തെളിവാർന്ന ഓർമ, പ്രിയമേറും വായന - പത്മ പുരസ്കാര നിറവിൽ ജസ്റ്റിസ് കെ.ടി. തോമസ് Justice KT Thomas -A life painted with memories
മഴവില്ലു പോലെയാണ് ഓർമകളും. പതിയെ ആ നിറങ്ങൾ ഓരോന്നായി മായും. പിന്നെ താരകമൊഴിഞ്ഞ വാനം പോലെ ഓർമച്ചിത്രങ്ങളുടെ നിഴൽ പോലുമില്ലാതെ, മനസ്സു മാത്രം ബാക്കിയാകും. എന്നാൽ ജീവിത സായന്തനത്തിലും വർണങ്ങൾ വാർന്നു പോകാത്ത സ്മൃതികളുടെ ഒരു മഴവില്ല് ജസ്റ്റിസ് കെ.ടി. തോമസിന്റെ ജീവിതത്തിനു മേൽ തിളങ്ങി നിൽപ്പുണ്ട്.
മഴവില്ലു പോലെയാണ് ഓർമകളും. പതിയെ ആ നിറങ്ങൾ ഓരോന്നായി മായും. പിന്നെ താരകമൊഴിഞ്ഞ വാനം പോലെ ഓർമച്ചിത്രങ്ങളുടെ നിഴൽ പോലുമില്ലാതെ, മനസ്സു മാത്രം ബാക്കിയാകും. എന്നാൽ ജീവിത സായന്തനത്തിലും വർണങ്ങൾ വാർന്നു പോകാത്ത സ്മൃതികളുടെ ഒരു മഴവില്ല് ജസ്റ്റിസ് കെ.ടി. തോമസിന്റെ ജീവിതത്തിനു മേൽ തിളങ്ങി നിൽപ്പുണ്ട്.
മഴവില്ലു പോലെയാണ് ഓർമകളും. പതിയെ ആ നിറങ്ങൾ ഓരോന്നായി മായും. പിന്നെ താരകമൊഴിഞ്ഞ വാനം പോലെ ഓർമച്ചിത്രങ്ങളുടെ നിഴൽ പോലുമില്ലാതെ, മനസ്സു മാത്രം ബാക്കിയാകും. എന്നാൽ ജീവിത സായന്തനത്തിലും വർണങ്ങൾ വാർന്നു പോകാത്ത സ്മൃതികളുടെ ഒരു മഴവില്ല് ജസ്റ്റിസ് കെ.ടി. തോമസിന്റെ ജീവിതത്തിനു മേൽ തിളങ്ങി നിൽപ്പുണ്ട്.
മഴവില്ലു പോലെയാണ് ഓർമകളും. പതിയെ ആ നിറങ്ങൾ ഓരോന്നായി മായും. പിന്നെ താരകമൊഴിഞ്ഞ വാനം പോലെ ഓർമച്ചിത്രങ്ങളുടെ നിഴൽ പോലുമില്ലാതെ, മനസ്സു മാത്രം ബാക്കിയാകും.എന്നാൽ ജീവിത സായന്തനത്തിലും വർണങ്ങൾ വാർന്നു പോകാത്ത സ്മൃതികളുടെ ഒരു മഴവില്ല് ജസ്റ്റിസ് കെ.ടി. തോമസിന്റെ ജീവിതത്തിനു മേൽ തിളങ്ങി നിൽപ്പുണ്ട്. രാജീവ് ഗാന്ധി വധക്കേസ് ഉൾപ്പെടെ ഒട്ടേറെ വിധിന്യായങ്ങളിലൂടെ മലയാളിയുടെ അഭിമാനമായ, മുൻ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസ് ഇന്നു പത്മവിഭൂഷൺ ബഹുമതിയുടെ നിറവിലാണ്.
