അർബുദരോഗത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുന്ന ‘അർബുദം’ എന്ന നോവൽ എഴുതിക്കഴിഞ്ഞാണ് പ്രശസ്ത എഴുത്തുകാരൻ ജോസ് ആന്റണി യഥാർഥ അർബുദത്തെ പരിചയപ്പെടുന്നത്. ഒന്നല്ല, രണ്ടു തവണ. പാലാ പ്രവിത്താനത്താണ് ജനിച്ചതെങ്കിലും അദ്ദേഹം യൗവനകാലം പിന്നിടുന്നത് ഇടുക്കിയിലെ കല്ലാർകുട്ടിയിലാണ്. നാടകമെഴുത്തിലും അഭിനയത്തിലും

അർബുദരോഗത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുന്ന ‘അർബുദം’ എന്ന നോവൽ എഴുതിക്കഴിഞ്ഞാണ് പ്രശസ്ത എഴുത്തുകാരൻ ജോസ് ആന്റണി യഥാർഥ അർബുദത്തെ പരിചയപ്പെടുന്നത്. ഒന്നല്ല, രണ്ടു തവണ. പാലാ പ്രവിത്താനത്താണ് ജനിച്ചതെങ്കിലും അദ്ദേഹം യൗവനകാലം പിന്നിടുന്നത് ഇടുക്കിയിലെ കല്ലാർകുട്ടിയിലാണ്. നാടകമെഴുത്തിലും അഭിനയത്തിലും

അർബുദരോഗത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുന്ന ‘അർബുദം’ എന്ന നോവൽ എഴുതിക്കഴിഞ്ഞാണ് പ്രശസ്ത എഴുത്തുകാരൻ ജോസ് ആന്റണി യഥാർഥ അർബുദത്തെ പരിചയപ്പെടുന്നത്. ഒന്നല്ല, രണ്ടു തവണ. പാലാ പ്രവിത്താനത്താണ് ജനിച്ചതെങ്കിലും അദ്ദേഹം യൗവനകാലം പിന്നിടുന്നത് ഇടുക്കിയിലെ കല്ലാർകുട്ടിയിലാണ്. നാടകമെഴുത്തിലും അഭിനയത്തിലും

അർബുദരോഗത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുന്ന ‘അർബുദം’ എന്ന നോവൽ എഴുതിക്കഴിഞ്ഞാണ് പ്രശസ്ത എഴുത്തുകാരൻ ജോസ് ആന്റണി യഥാർഥ അർബുദത്തെ പരിചയപ്പെടുന്നത്. ഒന്നല്ല, രണ്ടു തവണ.

പാലാ പ്രവിത്താനത്താണ് ജനിച്ചതെങ്കിലും അദ്ദേഹം യൗവനകാലം പിന്നിടുന്നത് ഇടുക്കിയിലെ കല്ലാർകുട്ടിയിലാണ്. നാടകമെഴുത്തിലും അഭിനയത്തിലും സജീവമായിരുന്നു. 90 കളിൽ ആഴ്ചപ്പതിപ്പുകളുടെ പുഷ്കല കാലമായതോടെ നോവൽ എഴുത്തിലേക്കു തിരിഞ്ഞു. ‘കടൽപ്പക്ഷികൾ’ എന്ന നോവലിന് മനോരാജ്യം നടത്തിയ മത്സരത്തിൽ മികച്ച നോവലിനുള്ള സമ്മാനം ലഭിച്ചു. പിന്നീട് വിവിധ പ്രസിദ്ധീകരണങ്ങൾക്കായി ഒട്ടേറെ നോവലുകളും കഥകളും ലേഖനങ്ങളും എഴുതി. പ്രകൃതി സംരക്ഷണത്തിലും മുന്നണിപ്പോരാളിയായി. അർബുദം പകർന്നു നൽകിയ വെളിപാടുകളേക്കുറിച്ച് ജോസ് ആന്റണി മനോരമ ആരോഗ്യത്തോടു സംസാരിക്കുന്നു.

