നിങ്ങളുടെ ഡോക്ടർ AI ചാറ്റ്ബോട്ട് ആണോ ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ Self -Diagnosis through AI -enabled chatbots
നഖത്തിൽ പതിവില്ലാതെ കണ്ടൊരു മറുകിന്റെ ഫോട്ടോ ഗൗതം എെഎ ചാറ്റ്ബോട്ടിലിട്ടു. ഇതെന്താണെന്നു പറയുമോ ? മറുപടി ഗൗതമിന്റെ സപ്തനാഡികളെയും തളർത്തി ‘നിങ്ങൾക്കു മെലനോമയാണ്’. ടെൻഷനടിച്ചു പാതി പ്രാണൻ പോയ നിലയിലാണു ഡോക്ടറുടെ മുറിയിൽ അയാൾ എത്തുന്നത്. ഡോക്ടർ പറഞ്ഞു. ഇതൊരു സാധാരണ മറുകാണല്ലോ...പേടിക്കാനൊന്നുമില്ല.
നഖത്തിൽ പതിവില്ലാതെ കണ്ടൊരു മറുകിന്റെ ഫോട്ടോ ഗൗതം എെഎ ചാറ്റ്ബോട്ടിലിട്ടു. ഇതെന്താണെന്നു പറയുമോ ? മറുപടി ഗൗതമിന്റെ സപ്തനാഡികളെയും തളർത്തി ‘നിങ്ങൾക്കു മെലനോമയാണ്’. ടെൻഷനടിച്ചു പാതി പ്രാണൻ പോയ നിലയിലാണു ഡോക്ടറുടെ മുറിയിൽ അയാൾ എത്തുന്നത്. ഡോക്ടർ പറഞ്ഞു. ഇതൊരു സാധാരണ മറുകാണല്ലോ...പേടിക്കാനൊന്നുമില്ല.
നഖത്തിൽ പതിവില്ലാതെ കണ്ടൊരു മറുകിന്റെ ഫോട്ടോ ഗൗതം എെഎ ചാറ്റ്ബോട്ടിലിട്ടു. ഇതെന്താണെന്നു പറയുമോ ? മറുപടി ഗൗതമിന്റെ സപ്തനാഡികളെയും തളർത്തി ‘നിങ്ങൾക്കു മെലനോമയാണ്’. ടെൻഷനടിച്ചു പാതി പ്രാണൻ പോയ നിലയിലാണു ഡോക്ടറുടെ മുറിയിൽ അയാൾ എത്തുന്നത്. ഡോക്ടർ പറഞ്ഞു. ഇതൊരു സാധാരണ മറുകാണല്ലോ...പേടിക്കാനൊന്നുമില്ല.
നഖത്തിൽ പതിവില്ലാതെ കണ്ട ഒരു മറുകിന്റെ ഫോട്ടോ ഗൗതം എെഎ ചാറ്റ്ബോട്ടിലിട്ടു. ഇതെന്താണെന്നു പറയുമോ ? മറുപടി ഗൗതമിന്റെ സപ്തനാഡികളെയും തളർത്തി ‘നിങ്ങൾക്കു മെലനോമയാണ്’. ടെൻഷനടിച്ചു പാതി പ്രാണൻ പോയ നിലയിലാണു ഡോക്ടറുടെ മുറിയിൽ അയാൾ എത്തുന്നത്. ഡോക്ടർ പറഞ്ഞു. ഇതൊരു സാധാരണ മറുകാണല്ലോ...പേടിക്കാനൊന്നുമില്ല. വിറയാർന്ന സ്വരത്തോടെ അയാൾ പറഞ്ഞു. അപ്പോൾ ചാറ്റ്ബോട്ട് അങ്ങനെ പറഞ്ഞല്ലോ?... അറിഞ്ഞും അറിയാതെയും എെഎ നമ്മുടെ ആരോഗ്യ ജീവിതത്തിന്റെയും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. നിർമിതബുദ്ധിയിൽ മെനഞ്ഞെടുത്ത ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ രോഗനിർണയത്തിനൊരുങ്ങുന്ന കുറേപ്പേരെങ്കിലും നമ്മുടെ ചുറ്റുമുണ്ട്. രോഗലക്ഷണങ്ങൾ ടൈപ്പു ചെയ്തും രോഗബാധിത ഭാഗത്തിന്റെ ചിത്രം അയച്ചും ലാബ് റിപ്പോർട്ട് അപ്‌ലോഡു ചെയ്തും പ്രിസ്ക്രിപ്ഷൻ വിലയിരുത്താനായി അയച്ചും കാത്തിരിക്കുന്നവർ...
