ലഹരി അടിമത്തത്തിൽ നിന്നുള്ള തിരിച്ചുവരവ് എത്രമാത്രം പ്രായോഗികമാണ് എന്നത് എക്കാലത്തും പ്രസക്തമായ ചോദ്യമാണ്. ലഹരിക്ക് അടിമപ്പെട്ട ആളുടെ വ്യക്തിത്വം. വ്യക്തി മാറ്റത്തിലേക്കു വരാൻ എത്രമാത്രം തയാറാണ്. എത്രമാത്രം പ്രചോദനം നേടിയിട്ടുണ്ട്. എന്നതൊക്കെ അറിഞ്ഞാലേ ചികിത്സ വിജയകരമായി മുൻപോട്ടു പോകൂ. ചെറുപ്പക്കാർക്കിടയിൽ ലഹരിവിമുക്തി ചികിത്സ പൂർണമായി വിജയകരമാകാത്തതിനും ചികിത്സയോടു വിമുഖത വരാനും ഇതൊക്കെയാണു കാരണങ്ങൾ. ലഹരി വിമുക്ത ചികിത്സകൾ ചില തലങ്ങളിൽ ചെലവേറിയതാണ്. എല്ലാവരും പുനരധിവാസ കേന്ദ്രങ്ങളിൽ മാസങ്ങളോളം കിടന്നു ചികിത്സ എടുക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. ആശുപത്രിയിൽ കിടക്കാതെയും ചികിത്സ എടുക്കാം.

മനസ്സു തളർത്തും സാഹചര്യങ്ങൾ

ADVERTISEMENT

‘‘ ലഹരി വിമുക്തിക്കു വേണ്ടിയുള്ള ചികിത്സ ചെലവേറിയതാകുമ്പോൾ ഈ പണം മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കാമല്ലോ എന്ന് അവർ ചിന്തിക്കും. ഞാൻ കുറച്ചു ലഹരിപദാർഥം മാത്രമല്ലേ ഉപയോഗിക്കുന്നുള്ളൂ എന്നു സ്വയം ന്യായീകരിക്കും.’’ ‍ക്ലിനിക്കൽ സൈക്കോളജിസ്‌റ്റും പാലക്കാട് െഎ െഎ ടി കൗൺസലറുമായ ഡോ.റ്റെസി ഗ്രെയ്സ് മാത്യൂസ് വിശദീകരിക്കുന്നു.

ഇവർ നേരിടുന്ന മറ്റൊരു തടസ്സം പിന്തുണക്കുറവാണ്. ആദ്യകാലങ്ങളിൽ ലഭിക്കുന്ന സാമ്പത്തിക സഹായവും കുടുംബത്തിന്റെ പിന്തുണയും പിന്നീടു നഷ്ടമാകാം. കുടുംബാംഗങ്ങളിൽ നിന്നുപോലും നിഷേധാത്മക സമീപനങ്ങൾ നേരിടാം. ഇങ്ങനെയാകുമ്പോൾ അവരിൽ ചികിത്സ തുടരാനുള്ള താൽപര്യം കുറയും. സമൂഹം ഒറ്റപ്പെടുത്തുന്ന അവസ്ഥ ഇവരെ തളർത്തിക്കളയും. ഇനി കിടത്തിചികിത്സയിലേക്കു കാര്യങ്ങൾ നീങ്ങുമ്പോൾ ജോലി നഷ്ടമാകുന്ന സാഹചര്യം വരാനിടയാകാം. ലഹരിക്കടിമയായ ആൾ എന്നു സമൂഹത്തിൽ മുദ്ര കുത്തപ്പെടുന്നതു ജീവിക്കാനുള്ള പ്രതീക്ഷകളെത്തന്നെ കെടുത്തിക്കളയുന്നു. ഇത്തരം ഘട്ടത്തിൽ ചുറ്റുമുള്ളവരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുണ്ടാകുന്ന സമ്മർദം ലഹരിയിലേക്കു വീണ്ടും മടങ്ങാനിടയാക്കും.

