ആനന്ദത്തിന്റെ മൂടുപടമിട്ടു വരും മാനിയ ... അതു തിരിച്ചറിയുന്നത് എങ്ങനെയാണ് ? Mania - When to Seek Help
ഫ്രാൻസിലെ സെയ്ന്റ് റെമിയിലെ ഒരു അസൈലം. ആ രാത്രിയിൽ ജാലകത്തിലൂടെ വശ്യഭംഗി നിറയുന്ന താരനിബിഡമായ ആകാശം വിൻസെന്റ് വാൻഗോഗ് കൺനിറയെ കണ്ടുനിന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നു ഹൃദയത്തിലേക്ക് ആ കാഴ്ച നിറച്ച ആനന്ദം ഒഴുകി. അതു പകർന്ന ഉൻമാദത്തിലാണ് ‘ ദ് സ്‌റ്റാറി നൈറ്റ് ’ എന്ന വിഖ്യാതമായ എണ്ണച്ചായ ചിത്രം പിറവികൊണ്ടത് എന്നാണു ചരിത്രം രേഖപ്പെടുത്തുന്നത്.
വിൻസെന്റ ് വാൻഗോഗ് എന്ന ലോകപ്രശസ്ത ചിത്രകാരന്റെ ‘ദ് സ്‌റ്റാറി നൈറ്റ് ’ എന്ന ചിത്രം രൂപം കൊണ്ടത് അദ്ദേഹം മാനിയ അഥവാ ഉൻമാദം എന്ന മാനസികാവസ്ഥയിലായിരുന്നപ്പോഴാണ് എന്നു പറയുമ്പോൾ അറിയുക, മാനിയ എന്ന രോഗാവസ്ഥ ശരീരമാകെ കത്തിപ്പടരുന്ന ഒരു ഉണർവാണ്. ആനന്ദത്തിന്റെ, ആഹ്ലാദത്തിന്റെ മൂടുപടമിട്ടാണ് അതിന്റെ വരവ്. അതു പകരുന്ന ഉൗർജത്തിന്റെ അലകളിൽ ഒരാൾ ഉൻമാദിയായി മാറുന്നു.
എന്താണ് മാനിയ ?
മാനിയ എന്നത് മനോരോഗനിർണയ പട്ടികയിൽ വളരെ കൃത്യമായി വിശദീകരിക്കുന്ന മൂഡ് ഡിസോഡറാണ്. വിഷാദവും ഉൻമാദവും മാറി മാറി വരുന്ന രോഗാവസ്ഥയാണ് ബൈപോളാർ ഡിസോഡർ. ബൈപോളാർ ഡിസോഡറിന്റെ ഭാഗമായ മാനിയയിൽ തുന്നിച്ചേർത്തതുപോലെ വിഷാദവും വരും. മാനിയയുടെ ഒരുഘട്ടം കഴിയുമ്പോൾ വിഷാദം. വേലിയേറ്റവും വേലിയിറക്കവും പോലെ. ബൈ പോളാർ ഡിസോഡറിലെ വിഷാദാവസ്ഥ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. എന്നാൽ മാനിയ തിരിച്ചറിയാൻ എളുപ്പമാണ്. അസാധാരണവും അമിതവുമായ സന്തോഷവും തീവ്രമായ ഊർജനിലയും മാനിയയുടെ പ്രത്യേകതയാണ്. ഇയാൾക്കിതെന്തു പറ്റി? ഇങ്ങനെ ആയിരുന്നില്ലല്ലോ... എന്നു ചുറ്റുമുള്ളവർ അദ്ഭുതം കൂറിപ്പോകും. ചുരുക്കിപ്പറഞ്ഞാൽ ഒരൊന്നൊന്നര പെർഫൊമൻസ്!