ADVERTISEMENT

‘‘അർബുദം അനുവാദമില്ലാതെ വന്ന ആ നാളുകളിൽ ഞാൻ ചിന്തിച്ചു. ‘എന്തുകൊണ്ട് എനിക്ക് ഈ രോഗം വന്നു.’ ജീവിതരീതിയിലും ഭക്ഷണത്തിലുമൊക്കെ കഴിയുന്നത്ര പ്രകൃതിയോടു ചേർന്നുനിൽക്കുന്നയാളാണ് ഞാൻ. രാസവളങ്ങൾക്കും കീടനാശിനികൾക്കും എതിരാണ്. വനവൽകൃത കൃഷിരീതിയാണ് പിന്തുടരുന്നത്. പച്ചക്കറികളും സ്വന്തമായി കൃഷിചെയ്തുണ്ടാക്കുന്നു,

നേച്ചർക്ലബുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനിടെ ഇടുക്കിയിലെ ബൈസൺവാലിയിലെ ഏലക്കർഷകരുടെ ജീവിതം പഠിച്ചിരുന്നു. ഒരുകാലത്ത് ബൈസൺവാലിയിലെ ഏലക്കർഷകരുടെ ഇടയിൽ അർബുദം വ്യാപകമായിരുന്നു. ബൈസൺവാലി മാത്രമല്ല അടിമാലി ഉൾപ്പെടെ പല സ്ഥലങ്ങളിലും കൃഷിക്ക് വൻതോതിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചിരുന്നു. വിഷം കലർത്തി കൃഷി ചെയ്യുന്നതിന്റെ അപകടങ്ങളെ പറ്റി എഴുതിയതിന്റെ പേരിൽ ഒരുകൂട്ടം കൃഷിക്കാർ വഴിയിൽ തടഞ്ഞിട്ടുവരെയുണ്ട്.

ADVERTISEMENT

പിന്നീട്, അവരിൽ പലരുടെയും കുടുംബാംഗങ്ങൾക്ക് അർബുദം വന്നു. കൃഷി ചെയ്തുണ്ടാക്കിയ പണം മുഴുവൻ ചികിത്സയ്ക്കു ചെലവായി. വിഷം വിതച്ച കൃഷിഭൂമി നിർജീവമായി. പിന്നീടൊരിക്കൽ ഇവിടെ വന്ന്, ‘സാറ് പറഞ്ഞത് ശരിയാണെന്നു ബോധ്യപ്പെട്ടു ’എന്ന് അവർ ഏറ്റുപറഞ്ഞു.

ഈ ജീവിതങ്ങൾ കണ്ടറിഞ്ഞതും എന്റെയൊരു സുഹൃത്തിന്റെ രോഗദുരിതങ്ങൾ നേരിട്ടു കണ്ടതും ചേർത്താണ് 2009 ൽ അർബുദം എന്ന നോവൽ എഴുതിയത്.

ADVERTISEMENT

അറംപറ്റിയ പോലെ

പക്ഷേ, എഴുതിയത് അറം പറ്റി എന്ന പോലെയായിരുന്നു പിന്നെ കാര്യങ്ങൾ. ആ സമയത്ത് അടിമാലിയിൽ ഒരു പ്രാദേശിക ചാനലിൽ ജോലി ചെയ്യുകയായിരുന്നു. ചാനലിൽ വിഡിയോയ്ക്ക് ശബ്ദം കൊടുക്കുന്ന സമയത്താണ് ശ്രദ്ധയിൽ പെട്ടത്– ശബ്ദം പെട്ടെന്നു നിന്നുപോകുന്നു. അഞ്ചു മിനിറ്റു കഴിയുമ്പോൾ തിരിച്ചുവരും. അധികനേരം സംസാരിച്ചാൽ ചുമ തുടങ്ങും. കുറേ നേരത്തേക്ക് നിർത്താതെ ചുമയ്ക്കും. എന്തെങ്കിലുമൊക്കെ പറഞ്ഞ് പൊട്ടിച്ചിരിച്ചാൽ ഉടനെ ചുമ തുടങ്ങും. ഇതു പലതവണ ആയപ്പോൾ എറണാകുളത്ത് ലിസി ആശുപത്രിയിൽ പോയി.

