി കിടന്നാലും, കൊഴുപ്പിന്റെ ഒരടയാളവും ശരീരത്തിലെങ്ങും വേണ്ട എന്നൊരു കർശന നിലപാട്.  ഇതൊരു രോഗമാണ് , അതേസമയം മനസ്സിന്റെ വ്യാധിയുമാണ്– ‘അനോറെക്സിയ നെർവോസ’ .

അനോറെക്സിയ നെർവോസ

ADVERTISEMENT

അനോറെക്സിയ നെർവോസ വ്യാപകമാണോ എന്നു ചോദിച്ചാൽ അല്ല. എന്നാൽ നമുക്കിടയിലും ഉടലഴകിനായി ഇങ്ങനെ പൊരുതുന്നവരുണ്ട്. പുറം കാഴ്ചയിൽ അത് ആരും മനസ്സിലാക്കില്ലെന്നു മാത്രം. കൗമാരക്കാരികളിലും യൗവനാരംഭത്തിലുള്ളവരിലുമാണ് അനോറെക്സിയ കണ്ടു വരുന്നതെന്നു പറയുന്നു. രോഗം കൂടുതൽ പ്രകടമാകുന്നതു പെൺകുട്ടികളിലാണ്. 15 മുതൽ 20 വയസ്സു വരെയുള്ളകാലത്ത്. പത്തു പേരിൽ ഒൻപതും പെൺകുട്ടികളാണെങ്കിലും തീരെ ചെറുപ്പത്തിലുള്ള ആൺകുട്ടികളിലും ഈ രോഗം കാണുന്നുണ്ട്. 40 വയസ്സിനു ശേഷം അനോറെക്സിയ വളരെ അസാധാരണമാണ്.

സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഈഹാഷ് ടാഗുകൾ ഓർമയില്ലേ?
# thinspiration #fitspiration #bonespiration എന്നിവ. മെലിഞ്ഞു നേർത്ത സ്വന്തം ഉടൽ ചിത്രങ്ങൾ ‘തിൻസ്പിരേഷൻ’ എന്നു കൂട്ടിച്ചേർത്ത് ആഘോഷിക്കുന്നവരെ നാം കണ്ടു. പിന്നീട് ഇൻസ്റ്റഗ്രാം തന്നെ ഈ ഹാഷ്ടാഗു വിലക്കിയെന്നു കേട്ടു. അസ്ഥി തെളിഞ്ഞു നിൽക്കുന്ന ശരീരചിത്രങ്ങളോടു ചേർത്ത് ‘ബോൺസ്പിരേഷൻ’ എന്നൊരു ഹാഷ്ടാഗ് വീണ്ടും തെളിഞ്ഞു തുടങ്ങി. ഇവയൊക്കെ അനോറെക്സിയയോടു ബന്ധമുള്ളവയാണെന്നു പറയേണ്ടതില്ല.

ADVERTISEMENT

ഭക്ഷണം ഉപേക്ഷിച്ച് ഒരു ‘അസ്ഥി പഞ്ജര’മായി അതിൽ ആത്മസാഫല്യം തേടുന്ന മനസ്സ്. മാനസികമായും ശാരീരികമായും തികച്ചും ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ് അനോറെക്സിയ നെർവോസ.

അപക്വമായ ഒരു ‘ശരീരസങ്കല്പം’

ADVERTISEMENT

ബോഡി ഇമേജ് എന്നൊന്നുണ്ട്. സ്വന്തം ശരീരഘടനയെക്കുറിച്ച് നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു ചിത്രം. ബോഡി ഇമേജിനെക്കുറിച്ചു പറയാൻ കാരണം അതിന് ഈ രോഗാവസ്ഥയിൽ ഒരു നിർണായക സ്ഥാനമുള്ളതിനാലാണ്. വളരെ മെലിഞ്ഞു നേർത്തിരിക്കുമ്പോഴും തങ്ങൾക്കു വണ്ണം വളരെ കൂടുതലാണ് എന്നതാണ് അനോറെക്സിയ ബാധിച്ചവരുടെ മനസ്സിലെ ബോധ്യം. അതായത് ബോഡി ഇമേജിനെക്കുറിച്ചുള്ള ധാരണയിൽ ഒരു അസ്വാഭാവികത കടന്നു കൂടിയിരിക്കുന്നു.

എങ്ങനെ കണ്ടെത്തുന്നു?

പെൺമക്കളുടെ ശരീരഭാരം കുറയുന്നതിന്റെ കാരണം തിരഞ്ഞാണു മിക്ക മാതാപിതാക്കളും ഡോക്ടറെ തേടിയെത്തുന്നത്. മറ്റു സ്പെഷ്യൽറ്റികളിലെ പരിശോധനകള്‍ പൂർത്തിയാക്കി പ്രശ്നമില്ല എന്നുറപ്പു വരുത്തി അവരുടെ നിർദേശപ്രകാരമാണു മനോരോഗവിദഗ്ധന്റെ അരികിലെത്തുന്നത്. ഭാരം കുറയുന്നതിനോടനുബന്ധിച്ചു ഹൃദയത്തെ ബാധിക്കുന്ന ചില സങ്കീർണ പ്രശ്നങ്ങളുമായി ശിശുരോഗവിദഗ്ധന്റെയോ ഹൃദ്രോഗ വിദഗ്ധന്റെയോ അടുത്തും ഇവരെത്താം. ചില കുട്ടികളിൽ വിഷാദം, ഉത്കണ്ഠ പേലുള്ള പ്രശ്നങ്ങൾ കാണുന്നതിനെ തുടർന്നതാണു കൊണ്ടു വരുന്നത്.

