ചെറുപ്പക്കാരിൽ കൂടിവരുന്നു യങ് സ്ട്രോക്ക്, വെറുതെ ഇരിപ്പും വ്യായാമമില്ലായ്മയും പ്രശ്നം; കൃത്യസമയത്തു ചികിത്സ ലഭിക്കാൻ അറിയണം BE FAST Understanding Stroke and Its Impact
ഒരാളുടെ ജീവിതം നിമിഷങ്ങൾക്കുള്ളിൽ മാറിമറിയാൻ ഇടയാക്കുന്ന രോഗമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. രക്തയോട്ടത്തിലെ തടസ്സം മൂലം തലച്ചോറിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവ പക്ഷാഘാതം എന്ന് പറയുന്നത്. സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണു സ്ട്രോക്ക് കണ്ടു വരുന്നത്. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ യുവാക്കളിലും ഇതു വ്യാപകമാണ്. അമിതമായ രക്തസമ്മർദമാണു പ്രധാന കാരണം. ഏഷ്യയിൽ പക്ഷാഘാതം വരുന്നവരിൽ അഞ്ചു പേരിൽ ഒരാൾ 45 വയസ്സിനു താഴയുള്ളവരാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. യുവാക്കളിൽ മസ്തിഷ്കാഘാതം മൂലമുള്ള മരണം കുറവാണ്. മറ്റ് അവയവങ്ങൾക്ക് തകരാറില്ലാത്തതിനാൽ ഏറെ നാൾ ജീവിച്ചിരിക്കും. കൃത്യമായ തുടർ ചികിത്സകൾ ഇവർക്ക് ആവശ്യമാണ്.
ജീവിത ശൈലിയിലെ മാറ്റങ്ങൾ സ്ട്രോക്കിന് കാരണങ്ങൾ - താഴെ പറയുന്നവ സ്ട്രോക്കിലേക്ക്
വേഗം നയിക്കും.
∙ ഉയർന്ന രക്തസമ്മർദ്ദം
∙ പ്രമേഹം, കൊളസ്ട്രോൾ
∙ ജനിതക കാര്യങ്ങൾ
∙ പൊണ്ണത്തടി
∙ പുകവലി
തലച്ചോറിലെ രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിക്കുക, രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാർ കാരണമുള്ള രക്തസ്രാവം , തലച്ചോറിന് ചുറ്റുമുള്ള സ്ഥലത്ത് രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥ എന്നിവയാണു സ്ട്രോക്കിലേക്കു നയിക്കുന്നത്. രക്തക്കുഴൽ അടയുന്ന ഇസ്കിമിക് സ്ട്രോക്കുകളിൽ 20-25 ശതമാനം സ്ട്രോക്കുകളും വലിയ രക്തധമനികളുടെ തടസ്സം അഥവാ ചുരുക്കം കാരണമാണ്. മറ്റു നാലിലൊന്നു രോഗികളിലും ഹൃദയത്തിൽ നിന്നു തലച്ചോറിലേക്കു രക്തക്കട്ട പോകുന്നതു കാരണമോ ഹൃദയമിടിപ്പിന്റെ താളക്രമത്തിലുണ്ടാകുന്ന തകരാറുകൾ മൂലമമോ വാൽവ് സംബന്ധമായ ഹൃദ്രോഗം അല്ലെങ്കിൽ സമീപകാലത്തുണ്ടായ ഹൃദയാഘാതം മൂലമോ ആകാം. 20 - 25 ശതമാനം സ്ട്രോക്കും തലച്ചോറിലെ വളരെ ചെറിയ രക്തക്കുഴലുകളുടെ തടസ്സം കാരണമാണ്. ഇതു പ്രമേഹ രോഗികളിലും രക്താതിമർദ രോഗികളിലും സാധാരണമാണ്.
രോഗസാധ്യതയിലേക്കു നയിക്കുന്ന ശീലങ്ങൾ
സ്ട്രോക്ക് ഒരു പരിധിവരെ ജീവിതശൈലി രോഗമാണ്. ജീവിതത്തിൽ അനുവർത്തിച്ചു വരുന്നതോ സംഭവിച്ചിട്ടുള്ളതോ ആയ ചില കാര്യങ്ങൾ പക്ഷാഘാതത്തിലേക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഇതിനു പ്രധാന കാരണമാണ്. ഉയർന്ന അളവിൽ ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും, വളരെ കൂടിയ അളവിൽ അന്നജം, കൊളസ്ട്രോൾ എന്നിവയടങ്ങിയ ആഹാരരീതിയും രോഗത്തെ ക്ഷണിച്ചു വരുത്തുന്നു. മറ്റൊന്നു വ്യായാമക്കുറവാണ്. കൂടുതൽ സമയം വെറുതെ ഇരിക്കുന്നതും, യാതൊരു തരത്തിലുള്ള ശാരീരിക വ്യായാമമില്ലായ്മയും, സ്ട്രോക്കിലേക്കു നയിക്കാം. പ്രായപൂർത്തിയായ ഒരാൾ ആഴ്ചയിൽ ചുരുങ്ങിയതു രണ്ടര മണിക്കൂറെങ്കിലും വ്യായാമത്തിൽ ഏർപ്പെടണം.