ADVERTISEMENT

പാശ്ചാത്യരാജ്യങ്ങളിൽ ലഹരിവിമുക്ത ചികിത്സ എടുക്കുന്നവർക്കു ധാരാളം പിന്തുണാസംവിധാനങ്ങൾ ഗവൺമെന്റ ് തലത്തിൽ ലഭിക്കുന്നുണ്ട്. കേരളത്തിൽ ഇത് അത്ര പ്രചാരത്തിലില്ല. വിജയകരമായി ലഹരി വിമുക്തി നേടിയവർ ചേർന്നു തയാറാക്കുന്ന ഗ്രൂപ്പുകളുണ്ട്. ലഹരി ചികിത്സയിലായിരിക്കുന്നവരെ ഇവർ ഈ ഗ്രൂപ്പിൽ കൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നു ഡോ. റ്റെസി പറയുന്നു.

തെറപ്പികൾ നയിക്കും നല്ല മാറ്റങ്ങളിലേക്ക്

ലഹരിവിമുക്തി നേടുന്നതിനുള്ള ചികിത്സയിൽ മരുന്നിനൊപ്പം തന്നെ പ്രാധാന്യം സൈക്കോളജിക്കൽ തെറപ്പികൾക്കുമുണ്ട്. ലഹരി വിമുക്തിക്കായി (ഡി അഡിക്‌ഷൻ മാനേജ്മെന്റിന്) ഒട്ടേറേ സൈക്കോളജിക്കൽ തെറപ്പികൾ ഉണ്ട്.

ADVERTISEMENT

∙ പ്രധാനമായും മോട്ടിവേഷൻ എൻഹാൻസ്മെന്റ ് തെറപ്പിയാണ്. ലഹരിയിൽ നിന്നു വിട്ടു നിൽക്കാൻ ഉള്ള മോട്ടിവേഷൻ കൊണ്ടുവരിക എന്നതാണ് ഉദ്ദേശിക്കുന്നത്.

∙ രണ്ടാമത്തേത് ബിഹേവിയർ തെറപ്പിയാണ്. പെരുമാറ്റത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാനാകും എന്നതാണു ലക്ഷ്യമിടുന്നത്. പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നതിനുള്ള നയങ്ങളും രൂപീകരിക്കണം.

∙ റിലാപ്സ് പ്രിവൻഷൻ മാനേജ്മെന്റിലൂടെ തിരികെ പഴയ അവസ്ഥയിലേക്ക് അതായത് ലഹരി ഉപയോഗത്തിലേക്കു വീണുപോകാതെ പിടിച്ചു നിർത്താനുള്ള മാർഗങ്ങളാണ് ഉദ്ദേശിക്കുന്നത്.

∙ അടുത്തത് സാമൂഹിക പിന്തുണയും പ്രചോദനവും കൂടുതലായി നൽകുക എന്നതാണ്.

∙ കൊഗ്‌നിറ്റീവ് ബിഹേവിയർ തെറപ്പികൾ ഉണ്ട്. പെരുമാറ്റ പ്രശ്നങ്ങളിലും ലഹരി അടിമത്തത്തിലും മരുന്നിനൊപ്പം തന്നെ സമഗ്രമായ ഒരു ചികിത്സാപദ്ധതി വേണം. അതായത് പലതരം വിദഗ്ധർ അടങ്ങുന്ന ഒരു ടീമിന്റെ ഇടപെടൽ ആണു വേണ്ടത്. മരുന്നു മാത്രമായും തെറപ്പി മാത്രമായും നൽകിയതുകൊണ്ടു കാര്യമില്ല. സംയോജിത സമീപനമാണു വേണ്ടത്. ലഹരി വിമുക്തിയുടെ പൊതു ലക്ഷ്യം എന്നത് ഒരു സംയമനം അല്ലെങ്കിൽ സമചിത്തത കൊണ്ടുവരിക എന്നതാണ്.