‘‘ തൈറോയ്ഡിന്റെ ഭാഗത്തൊരു മുഴയുണ്ട്. അതു തടയുമ്പോഴാണ് ശബ്ദം പോകുന്നത്. എടുത്തുകളയണം. വേണമെങ്കിൽ ഉടനെ ചെയ്യാം. വീട്ടിൽ പോയിട്ട് വന്നാലും മതി. അതല്ലെങ്കിൽ നാളെ സർജറി ദിവസമാണ്, ഉടനെ ചെയ്യണോ?’’ ഇനി ഒരു വരവു കൂടി ഒഴിവാക്കാമല്ലോ എന്നു കരുതി പിറ്റേന്നു തന്നെ ഒാപ്പറേഷൻ ചെയ്തുകൊള്ളാൻ സമ്മതം മൂളി. ട്യൂമറിന്റെ ഒരു ഭാഗം എടുത്തു ബയോപ്സിക്ക് അയച്ചിരുന്നു. അതിന്റെ റിസൽട്ടിനു കാത്തുനിൽക്കാതെ ശസ്ത്രക്രിയ ചെയ്തു മുഴ നീക്കി. പിറ്റേന്നു ബയോപ്സി റിസൽട്ടു വന്നു. കാൻസറാണ്. തൈറോയ്ഡ് കാൻസറായതുകൊണ്ട് നൂക്ലിയർ മെഡിസിൻ റേഡിയേഷനാണു വേണ്ടത്. അന്ന് അത് അമൃതയിലും ആർസിസിയിലും മാത്രമേ ഉള്ളൂ. അങ്ങനെ അമൃത ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങി.

ഉള്ളിൽ കഴിക്കുന്ന മരുന്നായിട്ടാണു നൽകുക. മരുന്നു നൽകിയ ശേഷം മൂന്നു നാലു ദിവസം ഒറ്റയ്ക്ക് ഒരു മുറിയിൽ കിടത്തും. മറ്റുള്ളവരിലേക്ക് റേഡി.യേഷൻ പകരാതിരിക്കാനാണ്. ചികിത്സ കഴിഞ്ഞു വീട്ടിൽ വന്നാലും ഒന്നര മാസത്തോളം ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കണമായിരുന്നു.

കുറയാത്ത അളവുകൾ

റേഡിയേഷൻ കഴിഞ്ഞ് അത് എത്രമാത്രം ഫലം കാണുന്നുണ്ടെന്നു പരിശോധിച്ചു നോക്കും. എനിക്ക് പക്ഷേ, വലിയ മാറ്റമൊന്നുമില്ല, സംശയം തോന്നി സ്കാൻ എടുത്തു നോക്കി. തൈറോയ്ഡിൽ നിന്ന് ലിംഫ് ഗ്രന്ഥികളിലേക്കും അർബുദം പടർന്നിരിക്കുന്നു. ആദ്യത്തെ ശസ്ത്രക്രിയയുടെ സമയത്ത് ബയോപ്സി റിസൽട്ടു നോക്കാനോ മുഴയുടെ ചുറ്റുപാടും പരിശോധിക്കാനോ സാവകാശം കാട്ടാതിരുന്നതിന്റെ ബാക്കിപത്രം. ‘മുഴ നീക്കിയിടത്തു തന്നെ പോയി കാണിക്ക്’ എന്നൊക്കെ ദേഷ്യപ്പെട്ടെങ്കിലും എന്റെ നിർബന്ധം കൊണ്ട് ഡോക്ടർ രണ്ടാമതൊരു സർജറിക്കു സമ്മതിച്ചു.

