തലവേദനയ്ക്കു പിന്നിൽ മൊബൈൽ ഫോൺ കാഴ്ചയും വയറുവേദനയ്ക്കു പിന്നിൽ പതിവില്ലാത്ത ആഹാരവും – കുട്ടികളുടെ വേദനകളെ നിസ്സാരമാക്കാറുണ്ടോ? Pain in Children
കുട്ടികളിൽ പ്രകടമാകുന്ന വേദന മാതാപിതാക്കളെ ഏറെ ആശങ്കാകുലരാക്കും. വീട്ടിൽ ചികിത്സിക്കാമോ? വേദന വന്നാൽ എന്തു മരുന്നു കൊടുക്കും ? സ്പെഷലിസ്‌റ്റ് ആയ ഡോക്ടറുടെ കൺസൽറ്റേഷൻ തേടണോ ? എന്നിങ്ങനെ ഒട്ടേറെ സംശയങ്ങളും വരാം. ഇതേക്കുറിച്ചു ശിശുരോഗ വിദഗ്ധന്റെ മറുപടി അറിയാം
വീട്ടിൽ ചികിത്സിക്കണോ?
കുട്ടികളുടെ വേദനയ്ക്കു സ്വയംചികിത്സ നല്ല രീതിയല്ല. കുഞ്ഞിന്റെ കരച്ചിൽ ഉള്ളിലുള്ള ഒരു രോഗത്തിന്റെ ലക്ഷണമാണ്. നാം ആ ലക്ഷണത്തെ മൂടിവച്ച് പനി ഉണ്ടെങ്കിൽ പനിയുടെ മരുന്നു കൊടുക്കും. എന്നാൽ ഉള്ളിലുള്ള മറ്റൊരു രോഗത്തിന്റെ ലക്ഷണമായാണു പനി പ്രകടമാകുന്നതെന്ന് അറിയുക. സ്വയം ചികിത്സ അവിടെ ഗുണത്തേക്കാൾ ദോഷമാണു ചെയ്യുന്നത്. ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടിക്കു വേദനാസംഹാരി നൽകുന്ന രീതിയും ഒഴിവാക്കുക. അതു പാർശ്വഫലങ്ങൾക്കു കാരണമാകാം. കുഞ്ഞിനു വേദന വരുമ്പോൾ ഡോക്ടറുടെ നിർേദശമില്ലാതെ മരുന്നു കൊടുത്താൽ അളവും കൃത്യമാകണമെന്നില്ല. കുഞ്ഞുങ്ങളുടെ വേദനയ്ക്കു വ്യാപകമായി നൽകുന്ന ഗ്രൈപ് വാട്ടർ മുതൽ മറ്റു മരുന്നുകളുടെയൊക്കെ ചേരുവകൾ പോലും നമുക്ക് വ്യക്തമായി അറിയില്ല, ഈ മരുന്നുകൾക്ക് അലർജിക് പ്രതിപ്രവർത്തനം ഉണ്ടോയെന്നും അറിയില്ല.
വേദന കൊണ്ടു കുഞ്ഞ് കരയുമ്പോഴെല്ലാം ഉടൻ മരുന്നു നൽകുന്ന രീതി ഒരു ശീലമായി (habituation) മാറും. അതുപോലെ അഞ്ചാം വയസിൽ ഡോക്ടർ നിർദേശിച്ച ഒരു മരുന്ന് കുറച്ചു വർഷങ്ങൾക്കു ശേഷം അതേ ഡോസിൽ കുഞ്ഞിനു നൽകുന്നതു കൊണ്ടും പ്രയോജനമില്ല.
വേദനയെ മനസ്സിലാക്കണം
അഞ്ചുവയസ്സിനു മേൽ പ്രായമുള്ള കുട്ടികൾക്കെല്ലാം വേദന എങ്ങനെ അനുഭവപ്പെടുന്നു എന്നു വ്യക്തമാക്കാൻ കഴിയും. എട്ടുവയസ്സു കഴിഞ്ഞാൽ വേദനയെക്കുറിച്ചു കൃത്യമായി പറയാനാകും. വേദനയെക്കുറിച്ചു പറയാൻ കുട്ടിയോട് ആവശ്യപ്പെടാം.വേദന എവിടെ നിന്ന് ആരംഭിക്കുന്നു? എവിടെ വരെ വ്യാപിക്കുന്നു, വേദനയുടെ തീവ്രത, എത്ര സമയത്തേക്കു നീണ്ടു നിൽക്കുന്നു? അങ്ങനെ.
ഉദാ. അപ്പെന്റിസൈറ്റിസ്– ഈ രോഗാവസ്ഥയിൽ പൊക്കിളിന്റെ വലതുവശത്ത് അൽപം താഴെയായി ഹാർഷ് ആയ വേദനയാണ് അനുഭവപ്പെടുന്നത്. അവിടെ മാത്രമാണു വേദന വരുന്നത്. ആ വേദന താഴേക്കു വ്യാപിക്കാം. തുടരെ വേദന അനുഭവപ്പെടാം. എന്തു വേദനാസംഹാരി കഴിച്ചാലും ആശ്വാസം ലഭിക്കുകയില്ല. എന്തു കഴിച്ചാലും വേദന കൂടുതലാകും. ഇതുമായി ബന്ധപ്പെട്ട് ഛർദിയും മലബന്ധവും പനിയും വരാം. ഇങ്ങനെയാണു വേദനയുടെ രീതി മനസ്സിലാക്കേണ്ടത്.
