മനുഷ്യന് ഏറ്റവും ആവശ്യമുള്ള കഴിവുകളിൽ ഒന്നാണു കേൾവി. എന്നാൽ ഇന്ന് അധികം ചർച്ച െചയ്യപ്പെടാത്ത വിഷയമാണു ചെറുപ്പക്കാർക്കിടയിൽ കേൾവിപ്രശ്നങ്ങൾ വർധിക്കുന്നു എന്നത്. പ്രായമാകുമ്പോൾ കാണപ്പെടുന്ന കേൾവിക്കുറവു ചെറുപ്പത്തിലേ ആരംഭിക്കുന്നു എന്നതു ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ലോകാരോഗ്യ സംഘടനയുെട പഠനങ്ങൾ പ്രകാരം സുരക്ഷിതമല്ലാത്ത ശ്രവണരീതികൾ കാരണം ബഹുഭൂരിപക്ഷം ചെറുപ്പക്കാർക്കു (Young Adults) സ്ഥിരവും ഒഴിവാക്കാൻ കഴിയുന്നതുമായ കേൾവിനഷ്ടത്തിനു സാധ്യതയുണ്ട്.

പ്രായമായവരിലെ പ്രശ്നം ചെറുപ്പക്കാരിൽ
പണ്ടുകാലത്തു പ്രായമായവരിലാണു (70 വയസ്സിനു മുകളിൽ) കേൾവിക്കുറവു കണ്ടിരുന്നത്. പ്രായമായവരിൽ സ്വാഭാവികമായി സംഭവിക്കുന്ന ഈ കേൾവിക്കുറവിനെ പ്രസ്ബയാക്യൂസിസ് എന്നാണു പറയുന്നത്. എന്നാൽ ഇന്ന് 35-40 വയസ്സുകളിൽ തന്നെ കേൾവിക്കുറവു സംഭവിക്കുന്നവരുെട എണ്ണം വളരെയധികം കൂടിവരുന്നു. പ്രസ്ബയാക്യൂസിസിന്റെ പിന്നിൽ പാരമ്പര്യം ഒരു കാരണമാണ്. എങ്കിലും ജീവിതത്തിൽ ആ വ്യക്തി കേട്ടിട്ടുള്ള അമിതശബ്ദത്തിന്റെ ഫലവും കൂടിയാണ് ഈ കേൾവിക്കുറവിനു കാരണം. ശബ്ദമലിനീകരണത്തിന്റെ കാരണങ്ങളിൽ റോഡിലെ വാഹനങ്ങളിൽ നിന്നുള്ള ശബ്ദം, ഉച്ചഭാഷിണി എന്നിവയ്ക്കു പുറമെ ഇന്ന് ഏറ്റവും മുന്നിട്ടു നിൽക്കുന്ന കാരണം ഹെഡ്ഫോൺ, ഇയർഫോൺ ഇവയുെട ഉപയോഗമാണ്. ദൂരെ നിന്നു കേൾക്കുന്ന ശബ്ദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെഡ്ഫോണും ഇയർ ഫോണും ശബ്ദത്തെ നേരിട്ടു ചെവിയിലേക്കു കൊടുക്കുകയാണ്. മണിക്കൂറുകളോളം തുടർച്ചയായി ഉപയോഗിക്കാനും സാധ്യത ഉണ്ട്. അതു കാരണം നോയിസ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് എന്ന അവസ്ഥ വരാം. അതായത് അമിതശബ്ദം കാരണം സംഭവിക്കുന്ന കേൾവിക്കുറവ്.

ADVERTISEMENT

ഹെഡ് ഫോൺ ഉപയോഗിക്കുമ്പോൾ
ചെവിയ്ക്കു ചുറ്റും അമർന്നിരിക്കുന്ന ഒാവർ ഇയർ ഹെഡ്ഫോണുകളാണ് ഉപയോഗിക്കാൻ സുരക്ഷിതം. ഏതുതരം ആയാലും അവയുെട തുടർച്ചയായ ഉപയോഗം കേൾവിശക്തിയെ ദോഷകരമായിട്ടു ബാധിച്ചേക്കാം. താൽക്കാലികമോ സ്ഥിരമോ ആയ കേൾവിക്കുറവിലേക്കു നയിക്കാം. ബ്ലൂടൂത്ത് ഇയർഫോണുകൾ റേഡിയേഷൻ പ്രശ്നങ്ങളും വരുത്താം.