ശബ്ദം നഷ്ടപ്പെടാനുള്ള ചെറിയൊരു റിസ്ക് ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, ശബ്ദത്തിനൊന്നും പറ്റിയില്ല. പക്ഷേ, തലയിലേക്കുള്ള ഒരു ഞരമ്പ് മുറിഞ്ഞുപോയി. അതുകൊണ്ട് നട്ടെല്ലിലെ ഫ്ളൂയിഡ് ലീക്കായി പോരുകയാണ്. ഞരമ്പു തുന്നിച്ചേർക്കാൻ ബുദ്ധിമുട്ടാണ്. തനിയെ ചേരണം. അതിനായി എട്ടു ദിവസം അഡ്മിറ്റാക്കി. ഭാഗ്യത്തിന് അതു ശരിയായി. വീണ്ടുമൊരു എട്ടു ദിവസം നിരീക്ഷണത്തിൽ കിടന്നു. അങ്ങനെ നീണ്ട ആശുപത്രി വാസത്തിനു ശേഷം അടിമാലിയിലേക്കു തിരികെ വന്നു. നാലഞ്ചു മാസം കൂടുമ്പോൾ അമൃതയിൽ പോയി നൂക്ലിയർ മെഡിസിൻ എടുക്കും. തിരികെ വരും. പക്ഷേ, റേഡിയേഷൻ ഫലം കാണുന്നതിന്റെ സൂചനയൊന്നുമില്ല. ആകെ മടുപ്പായി.

അപ്പോഴാണ് സുഹൃത്തുക്കളുടെ കൂടെ ഒരു കാശ്മീർ യാത്രയ്ക്ക് അവസരം കിട്ടുന്നത്. ഒന്നുമാലോചിച്ചില്ല. നേരേ കശ്മീരിലേക്കു വിട്ടു. ഒരു മാസം കഴിഞ്ഞാണു തിരിച്ചുവരുന്നത്. അപ്പോഴേക്കും അടുത്ത റേഡിയേഷന്റ സമയം കഴിഞ്ഞിരുന്നു. നേരേ അമൃതയിൽ പോയി ഡോക്ടറെ കണ്ടു. അദ്ഭുതം തന്നെ... ഇതുവരെ കുറയാതിരുന്ന സിറം അളവുൾപ്പെടെ കുറഞ്ഞിരിക്കുന്നു. രോഗം പിടിയിലൊതുങ്ങുന്നു. ഡോക്ടർക്കും സന്തോഷം.

ജോസ് ആന്റണി

അവസാനിക്കുന്നില്ല ...

അർബുദത്തിന്റെ കഥ ഇവിടെ അവസാനിച്ചു എന്നു നിങ്ങൾ കരുതിയതുപോലെ ഞാനും കരുതി. ജീവിതം വീണ്ടും എഴുത്തുകളും ജോലിയുമായി മുന്നോട്ടൊഴുകി. നേരത്തെ എഴുതിവച്ചിരുന്ന ‘അർബുദം’ നോവൽ 2011 ൽ പുസ്തകമാക്കി.

ആദ്യത്തെ അർബുദം വന്ന് പത്തുവർഷങ്ങൾക്കു ശേഷം വയറിനൊരു പ്രശ്നം വന്നാണ് കോതമംഗലത്തെ ആശുപത്രിയിൽ ചെന്നത്. മുൻപ് കാൻസർ വന്ന കാര്യമൊക്കെ ഞാൻ പറഞ്ഞിരുന്നു. പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർക്ക് ഒരു സംശയം –വൻകുടലിൽ കാൻസറാണെന്ന്. ബയോപ്സി ചെയ്തപ്പോൾ വൻകുടലിലെ അർബുദം അവസാന ഘട്ടത്തിലാണ്.

ആദ്യം കാൻസർ വന്ന സമയത്തു തന്നെ നല്ല തുക ചെലവായിരുന്നു. ഒരു ഡോസ് മരുന്നിനു തന്നെ 40,000 രൂപ ചെലവു വരും. അഞ്ചു മാസം കൂടുമ്പോൾ ഒാരോന്നു വച്ച് നാലു വർഷത്തോളം റേഡിയേഷൻ എടുത്തു. റേഡിയേഷനു മുൻപും പിൻപും പരിശോധനകളുണ്ട്. ഒാരോ തവണയും 30,000 വരും. സ്കാനിങ്ങിന് 20,000. റൂം വാടക, ഭക്ഷണച്ചെലവ്.... സാധാരണക്കാരനു താങ്ങാവുന്ന ചെലവല്ല ഇതൊന്നും. അപ്പോഴാണ് ഒരു സുഹൃത്ത് ചേർത്തലയിലെ ഒരു സ്വകാര്യ കാൻസർ ചികിത്സാകേന്ദ്രത്തെക്കുറിച്ച് പറയുന്നത്. അവിടെ ചെലവു കുറവാണ്.

