പനിച്ചും തളർന്നും കുട്ടികൾ – ഇൻഫ്ലുവൻസ എ വ്യാപകമാകുന്നു. ഒപ്പം തക്കാളിപ്പനിയും വൈറൽപനിയും , പനിച്ചൂട് ഉയരാതെ ശ്രദ്ധിക്കാം Fever in Children
ഒാണാവധിക്കായി സ്കൂൾ അടയ്ക്കുകയാണ്. എന്നാൽ ഒാണാവധിക്കു മുൻപേ ഒട്ടേറെ കുട്ടികൾ പനി ബാധിച്ച് അവധിയിലായിരുന്നു. പനിയും മറ്റു ചില രോഗാവസ്ഥകളും കുട്ടികളിൽ പൊതുവേ കൂടുതലായി കാണുന്നുമുണ്ട്. ഇപ്പോൾ പ്രധാനമായും കണ്ടു വരുന്നത് ഇൻഫ്ലുവൻസ എ, തക്കാളിപ്പനി , പനിയ്ക്കൊപ്പം ഛർദിയും വയറിളക്കവും എന്നിവയാണ്.
ഇൻഫ്ലുവൻസ എ
ഇൻഫ്ലുവൻസ എ എന്ന വൈറൽ പനിയാണ് ആദ്യത്തേത്. ഇതാണു കുട്ടികളിൽ കൂടുതലായും പടർന്നു പിടിക്കുന്നത്. ആദ്യരണ്ടു ദിവസങ്ങളിൽ അതിശക്തമായ പനി, കണ്ണുകളും ചുണ്ടും ചുവന്നു വരുക, ശരീരവേദന, ഛർദി, വയറുവേദന, ആഹാരത്തോടു താൽപര്യമില്ലായ്മ, ആഹാരത്തിന്റെ രുചിയറിയാനുള്ള ശേഷി കുറയുക എന്നിവയാണിതിന്റെ പ്രധാന ലക്ഷണങ്ങൾ.
ഇൻഫ്ലുവൻസാ കാർഡ് ടെസ്‌റ്റ് ചെയ്ത് ഈ രോഗം തിരിച്ചറിയാനാകും. ആന്റിബയോട്ടിക്കുകളുടെ ആവശ്യമില്ല. ആന്റിവൈറൽ മരുന്നുകൾ നൽകി രോഗം ഭേദമാക്കാനാകും.
തക്കാളിപ്പനി
തക്കാളിപ്പനി എന്ന ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസും കുട്ടികളിൽ കാണുന്നു. കോക്സാക്കി വൈറസാണു രോഗകാരി. ഉള്ളംകൈ, ഉള്ളംകാൽ, കൈമുട്ട്, കാൽമുട്ട് , നിതംബഭാഗം, ചുണ്ടുകൾക്കു ചുറ്റുമുള്ള ഭാഗം, വായ എന്നിവിടങ്ങളിൽ കുരുക്കളായാണ് ഇതു പ്രകടമാകുന്നത്. വായ്ക്കുള്ളിൽ അൾസർ രൂപപ്പെടുന്നു. ശക്തമായ പനി, കുരുക്കളുള്ള ഭാഗത്തു ചൊറിച്ചിൽ, ശരീരവേദന എന്നിവ പ്രധാനലക്ഷണങ്ങളാണ്. ഇതിനു പാരസെറ്റമോൾ നൽകിയാൽ മതിയാകും. ശരീരത്തിലെ ചൊറിച്ചിലിനു കലാമിൻ ലോഷൻ പുരട്ടാം.
പനിയ്ക്കൊപ്പംഛർദിയും വയറിളക്കവും
വൈറൽ പനിയും അതിനൊപ്പം ഛർദിയും വയറിളക്കവും കാണുന്നതാണ് അടുത്തത്. ഛർദിയിൽ തുടങ്ങി പനി, വയറിളക്കം എന്നിവയിലേക്ക് എത്തുന്നതായാണു കാണുന്നത്. ഛർദി നിർത്തുന്നതിനുള്ള മരുന്നുകൾ , ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം , തിളപ്പിച്ചാറിച്ച വെള്ളം എന്നിവ നൽകാം. പനിയുള്ളപ്പോൾ പാരസെറ്റമോളും നൽകാം.
