തൊഴിൽ സമ്മർദം സഹിക്കാനാകാതെ കേരളത്തിലെ പ്രമുഖ ബാങ്കിൽ മാനേജരായിരുന്ന ഒരു യുവതി സ്വന്തം ജീവിതത്തിനു വിരാമമിട്ട വാർത്ത നമ്മുടെ ഒാർമയിലുണ്ട്. ജോലിയുമായി ബന്ധപ്പെട്ട സമ്മർദമാണ് തന്റെ മരണകാരണം എന്നു ഡയറിയിൽ കുറിച്ച്, കുരുന്നു മക്കളെപ്പോലും മറന്ന്, തൊഴിലിടത്തിൽ തന്നെ പ്രാണനുപേക്ഷിച്ചു. ആ വാർത്ത വായിച്ചപ്പോൾ ചിലരെങ്കിലും ചോദിച്ചു കാണും? എന്തിന്റെ ആവശ്യമായിരുന്നു? നല്ല ജോലിയുണ്ടായിട്ട് ഇങ്ങനെയൊക്കെ ചെയ്തല്ലോ... എന്ന്.

ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളിലും ആശങ്കകളിലും നമ്മുടെ യുവതലമുറയിൽ ഭൂരിഭാഗവും വെന്തുരുകയാണ് എന്നതാണ് യാഥാർഥ്യം. ഒരു ചൂളയിലെന്നപോലെ പലരും സമ്മർദത്തിൽ എരിഞ്ഞു കൊണ്ടിരിക്കുന്നു. തൊഴിലിടത്തിലെ ഈ കനത്ത സമ്മർദത്തെ ബേൺഔട്ട് എന്നു വിളിക്കാം. ഇതിനൊപ്പം ജീവിതപ്രതിസന്ധികളും കൂടി ചേരുമ്പോൾ പലരും തകർന്നടിയുന്നു.

ADVERTISEMENT

തളർത്തുന്ന ബേൺഔട്ട്

ജോലി സംബന്ധമായ സമ്മർദം അധികരിക്കുന്നതിന്റെ അനന്തര ഫലമാണ് ബേൺ ഔട്ട്. ബേൺ ഔട്ടിന്റെ ഭാഗമായി ശാരീരികവും വൈകാരികവുമായി അമിതക്ഷീണം സംഭവിക്കുന്നു. ജോലിയുടെ മികവ് കുറയുന്നു.

ADVERTISEMENT

“. പണി ചെയ്തു മടുത്തു. ഇപ്പോൾ ഒന്നും ചെയ്യാൻ വയ്യ ഡോക്ടറേ... ആകെ ഒരു മരവിപ്പ് എന്നു പറഞ്ഞ് ഐടി–മാർക്കറ്റിങ് മേഖലകളിൽ നിന്ന് ചെറുപ്പക്കാർ ധാരാളമായി വരുന്നുണ്ട്” – കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺ‌സൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ പറയുന്നു.

വറ്റി വരണ്ട് പാവം മനസ്സ്

ADVERTISEMENT

ദീർഘകാലമായി ഒരേ ജോലി കനത്ത മാനസിക സമ്മർദത്തോടെ ചെയ്യുമ്പോൾ ഊർജം നഷ്ടമായി വറ്റിവരണ്ടതുപോലെയുള്ള അവസ്ഥ വരാം. ശൂന്യതയിലാഴ്ന്നു പോകാം. ഉത്സാഹവും ഉന്മേഷവും നഷ്ടമാകാം. ചുരുക്കിപ്പറഞ്ഞാല്‍ എണ്ണയില്ലാതെ ഒരു തിരി പുകഞ്ഞു കത്തുന്നതു പോലെ.