വയറുവേദന സാധാരണവും അസാധാരണവുമായ രീതിയിൽ വരാം. കൂടുതൽ സ്ഥലത്തേക്ക് അതായത് പൊക്കിളു മുതൽ ചുറ്റുമുള്ള സ്ഥലത്തു വേദനയെടുക്കുന്നു എന്നു കുട്ടി പറയുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ‘എന്തോ ഒരു ബുദ്ധിമുട്ട്. അത് എപ്പോഴും ഇല്ല. എന്നാൽ ഇടയ്ക്കിടെ വേദന വരുന്നുണ്ട്.’ ..എന്നൊക്കെ കുട്ടി പറഞ്ഞാൽ അടിയന്തര പ്രശ്നങ്ങളില്ല എന്നു കരുതാം. എന്നാൽ ഒരു ഭാഗത്തു വേദനയുള്ളതായി കുട്ടി
‘പിൻ പോയിന്റ് ’ ചെയ്തു പറഞ്ഞാൽ അത് അപ്പെന്റിസൈറ്റിസ് ആകാനുള്ള സാധ്യത ഏറെയാണ്.
അത്യാവശ്യമെങ്കിൽ പാരസെറ്റമോൾ
കുട്ടിക്കു വേദനയാണ്. മറ്റു മാർഗങ്ങളൊന്നുമില്ലെങ്കിൽ പാരസെറ്റമോൾ ആണ് സുരക്ഷിതമായ മരുന്ന്. അതു ഗുളികയായോ, സിറപ്പായോ നൽകാം. അളവു കൃത്യമായിരിക്കണം. പരിചയമുള്ള ഒരു ഡോക്ടറുടെ നിർദേശം കൂടി സ്വീകരിക്കുക. സുരക്ഷിതമായി ഉപയോഗിക്കാവുന്ന മരുന്നുകളുടെ ലിസ്റ്റ് എടുത്താൽ ആദ്യം പാരസെറ്റമോൾ, തുടർന്ന് ഇബുപ്രൂഫൻ, പിന്നീട് മെഫനമിക് ആസിഡ് അങ്ങനെ പറയാം. വേദനാസംഹാരിയായ മെഫനമിക് ആസിഡിനും പാർശ്വഫലങ്ങളുണ്ട്. ഡോക്ടറുടെ നിർദേശത്തോടെ മാത്രം കുട്ടിക്കു വേദനാസംഹാരി നൽകാൻ ശ്രദ്ധിക്കുക.
സ്പെഷലിസ്‌റ്റ് ഡോക്ടറെ കാണിക്കണോ?
വയറുവേദനയാണ് ഏറ്റവും സാധാരണമായി കുട്ടികളിൽ കാണുന്നത്. അതു കഴിഞ്ഞു തലവേദന. കുട്ടികളുടെ വേദനകളുമായി ബന്ധപ്പെട്ട് ആദ്യം തന്നെ സ്പെഷലിസ്‌റ്റു ഡോക്ടറെ കാണിക്കണോ എന്നതു മിക്ക മാതാപിതാക്കളുടെയും സംശയമാണ്. വയറുവേദന വന്നാലുടൻ ഗ്യാസ്ട്രോ എന്ററോളജിസ്റ്റിനെയും കാലു വേദന വന്നാലുടൻ ഓർത്തോപീഡിക്സ് വിഭാഗത്തിലേയ്ക്കും പോകുന്നതിനു മുൻപു കുട്ടിയെ സ്ഥിരമായി ചികിത്സിക്കുന്ന പീഡിയാട്രീഷനോടു മനസ്സു തുറക്കാം. ഡോക്ടറുടെ നിർദേശത്തോടെ സ്പെഷലിസ്‌റ്റിന്റെ ചികിത്സ തേടാം. ഐബിഎസ് എന്ന ഇറിറ്റബിൾ ബവൽ സിൻഡ്രം തീർച്ചയായും സൈക്കോളജിക്കൽ പിന്തുണ കൂടി ലഭിക്കേണ്ട വിഷയമാണ്. കുട്ടിക്കു തലവേദന വന്നാൽ അതു ടിവി കണ്ടിട്ടാണ്, മൊബൈൽ കണ്ടിട്ടാണ്, വയറുവേദന വന്നാൽ സാധാരണ കഴിക്കാത്തതെന്തോ കഴിച്ചിട്ടാണ് എന്നൊക്കെ നിസ്സാരവൽക്കരിക്കരുത്. ഈ വേദനയുടെ പിന്നാമ്പുറത്തെവിടെയോ മനസ്സിന്റെ വേദന കൂടി ഉണ്ടോയെന്ന് അറിയേണ്ടതു പ്രധാനമാണ്. അതു കൊണ്ടു തന്നെ കൗൺസലിങ് പോലുള്ളവ കുഞ്ഞിന് ആവശ്യമെങ്കിൽ അതു നൽകുക. കുഞ്ഞുങ്ങളുടെ വേദനയെ മനസ്സിലാക്കാൻ മാതാപിതാക്കളുടെ ഭാഗത്തുനിന്നാണ് ആദ്യശ്രമം ഉണ്ടാകേണ്ടത്. അതു രോഗനിർണയത്തിനും ചികിത്സയ്ക്കും കൂടുതൽ ഗുണം ചെയ്യും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത്
സീനിയർ കൺസൽറ്റന്റ് പീഡിയാട്രീഷൻ
ഇന്ദിരാഗാന്ധി കോ ഒാപ്പറേറ്റീവ് ഹോസ്പിറ്റൽ
കൊച്ചി