കുട്ടികൾക്കിപ്പോൾ ‘കുട്ടിത്തം’ കുറവാണ്. കാലം മാറിയപ്പോൾ അവർ ‘ചെറിയ വലിയ മനുഷ്യരായി’ മാറി. മുതിർന്നവരുടെ ശീലങ്ങൾ കടമെടുത്തു, അവരുടെ സംസാരവും ജീവിതശൈലിയും അനുകരിച്ചു തുടങ്ങി. അങ്ങനെ കുട്ടിത്തം വാർന്നു പോയപ്പോൾ വിലക്കപ്പെട്ട കനി എന്ന നിലയിൽ അകറ്റി നിർത്തിയിരുന്ന ലഹരി അവരുടെ ജീവിതത്തിലേക്കു പടി കയറി വന്നു. വലിച്ചും പുകച്ചും മണത്തും ചവച്ചും ആ ലഹരികൾ അവരെ വരിഞ്ഞു മുറുക്കുന്നു.

ജീവിതത്തിന്റെ ഇരുണ്ട കോണുകളിലേക്ക് അവർ മയങ്ങി വീഴുന്നു. ഇത്രയും പറഞ്ഞ സ്ഥിതിക്കു ചില ജീവിത ചിത്രങ്ങൾ കൂടി കാണാം.

ADVERTISEMENT

 

∙ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനി സ്നേഹ. അമ്മ ഗൾഫിലാണ്. അച്ഛൻ ബിസിനസ് ചെയ്യുന്നു. മുത്തച്ഛനും മുത്തശ്ശിയുമാണു വളർത്തുന്നത്. ഒരു ദിവസം രാവിലെ സ്നേഹ അക്രമാസക്തയായി. മൊബൈൽ ഫോൺ എറിഞ്ഞുടച്ചു. അലമാരയുടെ ചില്ലു പൊട്ടിച്ച്, ചില്ലു കൊണ്ടു കൈകളിൽ വരഞ്ഞു മുറിവുകളുണ്ടാക്കി. കൈകൾ ബന്ധിച്ചാണ് അവളെ ഡീ അഡിക്‌ഷൻ സെന്ററിൽ കൊണ്ടു വന്നത്. വിശദമായി സംസാരിക്കവേ പുതിയ സ്കൂളിലെ കൂട്ടുകാരിലൊരാൾ നൽകിയ ലഹരിയാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. സംഗതി എംഡിഎംഎ ആയിരുന്നു. എന്താണെന്ന് അറിയാതെ ഒന്നു രണ്ടു തവണ അവൾ അത് ഉപയോഗിച്ചിരുന്നു. അതു കിട്ടാതിരിക്കുമ്പോൾ ബുദ്ധിമുട്ടായി. പണത്തിനു വേണ്ടി വഴക്കു തുടങ്ങി. ഇപ്പോൾ കുട്ടികൾക്കു വേണ്ടിയുള്ള ഒരു ഡീ അഡിക്‌ഷൻ സെന്ററിൽ ചികിത്സയിലാണു സ്നേഹ.

ADVERTISEMENT

∙അഞ്ചാം ക്ലാസുകാരനാണ് അഭിനവ്. മിടുക്കനായ കുട്ടി. പക്ഷേ അവൻ പുകവലിയുടെ അടിമത്തത്തിലാണ്. അവനും 15 വയസ്സുള്ള അവന്റെ ചേട്ടനും മാതാപിതാക്കളറിയാതെ ദിവസവും വലിച്ചുതള്ളിയിരുന്നതു മൂന്നും നാലും സിഗററ്റാണ്. എപ്പോഴോ കുട്ടികളുടെ ശരീരമാകെ റാഷുകൾ കണ്ടു തുടങ്ങിയപ്പോൾ ഡോക്ടർ കണ്ടെത്തിയതു നിക്കോട്ടിന്റെ അംശം ശരീരത്തിലെത്തിയതിന്റെ ഭാഗമായുണ്ടായ അലർജിക് റിയാക്‌ഷനാണെന്നാണ്. അപ്പോഴാണ് ഉദ്യോഗസ്ഥരായ മാതാപിതാക്കൾ അതേക്കുറിച്ചറിഞ്ഞത്.