വാമൊഴിയിലെ ‘മാനിയ’കൾ
നമ്മുടെ വർത്തമാന ഭാഷയിൽ സ്ഥിരം സാന്നിധ്യമായി മാനിയ മാറിക്കഴിഞ്ഞിരിക്കുന്നു. ‘അവന് ആഹാരത്തോടു മാനിയ ആണ്. അവൾക്ക് വസ്ത്രങ്ങളോടു മാനിയ ആണ്’... എന്നൊക്കെ പറഞ്ഞു വയ്ക്കുമ്പോൾ അറിയേണ്ട ഒന്നുണ്ട്. എന്തിനോടെങ്കിലും പുലർത്തുന്ന പരിധി കവിഞ്ഞ അഭിനിവേശം അഥവാ ആസക്തിയെയാണ് നാം മാനിയ എന്നു സൂചിപ്പിക്കുന്നത്. വാമൊഴിയിലും വരമൊഴിയിലും ഒരു പെരുമാറ്റത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന ചില പദപ്രയോഗങ്ങൾ മാത്രമാണിത്. പല മാനിയകളും വിളിപ്പേരുകൾ മാത്രമാണ്. ആ വിളിപ്പേരുകളുടെ പിന്നിലാകട്ടെ ഒരു മാനസികാസ്വാസ്ഥ്യം മറഞ്ഞിരിക്കുന്നു.
സ്ഥലത്തെ പ്രധാന മാനിയകൾ
ഒട്ടേറെ മാനിയകളുണ്ട്. ഏറെ പരിചിതമായവയിലൂടെ ഒന്നു കടന്നു പോകാം.
∙ ക്ലെപ്േറ്റാമാനിയ – ഒരു വസ്തു കണ്ടുകഴിഞ്ഞാൽ അത് എടുക്കണം എന്ന ആവേശത്തെ നിയന്ത്രിക്കാൻ കഴിയാതെ അത് എടുക്കുകയും മോഷണമാവുകയും ചെയ്യുന്നു. അതു ചെയ്തു കഴിഞ്ഞു ചെയ്തല്ലോ എന്ന കുറ്റബോധമുണ്ടാകുന്നു. ഒരു കുറ്റകൃത്യം ചെയ്യുന്ന ആൾക്ക്, മോഷ്ടാവിന് ഈ കുറ്റബോധം ഉണ്ടാകുന്നില്ല. ഇത് മാനസികമായ അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒരു പ്രത്യേകതരം രോഗാവസ്ഥയാണ്. വാമൊഴിയിൽ അതിനെ ക്ലെപ്േറ്റാമാനിയ എന്നു വിളിക്കുന്നു.
∙ നിംഫോമാനിയ – നിംഫോമാനിയ ലൈംഗികതയോടുള്ള നിയന്ത്രണാതീത ആസക്തിയാണ്. വർത്തമാന ഭാഷയിൽ ഇവരെ നിംഫോമാനിയാക് എന്നു പറയാം. അതു ചിലപ്പോൾ വ്യക്തിത്വവൈകല്യത്തിന്റെ ഭാഗമോ, ആരോഗ്യകരമായ ലൈംഗികതയുടെ താളംതെറ്റലിന്റെ ലക്ഷണമോ ആകാം. എന്തിന്, മാനിയയുടെ ഭാഗമായ രോഗലക്ഷണവുമാകാം. ലൈംഗിക പ്രശ്നങ്ങളെ പലപ്പോഴും സ്വഭാവദൂഷ്യമായി പരിഗണിച്ച് പിന്നിലെ രോഗാവസ്ഥകളെ അവഗണിക്കുന്നു.
∙ അബ്ലുട്ടോമാനിയ– കൂടെക്കൂടെ കുളിച്ചും കഴുകിയും സ്വയം വൃത്തിയാക്കി ശുചിത്വത്തിന്റെ നിറവു തേടുന്ന അവസ്ഥയാണിത്. ഇതു ചിലപ്പോൾ ഒബ്സസീവ് കംപൽസീവ് ഡിസോഡർ അഥവാ നിയന്ത്രണാതീതമായ ചിന്തകളും അതിന്റെ ഭാഗമായ നിർബന്ധിത പ്രവൃത്തികളെയുമാണ് പ്രതിനിധീകരിക്കുന്നത്. അതൊരു മാനിയ അല്ല. ഒസിഡിയുടെ വിളിപ്പേരാണ്.
∙ ആഫ്രോഡിസിയോ മാനിയ– അസാധാരണമായ ലൈംഗിക അഭിനിവേശമാണത്. അസാധാരണമാണോ, ദൈനംദിന ജീവിതത്തിൽ തകരാറുണ്ടാക്കുന്നതാണോ എന്നു ചിന്തിക്കണം. തകരാറുണ്ടാക്കുന്നുണ്ടെങ്കിൽ അതു ലൈംഗികമായ ഒരു താളപ്പിഴയാകാം. അതുമല്ലെങ്കിൽ രോഗാവസ്ഥയുടെ ലക്ഷണമാണ്.