മദ്യപാനവും പുകവലിയും മസ്തിഷ്കാഘാത സാധ്യത വളരെയധികം വർധിപ്പിക്കുന്നു. ഇവ കാരണം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവു കൂടുകയും രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ചെറിയൊരു ശതമാനം ആളുകളിൽ ചില പാരമ്പര്യ ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്ട്രോക്കിന്റെ സാധ്യത വർധിപ്പിച്ചേക്കാം. ഉയർന്ന രക്തസമ്മർദമാണു സ്ട്രോക്ക് വരുന്നതിന് ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. അതോടൊപ്പം തന്നെ അനിയന്ത്രിതമായ പ്രമേഹം, ഹൃദയമിടിപ്പുകളിലുണ്ടാവുന്ന വ്യതിയാനങ്ങൾ തുടങ്ങിയവയും സ്ട്രോക്ക് വരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ഒരുതവണ സ്ട്രോക്ക് വന്നിട്ടുള്ളവരിൽ വീണ്ടും സ്ട്രോക്കു വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
യങ് സ്ട്രോക്ക്
45 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരിലും സ്ട്രോക്ക് വർധിച്ചു വരികയാണ്. തെറ്റായ ആഹാര രീതികൾ, ഫാസ്റ്റ് ഫൂഡുകളുടെ അമിത ഉപയോഗം, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശ്ശീലങ്ങൾ, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഹൃദയത്തിന്റെ പമ്പിങ്ങിലെ കുറവ്, ഹൃദയമിടിപ്പിലെ വത്യാസം, ഹൃദയ വാൽവിലെ ചുരുക്കം, കാർഡിയോ മയോപ്പതി എന്നിവയും യങ് സ്ട്രോക്കിനു കാരണമാണ്.
ഇസ്കീമിക് സ്ട്രോക്കും ഹെമറാജിക് സ്ട്രോക്കും
രണ്ട് വിധത്തിലുള്ള സ്ട്രോക്കുകളാണ് ഇവ. തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ കൊഴുപ്പ് വന്ന് അടിയുന്നതിനെ തുടർന്നു അവിടെ ബ്ലോക്ക് ഉണ്ടാകുകയും തലച്ചോറിലെ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നതാണ് ഇസ്കീമിക് സ്ട്രോക്ക്.80 ശതമാനം വരെ സ്ട്രോക്കുകളും ഇസ്കിമിക് സ്ട്രോക്കുകളാണ്. തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമാണ് ഹെമറാജിക് സ്ട്രോക്ക്. ഇതിന് പല കാരണങ്ങളാകാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയത് മൂലം ഞരമ്പ് പൊട്ടിയോ തലച്ചോറിലെ രക്തധമനികളിൽ ചെറിയ കുമിളകൾ വന്നു പൊട്ടിയോ രക്തസ്രാവമുണ്ടാകാം. രക്തം തലച്ചോറിൽ വ്യാപിക്കുകയും ചെയ്യും. 20 ശതമാനം സ്ട്രോക്കുകൾക്കു കാരണം ഇതാണ്. ഇസ്കീമിക് സ്ട്രോക്കിന്റെയും ഹെമറാജിക് സ്ട്രോക്കിന്റെയും ലക്ഷണങ്ങൾ ഒരു പോലെയായതിനാൽ സ്കാൻ ചെയ്ത് ഏതു തരത്തിലുള്ള സ്ട്രോക്ക് ആണെന്നു തിരിച്ചറിഞ്ഞ ശേഷം അതനുസരിച്ചാണു ചികിത്സ നിര്‍ണയിക്കുന്നത്. ഇസ്കീമിക് സ്ട്രോക്കിനെ അപേക്ഷിച്ചു ഹെമറാജിക് സ്ട്രോക്കിനു അപകടസാധ്യത കൂടുതലാണ്. മരണസാധ്യതയും വൈകല്യതീവ്രതയും കൂടുതലാണ്.
സ്ട്രോക്കിന്റെ വരവ് അറിയാം
സ്ട്രോക്കിനു ഫലപ്രദമായ ആധുനിക ചികിത്സകൾ ഉണ്ടെങ്കിലും പലപ്പോഴും രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതിനാൽ കൃത്യസമയത്തുള്ള ചികിത്സ വൈകുന്ന സാഹചര്യമുണ്ട്. അതിനാൽ സ്ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങളെക്കുറിച്ച് ഏവർക്കും അറിവുണ്ടാകണം. ഏതൊരാൾക്കും സ്ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനായുള്ള ഏറ്റവും പ്രധാന പ്രയോഗമാണ് BE FAST.
BE FAST
ഒരാൾക്ക് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഇത് ലളിതമായി പ്രയോഗിക്കാം. BEFAST ലെ അക്ഷരങ്ങൾ സൂചിപ്പിക്കുന്ന കാര്യം ഏവരുടെയും ഓർമ്മയിൽ ഉണ്ടാകണം.