∙12 വയസ്സുകാരനായ കിരൺ നോട്ട്ബുക് എടുക്കാൻ ബാഗ് തുറന്നപ്പോൾ അവന്റെ ബാഗിൽ ഒരു ബിയർ കുപ്പി കണ്ടു സഹപാഠി ഞെട്ടി. ടീച്ചർ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത് അച്ഛൻ വീട്ടിൽ സൂക്ഷിച്ചു വച്ചതാണെന്നാണ്. വീട്ടിലിരുന്ന് അൽപം കുടിച്ചു രുചിയറിഞ്ഞോ, പുറത്തു പോയി കുടിച്ച് എനിക്കു ചീത്തപ്പേരുണ്ടാക്കരുത് എന്നു പറഞ്ഞു പ്രവാസിയായ അച്ഛനാണു ബിയർ നൽകിത്തുടങ്ങിയത്. അച്ഛൻ ലീവു കഴിഞ്ഞു പോയി. കിരൺ അച്ഛന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു.

ADVERTISEMENT

∙അച്ഛനുമമ്മയും ജോലിക്കു പോയപ്പോൾ ക്ലാസ്സിൽ പോകാതെ വീട്ടിൽ സുഹൃത്തുക്കളുമൊത്തു കഞ്ചാവ് ഉപയോഗിച്ച സഹോദരങ്ങളുമുണ്ട്. 15 വയസ്സുള്ള മനുവിനെ ലഹരിവഴിയിലേക്കു കൈപിടിച്ചു നടത്തിയതു മറ്റാരുമല്ല, ജ്യേഷ്ഠൻ മിഥുൻ തന്നെ.

(*കുട്ടികളുടെ പേരുകൾ യഥാർഥമല്ല )

ലഹരിയുടെ ഉറവിടങ്ങൾ

ബീഡിയിലെ ചുക്ക മാറ്റി കഞ്ചാവു നിറയ്ക്കുന്നതും ചുണ്ടു കറുക്കാതെ കഞ്ചാവു വലിക്കാനുള്ള ബോങ് എന്ന കുപ്പിയുടെ ‘ടെക്നോളജി’യും ഒസിബി പേപ്പറിൽ പൊതിഞ്ഞ കഞ്ചാവു സിഗരറ്റിനെക്കുറിച്ചും പുതിയ കാലത്തെ കുറേ കുട്ടികൾക്കറിയാം.‘‘ മദ്യമാണു കുട്ടികൾക്ക് എളുപ്പം ലഭിക്കുന്നത്. കൂടെ സിഗരറ്റും ബീഡിയും. പുകയില മുറുക്കുന്നവരുണ്ട്. തമ്പാക്ക്, കൂൾ, ഹാൻസ്, കൈനി, ഗുട്ക എന്നീ പുകയില ഉൽപന്നങ്ങളും ഉപയോഗിക്കുന്നു. സോൾവെന്റ് ഉപയോഗവും കാണുന്നുണ്ട്. പ്രിസ്ക്രിപ്ഷൻ ഡ്രഗ്ഗുകളായ നൈട്രാസെപം, കോഡീൻ സിറപ്പ് പോലുള്ളവ ചില കുട്ടികൾ അമിതമായി ഉപയോഗിക്കുന്നതായി കാണുന്നു.– കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗം ജൂനിയർ കൺസൽറ്റന്റും കോട്ടയം ജില്ലയിലെ വിമുക്തി ഡീ അഡിക്‌ഷൻ സെന്റിലെ സൈക്യാട്രിസ്‌റ്റുമായ ഡോ. കെ. എൻ. കൃഷ്ണകുമാർ പറയുന്നു.

‘‘കുട്ടികളുടെ കാര്യത്തിൽ ലഹരിപദാർഥങ്ങൾ ഭൂരിഭാഗവും വായിലൂടെ കഴിക്കുകയാണു ചെയ്യുന്നത്. വലിക്കുകയും ചവയ്ക്കുകയും നാവിനടിയിൽ വയ്ക്കുകയും ചെയ്യുന്നവ. ചിലർ പെയിന്റ് സോൾവന്റുകൾ മണക്കുന്നു. 15 വയസ്സിനു ‌മീതെയുള്ള കുട്ടികൾ എംഡിഎംഎ പോലുള്ളവ ഉപയോഗിക്കുന്നുണ്ട്. ചുരുക്കം ചിലർ എം ഡിഎം എ മോണയുടെ വശത്തു വയ്ക്കുന്നതായും പലർ പങ്കിട്ട് ഉപയോഗിക്കുന്നതായും കാണുന്നു. ഇതെല്ലാം പൊതുവെ ചെറിയ കുട്ടികളിൽ മുൻപത്തേതിലും കൂടുതലായി കാണുന്നു. എന്നാൽ രാസസംശ്ലേഷണത്തിലൂടെ കൃത്രിമമായി രൂപപ്പെടുത്തുന്ന ലഹരിപദാർഥങ്ങൾ 15 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ഇല്ല. അതിനർഥം അവർ ഉപയോഗിക്കുന്നില്ല എന്നല്ല, അതു മെട്രോ നഗരങ്ങൾ ഉൾപ്പെടുന്ന നഗരമേഖലകളിൽ കണ്ടേക്കാം.’’–
ഡോ. കൃഷ്ണകുമാർ വിശദമാക്കുന്നു.