എെഎ ഡോക്ടറുടെ ഗുണം ചെയ്യുമെന്നു കരുതിയോ?... നിങ്ങൾക്കു തെറ്റി...എെഎയ്ക്ക് ഒരിക്കലും ഡോക്ടറാകാൻ കഴിയില്ല...
തീവ്രമായി തിരയുന്നവർ
‘‘ആർട്ടിഫിഷൽ ഇന്റലിജൻസിനെ ഡോക്ടറായി കാണുന്ന മനോഭാവത്തെക്കുറിച്ചു മൂന്നു വീക്ഷണങ്ങൾ പറയാം. രോഗികളുടെ കാര്യമെടുത്താൽ എഐ ചാറ്റ്ബോട്ടിന്റെ ഉപയോഗം കൂടിയിട്ടുണ്ട്. അമേരിക്കൻ ജനതയിൽ മൂന്നിലൊന്നു വിഭാഗവും എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിച്ചു രോഗാവസ്ഥ അറിയുന്നുണ്ടെന്നു കണക്കുകൾ രേഖപ്പെടുത്തുന്നു. ആകെ ജനസംഖ്യയിൽ ഏകദേശം മൂന്നിലൊന്നു പേരും 35 വയസ്സിൽ താഴെയുള്ളവരിൽ പകുതിയിലേറെയും വളരെ അഗ്രസീവ് ആയി എെഎ ഉപയോഗിക്കുന്നു’’– ഹാർവഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ഹോസ്പിറ്റൽ മെഡിസിൻ ലീഡർഷിപ്പ് ഫെലോ ആയ ഡോ.ജേക്കബ ് ജോയ് പറയുന്നു. അഡ്വെന്റ ് ഹെൽത് സൗത്ത് ഓവർലാൻഡ് പാർക്കിൽ ഡിപാർട്മെന്റ് ഓഫ് മെഡിസിൻ ചെയറും ഇന്റേണൽ മെഡിസിൻ പ്രോഗ്രാം ഡയറക്ടറുമാണു ഡോ. ജേക്കബ ് ജോയ്.
അമേരിക്കയിലെ സംവിധാനമനുസരിച്ചു രോഗിയുടെ വിവരങ്ങൾ ഡോക്ടറുടെ വിലയിരുത്തലുകൾ ഉൾപ്പെടെ പൊതുസമൂഹത്തിനു ലഭ്യമാണ്. അവര്‍ ഈ വിവരങ്ങളിൽ ചാറ്റ്ബോട്ടിന്റെ വ്യാഖ്യാനം ചോദിച്ചു രോഗാവസ്ഥയെ വിലയിരുത്തും. ചാറ്റ്ബോട്ടിൽ ഇങ്ങനെ ഒരു ഡയഗ്‌നോസിസ് പറഞ്ഞല്ലോ. കാരണമെന്താണ്? ഡോക്ടറുടെ അഭിപ്രായം എന്താണ് എന്നു ചോദിക്കും.
മനശ്ശാസ്ത്ര വിഷയങ്ങളിലാണ് അടുത്തതായി ചാറ്റ് ബോട്ടുകൾ കൂടുതലായി ഉപയോഗിക്കുന്നത്. കൗൺസലിങ്, ന്യൂട്രീഷനൽ കൗൺസലിങ്... ഇതിനെല്ലാം ചാറ്റ്ബോട്ടുകളെ ഉപയോഗിക്കും. ഇവിടെ ഒരു സൈക്കോളജിസ്റ്റുമായുള്ള കൂടിക്കാഴ്ചയ്ക്കു സമയമെടുക്കും. അപ്പോൾ ചാറ്റ്ബോട്ടിലൂടെ കുറച്ചുകൂടി എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാകും. ചാറ്റ്ബോട്ടുകൾക്കു രോഗിക്കു പ്രാഥമികമായ ഒരു ആശയം നൽകുക എന്ന റോൾ മാത്രമേയുള്ളൂ. പ്രിസ്ക്രിപ്ഷൻ നൽകാൻ സാധിക്കുകയില്ല. അതേക്കുറിച്ച് ഇവിടെ ആളുകൾക്കു നല്ല അവബോധമുണ്ട് – ഡോ. ജേക്കബ് ജോയ് വിശദമാക്കുന്നു.
