കുട്ടി ഡബ്ളിയു രീതിയിലാണോ ഇരിക്കുന്നത്? ഈ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ വിദഗ്ധ സഹായം തേടാം The 'W' Sitting Position: Concerns and Considerations
കുട്ടി കാൽമുട്ടു മുൻപോട്ടു മടക്കി കാലുകൾ ഇരുവശത്തേക്കും വച്ചു ഡബ്ളിയു ആകൃതിയിലാണോ ഇരിക്കുന്നത്? സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചോദ്യം ഒട്ടേറെ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
കുട്ടികളുടെ ശരീരനിലയിലെ പ്രത്യേകതകൾ
ചിലപ്പോൾ അവരുടെ ശാരീരിക–മാനസിക ആരോഗ്യനിലയുടെ സൂചനയാകാം. കുട്ടിയുടെ ഇരിപ്പും നിൽപ്പും നടപ്പുമൊക്കെ അവന്റെ നാഡീപരവും അസ്ഥി–സന്ധി–പേശീ സംബന്ധവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ചില വിലയേറിയ തിരിച്ചറിവുകൾ നൽകാം.
എന്നാൽ, കുട്ടികളിലെ ഇരിപ്പിലെയും നിൽപ്പിലെയും അപാകതകൾ എപ്പോഴും രോഗസൂചനയാകണമെന്നില്ല. അതു ശീലത്തിന്റെ ഭാഗമോ വളർച്ചാഘട്ടത്തിലെ വളരെ സ്വാഭാവികമായ ഒരു വ്യതിയാനമോ ആകാം. ഇതു കുട്ടി വളരുന്നതിനനുസരിച്ചു മാറിക്കൊള്ളും.
എങ്കിലും അസ്വാഭാവികമോ, മാറാതെ നിൽക്കുന്നതോ ആയ ശരീരനിലകളിൽ സംശയം തോന്നിയാൽ ഉടനെ ഡോക്ടറെ കാണുക. ചിലപ്പോൾ ഗൗരവകരമായ പ്രശ്നങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാനും ഫലപ്രദമായി പരിഹരിക്കാനും ഇത്തരമൊരു ജാഗ്രത കൊണ്ടു സാധിക്കും. അത്തരമൊരു ജാഗ്രത ഡബ്ളിയു രീതിയിലുള്ള ഇരിപ്പിന്റെ കാര്യത്തിലും ആവശ്യമുണ്ട്.
സാധാരണ മൂന്നു വയസ്സിനോട് അടുത്താണ് ഈ രീതിയിലുള്ള ഇരിപ്പു കാണുന്നത്. തറയിൽ ഇരുന്നു കളിക്കാനുള്ള സൗകര്യത്തിനു ചിലപ്പോൾ കുട്ടികൾ ഇങ്ങനെ ഇരിക്കാറുണ്ട്.
കുട്ടിക്കു വളർച്ചയുമായി ബന്ധപ്പെട്ടു മറ്റൊരു പ്രശ്നവുമില്ലെങ്കിൽ ഈ ഇരിപ്പു കണ്ട് ആശങ്കപ്പെടേണ്ടതില്ല. ഇരിപ്പു രീതി മാറ്റാൻ നിർബന്ധിക്കേണ്ടതുമില്ല. വളരുന്നതനുസരിച്ചു താനേ മാറിക്കൊള്ളും.
എന്നാൽ, കുട്ടി എപ്പോഴും ഈ രീതിയിലാണ് ഇരിക്കുന്നതെങ്കിലോ വളരുന്നതനുസരിച്ച് ഈ ഇരിപ്പുരീതി മാറ്റുന്നില്ലെങ്കിലോ ശ്രദ്ധ വേണം. ഇടയ്ക്കിടയ്ക്കു വീഴുക, ശരീരനിലയിൽ പ്രശ്നങ്ങൾ, ഗ്രോസ് മോട്ടോർ ശേഷികൾ എത്താൻ താമസം, നടപ്പിൽ പ്രശ്നം വരിക എന്നിവ കൂടിയുണ്ടെങ്കിൽ തീർച്ചയായും ഒരു ശിശുരോഗ വിദഗ്ധനെ കണ്ടു ഗൗരവകരമായ പ്രശ്നങ്ങളില്ല എന്നുറപ്പാക്കണം.
സെറിബ്രൽ പാൾസിയിലും
ജന്മനാ ഹിപ് ഡിസ്പ്ലാസിയ പോലെയുള്ള പ്രശ്നമുള്ള കുട്ടികളിൽ ഈ രീതിയിൽ ഇരിക്കുന്നത് ഇടുപ്പു സ്ഥാനചലനത്തിനു കാരണമാകാമെന്നു പറയപ്പെടുന്നു. സെറിബ്രൽ പാൾസി പോലെ പേശികളുടെ വഴക്കത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉള്ള കുട്ടികളിലും ഡബ്‌ളിയു സിറ്റിങ് കാണാറുണ്ട്.
ഇരിപ്പും നടപ്പും കുട്ടിക്കാലത്തേ ശരിയാക്കാം
കുട്ടിക്കാലം, അസ്ഥികളും പേശികളും ഇരിപ്പു–നിൽപു ശീലങ്ങളുമൊക്കെ രൂപപ്പെടുന്ന സമയമായതിനാൽ ഇരിപ്പിലും നടപ്പിലുമുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അപ്പപ്പോൾ തിരുത്തിക്കൊടുക്കണം.
∙ സ്ക്രീൻ കാണുമ്പോഴും വായിക്കുമ്പോഴും നിവർന്നിരിക്കാൻ ശീലിപ്പിക്കുക. തോളുകൾ റിലാക്സ് ചെയ്തു വയ്ക്കണം. കാലുകൾ തറയിൽ പതിപ്പിച്ചു വയ്ക്കണം.
∙ നീന്തൽ, യോഗ, സൈക്ലിങ് എന്നിവ ശരീരത്തിന്റെ പ്രധാന പേശികളെ ബലപ്പെടുത്തും.
∙ പ്ലാങ്ക്, ബ്രിഡ്ജ് പോലുള്ള വ്യായാമങ്ങളും ശരീരനില ശരിയാക്കാൻ സഹായിക്കും.
കുട്ടികളുടെ ഇരിപ്പും രോഗസൂചനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു കൂടുതലറിയാം