പത്തുവർഷങ്ങൾ – മാറ്റങ്ങളുടെ കാലം

‘‘ഒപിയിൽ വരുന്ന കുട്ടികളുടെ കാര്യമെടുത്താൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം തീർച്ചയായും വർധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ നിന്ന് അറിയാം. 20 വർഷങ്ങൾക്കു മുൻപ് ഇത്തരത്തിൽ പ്രായം കുറഞ്ഞ രോഗികളെ കാണുന്നുണ്ടായിരുന്നില്ല. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ അഡ്മിറ്റു ചെയ്യുമ്പോൾ മെന്റൽ ഹെൽ‌ത് ആക്‌റ്റ് പ്രകാരം കുറച്ചു നിയമാവലികൾ പാലിക്കേണ്ടതുണ്ട്. എന്നിട്ടും അഡ്മിറ്റു ചെയ്യേണ്ടി വരുന്ന കുട്ടികളുടെ എണ്ണം കൂടുതലാകുന്നു. എന്നാൽ ഇതിന്റെ കൃത്യമായ കണക്കുകളൊന്നും ലഭ്യമായിട്ടില്ല ’’ – ആലപ്പുഴ മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം പ്രഫസർ ഡോ. ഗംഗാ കൈമൾ പറയുന്നു.

പ്രായമാണ് അടുത്ത ഘടകം. മുൻകാലത്ത് 40 വയസ്സിനു മേൽ പ്രായമുള്ളവരെയാണു ലഹരി അടിമത്തത്തിന് അഡ്മിറ്റു ചെയ്തിരുന്നത്. ആ പ്രായം കുറഞ്ഞു വരുന്നു. 14 വയസ്സും 12 വയസ്സുമുള്ള കുട്ടികൾ ലഹരിയുടെ അടിമത്തത്തിൽ പെട്ട രീതിയിൽ ക്ലിനിക്കൽ പോപ്പുലേഷനിൽ കാണുന്നു. – ഡോ. ഗംഗ പറയുന്നു.

പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, മുൻകാലങ്ങളിൽ 16-17 വയസ്സിൽ കണ്ടിരുന്ന ചില ശീലങ്ങൾ ഇപ്പോൾ 11-12 വയസ്സു മുതൽ കണ്ടുവരുന്നു. 11-12 വയസ്സു കാലത്തു തന്നെ കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് എത്തിപ്പെടുകയാണ്. 11-12 വയസ്സിൽ പുകയില ഉൽപന്നങ്ങൾക്ക് അടിമകളായ കുട്ടികളെ ഇന്നു കാണുന്നുണ്ട്. – ഡോ. കൃഷ്ണകുമാർ വിശദമാക്കുന്നു.

കുടുംബത്തകർച്ചയും കാരണം ‘

‘ ഒരു മാസം 300 ലേറെ കേസുകൾ ഇവിടെ ഒപിയിൽ വരുന്നുണ്ട്. സിംഗിൾ പേരന്റിങ്, മാതാപിതാക്കളുടെ മരണം, മാതാവോ പിതാവോ വിദേശത്തായിരിക്കുന്നത്, മുത്തച്ഛനും മുത്തശ്ശിയും വളർത്തുന്നവർ, മദ്യത്തിന് അടിമയായ പിതാവ്... ഇത്തരം കുടുംബസാഹചര്യങ്ങളിലുള്ള കുട്ടികളാണു കൂടുതലായി ലഹരിവഴിയിലേക്കു പോകുന്നതായി കാണുന്നത്. ഞങ്ങൾക്കു റോൾ മോഡലായി അച്ഛനെയും അമ്മയെയും കാണാൻ സാധിക്കുന്നില്ല എന്നു പറയുന്ന കുട്ടികളുമുണ്ട് – പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ വിമുക്തി ഡീ അഡിക്‌ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കറായ ആശാ മരിയാ പോൾ പറയുന്നു.

കുട്ടികളുമൊത്തു കൂടുതൽ സമയം ചെലവഴിക്കുക. അവർക്കു ക്വാളിറ്റി ടൈം നൽകുക. കുറ്റപ്പെടുത്താതിരിക്കുക. വീട്ടിൽ അടച്ചിട്ടു വളർത്തി നല്ലവരാക്കാൻ സാധിക്കില്ല.പുറംലോകവുമായി കൂടുതൽ ഇടപഴകുന്നതും നല്ലതല്ല. പുറവും അകവും കണ്ടു വളരാൻ അവരെ അനുവദിക്കുക. ലഹരിയെ വഴി തിരിച്ചു വിടുക ’’ – ആശ പറയുന്നു.