‘ഹാലൂസിനേഷൻ ’ എന്ന അപകടം
‘‘എെഎ ചാറ്റ്ബോട്ടുകളിലൂടെ ഉരുത്തിരിയുന്ന രോഗനിർണയത്തെ വിലയിരുത്തിയാൽ ചില കാര്യങ്ങൾ വളരെ നല്ലതാണ്. പക്ഷേ, വിശ്വാസ്യത (Reliiability) വളരെ പ്രശ്നമാണ്. എെഎ ഇടയ്ക്കു ഹാലൂസിനേറ്റു (hallucination) ചെയ്യും. തെറ്റായ ചില കാര്യങ്ങൾ വലിയ ആത്മവിശ്വാസത്തോടെ വളരെ ശരിയെന്ന രീതിയിൽ അവതരിപ്പിക്കുന്നതാണ് ഈ ഹാലൂസിനേഷൻ. രോഗിയും ഡോക്ടറും വലിയ ചിന്താക്കുഴപ്പത്തിലേക്കു പോകും. ഇതിന് ഒരു ഉത്തരവാദിത്ത ഘടകം ( Accountability factor) ഇല്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഉത്തരവാദിത്തം എെഎ ഏറ്റെടുക്കുന്നില്ല. ചികിത്സാചെലവ് (Cost of Healthcare) കൂടുന്നു എന്നതാണു മറ്റൊരു കാര്യം.
എെഎ ചാറ്റ്ബോട്ട് ഡിഫ്രൻഷ്യൽ ഡയഗ്‌നോസിസ്, അതായതു സമാന ലക്ഷണങ്ങളുള്ള വിവിധ രോഗാവസ്ഥകളെക്കുറിച്ചു പറയും. വളരെ അപൂർവമായ ചില രോഗാവസ്ഥകളെക്കുറിച്ചും പറയും. ആ രോഗമാണോ എന്നു ചോദിച്ചു രോഗിയുടെ ഭാഗത്തു നിന്നു ഡോക്ടർക്കു വലിയ സമ്മർദമുണ്ടാകും. അധിക പരിശോധനകൾ ചെയ്യുന്നതിനു ഡോക്ടർ നിർബന്ധിതനാകും. ചില അപൂർവ പരിശോധനകൾ ചെയ്യുമ്പോഴാകട്ടെ, ചെലവും ഉയരും. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ ഉത്തരവാദിത്തം ഡോക്ടറുടേതാണ്. അതായത് എെഎ എത്ര വ്യത്യസ്ത രോഗനിർണയം പറഞ്ഞാലും, എഐ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തുന്ന കമ്പനികൾ ഒരിക്കലും ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ഒരു തെറ്റു വന്നു നിയമപരമായ ഇടപെടൽ വന്നാൽ കമ്പനി തന്നെ പാപ്പരാകാം. അതുകൊണ്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അവർ ഉത്തരവാദിത്തമേൽക്കില്ല. രോഗനിർണയത്തിന്റെ അവസാന ഭാഗത്ത് അവർ പറയും–‘ ടോക് ടു എ ഹെൽത് കെയർ പ്രൊവൈഡർ/ ടോക് ടു എ ഫിസിഷൻ റിഗാർഡിങ് ദിസ് എന്നൊക്കെ ’’ – ഡോ. ജേക്കബ് ജോയ് വിശദീകരിക്കുന്നു.
എവിടെയാണു സുരക്ഷിതത്വം ?