കുട്ടികളുടെ ഭക്ഷണരീതികളെക്കുറിച്ചാകും മാതാപിതാക്കളുടെ പരാതികൾ. ശരീരഭാരത്തെക്കുറിച്ച് ഏറെ ചിന്താമഗ്നരായിരിക്കും ഈ പെൺകുട്ടികൾ. കൂടെക്കൂടെ ശരീരഭാരം നോക്കി തിട്ടപ്പെടുത്തി, വളരെ മെലഞ്ഞിരുന്നാലും നല്ല വണ്ണമുള്ള ആളുകളുമായി താരതമ്യപ്പെടുത്തി തങ്ങൾക്ക് അതിലേറെ വണ്ണമുണ്ടെന്ന് അവരങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. മെലിഞ്ഞിരിക്കുന്ന കുട്ടി തനിക്ക് അമിതവണ്ണമുണ്ടെന്ന് അതിയായി ആശങ്കപ്പെടുമ്പോഴാണ് മാതാപിതാക്കൾക്ക് ആശയക്കുഴപ്പം തോന്നിത്തുടങ്ങുന്നത്.

ഭാരക്കുറവിലേക്കുള്ള യാത്ര

ആരോഗ്യകരമായി ആവശ്യമായ ശരീരഭാരത്തിൽ നിന്നു 15 ശതമാനത്തിലേറെ കുറയുക അതാണ് അനോറെക്സിയയുടെ അടിസ്ഥാന ലക്ഷണം. കഴിക്കുന്ന ആഹാരത്തിന്റെ അളവ് മനഃപൂർവം കുറയ്ക്കുന്നതാണ് ഈ ഭാരക്കുറവിലേക്കു നയിക്കുന്നത്. ആഹാരം കുറയ്ക്കുന്നതിനൊപ്പം ഇവർ അസാധാരണരീതിയിൽ അതികഠിനവ്യായാമങ്ങളും ചെയ്യും. വർക് ഔട്ടുകളൊക്കെ പൊടിപൊടിക്കും. വണ്ണം കുറയ്ക്കുന്നതിനുള്ള മറ്റു മാർഗങ്ങൾ, വയറിളക്കുന്നതിനുള്ള ലാക്സേറ്റീവ് ഉപയോഗം പോലും ഇതിൽ ഉൾപ്പെടുന്നു. മെലിഞ്ഞിരിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാൻ ഒരു പെൺകുട്ടി വീണ്ടും ശ്രമിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. അത് നല്ല സൂചനയല്ല. ആഹാരം കൂടുതൽ കഴിച്ചാൽ ഛർദിച്ചു കളയുന്നതും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

അറിയാം ഇവരുടെ ജീവിതം

ഈ കുട്ടികൾ തങ്ങളുടെ മെലിഞ്ഞ ശരീരത്തെ എല്ലാവരിൽ നിന്നും ഒളിച്ചു വയ്ക്കുന്നതിനു വസ്ത്രധാരണത്തിലൂടെ ശ്രമിക്കും. ഇവർ ബുദ്ധിമതികളും ചുണക്കുട്ടികളും നല്ല പെർഫോമർമാരുമായിരിക്കും. പഠനത്തിലും പ്രതിഭകൾ തന്നെ. ഇവരുടെ വ്യക്തിത്വത്തിനും ചില പ്രത്യേകതകൾ ഉണ്ട്. കടുത്ത നിയന്ത്രണ സ്വഭാവമുള്ള ഇവർ എല്ലാ കാര്യത്തിലും കൃത്യതയും പൂർണതയും ആഗ്രഹിക്കുന്നവരാണ്. ഒരു തരത്തിൽ ഒബ്സസീവ് കംപൽസീവ് ഡിസോർഡർ ഉള്ളവരാണ് എന്നു പറയാം.

ജീവിതത്തിന്റെ അടിസ്ഥാനശിലയായി അവർ പരിഗണിക്കുന്നത് കാത്തു സൂക്ഷിക്കുന്ന ഈ ശരീരഭാരം തന്നെയാണ്. ജീവിത പ്രശ്നങ്ങളെ നേരിടുന്നതും ഇതിലൂടെയാണ്. അതുകൊണ്ട് ഒരിക്കൽ ചികിത്സിച്ചു ഭേദമാക്കിയാലും ജീവിതത്തിൽ ഒരു പ്രതിസന്ധി വരുമ്പോൾ ആഹാരം കുറയ്ക്കുന്ന രീതി അവർ ആവർത്തിക്കും ചുരുക്കി പറഞ്ഞാൽ അനോറെക്സിയ അവരുടെ ജീവിതത്തിലെ സമസ്തമേഖലകളുമായും ഇഴ ചേർന്നു കിടക്കുന്നു.