ലഹരിയെന്ന കാന്തിക വലയം

‘‘ ലഹരിയുടെ ലഭ്യതയും അതേക്കുറിച്ചുള്ള അറിവും സാഹചര്യവും ആശയവിനിമയവുമൊക്കെ ചേർന്നു ലഹരിയിലേക്കു കുട്ടികളെ അടുപ്പിച്ചു. ലഭ്യത തന്നെയാണു പ്രധാന പ്രശ്നം. കുടുംബങ്ങളിലെ ലഹരി ഉപയോഗം, പിയർ പ്രഷർ, ലഹരി ഉപയോഗം ഒരു ഹീറോയിസമാണെന്ന രീതിയിൽ മാധ്യമങ്ങളിൽ നിന്നും മറ്റും അവരുടെ മനസ്സിൽ പതിയുന്ന ധാരണ ഇതെല്ലാം കാരണങ്ങളാണ് ’’ – ഡോ. ഗംഗാ കൈമൾ പറയുന്നു.

കുട്ടികളിലെ ലഹരി ഉപയോഗത്തെക്കുറിച്ചു വിലയിരുത്തുന്നതിനു ബയോസൈക്കോ സോഷ്യൽ മോഡലാണ് ഉപയോഗിച്ചു വരുന്നത്. ഇതിൽ ജൈവ ഘടകവും മനശ്ശാസ്ത്ര ഘടകവും സാമൂഹിക ഘടകവും ഇഴചേർന്നു കിടക്കുന്നു. ജൈവ ഘടകം കുട്ടിയുടെ ജനിതക പ്രവണതകളെയാണ് ഉദ്ദേശിക്കുന്നത്. ജനിതക വഴിയിൽ തന്നെ ചില കുട്ടികളിൽ ലഹരിയോട് അടിമത്തമുണ്ടാകാനുള്ള സാധ്യത ശക്തമായി നിലകൊള്ളുന്നു. ചെറുപ്പത്തിൽ തന്നെ കാണുന്ന ചില രോഗാവസ്ഥകളാണ് അടുത്ത ഘടകം. എഡി എച്ച്ഡി, ബൗദ്ധികക്ഷമത അൽപം കുറവ്, പഠനവൈകല്യം ഇങ്ങനെയുള്ള കുട്ടികൾ വളർന്നു വരുമ്പോൾ, ജീവിതത്തിൽ മാർഗനിർദേശങ്ങളോ ഇടപെടലുകളോ കൃത്യമായി ലഭിക്കാതെ വരുമ്പോൾ, കാര്യങ്ങളുടെ ഗതി മാറുകയാണ്. ബാല്യകാലം കടക്കുമ്പോഴോ, കൗമാരത്തിലെത്തുമ്പോഴോ, കൗമാരത്തിന്റെ തുടക്കത്തിലെത്തുമ്പോഴോ മറ്റു മനശ്ശാസ്ത്ര സാമൂഹിക ഘടകങ്ങളും ഇടപെട്ടു തുടങ്ങും. – ഡോ. കൃഷ്ണകുമാർ വിശദമാക്കുന്നു.

മനശ്ശാസ്ത്ര ഘടകങ്ങൾ എന്നതു കുടുംബ പശ്ചാത്തലം, മാതാപിതാക്കളുടെ മദ്യപാനശീലം, അത്തരം അന്തരീക്ഷത്തിൽ ജീവിക്കുന്നത്, സ്കൂളുകളിലെ സാഹചര്യം മോശമാകുന്നത്, താമസിക്കുന്ന സമൂഹത്തിന്റെ പ്രത്യേകതകൾ ഇതെല്ലാം ലഹരി വഴിയിലേക്കു നയിക്കാനുള്ള സാധ്യതകൾ കൂട്ടുന്നു. പിയർ പ്രഷറാണ് അടുത്തത്. ചില സ്കൂളുകളിലെ കുട്ടികൾ ലഹരി കൂടുതലായി ഉപയോഗിക്കുന്നതായും പരിസരങ്ങളിൽ വിൽക്കുന്നതായും കാണുന്നു. ഇത്തരത്തിൽ പല ഘടകങ്ങളാണ് ഇതു കൂടുതലായും ഉപയോഗിക്കുന്നതിനു കാരണമാകുന്നതെന്നു ഡോ. കൃഷ്ണകുമാർ പറയുന്നു.