പ്രചോദനത്തിന് അഞ്ചു വാതിലുകൾ

ലഹരിയുപയോഗത്തോടു പൂർണമായും വിട പറയണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയിൽ എത്ര മാത്രം പ്രചോദനം ഉണ്ട് എന്നതു സംബന്ധിച്ചു ധാരാളം മനശ്ശാസ്ത്രപഠനങ്ങൾ നടന്നിട്ടുണ്ട്.

ജെയിംസ് പ്രൊചാസ്ക, കാർലോ ഡി ക്ലെമന്റ എന്നിവർ രൂപപ്പെടുത്തിയ മാതൃകയാണ് ‘സ്േറ്റജസ് ഓഫ് ചേഞ്ച് മോഡൽ’. ഈ മാതൃകയെ അടിസ്ഥാനമാക്കിയാണു ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട സൈക്കോളജിക്കൽ തെറപ്പികൾ രൂപപ്പെടുത്തിയിരിക്കുന്നത്. സ്വയം പ്രചോദനം വിലയിരുത്തുകയാണിവിടെ.

(Readiness to enter into recovery). ഒപ്പം വിമുക്തിക്കായുള്ള നയങ്ങളും വിശദമാക്കുന്നു.


ഈ മാതൃകയിൽ അഞ്ചു ഘട്ടങ്ങളുണ്ട്.

1. പ്രീ കൺടെംപ്ലേഷൻ (ആലോചനകൾക്കു മുൻപ്) – ഈ ഘട്ടത്തിൽ ലഹരിവിമുക്തി ചികിത്സയ്ക്ക്
വ്യക്തികൾ ഒരിക്കലും തയാറാകില്ല.

2. കൺടെംപ്ലേഷൻ (ആലോചന) – ലഹരിയെക്കുറിച്ചു ബോധവൽക്കരണം നേടിയ ഘട്ടമാണിത്. ഭവിഷ്യത്തുകളെക്കുറിച്ചും അറിയാം. എങ്കിലും മനസ്സും ചഞ്ചലമാണ്.

3. തയാറെടുക്കൽ ഘട്ടം – മാറ്റത്തിനു മനസ്സൊരുങ്ങുന്നു. ചികിത്സയ്ക്കു തയാറാകുന്നു.

4. പ്രവർത്തനഘട്ടം – ചികിത്സയ്ക്കു തയാറായി വേണ്ട കാര്യങ്ങൾ ചെയ്തു തുടങ്ങുന്നു. കഴിവ് ആർജ്ജിച്ചു കഴിഞ്ഞു.

5. റിക്കവറി അഥവാ തിരിച്ചു വരവ് – ശക്തമായി പ്രതിരോധിക്കുന്ന ഘട്ടമാണിത്. എന്തു ട്രിഗറു വന്നാലും അതിനെ എങ്ങനെ നേരിടാം എന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞു.

കേരളത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പുനരധിവാസ കേന്ദ്രങ്ങളുടെ കാര്യത്തിലും അപര്യാപ്തതയുണ്ട്. സർക്കാർതലത്തിൽ ജില്ലകളെ ആസ്ഥാനമാക്കി വിമുക്തി എന്ന ബോധവൽക്കരണ മിഷൻ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ആശുപത്രികളുടെ കീഴിലാണിത്. എല്ലാ മെഡിക്കൽ കോളേജുകളിലും സൈക്യാട്രി വിഭാഗത്തിൽ ഡീ അഡിക്ഷൻ ചികിത്സ ചെയ്യുന്നതിനുള്ള സൗജന്യ സ്പെഷാലിറ്റി ക്ലിനിക്കുകളും ഉണ്ട്. അതിനായി പ്രത്യേക ദിവസം തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യമേഖലയിലും ഒട്ടേറെ ഡീ അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു.

ADVERTISEMENT