പക്ഷേ, സർജറി മാത്രമേ ചെയ്യൂ. വയറു നെടുകെ കീറി വൻകുടലിന്റെ കുറേഭാഗം നീക്കി ബാക്കി കൂട്ടിമുട്ടിച്ചായിരുന്നു സർജറി. പക്ഷേ, സർജറിക്കു ശേഷം പേശികൾക്കു ക്ഷതം പറ്റി മൂത്രം പോകാതായി. 10–15 ദിവസം കിടന്നിട്ടും ശരിയായില്ല. ട്യൂബും യൂറിൻ ബാഗുമൊക്കെയായി വീട്ടിലേക്കു പോന്നു.

മൂന്നു മാസം കൊണ്ടു ശരിയാകും എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, 6 മാസമായിട്ടും മൂത്രം പോകുന്നില്ല. യൂറിൻ ബാഗ് ഇട്ടിരിക്കുന്നതുകൊണ്ട് പുറത്തേക്കിറങ്ങാനും മടി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചെന്നു. വീണ്ടും സർജറി ചെയ്തു ശരിയാക്കി വിട്ടു. അതോടു കൂടി ഒരു കാര്യം തീർച്ചയായി. എവിടെ പോയാലും കാൻസർ ചികിത്സയുടെ ചെലവിൽ വലിയ കുറവൊന്നുമില്ല.


എന്തുകൊണ്ട് അർബുദം വരുന്നു?

ആദ്യം മുതലേ എന്നെ അലട്ടിയ ചിന്തയേ പറ്റി ഒാർമിപ്പിക്കട്ടെ...എന്തുകൊണ്ട് എനിക്ക് ഈ രോഗം വന്നു? കശ്മീർ യാത്രയ്ക്കു ശേഷം ആ ഉത്തരം എനിക്കു മുൻപിൽ വെളിപ്പെട്ടു. അർബുദത്തിന്റെ കാര്യത്തിൽ ജീവിതശൈലി മാത്രമല്ല പ്രശ്നം. മാനസികസംഘർഷം നമ്മെ രോഗികളാക്കും. ഇതുവരെ കുറയാതിരുന്ന സിറം അളവ് യാത്ര നൽകിയ ലാഘവത്വം കൊണ്ട് കുറഞ്ഞുവെങ്കിൽ ആ ലാഘവത്വമില്ലായ്മ തന്നെയാകില്ലേ രോഗമുണ്ടാക്കിയത്?

രോഗത്തിനു തൊട്ടുമുൻപുള്ള ജീവിതസന്ദർഭങ്ങളെ പരിശോധിച്ചപ്പോൾ ആ തോന്നലിൽ സത്യമുണ്ടെന്നു മനസ്സു പറഞ്ഞു. വലിയ മാനസികസംഘർത്തിന്റെ കാലമായിരുന്നു അന്നൊക്കെ. അടിമാലിയിൽ ഒരു സ്വകാര്യകമ്പനിയിൽ നിർമാണ സൂപ്പർവൈസറാണ് ഞാനന്ന്. നല്ല ടെൻഷനുള്ള ജോലി. ഒപ്പം കോട്ടയത്തെ ഒരു പ്രസിദ്ധീകരണത്തിനായി നോവൽ എഴുതാമെന്ന് ഏറ്റു. അങ്ങനെ എഴുതിയതാണ് അർഥശാസ്ത്രത്തെ അടിസ്ഥാനമാക്കിയ ’ക്ഷത്രിയം’ എന്ന ചരിത്രനോവൽ.