ശൈശവവും ബാല്യവും കൗമാരവും യൗവനവും പുതുഭംഗിയോടെ വാക് വിസ്മയങ്ങളാകുമ്പോൾ, അദ്ദേഹത്തിന്റെ ഓർമച്ചിറകുകളിൽ വിടരുന്നുണ്ട് ആർദ്രമായ ഒരു ജീവിതകഥ. മന്ദഹാസവും മൗനവും അദ്ഭുതാതിരേകങ്ങളും കൃതജ്ഞതയും ചെറുകണ്ണീർ നനവും കൊണ്ടു സാർഥകമായ ഒരായിരമോർമകൾ...കാലം മായ്ക്കാത്ത സുവർണ സ്മൃതികളിൽ പ്രിയപ്പെട്ടവ പങ്കുവയ്ക്കുകയാണ് ഈ ന്യായാധിപൻ.
“എന്റെ കൂടെയുള്ളവരു പറയുന്നത് അവരു മറന്ന കാര്യങ്ങളൊക്കെ ഞാൻ ഓർമിക്കുന്നുണ്ടെന്നാണ്. കുറച്ചു കാലം കൂടി ഈ ഓർമ കിട്ടുമായിരിക്കും.” കോട്ടയത്ത് മുട്ടമ്പലത്തെ വീട്ടിലിരുന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു തുടങ്ങി.
മൂന്നാം വയസ്സിലെ സർക്കസ്
എനിക്കു മൂന്നു വയസ്സുള്ള കാലമാണ്. അന്നു ഞങ്ങളുടെ വീട് കോട്ടയത്ത് തിരുനക്കര മൈതാനത്തിന്റെ കിഴക്കു വശത്താണ്. ആ കാലത്ത് തിരുനക്കര മൈതാനത്ത് ഒരു സർക്കസ് വന്നു. പെട്ടെന്നൊരു രാത്രിയിൽ ഒട്ടേറെ വണ്ടികൾ വരികയാണ്. നേരം പുലർന്നപ്പോൾ മൈതാനത്ത് ഒരു വലിയ ടെന്റ ് ഉയർന്നിരിക്കുന്നു. ആദ്യമായി മൃഗങ്ങളെ കണ്ടത് അന്നാണ്. അടുത്ത ദിവസം എന്നെയും പിതൃസഹോദര പുത്രൻ ബാബുവിനെയും കൂട്ടി വീട്ടുകാർ സർക്കസ് കാണാൻ പോയി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ ബഫൂണിന്റെ കളികളാണ്. സായിപ്പുമാർ ധാരാളമുണ്ടായിരുന്നു ആ സർക്കസിൽ. കുഞ്ഞുന്നാളിലെ ഏറ്റവും പ്രിയപ്പെട്ടൊരോർമയാണത്.
മിസ് ഈസ്റ്റും പുൽമേടും
മിസ് ഈസ്റ്റ് എന്ന മദാമ്മ നടത്തിയിരുന്ന ബേക്കർ മെമ്മോറിയൽ കിന്റർ ഗാർട്ടൻ സ്കൂളിലാണ് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഞാൻ പഠിച്ചത്. ഇംഗ്ലണ്ടിൽ മോണ്ടിസോറി ട്രെയിനിങ്് കഴിഞ്ഞ അധ്യാപകർ. ഇംഗ്ലീഷ് മാതൃകയിലുള്ള സ്കൂൾ. ഇംഗ്ലണ്ടിൽ നിന്നുള്ള വിത്ത് മുളപ്പിച്ചുണ്ടാക്കിയ മൂന്നേക്കറോളം പുൽമേടുണ്ടായിരുന്നു സ്കൂളിൽ.
ആ പുൽമേട് ചെന്നത്തുന്നത് അവരു തന്നെ നിർമിച്ച ഒരു കാട്ടിലാണ്. അവിടെ പറങ്കിമാവ്, ഞാറ, നെല്ലി... അങ്ങനെ ഒട്ടേറെ മരങ്ങൾ. വന്യമൃഗങ്ങളില്ല എന്നു മാത്രം. അതൊരു കാടു തന്നെയായിരുന്നു. അന്ന് ഉദയാ സ്റ്റുഡിയോ ‘നല്ല തങ്ക’ എന്ന സിനിമയ്ക്ക് ഉപയോഗിച്ചത് ഈ കാടാണ്. കോട്ടയം നഗരത്തിനകത്ത് ഒരു കാട്. എത്ര രസമായിരുന്നു. ഈ സ്കൂളിൽ മാത്രമേ അന്ന് യൂണിഫോം ഉള്ളൂ. നീലയും വെളുപ്പും.