∙ ബിബ്ലിയോമാനിയ– പുസ്തകങ്ങൾ ശേഖരിക്കുന്നതിലും സ്വന്തമാക്കുന്നതിലും അഭിനിവേശം. മറ്റു കാര്യങ്ങളിൽ നിന്നെല്ലാം ഉൾവലിഞ്ഞ് അതിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രോഗാവസ്ഥയാകാം.
∙ ഈഗോമാനിയ – സ്വയം ആരാധനയുമായി ബന്ധപ്പെട്ടതാണത്. അതു ചിലപ്പോൾ ഒരു നാർസിസിസ്റ്റിക് വ്യക്തിത്വ വൈകല്യത്തിന്റെ ഭാവത്തിൽ നിന്ന് അടർത്തിയെടുക്കപ്പെട്ടതാകാം. ഭയങ്കര ഈഗോ മാനിയ ആണല്ലോ എന്ന് ആളുകൾ പറയാം.
∙ മ്യൂസോ മാനിയ –സംഗീതത്തോടുള്ള അഭിനിവേശം. ‘മ്യൂസോ മാനിയാക്’ ആണെന്നു പറയാറുണ്ട്. സ്വാഭാവികമായി പാട്ടിനോടു അമിത താത്പര്യം കാണിക്കുമ്പോൾ, രോഗം എന്നു പറയില്ല. പക്ഷേ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം വഴുതി മാറി പാട്ടേ ശരണം എന്നുപറഞ്ഞു പാട്ടു കേട്ടിരിക്കുമ്പോൾ അതിലൊരു മാനസികാരോഗ്യ പ്രശ്നമുണ്ട്.
∙ഫോറിൻ മൈഗ്രേഷൻ മാനിയ എന്ന് അടുത്ത കാലത്തു പറയാറുണ്ട്. അതും രോഗാവസ്ഥയായി പറയാനാകില്ല. ആഗ്രഹനിവൃത്തിയ്ക്കായി ഒട്ടേറെ പേർ വിദേശത്തു പോകുന്നു. അതിനെയും മാനിയയായി വിശേഷിപ്പിക്കുന്നു എന്നു മാത്രം.
ദൈനംദിന ജീവിതത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളേയും വിഴുങ്ങുന്ന രീതിയിൽ ഈ അഭിനിവേശങ്ങൾ കടന്നു കയറുന്നുണ്ടോ എന്ന് ഒരന്വേഷണം വേണം. ചികിത്സിച്ചു മാറ്റാവുന്ന ഒട്ടേറെ മാനസിക രോഗാവസ്ഥകൾ അതിന്റെ പിന്നിൽ ഒളിച്ചിരിപ്പുണ്ടാകും.
ൈബപോളാർമാനിയയിലെ മാറ്റങ്ങൾ ശ്രദ്ധിക്കാം
പതിവിനു വിപരീതമായ തകർപ്പൻ സംസാരരീതി, പൊങ്ങച്ചം പറയൽ, ഒരിടത്ത് അടങ്ങിയിരിക്കില്ല, രാത്രി ഉറക്കമില്ല,.. ഈ വ്യത്യാസങ്ങളിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കണം. തുടക്കത്തിലെ കണ്ടെത്തിയാൽ ചികിത്സയിലൂടെ പരിഹരിക്കാൻ എളുപ്പമാണ്. രോഗം മാനിയയുടെ പൂർണഭാവങ്ങളിൽ നിറഞ്ഞാടിക്കഴിഞ്ഞാൽ ചികിത്സ അൽപം ബുദ്ധിമുട്ടാണ്.ചില സാഹചര്യങ്ങളിൽ മാനിയയ്ക്കു സമാനമായുള്ള ലക്ഷണങ്ങൾ പ്രകടമാകാം. ചില എൻഡോക്രൈൻ പ്രശ്നങ്ങൾ, സ്‌റ്റിറോയ്ഡ് മരുന്നുകൾ എന്നിവ കാരണമാകാം. വിഷാദം ചികിത്സിക്കുമ്പോൾ അതിൽ അന്തർലീനമായ ബൈപോളാർ ഡിസോഡർ ആണെങ്കിൽ ആ ചികിത്സയ്ക്കിടയിൽ മാനിയയിലേക്കു വഴി മാറാം. മസ്തിഷ്കത്തിലെ ട്യൂമറുകളുടെ ഭാഗമായ ചില ലക്ഷണങ്ങളും പെരുമാറ്റങ്ങളും പ്രാഥമികമായി മാനിയയോടു സാദ്യശ്യം പുലർത്താം. അതിന്റെ വിശകലനങ്ങളും പ്രധാനമാണ്.