നോവലിനു വേണ്ടി അർഥശാസ്ത്രം മാത്രമല്ല അക്കാലത്തെ ചരിത്രവും മതവുമെല്ലാം പഠിച്ചു. പകലൊക്കെ ഭ്രാന്തുപിടിപ്പിക്കുന്ന ജോലിത്തിരക്ക്. രാത്രികളിൽ നോവലിനു വേണ്ട വായന, ഗവേഷണം, കുറിപ്പെഴുതൽ. എഴുത്തു വലിയ സംഘർഷമുണ്ടാക്കും ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച വെളുപ്പിനെ വരെ ഒറ്റയിരിപ്പ് ഇരുന്നാണു ഒരധ്യായം തീർക്കുന്നത്. അതു വേഗം പകർത്തിയെഴുതി അതിരാവിലെ കോട്ടയത്തിനുള്ള ബസ്സിൽ കൊടുത്തുവിടും. നോവൽ വലിയ ജനപ്രീതി നേടി , 56–ാംഅധ്യായത്തോടെ അവസാനിച്ചു. അപ്പോഴേക്കും അവസാനത്തെ ഊർജകണികയും വറ്റി ഞാൻ അവശനായിരുന്നു.

ഞാൻ 70 വയസ്സു കൊണ്ടു താണ്ടിയ മാനസിക ഭാരമാണ് ഇന്നത്തെ കുട്ടികൾ 20–25 വയസ്സിനുള്ളിൽ ചുമക്കുന്നത്. ചെറുപ്രായം മുതലേ സംഘർഷം തുടങ്ങുന്നു. പരീക്ഷയിൽ മാർക്കു കുറയാതിരിക്കാനുള്ള സംഘർഷം, എൻട്രൻസ് എഴുതിക്കിട്ടാൻ അതിലും സംഘർഷം. ജോലി കിട്ടിയാലോ ഇരട്ടി സംഘർഷം. ഫലമോ നാൽപതുകളിലേ അവർ രോഗികളാകുന്നു.

മരുന്നും ചികിത്സയുമെല്ലാം പുരോഗമിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യനു സന്തോഷമില്ല. മുതിർന്നവരിൽ മരണഭയം വ്യാപകമാണ്. എങ്ങനെയും മരിക്കാതിരിക്കാനുള്ള ഒാട്ടപ്പാച്ചിലിലാണവർ. തുച്ഛമായ ജീവിതകാലത്ത് സ്വസ്ഥമായി ജീവിക്കാൻ ഇവിടെയാർക്കും കഴിയാതെ വരുന്നു..

മുൻപു ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഉൽപാദനശേഷം ബാക്കി വരുന്ന പ്ലാസ്റ്റിക് മാലിന്യം മണ്ണിൽ കുഴിയെടുത്തിട്ട് കത്തിക്കുമായിരുന്നു. മൂന്നു നാലു ദിവസത്തോളം അതു പുകഞ്ഞുനീറി കിടക്കും. ആ വിഷപ്പുക കുറേ ശ്വസിച്ചിട്ടുണ്ട്.

മലിനമായ മണ്ണും വായുവും വിഷമയ ഭക്ഷണവും കൂടിയാകുമ്പോൾ രോഗാതുരമായ ഒരു ജീവിതമാണു മനുഷ്യവർഗ്ഗത്തെ കാത്തിരിക്കുന്നത്. ഇവയ്ക്കെതിരെയാണു നാം യുദ്ധം ചെയ്യേണ്ടത്.

എന്റെ ’ക്ഷത്രിയം’ എന്ന നോവലിലെ കഥാപാത്രമായ ചന്ദ്രഗുപ്തൻ പറയുന്നതുപോലെ ‘നമ്മൾ അതിഥികൾ മാത്രമാണ്. ഒരു പുൽക്കൊടിക്കും പുഴുവിനും ഉള്ളതിൽക്കൂടുതൽ ഒരവകാശവും മനുഷ്യനിവിടെയില്ല. അതിൽ കൂടുതൽ പരിഗണന പ്രകൃതി നമുക്കു നൽകുകയുമില്ല.’ അതു മറക്കാതിരിക്കാം....

English Summary:

This article discusses the writer jose antonys personal experiences with cancer and the insights gained from his journey, emphasizing the role of lifestyle and mental well-being in the disease.

ADVERTISEMENT