ഫലപ്രദമായ ചികിത്സയുണ്ട്

മിക്കവാറും അഡ്മിറ്റു ചെയ്തുള്ള ചികിത്സ ആവശ്യമായി വരും. ശരീരഭാരം വീണ്ടെടുക്കുന്നതിനാണു പ്രാമുഖ്യം. അരക്കിലോ മുതൽ ഒരു കിലോ വരെ ഒരാഴ്ച കൊണ്ടു വർധിപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. തുടർന്ന് മനശ്ശാസ്ത്രചികിത്സയ്ക്കൊരുങ്ങുമ്പോൾ ഈ സവിശേഷ ചിന്താരീതികളെയും പ്രതികരണങ്ങളെയും മെരുക്കുന്നതിനാണു ശ്രമിക്കുന്നത്.

ഈ അവസ്ഥയ്ക്ക് മരുന്നു ചികിത്സ ഉണ്ട്. ഇവർ പൊതുവെ ഉത്കണ്ഠാകുലരും വിഷാദമുള്ളവരും ആയിരിക്കും. ഒസിഡി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. അത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ ചെറിയ ഡോസിൽ മരുന്നു നൽകാറുണ്ട്. എസ് എസ് ആർ ഐ വിഭാഗത്തിലുള്ള ആന്റി ഡിപ്രസന്റുകളാണ് നൽകാറുള്ളത്. എന്നാൽ ഇതിനേക്കാളും പ്രയോജനപ്രദം കോഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പി ആണ്. ശരീരഭാരവുമായി ബന്ധപ്പെട്ട് ഇവരുടെ മനസ്സിൽ വേരുറച്ച തെറ്റായ വിശ്വാസങ്ങളെയും ധാരണകളെയും നേരെയാക്കുകയാണ് ഈ തെറപ്പിയുടെ ലക്ഷ്യം. ഈ രോഗാവസ്ഥയുള്ളവർ സാമൂഹികമായി ഉൾവലിയുന്നവരാണ്. ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ കൂട്ടുകാർ എന്നെക്കുറിച്ച് എന്തു ചിന്തിക്കും? എന്നതൊക്കെ ഇവരുടെ മനസ്സിലൂടെ കടന്നുപോകാം. ഇതെക്കുറിച്ചെല്ലാം ബോധ്യപ്പെടുത്തുന്നു. ആദ്യപടി കോഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പിയാണെങ്കിലും ആവശ്യമെങ്കിൽ തുടർഘട്ടങ്ങളിൽ സൈക്കോ ഡൈനാമിക് തെറപ്പി നൽകാറുണ്ട്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പിയിലൂടെ രോഗം നിയന്ത്രിതമാകാത്തവർക്കു മരുന്നുകളും നൽകുന്നു. മരുന്നുകളും കോഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പിയും സംയോജിപ്പിച്ചും നൽകാറുണ്ട്. ചികിത്സയോടുള്ള പ്രതികരണം നോക്കിയാൽ കൗമാരപ്രായക്കാരിൽ ഇതു കൂടുതൽ ഫലപ്രദം ആണ്. പ്രായം കൂടുന്നതോടെ ചികിത്സയുടെ ഫലപ്രാപ്തിയും കുറയുന്നു.

അനോറെക്സിയ നെർവോസ സ്ഥിരീകരിക്കുന്ന പക്ഷം ഒരു പ്രഫഷനൽ ഹെൽപ് വേണം. സാധാരണ കൗൺസലിങ് ഫലപ്രദമല്ല. മിക്കവരും ശരീരഭാരം വീണ്ടെടുത്തു തുടങ്ങുന്നതിലൂടെ പോസിറ്റീവായി പ്രതികരിച്ചു തുടങ്ങും. എന്നാൽ ഒരു പ്രതിസന്ധി ജീവിതത്തിലുണ്ടാകുമ്പോൾ വീണ്ടും ഭക്ഷണനിയന്ത്രണത്തിലേക്കു മടങ്ങാം. അപ്പോൾ വീണ്ടും തെറപ്പി നൽകേണ്ടി വരും. ആ ഘട്ടത്തിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ കൂടിയുണ്ടെങ്കിൽ അവർക്കു മുന്നോട്ടു പോകാനാകും. ഫാമിലി തെറപ്പിയും ഇതിന്റെ ഭാഗമാണ്.

മെലിഞ്ഞു ജയിക്കാനുള്ള ഒരു യുദ്ധമാണിത്. പ്രാണനു പോലും വില കൽപിക്കാതെ ഉടലിനോടു പടവെട്ടുന്നവർ. അഴകിനും അഭിമാനത്തിനുമായി അതൊരു ആത്മയുദ്ധം തന്നെയാകുന്നു.

 

വിവരങ്ങൾക്കു കടപ്പാട്

ഡോ. ടി. ആർ. ജോൺ
സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്
ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

 

ADVERTISEMENT