മാനിയ – സ്വയം പരിശോധിക്കാം
∙അമ്പടേ ഞാനേ! എന്ന അസാധാരണമായ ചിന്താഗതി. ഞാനൊരു സംഭവമാണ്. എനിക്കു വേണമെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രി വരെയാകാം.. എന്നൊക്കെ ചിന്തിക്കുന്ന സ്ഥിതി. യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത രീതിയിലുള്ള സ്വയം മതിപ്പും വലിയ ആളാണെന്ന ഭാവവും.
∙ മനസ്സിലൂടെ ആശയങ്ങളും പ്രവർത്തനങ്ങളും ഓടിപ്പായുകയാണ്, തിളച്ചു മറിയുകയാണ്. അതുകൊണ്ടു വിശ്രമിക്കാനോ, ഉറങ്ങാനോ തോന്നുന്നില്ല.
∙പതിവിനു വിപരീതമായി നന്നായി സംസാരിക്കും. സംസാരത്തിനു നല്ല വേഗതയും ആയിരിക്കും. ഒരു വിഷയം സംസാരിച്ചു തുടങ്ങവേ, പെട്ടെന്നു വഴി മാറി അടുത്തതിലേക്കു കടക്കും. മാനിക് പ്രശ്നമുള്ളയാളുടെ സംസാരത്തിന്റെ വേഗത കൂടും. ശബ്ദം ഉച്ചത്തിലാകും.
∙മൂഡ് ഉയർന്നു വരുന്നതോടെ ആശയങ്ങൾ ഒന്നിനു പുറകെ ഒന്നായി ലക്കും ലഗാനുമില്ലാതെ വരും. ചിന്തകളങ്ങനെ കുതിച്ചു പായും. ഒന്നു തീരുന്നതിനു മുൻപേ അടുത്തതിലേക്കു ചാടുന്ന സ്ഥിതി. ആശയങ്ങൾ തലച്ചോറിൽ പറപറക്കുന്ന സ്ഥിതി. പറയുന്ന കാര്യങ്ങൾ തമ്മിൽ ബന്ധം ഉണ്ടാകില്ല.
∙ ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ഗൗരവമുള്ള കാര്യം സംസാരിച്ചിരിക്കവേ തോട്ടത്തിലുള്ള ആ ചെടി കണ്ടോ എന്ന മട്ടിൽ സംസാരത്തിന്റെ ഗതി മാറിപ്പോകാം.
∙ പല കാര്യങ്ങളിലൂടെ ചാടിപ്പോകുന്ന സ്ഥിതി. പൊതുവെ നോക്കുമ്പോൾ ലക്ഷ്യം ഉണ്ടെന്നു തോന്നാം.
∙ പെട്ടെന്ന് ബാങ്കിൽ ആധാരം പണയം വച്ച് വലിയ ബിസിനസ് ആരംഭിക്കുക പോലുള്ളവ ശ്രദ്ധിക്കണം. വലിയ ലക്ഷ്യങ്ങളിലേക്ക് മുൻപിൻ നോക്കാതെയുള്ള എടുത്തുചാട്ടം.
മസ്തിഷ്കത്തിലെ വൈകാരിക സന്തുലനം നിലനിര്‍ത്തുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ അപാകതകളാണു മാനിയയുടെ കാരണമായി വിശദീകരിക്കപ്പെടുന്നത്. മസ്തിഷ്കത്തിലെ ന്യൂറോട്രാൻസ്മിറ്ററുകളുടെയും രാസപദാർഥങ്ങളുടെയും വ്യതിയാനവും മാനിയയിലേക്കു നയിക്കാം.
