ബിരിയാണിക്ക് കൂട്ട് ഐസ്ക്രീമോ? അതോ ജൂസോ ? ഫാറ്റിലിവർ വരെ വരുത്താം Healthy Drinks to Aid Digestion After Biriyani
ഉച്ചയ്ക്കു വയറുനിറയേ രുചികരമായ ബിരിയാണി കഴിച്ചശേഷം എന്താണ് നിങ്ങൾ കുടിക്കുന്നത്? ജൂസ് ആണോ അതോ ഐസ്ക്രീം നുണയുമോ? ഇങ്ങനെ െചയ്യുന്നത് നാവിനു നല്ലതാണെങ്കിലും ആരോഗ്യത്തിനു അത്ര ഗുണകരമല്ല. അത് എന്തുകൊണ്ടാണെന്നു നോക്കാം.
കാലറി കൂടുന്നു
ബിരിയാണി, ഇറച്ചി വറുത്തത്, പോലെ കൊഴുപ്പു കൂടുതൽ ഉള്ള ഭക്ഷണത്തോടൊപ്പം മധുരപാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയവ കഴിക്കുമ്പോൾ കാലറി വളരെ കൂടുന്നു. ഉദാഹരണത്തിന്, ഒരു പ്ലേറ്റ് ചിക്കൻ ബിരിയാണിയിൽ ചേരുവകൾ അനുസരിച്ച് ഏകദേശം 450-600 കാലറി ഉണ്ടാകും. കൂടാതെ, ഒരു കാൻ (330 മില്ലി) കോള 139 കാലറിയും ഒരു വലിയ സ്കൂപ്പ് ഐസ്ക്രീം 200-300 കാലറിയും നൽകുന്നു. ഒരു നേരം കഴിക്കുന്നത് ഏകദേശം 1000 കാലറിയാണ്. ഇതോടൊപ്പം മറ്റെന്തെങ്കിലും കഴിച്ചാൽ കാലറി ഇനിയും കൂടും. ഇത് ആരോഗ്യത്തിനു നല്ലതല്ല. കൂടാതെ, മധുര സോഡയിൽ അവശ്യപോഷകങ്ങളൊന്നുമില്ല - വൈറ്റമിനുകളോ ധാതുക്കളോ നാരുകളോ ഇല്ല. അമിതമായ അളവിൽ പഞ്ചസാരയും അനാവശ്യ കാലറിയും ഒഴികെ, ഇതു നിങ്ങളുടെ ഭക്ഷണത്തിൽ ഒന്നും ചേർക്കുന്നില്ല.
പഞ്ചസാര (സുക്രോസ്), ഫ്രക്ടോസ് കോൺ സിറപ്പ് എന്നിവയിൽ - ഗ്ലൂക്കോസ്, ഫ്രക്ടോസ് - ഏകദേശം തുല്യ അളവിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും ഗ്ലൂക്കോസ് വിഘടിക്കാൻ കഴിയും. അതേസമയം ഫ്രക്ടോസ് ഒരു അവയവത്തിനു മാത്രമേ വിഘടിക്കാൻ ചെയ്യാൻ കഴിയൂ - കരൾ. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ അമിതമായ അളവിൽ കുടിക്കുമ്പോൾ കരൾ ഓവർലോഡ് ആകുകയും ഫ്രക്ടോസ് കൊഴുപ്പായി മാറുകയും ചെയ്യുന്നു. ചില കൊഴുപ്പ് രക്തത്തിലെ ട്രൈഗ്ലിസറൈഡുകളായി പുറന്തള്ളപ്പെടുന്നു, അതേസമയം അതിന്റെ ഒരു ഭാഗം കരളിൽ അവശേഷിക്കുന്നു. കാലക്രമേണ, ഇതു നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനു കാരണമാകും.
ഇവ കുടിക്കാം
ദഹനത്തെ സഹായിക്കുകയും ദഹനനാളത്തിന്റെ പേശികളെ റിലാക്സ് ആക്കി, കനത്ത ഭക്ഷണം കൂടുതൽ കാര്യക്ഷമമായി സംസ്കരിക്കാനും കൂടാതെ ഗ്യാസ്, വീക്കം, ദഹനക്കേട്, എന്നിവ കുറയ്ക്കാനും താഴെ പറയുന്നവ നല്ലതാണ്.
∙ ചൂടുവെള്ളം, ഹെർബൽ ടീ, സുലൈമാനി, ഗ്രീൻ ജ്യൂസ്, മോര് ∙ ചെറുനാരങ്ങയോടൊപ്പം ചെറുചൂടുള്ള വെള്ളം. ∙ ഇഞ്ചി ഗ്രേറ്റ് ചെയ്‌തു നല്ല ചൂടുവെള്ളത്തിൽ ഇട്ടു 10 മിനിറ്റു വയ്ക്കുക. അരിച്ചെടുത്തു നാരങ്ങാ നീരും അൽപം തേനും ചേർത്തു കുടിക്കാം ∙ ഹെർബൽ ടീ: ഇഞ്ചി, കുരുമുളക്, ചമോമൈൽ തുടങ്ങിയവ ചേർത്ത ചായ. ∙ ജീരകം, പെരുംജീരകം, അയമോദകം - വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുകയോ വായിലിട്ടു ചവച്ചരച്ചതിനു ശേഷം ഒരു ഗ്ലാസ് ചൂടു വെള്ളത്തോടൊപ്പം കുടിക്കുകയോ ചെയ്യാം. ∙ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ: ഇഞ്ചി, ചുവന്നുള്ളി, ജീരകം, കറിവേപ്പില എന്നിവ ചതച്ചു ചേർത്ത മോരുംവെള്ളം, ജീരകപ്പൊടിയുമായി ചേർത്ത ഒരു ബൗൾ തൈര് തുടങ്ങിയവ.
സോളി ജെയിംസ്
ന്യുട്രിഷനിസ്റ്റ്
എറണാകുളം