സ്കൂളിലേക്കുള്ള വഴിയിൽ ഇരുവശത്തും നിറയെ ചൂളമരങ്ങൾ. മിസ് ഈസ്റ്റ് മദാമ്മയുടെ ബംഗ്ലാവിനു ചുറ്റും പൂന്തോട്ടമാണ്. രണ്ടാം ലോകമഹായുദ്ധ കാലം അന്ന് ‘യമൻഡൻ’ എന്നൊരു കപ്പൽ കൊച്ചിയിലെത്തുമെന്നും ബോംബിടാൻ സാധ്യതയുണ്ടെന്നുമറിഞ്ഞതിനാൽ ആ ബോംബ് ആക്രമണത്തെ അതിജീവിക്കാൻ സ്കൂളിൽ പരിശീലന ക്ലാസുണ്ടായിരുന്നതും ഓർമിക്കുന്നുണ്ട്.
അക്കാലത്ത് ഒരു ക്ലാസ്സിൽ മാത്രം എന്നെ സർക്കാർ സ്കൂളിൽ ചേർത്തു. എന്നെപ്പോലെ കാൽച്ചട്ടയും ഷർട്ടുമിട്ട കുട്ടികൾ അവിടെ വിരളമായിരുന്നു. തോർത്തു മുണ്ടു മാത്രമുടുത്ത കുട്ടികളാണു കൂടുതലും. അരി ദുർലഭമാണ്. ആ കുട്ടികൾക്കു സ്കൂളിൽ ചോറും കാച്ചിയ മോരും മാങ്ങാച്ചമ്മന്തിയും സൗജന്യമായി നൽകിയിരുന്നു. അന്നാണു പട്ടിണി എന്ന അനുഭവം കണ്ടറിഞ്ഞു മനസ്സിലാക്കിയത്.
പഠനം തളിർത്ത കാലം
സിഎംഎസ് ഹൈസ്കൂളിൽ പോകുന്നതിനു മുൻപ് പ്രിപാറട്ടറി എന്ന ക്ലാസുണ്ടായിരുന്നു. അതു കഴിഞ്ഞ് ഫസ്റ്റ് ഫോറം. 1947–ൽ ഇന്ത്യയ്ക്കു സ്വാതന്ത്യം കിടുമ്പോൾ ഞാൻ ഫസ്റ്റ് ഫോറത്തിലാണ്. 1948–ൽ സെക്കൻഡ് ഫോറം, 1949 ൽ തേർഡ്ഫോറം. തേർഡ് ഫോറം കഴിഞ്ഞാൽ പബ്ലിക് പരീക്ഷയാണ്. അതു കഴിഞ്ഞാണ് 1950 ൽ ഫോർത് ഫോറത്തിൽ കയറുന്നത്. അതാണ് ഹൈസ്കൂൾ. 1951–ൽ ഫിഫ്ത് ഫോറം, 1952–ൽ സിക്സ്ത് ഫോറം. മെട്രിക്കുലേഷനാണു സിക്സ്ത് ഫോറം,. ഇന്നത്തെ സിഎംഎസ് കോളജ് ക്യാംപസിലാണ് തേർഡ് ഫോറം വരെയുള്ള ക്ലാസുകൾ. അതെല്ലാം ഓർമകളുടെ പൂക്കാലമാണ്. 1953 ലാണ് കോളജിലേക്കു വരുന്നത്. ഇന്റർ മീഡിയേറ്റ് പഠിച്ചത് സിഎംഎസ് കോളജിലായിരുന്നു
പ്രിയപ്പെട്ടു നെഹ്റു
1955–ൽ സെന്റ് ആൽബർട്സ് കോളജിൽ ബിഎയ്ക്കു ചേർന്നു. അവിടെ യൂണിയൻ ചെയർമാൻ ആയിരുന്നു. “ഐ വാണ്ട് ടു ബി ലീവ് സംതിങ് ടു ബി റിമംബേഡ്... അതു കൊണ്ട് ഞങ്ങൾ അന്ന് അവിടെ ഇന്ത്യൻ പാർലമെന്റിന്റെ ഒരു റെപ്ലിക്ക (മോക് പാർലമെന്റ് ) അവതരിപ്പിച്ചു.