ജനിതകപരമായ കാരണങ്ങളും മാനിയയ്ക്കു പിന്നിലുണ്ട്.
ഒരു വ്യക്തിയിൽ മാനിയയുടെ കാലപരിധി മൂന്നു മാസം മുതൽ ആറു മാസം വരെയാണ്. പലർക്കും ഈ ഘട്ടത്തിൽ ലൈംഗികാസക്തി കൂടുതലായി കാണും. ഡേറ്റിങ്ങിലേക്കു പലരും നീങ്ങാം. യാതൊരു വകതിരിവുമില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടുക, പന്തയം പോലുള്ളവയിൽ ഏർപ്പെടുക.അങ്ങനെ യുക്തി രഹിതമായ റിസ്ക് ഉള്ള പ്രവർത്തനങ്ങൾ ഇവർ ചെയ്യും. ഇവയിൽ മൂന്നിൽ കൂടുതൽ ലക്ഷണങ്ങൾ ഒരാഴ്ചയിലേറെ നീണ്ടു നിൽക്കുന്നുണ്ടെങ്കിൽ ബൈ പോളാർ ഡിസോഡറിന്റെ മാനിയ ആണോ എന്നു ചിന്തിക്കേണ്ടി വരും.
ഈ ലക്ഷണങ്ങൾ പ്രകടമാകുന്ന പക്ഷം മനശ്ശാസ്ത്ര ചികിത്സകനെ കാണേണ്ടി വരും. വീട്ടുകാർക്ക് വ്യക്തികളുടെ സ്വഭാവം മാറുന്നതു മനസ്സിലാകും. പഴയ തണുപ്പൻ സ്വഭാവമല്ല, ഇത് അമിത പ്രസരിപ്പാണ്, അസാധാരണമാണ് എന്നു മനസ്സിലാകും. ബിസിനസ്സിനെക്കുറിച്ച് ആലോചിക്കാത്ത ഒരാൾ കാശു കടമെടുത്തു ബിസിനസ് ചെയ്യുമ്പോൾ , വസ്ത്രത്തിൽ ശ്രദ്ധിക്കാതിരുന്നയാൾ കടുംനിറമുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ. ലാളിത്യത്തോടെ ജീവിച്ച സ്ത്രീ പതിവില്ലാതെ ലിപ്സ്റ്റിക്കിടുമ്പോൾ, ബ്യൂട്ടിപാർലറിൽ നിത്യ സന്ദർശകയാകുമ്പോൾ... അറിയുക, ഈ മാറ്റങ്ങൾ തിരിച്ചറിയാനാണു മേൽപ്പറഞ്ഞ ചെക്‌ലിസ്റ്റ്.
ആ പ്രണയം എന്നോടാണ്
മാനിയയുടെ ഭാഗമായി ഇറോട്ടോമാനിക് ഡെലൂഷനും വരാം. ഉന്നതർ തങ്ങളെ പ്രണയിക്കുകയാണെന്നതാണ് ഇവരുടെ ധാരണ.‘ ഐശ്വര്യാറായി എന്നെ പ്രണയിക്കുകയാണ്.സിനിമയിലാണെങ്കിലും ഐശ്വര്യയുടെ നോട്ടം എന്നെയാണ്’ എന്നൊക്കെ ചിലർ ചിന്തിക്കും .ഇത്തരം പ്രണയ ധാരണയുമായി അവരുടെ പിന്നാലെ ചുറ്റിത്തിരിയും. മറ്റു ചിലരെ സംബന്ധിച്ച് ചെറിയ കാര്യത്തിനു ദേഷ്യം വരും. അത് ഇറിറ്റബിൾ മാനിയ ആണ്.
നീ പൊട്ടത്തരമാണല്ലോ പറയുന്നത് എന്നെങ്ങാനും അവരോടു പറഞ്ഞാൽ പിന്നെ വഴക്കും പ്രശ്നങ്ങളുമുണ്ടാകാം. മറ്റു ചിലർ ഡെലൂഷന്റെ ഭാഗമായി പൊലീസ് ഒാഫിസറായും ചമയാറുണ്ട്.