കൗമാരത്തിലേക്കു കടക്കുമ്പോൾ തന്നെ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനു സാധ്യത പൊതുവെ കൂടുതലാണ്. ലഹരി ഉപയോഗത്തിനുള്ള ജനിതക പ്രവണതകളും മറ്റും കൂടുതലുള്ള കുട്ടികളിൽ കൗമാരത്തിലേക്കു കടക്കുമ്പോൾ നിലവിലുള്ള പ്രവണതയും കൗമാരത്തിന്റെ എടുത്തുചാട്ടവും ചേർന്നു പുതിയ പരീക്ഷണങ്ങൾക്കു നിർബന്ധിതരാക്കുന്നു. ലഹരി ഉപയോഗിക്കാനുള്ള സാധ്യതകൾ അങ്ങനെ കൂടുന്നു. എഡിഎച്ച്ഡി പോലുള്ള രോഗാവസ്ഥകളുള്ള കുട്ടികളിൽ എടുത്തുചാട്ടം അഥവാ ഇംപൽസിവിറ്റി കൂടുതലാണ്. അവർ പുതിയതെന്തും പരീക്ഷിക്കാൻ ഉത്സുകരാണ്. അവർക്കു മറ്റു കുട്ടികളുടെ ഇടയിൽ തങ്ങൾ പിൻനിരയിലാകുന്നുവെന്ന തോന്നലുണ്ടാകും. എന്തെങ്കിലുമൊക്കെ ചെയ്തു മുന്നിലാകാനുള്ള ത്വര അവർക്കുണ്ടാകും. ‘‘തങ്ങളിൽ അന്തർലീനമായ ‘എടുത്തുചാട്ടം’ കൊണ്ടുകൂടി ഈ കുട്ടികൾ പെട്ടെന്ന് ഒരാൾ ലഹരി പദാർഥങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ അതു സ്വീകരിക്കാൻ സന്നദ്ധരാകും. അല്ലെങ്കിൽ ഇത്തരത്തിലുള്ള കുട്ടികളുടെ ഒരു ഗ്യാങ് ക്ലാസ്സിലോ ക്ലാസ്സിനു പുറത്തോ രൂപം കൊള്ളാനും സാധ്യതയുണ്ട്. അങ്ങനെ ലഹരി ഉപയോഗത്തിനു സാധ്യത കൂടുന്നു. ലഭ്യതയും കൂടുതലാകുന്നു’’ ഡോ.കൃഷ്ണകുമാർ പറയുന്നു.

സാന്ത്വനമായി വിമുക്തി മിഷൻ

എല്ലാ ജില്ലകളിലും വിമുക്തി മിഷന്റെ ഡീ അഡിക്‌ഷൻ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി ഇവരുൾപ്പെടുന്ന ടീമാണ്. 10 ബെഡ് ഉള്ള വാർഡാണിത്. ഡീ അഡിക്‌ഷനിൽ പെട്ടെന്നു ചെയ്യേണ്ട പല കാര്യങ്ങൾ ചെയ്യുന്നു. ഒപിയും കൗൺസലിങ് സേവനങ്ങളും നൽകുന്നുണ്ട്. എക്സൈസ് വിഭാഗവുമായി ബന്ധപ്പെട്ടു വിവിധ ക്യാംപുകളും സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പുമായി യോജിച്ചും ക്യാംപുകൾ സംഘടിപ്പിക്കുന്നു. അവയർനെസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നുണ്ട്. വാർഷികാടിസ്ഥാനത്തിൽ പ്രോഗ്രാമുകൾ–സ്കൂളുകൾ, ടാർജറ്റ് പോപ്പുലേഷൻ അഥവാ ലഹരി അടിമത്തത്തിലേക്കു പോകാൻ സാധ്യതയുള്ള വിഭാഗത്തെ ടാർജറ്റ് ചെയ്തുള്ള ക്യാംപുകളാണു കൂടുതലും. ഇതു കൂടാതെ മെഡിക്കൽ കോളജിൽ ഡീ അഡിക്‌ഷൻ വാർഡുണ്ട്. 10 ബെഡ് ഉണ്ട്. കൂടുതൽ അക്രമാസക്തരായവരെ വിമുക്തിയിലും മെഡിക്കൽ കോളജിലെ ഡീ അഡിക്‌ഷൻ വാർഡിലുമാണു സർക്കാർ മേഖലയിൽ അഡ്മിറ്റാക്കുന്നത്.

മോട്ടിവേഷൻ എൻഹാൻസ്മെന്റ ് തെറപ്പി

അടിസ്ഥാനപരമായി കുട്ടി എന്തുകൊണ്ടു ലഹരിയിലേക്കു പോയി എന്നു വിലയിരുത്തണം. ഏതു ഘടകങ്ങളാണു പിന്നിലുള്ളതെന്നതു പ്രധാനമാണ്. ബയോളജിക്കൽ ഘടകങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കണം. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളാലുണ്ടാകുന്ന പ്രശ്നങ്ങൾ ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ മനഃശാസ്ത്ര സാമൂഹിക ഇടപെടലുകൾ ആവശ്യമാണ്. തുടർ ചികിത്സ പ്രധാനമാണ്.