ഞാൻ ഇന്ത്യയിലെ യൂത്ത് കോൺഗ്രസ് സ്ഥാപക നേതാവാണ്. സെന്റ് ആൽബർട്സിലെ പഠന കാലത്ത് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് സ്ഥാപനത്തിനു വേണ്ടി നടത്തിയ ക്യാംപിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധി ഞാനായിരുന്നു. നെഹ്റുവിന്റെ വീട്ടിലാണു ചടങ്ങുകൾ. നെഹ്റുവിനോടൊപ്പമുള്ള ആ ചിത്രം ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. നെഹ്റുവിനോടു സംസാരിച്ചവരിൽ ഇന്നു കേരളത്തിൽ ജീവിച്ചിരിക്കുന്നത് ഞാൻ മാത്രമേയുള്ളൂ എന്ന് അടുത്തിടെ ഒരാൾ പ്രസംഗിച്ചത് ഓർമിക്കുന്നു. അതു ശരിയായിരിക്കാം. ബാക്കി എല്ലാവരും മരിച്ചു പോയില്ലേ... ഞാൻ ഇപ്പോഴും നെഹ്റുവിന്റെ ആരാധകനാണ്.
1952 . ഞാൻ നെഹ്റുവുമായി സംസാരിക്കുന്നതിനുമൊക്കെ മുൻപാണ്. നെഹ്റു കോട്ടയത്തു പ്രസംഗിച്ചതൊക്കെ നന്നായി ഓർമിക്കുന്നുണ്ട്. നെഹ്റു മേശയിലിരുന്ന്... മൈക്കും പിടിച്ച്... ആ ഒാർമചിത്രം ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
അന്ന് നെഹ്റുവിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു. “ഐ യൂസ്ഡ് ടു ഹിയർ പീപ്പിൾ കോളിങ് ഔട്ട് ഭാരത് മാതാ കീ ജയ്... വാട്സ് മെന്റ് ബൈ ഭാരത് മാതാ... ഐ വെന്റ് ആൻഡ് സെർച് ഫോർ ഭാരത് മാതാ ഫ്രം ദ വാലീസ് ഓഫ് ഹിമാലയ അപ് ടു ദ ഷോർസ് ഓഫ് കേപ് കോമ്റെയിൻ...ൈഫനലി ഐ ഫൗണ്ട് ഭാരത് മാതാ റിഫ്ളക്റ്റിങ് ഓൺ ദ ഫെയ്സ് ഒഫ് എവ്‌രി ഇന്ത്യൻ...” എത്ര ആവേശത്തോടെയാണ് അന്ന് ആ പ്രസംഗം കേട്ടിരുന്നത്.
1957–59 കാലം മദ്രാസ് ലോ കോളജിൽ പഠിച്ചു. 1960 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1977–ൽ ഡിസ്ട്രിക്റ്റ് ജഡ്ജായി നിയമിതനായി. 1985–ൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. 1995–ൽ കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി (ആക്ടിങ്). 1996 ലാണ് സുപ്രീം കോടതിയിലെത്തുന്നത്.
പത്മഭൂഷൻ കിട്ടിയതും സുപ്രീം കോടതിയിലെ വിരമിക്കൽ ചടങ്ങിൽ കപിൽ സിബൽ എന്നെക്കുറിച്ചു കവിതയെഴുതിയതുമെല്ലാം സന്തോഷമുള്ള ഓർമകളാണ്.
