യുവത്വം നിലനിർത്താൻ സഹായിക്കും, സൗന്ദര്യത്തിനു മാറ്റു കൂട്ടും... വെർജിൻ വെളിച്ചെണ്ണ Virgin Coconut Oil as a Beauty Enhancer
വെളിച്ചെണ്ണയുെട തന്നെ വളരെ ശുദ്ധമായ രൂപമാണ് വെർജിൻ വെളിച്ചെണ്ണ. സംസ്കരിക്കാത്തതും ശുദ്ധവും തണുത്തതുമായ വെളിച്ചെണ്ണയാണിത്. ഈ വെളിച്ചെണ്ണയ്ക്കു ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഉണ്ട്. അതോടൊപ്പം തന്നെ സൗന്ദര്യ, ചർമ സംരക്ഷണത്തിനും വെർജിൻ വെളിച്ചെണ്ണ ഉപകാരപ്രദം തന്നെ.
ചർമത്തിനു ഗുണകരം
വെർജിൻ വെളിച്ചെണ്ണ ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കും. ഇതു യുവത്വം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഇതു നേർത്ത വരകളും ചുളിവുകളും ഉണ്ടാക്കുന്നതു കുറയ്ക്കുന്നു. സ്ഥിരമായി പുരട്ടുന്നതു കൂടുതൽ പ്രതിരോധശേഷിയുള്ള ആരോഗ്യമുള്ള ചർമത്തിന് ഇടയാക്കും.
സൗന്ദര്യത്തിനു മാറ്റു കൂട്ടും
വെർജിൻ വെളിച്ചെണ്ണ നല്ല ഒരു മോയിസ്ചറൈസറാണ്. ചർമത്തെ വരൾച്ചയിൽ നിന്നു സംരക്ഷിക്കുകയും ചർമത്തിൽ ജലാംശം നിലനിർത്തുന്നതിനും സഹായിക്കുകയും െചയ്യുന്നു. പല പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപന്നങ്ങളിെലയും ഒരു ഘടകമാണ് ഈ എണ്ണ. മുടിക്കു തിളക്കം കൂട്ടുവാൻ പുറമെ പുരട്ടുന്നത് ഉത്തമമാണ്. മുടിയില്‍ പുരട്ടി അൽപസമയം വച്ചശേഷം കഴുകികളയാം. മുടിയുടെ ആരോഗ്യം മെച്ചപ്പെടും. തലയോട്ടിയിൽ ജലാംശം നൽകുന്നതിനും താരൻ തടയുന്നതിനും മുടിവളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കാം. കീമോതെറപ്പി മൂലം കേടുവന്ന മുടികള്‍ക്കു വളർച്ച ഉണ്ടാകുവാനും ഈ എണ്ണ നല്ലതാണ്.
മേക്കപ്പ് നീക്കം െചയ്യാൻ
നല്ല മേക്കപ്പ് റിമൂവറായും വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാനും ഈ എണ്ണ ഉപയോഗിക്കാം. എണ്ണമയമുള്ളതും മുഖക്കുരു കൂടിയതുമായ ചർമത്തിന് ഈ എണ്ണ നല്ലതല്ല. അധിക ജലാംശം ആവശ്യമുള്ള വരണ്ട ചർമങ്ങളിൽ വെർജിൻ വെളിച്ചെണ്ണ മികച്ചതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടി നോക്കുക. പ്രശ്നമില്ലെങ്കിൽ ക്രമേണ ഉപയോഗിക്കാം. മുഖക്കുരു സാധ്യതയുള്ള ചർമമുള്ളവർ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ബ്ലാക് ഹെഡ്, വൈറ്റ് ഹെഡ്, മുഖക്കുരു പാടുകൾ എന്നിവ ഉണ്ടാകാം.
അൾട്രാ വയലറ്റ് രശ്മികളുമായുള്ള സമ്പർക്കം കാരണമുണ്ടാകുന്ന ചർമ വീക്കം ലഘൂകരിക്കാൻ വെർജിൻ വെളിച്ചെണ്ണയിലുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും. പുറമെ നിന്നു വെർജിൻ വെളിച്ചെണ്ണ വാങ്ങിക്കുമ്പോൾ ഗുണമേന്മയുള്ളവ തന്നെ വാങ്ങിക്കുക.
വെർജിൻ വെളിച്ചെണ്ണ ഒരു ബോഡി സ്ക്രബ് ആയും ഉപയോഗിക്കാം. കൈകാലുകള്‍ മങ്ങിയതായി കാണപ്പെടുകയും വരണ്ടതായി തോന്നുകയും ചെയ്താൽ വെർജിൻ വെളിച്ചെണ്ണ ഒരു ബോഡി സ്ക്രബ് ആയി ഉപയോഗിക്കാം. ഇതു ചർമത്തിനു തിളക്കവും മൃദുത്വവും നൽകും. വിണ്ടു കീറിയ ചുണ്ടുകളിൽ പുരട്ടാനും ഈ എണ്ണ നല്ലതാണ്.
ശരീര ദുർഗന്ധം മാറ്റുവാനും വെർജിൻ വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ്. വായിൽ ഇട്ട് കുറെ സമയം കുലുക്കുഴിയുന്നതു വായിൽ നിന്നു രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ പുറം തള്ളാൻ സഹായിക്കും.
മിനി മേരി പ്രകാശ്
കൺസൽറ്റന്റ് ഡയറ്റീഷൻ
പിആർഎസ് ഹോസ്പിറ്റൽ, തിരുവനന്തപുരം