മാനിയയുടെ മൂഡ് മാറ്റങ്ങൾക്കൊപ്പം കുറച്ചു മിഥ്യാധാരണകളും വരാം. സ്വയം മതിപ്പ് വാനോളം ഉയരുമ്പോൾ അതിനെ അടിസ്ഥാനമാക്കി ഗ്രാൻഡിയോസ് ഡെലൂഷൻസ് വരുന്നു. ‘ ഞാൻ വളരെ ശക്തനാണ്, നിന്നെ ശപിച്ചു ഭസ്മമാക്കിക്കളയും’ എന്നു വരെ പറഞ്ഞു കളയും. മറ്റു ചിലരാകട്ടെ, ഞാൻ വലിയ പ്രാധാന്യമുള്ള വ്യക്തിയായതിനാൽ എന്നെ അപായപ്പെടുത്താൻ ആളുകൾ വരുന്നുവെന്നു ചിന്തിക്കും. (Persecutory delusions) – സാധാരണ സംശയരോഗത്തിൽ നിന്നു വ്യത്യസ്തമാണിത്.
ചികിത്സ ഇങ്ങനെ
ബൈപോളാർ ഡിസോഡറുള്ള രോഗിക്ക് ഒരിക്കലും ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച ഉണ്ടാകില്ല. മാനിയയുടെ സുന്ദരനിമിഷങ്ങളിൽ ഇതൊക്കെ എന്റെ അപൂർവമായ കഴിവല്ലേ? എന്നൊക്കെ പറഞ്ഞ് അവർ ചികിത്സ നിഷേധിക്കാറുണ്ട്. പലപ്പോഴും തന്ത്രപരമായാണ് അവരെ ഡോക്ടറുടെ അടുത്തു കൊണ്ടു വരുന്നത്. ചില ഘട്ടങ്ങളിൽ ബലപ്രയോഗം തന്നെ വേണ്ടി വരും. മാനിക് എപ്പിസോഡിന്റെ ശരാശരി കാലയളവ് ആയി പറയുന്നത് 3 – 6 മാസങ്ങളാണ്. മാനിയയുടെ കാര്യത്തിൽ ചികിത്സ നിർബന്ധമാണ്. രണ്ടു വിഭാഗം മരുന്നുകളാണു നൽകുന്നത്. മാനിയയെ നിയന്ത്രിക്കുന്നതരം ആന്റി മാനിക് ഒൗഷധങ്ങൾ നൽകുന്നു. രോഗി അപകടകരമായ ഘട്ടങ്ങളിലൂടെ കടന്നു പോകാതെ തടയാനാണിത്. മൂഡ് സ്‌റ്റെബിലൈസറുകളാണ് അടുത്തത്. വൈകാരികതയുടെ സന്തുലിതാവസ്ഥ നില നിർത്തുന്ന ഒൗഷധങ്ങളാണിവ. ചികിത്സയിൽ വളരെയധികം പ്രയോജനം ചെയ്യുന്നവയാണു മൂഡ് സ്‌റ്റെബിലൈസറുകൾ. ഇവയിൽ ലിഥിയം, സോഡിയം വാൽപ്രോവേറ്റ്...പോലുള്ള കുറേ മരുന്നുകളുണ്ട്. മൂഡ് സ്‌റ്റെബിലൈസറുകളുടെ ഗുണം എന്താണെന്നാൽ മാനിയയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും ആവർത്തിക്കാതിരിക്കാനും ഇതു സഹായിക്കും. ഇടയ്ക്ക് മാനിയ ആവർത്തിക്കുന്നവരിൽ മരുന്നു ദീർഘകാലമോ, ജീവിതകാലം മുഴുവനോ മരുന്നു തുടരേണ്ടി വരാം. എന്നാൽ ഒരു തവണ മാനിയ ഉണ്ടായിട്ടു പിന്നീടു വർഷങ്ങളായി അതു വരുന്നില്ലെങ്കിൽ ചികിത്സകന്റെ നിർദേശപ്രകാരം നിശ്ചിത കാലം മരുന്നു കഴിച്ചിട്ടു രോഗം വരുന്നുണ്ടോ എന്നു നിരീക്ഷിക്കാം. ചിട്ടയോടെ മരുന്നു കഴിച്ചാൽ ആറുമാസം കൊണ്ടു രോഗം നിയന്ത്രണത്തിലാക്കാം.