‘‘ചാറ്റ്ബോട്ടുകളെ ആശ്രയിച്ചു ചെയ്യുന്ന രോഗനിർണയത്തിന് ഒരു റെഗുലേറ്ററി കമ്മിറ്റി ഇല്ല. പൊതുവെ എല്ലാ ചികിത്സാപദ്ധതികളും ഒട്ടേറെ മാർഗരേഖകളും മാനദണ്ഡങ്ങളും വച്ചാണു വിലയിരുത്തുന്നത്. ഒരു രോഗാവസ്ഥയുമായി ബന്ധപ്പെട്ട മാർഗരേഖകളുടെ സഹായത്തോടെയാണു മരുന്നിന്റെ ഡോസുകൾ ക്രമീകരിക്കുന്നതും അത് എത്ര നാൾ നൽകണമെന്നുമൊക്കെ തീരുമാനിക്കുന്നത്. തനിയെ രോഗനിർണയം നടത്തി മരുന്നുകൾ തനിയെ കഴിക്കുന്നതു കൊണ്ട് ഒരു നിയന്ത്രണമില്ല എന്നത് ഇതിന്റെ പ്രധാന അപര്യാപ്തതയാണ് ’’– കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായ ഡോ. വിപിൻ വിജയ് പറയുന്നു ഡേറ്റാ പ്രൈവസി അഥവാ വ്യക്തിപരമായ രോഗവിവരങ്ങളുടെ സുരക്ഷിതത്വം ആണ് അടുത്തത്. നമ്മുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന അതിസൂക്ഷ്മ വിവരങ്ങൾ ഒാൺലൈനിൽ നമുക്ക് അറിയാത്ത ഒരു സ്ഥലത്തേക്കു നൽകുകയാണ്. ഇത് ഏതൊക്കെ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാമെന്നത് അറിയാനാകില്ല എന്നത് ഇതേക്കുറിച്ചു പൊതുവെ ഉയരുന്ന ആശങ്കയാണ്. ഒരു ചികിത്സയുടെ ഭാഗമായി രോഗിക്ക് ഒരു സങ്കീർണത ഉണ്ടായാൽ ഡോക്ടറെയും ആശുപത്രിയെയും ഉൾപ്പെടുത്തി നിയമപരമായി മുന്നോട്ടു പോകാനാകും. എന്നാൽ ഇത്തരം ചാറ്റ്ബോട്ടുകളുമായി ബന്ധപ്പെട്ട ചികിത്സയുടെ സാഹചര്യത്തിൽ ആര് ഇതിന്റെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കും? അതു പ്രധാന അപര്യാപ്തത തന്നെയാണ്. ഒരേ രോഗാവസ്ഥയ്ക്ക് ഒന്നിലേറെ എെഎ ടൂളുകൾ ഉപയോഗിച്ചു രോഗനിർണയം നടത്തുമ്പോൾ ഫലങ്ങളും വ്യത്യസ്തമായിരിക്കും. ഇതിൽ ഏതു സ്വീകരിക്കണം എന്നതും ആശങ്കയുണർത്താം. മാത്രമല്ല, അതു വഴി ചികിത്സയൊന്നും എടുക്കാതെ സങ്കീർണാവസ്ഥയിലേക്കു പോകാനുള്ള സാധ്യതയുമുണ്ട്. പല സ്ഥലങ്ങളിലും പല രീതിയിലുള്ള രോഗങ്ങളാണു കാണാറുള്ളത്. നാം പഠിക്കുന്ന പല രോഗങ്ങളും നമ്മുടെ നാട്ടിൽ കാണുന്നതല്ല. നമ്മുടെ നാട്ടിൽ കാണുന്ന പലതും വിദേശത്ത് ഉണ്ടാകണമെന്നുമില്ല. വിദേശരാജ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു എെഎ ടൂൾ, അതിൽ നൽകുന്ന സാംപിൾ ഡേറ്റകളും കാര്യങ്ങളും പലപ്പോഴും അവിടുത്തെ ജനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ, അതിൽ നിന്നു വിഭിന്നമായ ചില ലക്ഷണങ്ങൾ നാം പറയുന്ന സാഹചര്യത്തിൽ രോഗസ്ഥിരീകരണത്തിൽ ഒരു മുൻവിധി ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ‘‘വർഗവും അധിവസിക്കുന്ന പ്രദേശവും അനുസരിച്ച് ഒാരോ രോഗത്തിന്റെയും ലക്ഷണങ്ങളിൽ വ്യത്യാസം ഉണ്ടാകാം. ഒരേ ലക്ഷണം കാണിക്കുന്ന രോഗങ്ങളിലും വ്യത്യാസം വരാം. ഇതൊക്കെ ഒരു എെഎ ടൂളിലൂടെ എങ്ങനെ താരതമ്യം ചെയ്തു മനസ്സിലാക്കാമെന്നതു ചിന്താക്കുഴപ്പത്തിലാക്കുന്ന വസ്തുതയാണ്. അല്ലെങ്കിൽ രോഗിക്ക് ഇതേക്കുറിച്ചു നല്ല ധാരണ ഉണ്ടായിരിക്കണം. വൈദ്യശാസ്ത്ര വിജ്ഞാനം കുറഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം ഇതു വലിയ ആശങ്കയിലേക്കു നയിക്കുമെന്നു മാത്രമല്ല, തെറ്റായ ചികിത്സാ തീരുമാനത്തിലേക്കു പോകാനും സാധ്യത ഉണ്ട്. അതു സങ്കീർണതകളിലേക്കു നയിക്കാം– ഡോ. വിപിൻ വിശദമാക്കുന്നു.