‘‘ഒരു തവണ മാത്രം ചികിത്സിച്ചതുകൊണ്ടു ലഹരി വിമുക്തി നേടി എന്നു കരുതുന്നതു മണ്ടത്തരമാണ്. 15 ദിവസമോ 30 ദിവസമോ കൂടുമ്പോൾ ഈ കുട്ടികളോടു വരാൻ പറയാറുണ്ട്. ഈ സമയത്തെല്ലാം മോട്ടിവേഷൻ എൻഹാൻസ്മെന്റ് തെറപ്പി നൽകാറുണ്ട്. കുട്ടികളെ പ്രചോദിതരാക്കുന്ന തെറപ്പിയാണിത്. ഇതിന്റെ ഫോളോ അപ് പ്രധാനമാണ്. കുറ്റപ്പെടുത്താതെ കൂടെനിന്നു മാറ്റങ്ങൾക്കു ശ്രമിക്കുകയാണു വേണ്ടത്– റോളിങ് വിത് റെസിസ്‌റ്റൻസ് എന്ന രീതിയാണത് ’’– ഡോ. കൃഷ്ണകുമാർ പറയുന്നു.

ലഹരിക്ക് അടിമയായ വ്യക്തിക്കു തന്നെ അയാൾക്കു പ്രശ്നമുണ്ടെന്നറിയാം. അപ്പോൾ അതു പറഞ്ഞു കുറ്റപ്പെടുത്താതെ കൂടെ നിൽക്കുക. അഡിക്‌ഷൻ ഒറ്റയടിക്കു പൂർണമായി മാറ്റാനാഗ്രഹിക്കാത്തയാളോട് ആദ്യ പടിയായി അഡിക്‌ഷൻ കുറയ്ക്കാം എന്നു പറഞ്ഞു വിശ്വാസത്തിലെടുക്കുക. ചെറിയ മാറ്റങ്ങൾ വരുത്താമെന്ന ആത്മവിശ്വാസം പകർന്നു ശക്തിപ്പെടുത്തുക. അയാളിൽ തന്നെ മാറ്റത്തിനുള്ള ഒരു പ്രചോദനം രൂപപ്പെടുത്തി, സാവധാനം പൂർണമായ ലഹരി വിമോചനത്തിലേക്കു വരുക എന്നതാണു ചെയ്യേണ്ടത്. അതാണു മോട്ടിവേഷനൽ എൻഹാൻസ്മെന്റ് തെറപ്പി കൊണ്ട് ഉദ്ദേശിക്കുന്നത്. അഡ‍്മിറ്റാക്കി ചികിത്സിച്ചു എന്നതുകൊണ്ടു മാത്രം പൂർണ വിമുക്തി ലഭ്യമാക്കുകയില്ല. ഫോളോ അപ്പുകൾ ഒന്നോ രണ്ടോ വർഷം വേണ്ടി വരാം. ഭൂരിഭാഗം പേരും പൂർണമായ ലഹരി വിമോചനത്തിലേക്കു തിരികെ വരുമെന്നു ഡോ. കൃഷ്ണകുമാർ പറയുന്നു.