B - Balance - പെട്ടെന്ന് ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടുന്നു. കടുത്ത തലവേദന, തലകറക്കം എന്നിവ അനുഭവപ്പെടുന്നു.
E - Eyes - പെട്ടെന്ന് കാഴ്ച്ച മങ്ങുക, അൽപ നേരം മാത്രം അനുഭവപ്പെട്ടു പോകുന്ന കാഴ്ച്ച മങ്ങൽ
F - Face - മുഖത്തുണ്ടാകുന്ന വ്യതിയാനങ്ങൾ,ചിരിക്കുമ്പോൾ മുഖം കോടുക,
A -Arm - കൈകൾക്ക് പെട്ടെന്നുണ്ടാകുന്ന തളർച്ച,ബലഹീനത,കൈകാലുകൾ ഉയർത്തി പിടിക്കാനും, പിടി മുറുക്കാനും സാധിക്കാതെ വരിക.
S - Speech -സംസാരിക്കുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ട്, കുഴച്ചിൽ
T -Time - എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
ഗോൾഡൻ മണിക്കൂർ
BE FAST ലക്ഷണങ്ങൾ കാണപ്പെടുകയാണെങ്കിൽ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്. സ്ട്രോക്ക് ഉണ്ടായി 4- 5 മണിക്കൂറുനുളളിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ സ്ഥിതി ഗുരതരമാകും. അടിയന്തരമായി സ്കാനിങ്ങിനു വിധേയമാക്കുക എന്നതാണ് ആദ്യത്തെ പ്രക്രിയ. സ്കാനിങ് കഴിയുമ്പോൾ രോഗിക്കു തലച്ചോറിൽ രക്തസ്രാവമാണോ, ബ്ലോക്ക് ആണോ എന്നു തിരിച്ചറിയാൻ സാധിക്കും. രക്തക്കട്ട വന്ന് അടഞ്ഞിരിക്കുന്ന ബ്ലോക്ക് മൂലമുണ്ടാകുന്ന ഇസ്കീമിക് സ്ട്രോക്കിനു രണ്ടു ചികിത്സകളാണു പ്രധാനമായും ഉള്ളത്. രക്തക്കട്ട അലിയിച്ചു കളയാനുള്ള ഇൻജക്ഷൻ നൽകുന്നതാണ് ആദ്യ ചികിത്സ. മറ്റൊന്ന്, രക്തക്കട്ട ഒരു കതീറ്റർ വഴിയോ ട്യൂബ് വഴിയോ വലിച്ചെടുത്തു കളയുക എന്നതാണ്. എത്രയും വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതു വഴി ഇസ്കീമിക് സ്ട്രോക്ക് സ്കാനിങ്ങിലൂടെ കണ്ടെത്തി രക്തക്കട്ട അലിയിക്കുന്ന പ്രക്രിയയിലൂടെ രോഗിയെ സുഖപ്പെടുത്താൻ സാധിക്കും.
ട്രാൻസ് ഇസ്കീമിക് അറ്റാക്ക് ശ്രദ്ധിക്കണം
സ്ട്രോക്കിനു മുന്നോടിയായി വരുന്ന ലക്ഷണങ്ങളാണു ട്രാൻസ് ഇസ്കീമിക് അറ്റാക്ക് (TIA) എന്ന് പറയുന്നത്. മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു കാരണം മസ്തിഷ്ക കോശങ്ങൾക്കു ക്ഷതം സംഭവിച്ച് അവ നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്നതാണിത്. അതിനാൽ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിലെത്തണം.
സ്ട്രോക്ക് രോഗനിർണയത്തിനുള്ള വിവിധ പരിശോധനകൾ
. രക്തപരിശോധന
. എം.ആർ.ഐ, സി.ടി. സ്കാൻ
. സെറിബ്രൽ ആൻജിയോഗ്രാം
. കരോട്ടിഡ് ഡ്ളോപ്പർ
. ഇലക്ട്രോ കാർഡിയോഗ്രാം
. എക്കോ കാർഡിയോഗ്രാം.
സ്ട്രോക്ക് വന്നു കഴിഞ്ഞാൽ
സ്ട്രോക്ക് ബാധിച്ച 40-60 ശതമാനത്തോളം രോഗികൾക്കും സ്ഥിരമായ ശാരീരിക വൈകല്യങ്ങൾ കാണപ്പെടാറുണ്ട്. അവർക്കെല്ലാം തന്നെ തുടർചികിത്സകൾ ആവശ്യമായി വരുന്നു. ന്യൂറോളജിസ്റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോെതറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ഏകോപിച്ചുള്ള സമീപനം ആവശ്യമാണ്. പുനരുജ്ജീവനം ആശുപത്രിയിൽ തുടങ്ങി വീട്ടിൽ തുടേരണ്ട ഒരു പ്രക്രിയയാണ്.