വഴി മാറും മനോരോഗ നിർണയം
‘20 വയസ്സുള്ള ഒരു എൻജിനീയറിങ് വിദ്യാർഥി. ഈ കുട്ടി ചാറ്റ്ബോട്ടിനോടു തന്റെ ചില പ്രശ്നങ്ങൾ പങ്കുവച്ചതിന്റെ അടിസ്ഥാനത്തിൽ ഓട്ടിസം എന്ന രോഗനിർണയത്തിൽ എത്തിച്ചേർന്നു. അന്തർമുഖനായ കുട്ടിയാണ്. സുഹൃത്തുക്കളും കുറവാണ്. ചാറ്റ്ബോട്ടിനോട് ഓട്ടിസം മാറുമോ? എന്നു ചോദിച്ചപ്പോൾ ‘മാറുകയില്ല’ എന്നു മറുപടി ലഭിച്ചു. തുടർന്ന് ഈ കുട്ടി കോളജിൽ പോകുന്നതു നിർത്തി. ഒരു മാസത്തോളം മുറിയിൽ അടച്ചിരിക്കുന്ന അവസ്ഥ. നന്നായി പഠിക്കുന്ന കുട്ടിക്ക് അഞ്ചാം സെമസ്റ്ററിൽ പെട്ടെന്നൊരു മാറ്റം കണ്ടു മാതാപിതാക്കളും വിഷമസ്ഥിതിയിലായി. കടുത്ത വിഷാദത്തിലേക്ക് അവൻ വഴുതിപ്പോയിരുന്നു. അതിനുശേഷമാണു ചികിത്സ തേടിയെത്തിയത്. ആ കുട്ടിക്ക് ആങ്ഷ്യസ് അവോയിഡന്റ ് പെഴ്സണാലിറ്റി ഡിസോഡർ എന്ന പ്രശ്നമായിരുന്നു. അതിതീവ്ര ആത്മഹത്യാപ്രവണതയും ഉണ്ടായിരുന്നു. വിഷാദത്തിനു ചികിത്സ നൽകിയപ്പോൾ മെച്ചപ്പെട്ടു. ഉത്കണ്ഠാസ്വഭാവമുള്ള വ്യക്തിത്വം പരിഹരിക്കാനുള്ള മനഃശാസ്ത്ര ചികിത്സകളും കൂടി നൽകിയപ്പോൾ നന്നായി ആളുകളോട് ഇടപഴകാനും കഴിഞ്ഞു. ഏഴാം സെമസ്‌റ്ററിലെത്തിയപ്പോൾ ആദ്യമായി അറ്റൻഡു ചെയ്ത ക്യാംപസ് ഇന്റർവ്യൂ വിജയിച്ച് ഒരു ബഹുരാഷ്ട്ര കമ്പനിയിൽ അവൻ ജോലി നേടുകയും ചെയ്തു. ചോദ്യാവലികള്‍ ഉപയോഗിച്ചു രോഗനിർണയം നടത്തുമ്പോൾ വരുന്ന ഈ അബദ്ധം എെഎ ചാറ്റ്ബോട്ടിനും വരാറുണ്ട്’’. – തിരുവനന്തപുരം മെഡി.കോളജിലെ സൈക്യാട്രി വിഭാഗം പ്രഫസറും ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിലെ ഒാണററി കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റുമായ ഡോ. അരുൺ ബി. നായർ പറയുന്നു.