ശബ്ദതീവ്രത അളക്കുന്നതു ഡെസിബെൽ (Decibel - dB) എ ന്ന യൂണിറ്റ് ഉപയോഗിച്ചാണ്. പല ഹെഡ്ഫോണുകളിലെയും ഇയർഫോണുകളിലെയും ഏറ്റവും കൂടിയ ശബ്ദം 100 ഡെസിബെല്ലിനു മുകളിലാണെന്നാണു പറയുന്നത്. അതിനാൽ തന്നെ തുടർച്ചയായ ഉപയോഗം കേൾവിക്കുറവിലേക്കു നയിക്കാം എന്നു നിസംശ്ശയം പറയാം. ദീർഘനേരം ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ ശബ്ദം കുറച്ചു കേൾക്കുക. പ്രത്യേകിച്ച് അപായസൂചനകൾ ഒന്നും ഇല്ലാതെ പടിപടിയായി വഷളാകുന്ന കേൾവിക്കുറവാണു ഹെഡ്ഫോൺ/ ഇയർഫോൺ ഉപയോഗം കാരണം ഉണ്ടാകുക.

ADVERTISEMENT

ഹെഡ്ഫോൺ ഉപയോഗം കൊണ്ടു സംഭവിക്കാവുന്ന മറ്റൊരു പ്രശ്നമാണു ചെവിക്കായവുമായി ബന്ധപ്പെട്ടത്. ഹെഡ്ഫോൺ ചെവി അടയ്ക്കുന്നതിനാൽ ചെവിക്കായത്തിന്റെ സ്വാഭാവിക ശുചീകരണ പ്രക്രിയ തടസ്സപ്പെടാം. ഇതുകാരണം ചെവിക്കായം അടിഞ്ഞു കൂടാനും ചെവിയടപ്പ് ഉണ്ടാകാനും ഇടയാകുന്നു.

ഇയർഫോൺ കാരണം വരാവുന്ന മറ്റൊരു പ്രശ്നം അണുബാധയാണ്. പലപ്പോഴും നാം ഇയർഫോണുകൾ തുറന്ന അന്തരീക്ഷത്തിലാണു വയ്ക്കുന്നത്. അതിനാൽ തന്നെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും ഇവയിൽ വീഴാൻ സാധ്യത കൂടുതലാണ്. ഇതു കൂടാതെ ഇയർഫോണുകൾ നേരിട്ടു ചെവി കനാലിൽ വയ്ക്കുന്നതിനാൽ ചെവിക്കുള്ളിലേക്കുള്ള വായുസഞ്ചാരത്തെ തടയുന്നു. ഇതും അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇയർഫോൺ വൃത്തിയായി സൂക്ഷിക്കുന്നതും വൃത്തിഹീനമായ കൈകൾ കൊണ്ട് ഇയർ ബഡ്സ് തൊടാതിരിക്കുന്നതും മറ്റുള്ളവരുമായി ഇയർഫോൺ പങ്കിടാതിരിക്കുന്നതും അണുബാധയെ പ്രതിരോധിക്കും.