പനി കൂടാതെ ന്യൂമോണിയയും കണ്ടു വരുന്നുണ്ട്. ഒന്നോ രണ്ടോ ആഴ്ച തുടരെ നീണ്ടു നിൽക്കുന്ന ചുമ, അതിനു ശേഷം പനിയും കാണുന്നു. നെഞ്ചിൽ കഫക്കെട്ട് ഉണ്ടെന്നു മനസ്സിലാക്കിയാൽ എക്സ്റേ പരിശോധനയും രക്തപരിശോധനയും വേണ്ടി വരും. പുറമേ ലക്ഷണങ്ങളില്ലെങ്കിലും ചില കുട്ടികളിൽ ന്യൂമോണിയ കാണാറുണ്ട്. അപൂർവമായി ഡെങ്കിപ്പനിയും കാണുന്നുണ്ട്.
പനിച്ചൂട് ഉയരാതെ ശ്രദ്ധിക്കാം
ഈ പനികൾക്കെല്ലാം ആദ്യദിവസം ഉയർന്ന ടെംപറേച്ചർ ആയിരിക്കും. ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ നാലു മുതൽ ആറു മണിക്കൂർ ഇടവേളയിൽ നൽകാം. ശരീരം ഇളംചൂടുവെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞു നന്നായി തുടച്ചു കൊടുക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വളരെ ഉയർന്ന പനിയ്ക്കുള്ള മരുന്നുകൾ നൽകാവൂ. ടെംപറേച്ചർ ഒരു പരിധിയിൽ കൂടിയാൽ ആറുമാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ ഫിറ്റ്സ് ( Febrile Seizure) പോലെ വരാം. അതു പ്രത്യേക ശ്രദ്ധ നൽകേണ്ട ഘട്ടമാണ്. ടെംപറേച്ചർ ഉയരാതെ നോക്കുന്നതിനു നാലു മുതൽ ആറു മണിക്കൂർ ഇടവിട്ടു പാരസെറ്റമോൾ നൽകുകയും ശരീരം തുടച്ചുകൊടുക്കുകയും വേണം. എപ്പോഴെങ്കിലും ഫിറ്റ്സ് വന്നിട്ടുള്ള കുട്ടികളാണെങ്കിൽ അടുത്ത പനിയിലും അത് ആവർത്തിക്കാനിടയുണ്ട്. അതു വരാതെ തടയുന്നതിനുള്ള മരുന്ന് ഡോക്ടറുടെ നിർദേശപ്രകാരം നൽകാം.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
പനി തുടങ്ങിയാൽ ആദ്യത്തെ രണ്ടു ദിവസം പാരസെറ്റമോൾ നൽകി കുട്ടിയെ വിശ്രമിക്കാൻ അനുവദിക്കുക. പാരസെറ്റമോൾ കൊടുത്തിട്ടും പനിയുടെ ശക്തി കുറയുന്നില്ല, ഛർദി കാരണം സിറപ്പൊന്നും കഴിക്കാൻ സാധിക്കുന്നില്ല, തളർച്ചയുടെ ലക്ഷണങ്ങൾ കാണുന്നു എങ്കിൽ ശ്രദ്ധിക്കണം. നിർജലീകരണം സംഭവിക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ നാവ് ഉണങ്ങി കാണപ്പെടും. വെള്ളം കുടിക്കാൻ പ്രയാസം, ക്ഷീണം, മയക്കം, മൂത്രത്തിന്റെ അളവു കുറയുക എന്നിവയും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. അങ്ങനെയാണെങ്കിൽ ആദ്യ ദിവസം തന്നെ ഡോക്ടറെ കാണണം. പാരസെറ്റമോൾ കൊണ്ടു പനിയുടെ ചൂടു നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കിൽ 48 മണിക്കൂർ വരെ കുട്ടിയെ നിരീക്ഷിക്കാം. പനി കുറഞ്ഞാൽ ഡോക്ടറെ കാണേണ്ടതില്ല. എന്നാൽ 48 മണിക്കൂർ കഴിഞ്ഞും പനി കുറയുന്നില്ലെങ്കിൽ, ചൂടു കൂടുതലായി അനുഭവപ്പെടുന്നെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണണം. ഡെങ്കിപ്പനിയാണോ എന്നു നിർണയിക്കുന്നതിനു രക്തപരിശോധനയും വേണ്ടി വരും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ജിസ് തോമസ്
ഹെഡ് , സീനിയർ കൺസൽറ്റന്റ്
പീഡിയാട്രിക്സ് വിഭാഗം
മാർ സ്ലീവാ മെഡിസിറ്റി , പാലാ