എെഎ ചാറ്റ്ബോട്ടുകളിൽ രോഗലക്ഷണങ്ങൾ നൽകി രോഗനിർണയം നടത്തുകയും കൗൺസലിങ് സഹായം തേടുകയും ചെയ്യുന്ന പ്രവണത കൂടി വരുന്നുണ്ട്. മാനസികാരോഗ്യസാക്ഷരത മെച്ചപ്പെട്ടിട്ടും സമൂഹത്തിൽ ഒരു വിഭാഗത്തിൽ ‘സ്റ്റിഗ്‌മ’ തുടരുന്നു. പരിഹരിക്കപ്പെടേണ്ട വിഷയമെന്നറിയാമെങ്കിലും സൈക്യാട്രിസ്റ്റിനെ നേരിട്ടു കാണുക എന്നതിനെക്കുറിച്ച് അവർ വ്യാകുലരുമാണ്. ആ വിഭാഗമാണു ചാറ്റ്ബോട്ടുകളുടെ സഹായം തേടുന്നത്. വിഷാദം, ഉത്കണ്ഠാരോഗങ്ങൾ, പാനിക് ഡിസോഡറുകൾ, ഫോബിയ, എഡിഎച്ച്ഡി–ഈ രോഗാവസ്ഥകളുമായി ബന്ധപ്പെട്ടു ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നതു കൂടുതലായി കണ്ടുവരുന്നു. എെഎയോടു രോഗനിർണയം ആവശ്യപ്പെടുന്നതു പലപ്പോഴും തെറ്റായ രോഗനിർണയത്തിനും അനാവശ്യരോഗഭീതിക്കും കാരണമാകുന്നുണ്ട്.
കൂടുന്നു സൈബർകോൺട്രിയ
ചില രോഗലക്ഷണങ്ങൾ മാത്രം വച്ചുകൊണ്ട് ഒരു പ്രത്യേക രോഗമുണ്ടെന്നു ധരിക്കുകയും അതിനെക്കുറിച്ചു വ്യാകുലപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്കാണു സൈബർ കോൺട്രിയ എന്നു പറയുന്നത് (Cyber chondria). സൈബർ കോൺട്രിയ അടുത്ത കാലത്തായി വളരെയധികം കൂടി വരുന്നു. അതിന്റെ പ്രധാന കാരണം എെഎ ചാറ്റ്ബോട്ടുകളോട് ആരോഗ്യസംശയങ്ങൾ ചോദിക്കുന്നതാണ്. ‘‘ആ വ്യക്തിയുടെ അതുവരെയുള്ള ജീവിതവും ബന്ധങ്ങളും സൗഹൃദങ്ങളും മനസ്സിലാക്കി കുടുംബാംഗങ്ങളോടു സംസാരിക്കുക കൂടി ചെയ്താൽ മാത്രമേ ഈ പറയുന്ന അവസ്ഥയിൽ ഏതാണെന്ന് അറിയാനാകൂ. ചാറ്റ്ബോട്ടുകളുടെ രണ്ടു പരിമിതികൾ ഇവയാണ്. അവയെ ‘ഫീഡ്’ ചെയ്തിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വിലയിരുത്തൽ. ഓട്ടിസത്തിന്റെ കുറച്ചു ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഓട്ടിസമാണ് എന്ന മുൻവിധിയോടെ രോഗനിർണയം നടത്തും. അങ്ങനെ ചിലപ്പോഴെങ്കിലും ഇവ ഹാലൂസിനേറ്റു ചെയ്യും. ഫീഡ് ചെയ്തു കൊടുക്കാത്ത തെറ്റായ ചില വിവരങ്ങളും വെളിപ്പെടുത്തും. എഡിഎച്ച്ഡിയെക്കുറിച്ചാണ് ഏറ്റവുമധികം ചെറുപ്പക്കാർ ചാറ്റ്ബോട്ടുകളോടു രോഗനിർണയം നടത്തുന്നത്. അമിത സ്ക്രീൻ ഉപയോഗം, രാത്രിയിൽ ഉറക്കമില്ലായ്മ, വ്യായാമക്കുറവ് ഇത്തരം കാരണങ്ങളാൽ ശ്രദ്ധ കുറയുന്ന സാഹചര്യം വ്യാപകമാണ്. അതൊന്നും എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ ആകണമെന്നില്ല. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ചില ലക്ഷണങ്ങൾ ചോദിക്കുമ്പോൾ ചാറ്റ്ബോട്ട് എഡിഎച്ച്ഡി ആണെന്നു തന്നെ പറയും. വിദ്യാർഥികളും െഎടി മേഖലയിലെ ഉദ്യോഗസ്ഥരും അടക്കം ഒട്ടേറെ പേർ എഡിഎച്ച്ഡി ഉണ്ടോ എന്നു പരിശോധിക്കണമെന്ന ആവശ്യവുമായി വരാറുണ്ട്.’’ – ഡോ. അരുൺ ബി.നായർ വിശദമാക്കുന്നു.