“ഇന്നത്തെ കുട്ടികളിൽ പലരും കൃത്യമായ പ്രോത്സാഹനം ലഭിക്കാതെ അഭിരുചിയില്ലാത്ത വിഷയങ്ങൾ പഠിക്കുന്നു. ജോലി ലഭിക്കുമെങ്കിലും പിന്നീടതു പരമബോറൻ ജോലി എന്ന നിലയിലേക്കു നീങ്ങുന്നു. ശമ്പളം ഉള്ളതിനാൽ ഇട്ടിട്ടു പോരാനാകുന്നില്ല. മറ്റൊരു ജോലിയിലേക്കു മാറുന്നതിനുള്ള ഉൾക്കരുത്തുമില്ല”–
ഡോ. ജോൺ വിശദീകരിക്കുന്നു.

“ബേൺഔട്ടിന്റെ നിർണയത്തിനും കൈകാര്യം ചെയ്യുന്ന രീതികൾക്കും ആധാരമാക്കുന്ന ഐസിഡി11 എന്ന പുസ്തകത്തിൽ (11th Revision of the International Classification of Diseases) ശാരീരികമോ മാനസികമോ ആയ രോഗാവസ്ഥയായല്ല ബേൺഔട്ടിനെ വിശദീകരിച്ചിരിക്കുന്നത്. ശാരീരികാവസ്ഥയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ജോലിസംബന്ധമായ ഒരു പ്രതിഭാസമായാണ്.

ഐ സി ഡി11–ൽ ബേൺഔട്ടിന്റെ പ്രത്യേകതകളെക്കുറിച്ചു പറയുന്നുണ്ട്. ഞാൻ ആരാണ് എന്ന സംശയം. തൊഴിലുമായി ബന്ധപ്പെട്ട് സ്വത്വബോധം നഷ്ടമാകുക, വൈകാരികക്ഷീണം, ചെയ്യുന്ന കാര്യങ്ങളുടെ വിജയസാധ്യത കുറയുക. ഇതിന്റെയൊക്കെ ഫലമായി ആ വ്യക്തിക്ക് നല്ല രീതിയിൽ പ്രവർത്തിക്കാനാകാതെ വരുകയാണ്” –പാലക്കാട് ഐഐടി കൗൺസലറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. റ്റെസി ഗ്രെയ്സ് മാത്യൂസ് പറയുന്നു.

ബേൺഔട്ടിനു ശേഷം

ബേൺഔട്ടിന്റെ സമ്മർദം ചിലരെയെങ്കിലും ലഹരിയുടെ ഉപയോഗത്തിലേക്കും നയിക്കുന്നുവെന്നും പറയാതെ വയ്യ. ബേൺഔട്ടു കാരണം വിഷാദവും ഉണ്ടാകാം. വിഷാദത്തിന്റെ ഉപരോഗാവസ്ഥയായി ബേൺ ഔട്ടും കാണാം. ജനിതകപരമായി ഉത്കണ്‌ഠാ സാധ്യതയുള്ളവർ ജോലി ചെയ്യുമ്പോൾ ബേൺഔട്ട് സാധ്യത കൂടുതലാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

തീയില്ലാതെ പുകയില്ല’

ബേൺഔട്ട് വെറുതെ സംഭവിക്കുന്നതല്ല. തീയില്ലാതെ പുകയില്ലല്ലോ. ജോലിസ്ഥലത്ത് ന്യായമായ അവകാശങ്ങളും മേലധികാരികളിൽ നിന്ന് ഉചിതമായ സമീപനവും ലഭിക്കാതിരിക്കുക. പരിധികൾ ലംഘിക്കുന്ന കനത്ത ജോലിഭാരം, ജോലിയില്‍ സ്വന്തം റോൾ എന്താണെന്നതിൽ വ്യക്തത നഷ്ടപ്പെടുക. ഇത്തരം കാരണങ്ങളെല്ലാം ബേൺഔട്ടിൽ കൊണ്ടു ചെന്നെത്തിക്കും.

ഈ ലക്ഷണങ്ങൾ തിരിച്ചറിയണം

∙ ജോലിസ്ഥലത്തും അല്ലാതെയും സാമൂഹികമായി ഇടപെടുമ്പോൾ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകുക.