ADVERTISEMENT

ശ്രദ്ധിക്കാം ഈ രണ്ടു കാര്യങ്ങൾ
ഇയർഫോണുകൾ/ ഹെഡ്ഫോണുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ശബ്ദത്തിന്റെ തീവ്രതയും ദൈർഘ്യവും. ഹെഡ്ഫോണായാലും ഇയർഫോണായാലും കുറഞ്ഞ ശബ്ദത്തിൽ വയ്ക്കുക. തുടർച്ചയായി ഇ യർഫോണിലൂെട കേൾക്കരുത്. 10–15 മിനിറ്റു കേട്ടാൽ മൂന്ന്–അഞ്ചു മിനിറ്റു നേരം ഇയർഫോൺ ഊരിവച്ചു ചെവിയ്ക്കുള്ളിലെ നാഡീകോശങ്ങൾക്കു വിശ്രമം നൽകുക. ഒരു ദിവസം പരമാവധി 60 മിനിറ്റു നേരം മാത്രം ഉപയോഗിക്കുക. കൂടുതൽ നേരം ഉപയോഗിക്കേണ്ടി വന്നാൽ ശബ്ദം താഴ്ത്തുക. വ്യായാമം െചയ്യുമ്പോൾ ഹെഡ്ഫോൺ ഉപയോഗിക്കുന്നതു നല്ലതല്ല. കാരണം വ്യായാമം െചയ്യുമ്പോൾ കാലുകളിലേക്കും കൈകളിലേക്കുമുള്ള രക്തയോട്ടം കൂടുകയും കർണങ്ങളിലേക്കുള്ളതു കുറയുകയും െചയ്യുന്നു. ഈ സമയം അമിതശബ്ദം കാരണമുള്ള അപകടം കൂടും. കാറിലോ ബസിലോ ട്രെയിനിലോ യാത്ര െചയ്യുമ്പോഴും നടക്കുമ്പോൾ പോലും ഇയർഫോൺ കഴിവതും ഒഴിവാക്കുക. ഇയർഫോണിൽ നിന്നുള്ള ശബ്ദത്തോടൊപ്പം യാത്രയ്ക്കിടെ ചുറ്റുമുള്ള ശബ്ദം കൂടി ചേരുമ്പോൾ നമ്മൾ കേൾക്കുന്ന ഡെസിബെൽ അളവു കൂടുന്നു.

തൊഴിലിടങ്ങളിൽ അമിതശബ്ദവുമായും ചില രാസവസ്‌തുക്കളുമായും സമ്പർക്കത്തിൽ വരുന്നതു ചിലപ്പോൾ സ്ഥിരമായ കേൾവിക്കുറവിലേക്കു നയിക്കാം. കേൾവിക്കുറവു കൂടാതെ ടിനിറ്റസും ഉണ്ടാകാം. അമിത ശബ്ദമുള്ള മെഷീനുകൾക്കു സമീപം ജോലി നോക്കുമ്പോൾ ഇയർ പ്ലഗുകൾ വയ്ക്കാം.

ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക
കേൾവി നഷ്ടപ്പെടാൻ തുടങ്ങുന്നവരിൽ ആദ്യം ചെവി അടഞ്ഞിരിക്കുന്ന തോന്നൽ ആവും ഉണ്ടാവുക. ചെവിക്കു ക്ഷീണം അനുഭവപ്പെടും. ഇയർ ഫറ്റീഗ് അല്ലെങ്കിൽ ഒാഡിറ്ററി ഫറ്റീഗ് എന്നാണ് ഇതിനു പറയുന്ന പേര്. സംസാരവും മറ്റു ശബ്ദങ്ങളും പതിഞ്ഞു കേൾക്കുക, വാക്കുകൾ മനസ്സിലാക്കാൻ പ്രയാസം, പ്രത്യേകിച്ച് ആൾക്കൂട്ടത്തിലോ ബഹളമുള്ള സ്ഥലത്തോ ആയിരിക്കുമ്പോൾ, മറ്റുള്ളവരോടു പതുക്കെയും വ്യക്തമായും സംസാരിക്കാൻ ആവശ്യപ്പെടുക, ടെലിവിഷൻ, റേഡിയോ എന്നിവയുെട ഒച്ച കൂട്ടിവയ്ക്കുക, ചെവിയിൽ മൂളൽ തുടങ്ങിയവയാണു ആദ്യ ലക്ഷണങ്ങൾ. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടായാൽ വൈകാതെ വൈദ്യസഹായം തേടണം.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. ജോൺ പണിക്കർ, തിരുവനന്തപുരം
ഡോ. ബി. സുമാദേവി, കൊല്ലം

English Summary:

Hearing loss is increasingly affecting young adults due to unsafe listening habits. This article discusses the causes, prevention, and symptoms of hearing problems related to headphone and earphone usage.

ADVERTISEMENT