ചാറ്റ്ബോട്ട് നൽകും കൗൺസലിങ്
ചിലരെങ്കിലും എെഎ ചാറ്റ്ബോട്ടുകളോടു കൗൺസലിങ് സേവനം തേടാറുണ്ട്. കൗൺസലിങ് പ്രക്രിയയെക്കുറിച്ചു മുൻപു കിട്ടിയ ഫീഡിങ് അനുസരിച്ചായിരിക്കും അവ മറുപടി നൽകുന്നത്. വളരെ കൃത്രിമമായ ചില വാചകങ്ങളാകും മറുപടി. അനുതാപമോ വൈകാരിക ഉൗഷ്മളതയോ ഇല്ലാതെ യാന്ത്രികമായ വാചകങ്ങൾ ആവർത്തിക്കുന്നു എന്നു മാത്രം. മനശ്ശാസ്ത്ര ചികിത്സകളിൽ ചികിത്സകനും രോഗിയും തമ്മിലുള്ള വൈകാരിക ബന്ധത്തിനു വലിയ പ്രസക്തിയുണ്ട്. കൃത്യമായ അതിർവരമ്പുകൾ സൂക്ഷിച്ചു രോഗിയുടെ വൈകാരികാവസ്ഥ പൂർണമായി ഉൾക്കൊണ്ട്, അതിന് അനുസൃതമായി പ്രതികരിക്കാനുള്ള അനുതാപം അഥവാ എംപതി മനശ്ശാസ്ത്ര ചികിത്സകനു വളരെ ആവശ്യമാണ്. പക്ഷേ ഈ ചാറ്റ് ബോട്ടുകൾക്ക് അത്തരം അനുതാപം സാധ്യമല്ല. അതു കൊണ്ടു തന്നെ വളരെ കൃത്രിമവും യാന്ത്രികവുമായ കുറച്ചു നിർദേശങ്ങൾ നൽകുക എന്നതിനപ്പുറം സാഹചര്യത്തെ പൂർണമായി ഉൾക്കൊണ്ട് ആ വ്യക്തിയുടെ ജീവിതാവസ്ഥ പൂർണമായി മനസ്സിലാക്കി കൃത്യമായ മാർഗനിർദേശം നൽകാൻ ചാറ്റ്ബോട്ടുകളുടെ കൗൺസലിങ്ങിനു സാധിക്കാറില്ല–ഡോ. അരുൺ ബി. നായർ വിശദീകരിക്കുന്നു.
വരുംകാലത്തെ ഡോക്ടർ !
‘ ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഡോക്ടർ രോഗിയുടെ മുറിയിൽ കടക്കുമ്പോൾ ഒരു എെഎ ആപ്പ് ഓൺ ചെയ്യും. അതു രോഗിയുമായുള്ള ആശയവിനിമയം ശേഖരിച്ചു നോട്ടു തയാറാക്കും. ആ നോട്ട്സിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയാണു വേണ്ടത്. അഞ്ചു വർഷങ്ങൾ കൂടി കഴിയുമ്പോൾ എെഎ കൂടുതൽ മികവുറ്റതാകാം. അപ്പോൾ അഞ്ചു ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്ന ഇടത്ത് ഒന്നോ രണ്ടോ ഡോക്ടർമാർ മതിയാകും. അപ്പോൾ ഒരു ഡോക്ടർ ചെയ്യേണ്ട ഏകദേശം 60–70% കാര്യങ്ങൾ എെഎയ്ക്കു ചെയ്യാനാകും. ഫിസിഷൻമാരുടെ എണ്ണം കുറയും. സർജൻമാരുടെ ജോലി കുറച്ചു കൂടി സുരക്ഷിതമാണ്. എന്നാൽ ഒരു ഫിസിഷനു പകരം നിൽക്കാനുള്ള പ്രാപ്തി നിലവിൽ എെഎക്ക് ഇല്ല എന്നു പറയാം– – ഡോ. ജേക്കബ് ജോയ് പറയുന്നു.
നിർമിതബുദ്ധിയുടെ രോഗനിർണയം പഴുതുകളടച്ച ഒന്നല്ല എന്നറിയാനുള്ള വിവേകമാണിനി നമുക്കു വേണ്ടത്. വിവരങ്ങൾ തിരക്കുന്നതിൽ തെറ്റൊന്നുമില്ല. ‘ജീവസ്സുറ്റ ഒരു ഡോക്ടറുടെ’ അഭിപ്രായത്തിനു കാതോർക്കുക കൂടി വേണം.