എഡിഎച്ച്ഡി പോലുള്ള രോഗങ്ങളുണ്ടെങ്കിൽ അതിനു മരുന്നുകൾ നൽകേണ്ടി വരും. വിഷാദമോ ഉത്കണ്ഠയോ ഉണ്ടെങ്കിൽ ആന്റി ഡിപ്രസന്റുകൾ വേണ്ടിവരാം. ഉന്മാദ വിഷാദ രോഗം ഉള്ളവരിൽ അതിനുള്ള ചികിത്സ നൽകണം. ഇതൊന്നുമല്ലാതെ സാഹചര്യത്തിന്റെ സമ്മർദം കൊണ്ടു മാത്രം മദ്യപാനം/മയക്കുമരുന്ന് തുടങ്ങിയവരിൽ ആസക്തി കുറയ്ക്കുന്ന മരുന്നുകൾ നൽകേണ്ടിവരും. ചിലരിൽ അമിത ദേഷ്യം, ഉൾക്കാഴ്ചയില്ലായ്മ, മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയതിനുശേഷം ചില സൈക്കോട്ടിക് ലക്ഷണങ്ങൾ എന്നിവ കാണാം. അവർക്ക് ആന്റി സൈക്കോട്ടിക് മരുന്നുകൾ നൽകേണ്ടി വരാം. ആധുനിക വൈദ്യശാസ്ത്രത്തിൽ കുട്ടികൾക്കു നൽകുന്ന മരുന്നുകൾ പലതും പഠനം നടത്തിയ ശേഷമാണു പുറത്തിറക്കുന്നത്. ദീർഘകാല ഉപയോഗഫലമായി തകരാറുകൾ ഉണ്ടാക്കുന്ന മരുന്നുകൾ ഒന്നും കുട്ടികൾക്കു നൽകുന്നില്ല. വ്യക്തിഗതമായാണു ചികിത്സ നൽകുന്നത്. പുകയില അടിമത്തമുള്ളവരിൽ നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറപ്പി നൽകാറുണ്ട്. ച്യൂയിങ്ഗം പോലെയോ, മിഠായി പോലെയോ ആണിതു നൽകുന്നത്. ഇത്തരം ചികിത്സകൾ പൊതുവെ പഠനത്തെ ബാധിക്കാറില്ല. ഈ കുട്ടികൾക്കു വലിയ ബുദ്ധിമുട്ടുകളില്ലാതെ പഠനം പൂർത്തിയാക്കാൻ സാധിക്കാറുണ്ട്. ചികിത്സയോ മരുന്നുകളോ കൊണ്ടു പഠനത്തിൽ പിന്നോക്കം പോകേണ്ട സാഹചര്യം വരുന്നില്ല.

കുട്ടികളിൽ ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ

∙ നിലവിലുണ്ടായിരുന്ന പെരുമാറ്റ രീതികളിൽ നിന്നു വിഭിന്നമായി കൂടുതലായി ദേഷ്യം, അനുസരണയില്ലായ്മ, ഉറക്കം കുറയുക, ഒറ്റയ്ക്കിരുന്നു കാര്യങ്ങൾ ചെയ്യാനുള്ള ത്വര എന്നിവയ്ക്കു പുറമെ ചിലരിൽ വിഷാദ ലക്ഷണങ്ങളും കാണാറുണ്ട്. ∙ ചിലർ അക്രമാസക്തരാകുന്നു, അസഭ്യം പറയുന്നു, ഇതേ കാലഘട്ടത്തിൽ പഠനത്തിൽ പിന്നാക്കം പോകാം. ∙ തീവ്രത കൂടിയ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരിൽ വ്യക്തിശുചിത്വം കുറയുന്നതായി കാണുന്നു. കുളി, പല്ലുതേയ്ക്കൽ, മുടി ചീകൽ ഇതെല്ലാം ഒഴിവാക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കും. അതേക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അനിഷ്ടമുളവാക്കും. ∙ഇതെല്ലാം ലക്ഷണങ്ങളായി പരിഗണിക്കാം. ഇത്തരം ലക്ഷണങ്ങൾ പ്രകടമാക്കുന്ന കുട്ടികളെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.

നിറയണം പോസിറ്റീവ് ലഹരി

മസ്തിഷ്കത്തിലുണ്ടാകുന്ന ഡോപ്പമിൻ എന്ന രാസഘടകമാണു സന്തോഷം അനുഭവപ്പെടുത്തുന്നത്. ഏതൊരു ലഹരിയും ഡോപ്പമിൻ തള്ളൽ ഉണ്ടാക്കുന്നു. ഒരിക്കൽ ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് അതില്ലാതെ വരുമ്പോൾ വിരസത ഉണ്ടാകുന്നു. വീണ്ടും ഉപയോഗിക്കുന്നു. അപ്പോൾ പിൻവാങ്ങൽ ലക്ഷണങ്ങൾ വരാൻ തുടങ്ങും. അനുഭൂതികൾ താൽക്കാലികം മാത്രമാണ്. ആരോഗ്യകരമായി ലഹരി പകരുന്ന ഒട്ടേറെ വഴികൾ വേറെയുണ്ട്. അതിലേക്കു ശ്രദ്ധ തിരിച്ചുവിടാൻ പ്രചോദനം നൽകുന്ന ഒന്നുകൂടിയാണു മോട്ടിവേഷൻ എൻഹാൻസ്മെന്റ് തെറപ്പി.