∙ ജോലിയിൽ നിന്നു മാനസികമായി അകലുക. ജോലിസ്ഥലത്ത് മികവു പുലർത്താനാകാതെ വരിക.

∙ തൊഴിലിന് യോഗ്യരാണെങ്കിലും നല്ല റിസൽറ്റ് കിട്ടാതിരിക്കുക.

∙ സ്വയം പ്രചോദനം കുറയുക.

∙ ജോലിയിൽ അസംതൃപ്തി അനുഭവപ്പെടുക. ഊർജ്ജം പൂർണമായി നഷ്ടപ്പെടുക.
ഇതെല്ലാം സ്വയം തിരിച്ചറിയണം. ശാരീരിക രോഗാവസ്ഥകൾ‌ വർധിപ്പിക്കുന്ന അപകടഘടകങ്ങളും ബേൺഔട്ട് ഉള്ളവരിൽ കൂടുതലാണെന്നത് ഏറെ ശ്രദ്ധിക്കണം.

അങ്ങനെ രോഗിയായി മാറുന്നു.

ബേൺഔട്ടിനെ ചില യൂറോപ്യൻ രാജ്യങ്ങളിൽ വിശേഷിപ്പിക്കുന്നത് തൊഴിൽ ജന്യരോഗമായാണ്. കാർഡിയോ വാസ്കുലർ രോഗങ്ങൾ, പേശീ, അസ്ഥി സംബന്ധ രോഗങ്ങൾ, ചർമരോഗങ്ങൾ, വിഷാദം ഇവ കൂടാനുള്ള സാധ്യത ബേൺഔട്ടുള്ളവരിൽ കാണുന്നതായി പഠനങ്ങൾ പറയുന്നു. ടൈപ് 2 പ്രമേഹം വരെ കാണാറുണ്ട്. ചെറുപ്പക്കാരിൽ തലവേദന, ശ്വാസകോശ സംബന്ധ രോഗങ്ങൾ, ഗ്യാസ്ട്രൈറ്റിസ്, പേശീവേദന എന്നിവയും കാണുന്നു.

ഇനി എന്തു ചെയ്യണം?

ബേൺഔട്ട് തിരിച്ചറിയുന്ന സമയത്ത് അഭിരുചിയുള്ള മേഖലയിലേക്കു മാറുന്നതിനു ചങ്കൂറ്റം ഉള്ളവരുണ്ട്. മറ്റുള്ളവർ ‘പെട്ടുപോയല്ലോ’ എന്ന മട്ടിൽ മുൻപോട്ടു നീങ്ങുന്നു. ശാരീരിക രോഗങ്ങളും ഗുരുതരവിഷാദവും ഉത്കണ്ഠയും ജീവിതത്തെ വരിഞ്ഞു മുറുക്കുകയാണെങ്കിൽ ചികിത്സ തേടണം. മൈൻഡ് ഫുൾനെസ് പോലുള്ളവ നല്ലതാണ്.

ജോലിയിലെ സമ്മർദത്തിൽ വലയുമ്പോൾ ജീവിതത്തിലും മനോഭാവത്തിലും ചില മാറ്റങ്ങൾ വരുത്താം.
ഈ നിമിഷത്തിൽ ജീവിക്കുക. ജീവിതത്തെ മെല്ലെ ആസ്വദിച്ചു തുടങ്ങുക.
പ്രിയപ്പെട്ട ഹോബികൾ കണ്ടെത്താം. പാട്ടു കേൾക്കാം, വായിക്കാം. ചെറുയാത്രകൾ ചെയ്യാം. ഇടയ്ക്കിടെ മനസ്സിനോടു പറയാം. കത്തിത്തീരാനുള്ളതല്ല, ശോഭയോടെ ജ്വലിച്ചു നിൽക്കാനുള്ളതാണ് തൊഴിൽ ജീവിതം എന്ന്.

ADVERTISEMENT