ആഹാരത്തിൽ നിന്നുള്ള പോഷകങ്ങൾ അപര്യാപ്തമാകുമ്പോൾ നമ്മൾ ആശ്രയിക്കുന്നത് സപ്ലിമെന്റുകളെയാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മാംസപേശികൾ, നാഡീഞരമ്പുകൾ, കോശങ്ങൾ എന്നിവയ്ക്കു ശക്തി പകരാനും എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാനും, രക്തചംക്രമണം കാര്യക്ഷമമാക്കാനും കണ്ണിനു കാഴ്ചശക്തി നൽകാനും ആഹാരദഹനത്തിനും ഉറക്കത്തിനുമൊക്കെ വ്യത്യസ്തമായ സപ്ലിമെന്റുകൾ ഉപകരിക്കും. പിൽസ് (pills), ഗുളികകൾ, ക്യാപ്സ്യൂൾ, പൗഡർ, മിഠായികൾ, ചായ, പാനീയങ്ങൾ, ബിസ്ക്കറ്റ് തുടങ്ങിയ രൂപങ്ങളിലാണു സപ്ലിമെന്റുകൾ വിപണിയിലുള്ളത്. 

സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ആരോഗ്യ വസ്തുക്കൾ സപ്ലിമെന്റുകളുടെ നിർമാണത്തിനായി വൻതോതിൽ ഉപയോഗിക്കുന്നു. പുറമെ ധാരാളം രാസവസ്തുക്കളും സപ്ലിമെന്റുകളുടെ ഭാഗമാകുന്നുണ്ട്.

വൈറ്റമിൻ എ, ബി, സി, ഡി, ഇ, കെ, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, അയൺ, കോപ്പർ, സെലിനിയം, അയഡിൻ, എൻസൈമുകൾ, ഫോളിക് ആസിഡ്, അമിനോ ആസിഡ്, പ്രോബയോട്ടിക്കുകൾ, ഫൈബർ, ഒമേഗ 3, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവയൊക്കെ സപ്ലിമെന്റുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. ഫൈബർ ധാരാളമായിട്ടുള്ള പച്ചിലകളും ആന്റിഓക്സിഡ‍ന്റുകളുടെ കലവറയായ പഴവർഗങ്ങളും ധാന്യങ്ങളും വിത്തുകളുമൊക്കെ സപ്ലിമെന്റുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്.

ADVERTISEMENT

ആർക്കെല്ലാം വേണം?
ഗർഭിണികൾ
, മുലയൂട്ടുന്നവർ, ഗർഭധാരണം പ്രതീക്ഷിക്കുന്നവർ, ആർത്തവ വിരാമം ഉണ്ടായവർ, ആഹാരം കഴിക്കുവാൻ മടിയുള്ള കുട്ടികൾ, ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ടുള്ളവർ, പ്രായം ചെന്നവർ, എപ്പോഴും സജീവമായി ജോലി ചെയ്യുന്നവർ, നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുന്നവർ, തിരഞ്ഞെടുത്തവ മാത്രം കഴിക്കുന്നവർ (picky eaters), ഫൂഡ് അലർജിയുള്ളവർ, സർജറി, മുറിവ്, പൊള്ളൽ, അപകടം തുടങ്ങിയവ കൊണ്ട് കഷ്ടപ്പെടുന്നവർ, അനാരോഗ്യമുള്ളവർ, പിരിമുറുക്കവും സമ്മർദവും അനുഭവിക്കുന്നവർ, ലാബ് പരിശോധനയിൽ പോഷക കുറവുള്ളവർ എന്നിവർക്കാണു സപ്ലിമെന്റുകൾ ആവശ്യം വരുന്നത്.

ദൂഷ്യങ്ങളും അപകടങ്ങളും
എല്ലാ സപ്ലിമെന്റുകളും എല്ലാവർക്കും ആവശ്യമുള്ളവയല്ല. തന്നെയുമല്ല ചില സപ്ലിമെന്റുകളുടെ ഉപയോഗം എല്ലുകൾക്കു ബലക്ഷയം ഉണ്ടാക്കാനും നവജാത ശിശുക്കളിൽ വൈകല്യങ്ങൾ ഉണ്ടാക്കാനും ഇടയാകും. കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങൾക്കു ക്ഷതം വരുത്താനും ചില ഘടകങ്ങൾക്കു കഴിയും. അസുഖങ്ങൾക്കു കഴിക്കുന്ന ചില മരുന്നുകളുമായി പ്രതിപ്രവർത്തനം നടത്തി അതുവഴി രോഗിക്കു പ്രശ്നമുണ്ടാക്കാനും സപ്ലിമെന്റുകൾക്കു കഴിയും.
പൊണ്ണത്തടി കുറയ്ക്കാനും ലൈംഗിക ഉത്തേജനം വർധിപ്പിക്കാനും ശരീരപുഷ്ടിക്കുമൊക്കെ ഉപയോഗിക്കുന്ന സപ്ലിമെന്റുകൾ ഏറെ ശ്രദ്ധിക്കേണ്ടവയാണ്.

ഡോക്ടറുെട മേൽനോട്ടത്തിൽ മാത്രം
ഓർമശക്തിയും ബുദ്ധിയുെമാക്കെ കൂട്ടാനും ആയുസ്സു വർധിപ്പിക്കാനും, കാൻസർ പോലുള്ള രോഗങ്ങൾ തടയാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ നിയന്ത്രിക്കാനുമൊക്കെ കഴിയുമെന്ന് അവകാശപ്പെടുന്ന സപ്ലിമെന്റുകളും ന്യൂട്രസ്യൂട്ടിക്കൽസുമൊക്കെ വിപണിയിൽ ലഭ്യമാണെങ്കിലും ഡോ ക്ടറുടെയോ ആരോഗ്യ വിദഗ്ധരുടെയോ നിർദേശമോ ഉപദേശമോ അനുസരിച്ചു മാത്രമെ അത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കാവൂ.

ADVERTISEMENT

കഴിക്കുന്ന സമയം ശ്രദ്ധിക്കണം
എപ്പോഴും ഒന്നിൽ കൂടുതൽ സപ്ലിമെന്റുകൾ ഒരുനേരം കഴിക്കാതിരിക്കുക.
പലനേരങ്ങളിൽ വേണം ഉപയോഗിക്കാൻ. മെഡിക്കൽ ഷോപ്പുകളിൽ നിന്നു സ്വന്തം നിലയ്‌ക്കു സപ്ലിമെന്റുകൾ വാങ്ങി കഴിക്കരുത്. എപ്പോഴും ഡോക്ടറുെട നിർദേശപ്രകാരം, നിങ്ങളുെട ആരോഗ്യത്തിനും ശരീരത്തിനും ആവശ്യമായ സപ്ലിമെന്റുകൾ തിരഞ്ഞെടുക്കാം.
മരുന്നു പോലെ തന്നെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടവയാണു ചില സപ്ലിമെന്റുകളും. അതിനാൽ ആർത്തിയും അഭിനിവേശവും സപ്ലിമെന്റുകളോടു വേണ്ട.

ഡോ. കെ. ജി. രവികുമാർ, മുൻ ഹെഡ്
ക്ലിനിക്കൽ ഫാർമസി വിഭാഗം
ഗവ. മെഡിക്കൽ കോളജി, തിരുവനന്തപുരം

ADVERTISEMENT

 

English Summary:

Supplements are relied upon when nutrients from food are insufficient. These supplements aid in boosting immunity, strengthening muscles, nerves, and cells, fortifying bones and teeth, improving blood circulation, enhancing vision, aiding digestion, and promoting better sleep.

ADVERTISEMENT