എളുപ്പത്തിൽ ലഭിക്കുന്ന ലഹരിക്കു പകരമായി ഒരൽപ്പം ബുദ്ധിമുട്ടിയാൽ സന്തോഷവും സംതൃപ്തിയും വർധിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഉദാ: സ്പോർട്സ്, സംഗീത പഠനം. അങ്ങനെ പോസിറ്റീവ് അഡിക്‌ഷൻ എന്ന സങ്കൽപ്പത്തിലേക്കാണു നാം ഇനി എത്തേണ്ടത്. ചിലർക്കു ഗ്രൂപ്പ് ആക്റ്റിവിറ്റികൾ ചെയ്യാനാകും താൽപര്യം. സർഗാത്മകമായും സംഘം ചേരാം. അങ്ങനെ ആസക്തി കുറച്ചു ജീവിതത്തിലേക്കു മടങ്ങി വരാം. കുട്ടികളെ കൃത്യമായി സ്കൂളിൽ വിടുന്നു എന്നതുകൊണ്ടു കാര്യങ്ങൾ കഴിയുന്നില്ല. എല്ലാം അധ്യാപകരിലേക്ക് ഏൽപ്പിച്ചു കൊടുക്കാതെ കുട്ടി സ്കൂളിൽ എന്തുചെയ്യുന്നു, പഠനത്തിൽ പിന്നോക്കം പോകുന്നുണ്ടോ, കൂട്ടുകാർ ആരൊക്കെയാണ്, എന്നതൊക്കെ ശ്രദ്ധിക്കണം. പല കുട്ടികളെയും ഇത്തരം സാഹചര്യങ്ങളിൽ കണ്ടെത്തുമ്പോൾ മാതാപിതാക്കളുടെ ഉപേക്ഷ പ്രകടമാണെന്നു ഡോ. കൃഷ്ണകുമാർ അഭിപ്രായപ്പെടുന്നു.

മാറ്റം സമൂഹത്തിലും വേണം

‘‘ചെറുപ്രായത്തിലെ ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ വളരുന്ന തലച്ചോറിൽ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കാം. കുട്ടികൾക്കു മാത്രം ചികിത്സ നൽകിയാൽ പോര, അതു സമൂഹത്തിലും മാറ്റം വരുത്തണം. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ക്രോണിക് റിലാപ്സിങ് ഡിസോഡർ ആണ്. അതായതു വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത കൂടുതലുണ്ട്. ചെറുപ്പം മുതൽ മാതാപിതാക്കൾക്കും അധ്യാപകർക്കും ലഹരിയെക്കുറിച്ച് അവബോധം നൽകി നല്ല പേരന്റിങ് എങ്ങനെ വേണം എന്നതിനെക്കുറിച്ചു ബോധ്യം ഉണ്ടാകണം. സാമൂഹിക തലത്തിൽ ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു ബോധ്യം ഉണ്ടാകണം. കുട്ടികളെ ചികിത്സിച്ചതു കൊണ്ടോ കൗൺസലിങ് നടത്തിയതു കൊണ്ടോ മാത്രം പൂർണമായ മാറ്റം വരുന്നില്ല– ഡോ. ഗംഗ പറയുന്നു.

പിടിമുറുക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ഓരോ ലഹരിപദാർഥവും ഓരോ രീതിയിലാണു കുട്ടികളിൽ പ്രവർത്തിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിലൂടെ ശ്രദ്ധക്കുറവും വിരസതയും വരാം. മസ്തിഷ്കത്തെയും ബൗദ്ധികക്ഷമതയെയും ബാധിക്കുന്ന പ്രശ്നങ്ങൾ വരാം, മദ്യം പോലുള്ളവ ഉപയോഗിക്കുന്ന കുട്ടികളിൽ കരൾ

രോഗങ്ങൾ നേരത്തേ വരുന്നതായി കാണുന്നുണ്ട്. പുകയില / പുകവലിയിലൂടെ ക്ഷയം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കു സാധ്യതയുണ്ട്. ദീർഘകാലമാകുമ്പോൾ അതു ശ്വാസകോശ കാൻസർ, തൊണ്ടയിലെ കാൻസർ എന്നിവയിലേക്കു നയിക്കും. ആഹാരശീലങ്ങൾ തെറ്റുന്നതു കാരണം ഗ്യാസ്ട്രൈറ്റിസ് വരാം. പുകയില ആസിഡ് ഉൽപാദനം കൂട്ടുന്നു. വയറിൽ അൾസർ ഉണ്ടാകാനിടയാകുന്നു. ഓക്കാനം, വയറെരിച്ചിൽ എന്നിവയും കാണുന്നു.

ഈ പാവം കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും അരുത്. അവർ വേരുകളിൽ മുറിവേറ്റവരാണ്. കുടുംബത്തിൽ നിന്നു കരുത്തും തണലും സാന്ത്വനവും സ്നേഹവും ലഭിക്കാതെ ലഹരിഅടിമത്തത്തിന്റെ വഴികളിലേക്കു പോയതാണ്. അവരെ ചേർത്തു പിടിക്കാം......

ADVERTISEMENT