മാനിയയിലെ അടിമത്തം പിന്നെ മാനിയയോടു ചേർന്നു പോകുന്ന മറ്റു ചില അവസ്ഥകൾ ഉണ്ടാകാം. മാനിയയുടെ സമയത്തെ ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഡ്രഗ്സും മദ്യവും ഉപയോഗിക്കുന്നവരുമുണ്ട്. മാനിയ മാറുമ്പോഴേക്കും ഈ വ്യക്തികൾ ലഹരിയ്ക്കും മദ്യത്തിനും അടിമപ്പെടും. മാനിയയുടെ വസന്തകാലത്ത് ലഹരിയിൽ ആറാടിയവർ മാനിയ മാറിക്കഴിഞ്ഞ് ലഹരി അടിമത്തത്തിൽ ആഴ്ന്നുപോകാറുണ്ട്. പലപ്പോഴും അഡിക്ഷൻ ഉള്ള സാഹചര്യത്തിൽ, ഇത് ഏതെങ്കിലും മൂഡ് ഡിസോഡറിന്റെ ഭാഗമാണോ? മാനിയയുടെയോ വിഷാദത്തിന്റെയോ ഭാഗമാണോ എന്നു കൂടി ചിന്തിക്കണം.
കുടുംബം കൂടെ വേണം
മാനിയയ്ക്കു ചികിത്സ സ്വീകരിക്കുന്ന രോഗിയ്ക്കു കുടുംബത്തിന്റെ പിന്തുണ പ്രധാനമാണ്. രോഗി മരുന്നു കൃത്യമായി കഴിക്കുന്നുണ്ടോ എന്നു വീട്ടുകാർ ശ്രദ്ധിക്കണം. രോഗത്തെക്കുറിച്ച് ഉൾക്കാഴ്ച കുറവുള്ള ഒരു രോഗി ആണെങ്കിൽ രോഗശേഷവും ഉൾക്കാഴ്ച ലഭിക്കുന്നില്ലെങ്കിൽ നിർബന്ധമായും ബന്ധുക്കൾ തന്നെ മരുന്നുകൾ കഴിപ്പിക്കണം. മരുന്ന് ആ വ്യക്തിയെ ഏൽപിക്കരുത്. ചിലരിൽ ചികിത്സ കഴിയുമ്പോൾ ഉൾക്കാഴ്ച ലഭിക്കും. നിശ്ചിത അളവിലേറെ മരുന്നുകൾ സ്വയം കഴിക്കുന്ന ആളുകളേയും മരുന്ന് ഏൽപിക്കരുത്. മാനിയ ഉള്ള ആളുകൾക്കു വിഷാദത്തിലേക്കുള്ള ചാഞ്ചാട്ടം ഉണ്ട്. ആത്മഹത്യാപ്രവണതയും ഉണ്ടാകാം. അധിക ഡോസ് റിസ്ക് ഒഴിവാക്കണം. അവരുടെ ബന്ധുക്കൾ ജാഗ്രതയോടെ ഇരിക്കണം. എന്നാൽ ഒരു കുറ്റാന്വേഷകന്റെ ഭാവം അണിയാതിരിക്കുക.
പൊള്ളി വിറയ്ക്കുന്ന പനിക്കാലങ്ങളിൽ ‘പിച്ചും പേയും’ പറയുന്നവരുണ്ട്. ആ പനിക്കാലം കടന്നു പോകുമ്പോൾ ആ വർത്തമാനങ്ങളുടെ കണക്കെടുപ്പു നടത്തി അവരെ നാം അന്യരായി കാണാറുണ്ടോ? ഇല്ല. അതു പോലെയാണു മാനിയയും. രോഗാതുരതയുടെ സമയത്ത് പറഞ്ഞതും ചെയ്തതും ചേർത്തു വച്ച് ചികിത്സ കഴിഞ്ഞും ഉന്മാദിയാണെന്നു പറഞ്ഞ് അകറ്റി നിർത്താതിരിക്കുക....അവരിൽ അവരറിയാതെ തുളുമ്പി വീണ ‘ആനന്ദ’ത്തിന്റെ കഥ പറഞ്ഞ് കുത്തിനോവിക്കാതിരിക്കുക...
വിവരങ്ങൾക്കു കടപ്പാട്
ഡോ. സി.ജെ . ജോൺ
സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ്
മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ , കൊച്ചി