വാസക്ടമി സർജറി ലൈംഗികശേഷി കുറയ്ക്കുമോ? ആദ്യ മൂന്നു മാസം പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്... Common Myths About Vasectomy
വാസക്ടമി വളരെ ഫലവത്തായ പുരുഷ ഗർഭനിരോധനമാർഗമാണ്. വളരെ എളുപ്പത്തിൽ, ലോക്കൽ അനസ്തീസിയ മാത്രം നൽകി ചെയ്യാവുന്ന സർജറിയാണിത്. വൃഷണത്തിൽ നിന്നും മൂത്രനാളിയിലേക്കു ബീജം കൊണ്ടുപോകുന്ന വാസ് ഡിഫറൻസ് (Vas deferens) എന്ന ട്യൂബ് മുറിക്കുകയോ കെട്ടുകയോ ചെയ്യുന്നു. തന്മൂലം ശുക്ലത്തിൽ (Semen) ബീജം കലരുന്നത് ഒഴിവാകുകയും അങ്ങനെ ഗർഭധാരണ സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു.
എന്നാൽ ചില തെറ്റിധാരണകൾ കാരണം ആളുകൾ വാസക്ടമി ചെയ്യാൻ മടിക്കാറുണ്ട്. വാസക്ടമി ചെയ്താൽ ലൈംഗികശേഷി കുറയും. ശുക്ലത്തിന്റെ അളവു കുറയും എന്നൊക്കെയുള്ള ധാരണകളുണ്ട്. ഇതിലൊന്നും ഒരു കഴമ്പുമില്ല.
ശുക്ലത്തിന്റെ ഉൽപാദനകാര്യത്തിൽ വൃഷണങ്ങൾക്കു അഞ്ചു ശതമാനമേ പങ്കുള്ളൂ. 95 ശതമാനവും മറ്റു ഗ്രന്ഥികളിൽ നിന്നാണു വരുന്നത്. വാസക്ടമിക്കു ശേഷം മൂന്നുമാസത്തേക്കോ അല്ലെങ്കിൽ 20 ശുക്ലവിസർജനം ചെയ്യുന്ന കാലയളവിലേക്കോ ഗർഭധാരണം സാധ്യമാക്കാനുള്ള ശേഷിയുമുണ്ട്. അതുകൊണ്ടു മൂന്നു മാസത്തേക്കെങ്കിലും മറ്റെന്തെങ്കിലും ഗർഭനിരോധനമാർഗം കൂടി ഉപയോഗിക്കുന്നതു നന്നായിരിക്കും.
വളരെ അപൂർവമായി രണ്ടു മുതൽ 10 ശതമാനം പേരിൽ ചില പാർശ്വഫലങ്ങൾ കാണാറുണ്ട്.
1000 പേരിൽ ഒരാൾക്ക് എന്ന നിരക്കിൽ വാസക്ടമി പരാജയപ്പെടാറുണ്ട്. അതായത്, വാസക്ടമി ചെയ്തയാൾ ബന്ധപ്പെടുമ്പോൾ ഗർഭധാരണത്തിന് ഇടയാക്കുക, അല്ലെങ്കിൽ വാസക്ടമി കഴിഞ്ഞു മൂന്നുമാസത്തിനു ശേഷവും ശുക്ലത്തിൽ ബീജങ്ങളുടെ സാന്നിധ്യം കാണുക.
വാസക്ടമി ചെയ്താലും ഭാവിയിൽ കുഞ്ഞു വേണമെന്നുണ്ടെങ്കിൽ അതു സാധ്യമാക്കാൻ കഴിയും. ബീജങ്ങളെ ശീതീകരിച്ചു സൂക്ഷിക്കുക (Sperm cryopreservation) ആണ് ഒരു വഴി. പിന്നീട് ആവശ്യം വരുമ്പോൾ ഐവിഎഫ്, ഐയുഐ പോലെയുള്ള രീതികളിലൂടെ ഗർഭധാരണം സാധ്യമാക്കാം.
ഡോ. കണ്ണൻ രാജശേഖരൻ നായർ
അഡീഷനൽ പ്രഫസർ
യൂറോളജി & റീനൽ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം
അമൃത ഹോസ്പിറ്റൽ, കൊച്ചി