എന്റെ പാട്ടോർമകൾ
എനിക്കു പാടാൻ ഒരുപാടിഷ്ടമാണ്. പാട്ടിനു സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. ഗാന്ധിജി മരിച്ച സമയത്തു കോട്ടയത്തു നടന്ന ചടങ്ങിൽ പാടിക്കേട്ട പാട്ടുകളൊക്കെ എന്റെ ഓർമയിലുണ്ട്. 1950 ലെ റിപ്പബ്ലിക് ദിനത്തിൽ തിരുനക്കര മൈതാനത്തു നടന്ന ചടങ്ങിൽ ഞാനും പാടി.
“ആർഷശോണിതാഭിഷിക്ത
പുണ്യഭാരതം പുണ്യഭാരതം...
മഞ്ഞണിഞ്ഞ മാമലകൾ തിങ്ങും നാടതിൽ
മന്ദഹാസ ധാരകൾ ചൊരിയും നാടതിൽ...”
ഞാൻ മൈക്കിലൂടെ പാടുന്നത് വീട്ടിലിരുന്ന് എന്റെ അമ്മ ആദ്യമായി കേട്ട പാട്ടു കൂടിയാണിത്.
തടവുകാരുടെ ജീവിതം
സുപ്രീം കോടതിയിലെ എല്ലാ കേസുകളും ഓരോ ഓർമകളാണ്... തടവുകാരുടെ ജീവിതനവീകരണത്തിനു വേണ്ടിയുള്ള ഒരു ജഡ്ജ്മെന്റുണ്ട്. അതാണ് ഓർമയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഒരു പക്ഷേ, രാജീവ് ഗാന്ധി വധക്കേസിലെ വിധിയെക്കാളും മനസ്സിൽ തങ്ങി നിൽക്കുന്നത് അതാണ്. ഏറ്റവും കൂടുതല്‍ ജഡ്ജ്മെന്റുകൾ പറഞ്ഞ ഒരു ജഡ്ജിയായാണ് എന്നെ കരുതുന്നത്. റിട്ടയർ ചെയ്ത ശേഷവും തിരക്കുകൾക്കു കുറവൊന്നുമില്ല. സെൽഫ് ഫിനാൻസിങ് കോളജുകളുടെ ഫീ ഫിക്സേഷൻ കമ്മീഷൻ ചെയർമാനായിരുന്നു. പിന്നെ പൊലീസ് റിഫോംസ് കമ്മീഷൻ...
ഓർമ നൽകുന്നതു ദൈവം
ഓർമയും ആരോഗ്യവും നൽകുന്നതു ദൈവമല്ലേ? തികഞ്ഞ ദൈവഭക്തനാണു ഞാൻ. രാത്രി കിടക്കും മുൻപ് ചെയ്തതിനെല്ലാം കണക്കു ബോധിപ്പിച്ചു പ്രാർഥിക്കും. ഉണരുമ്പോൾ പ്രാർഥിക്കുന്നത് ഒരാളോടും വാക്കിലും പ്രവൃത്തിയിലും തെറ്റു ചെയ്യാൻ ഇടവരുത്തരുതേ എന്നാണ്. എന്റെ ബാറ്ററി ചാർജിങ്ങാണു പ്രാര്‍ഥന. ദൈവം എന്നെ ഇന്ത്യയുടെ പരമോന്നത ന്യായപീഠത്തിൽ എത്തിക്കുകയും ക്രെഡിറ്റബിളായി വിരമിക്കാനിട വരുത്തുകയും ചെയ്തില്ലേ. ദൈവത്തിന്റെ പരിരക്ഷയാണ് എന്റെ സമ്പാദ്യം.
വായനയും എഴുത്തും
കിട്ടുന്നത്ര സമയം എഴുതാനും വായിക്കാനുമാണിഷ്ടം. രാവിലെ നടക്കാൻ പോകുന്നതിനു മുൻപു വായിക്കും. തിരികെ വന്നു പത്രവായന. ലേഖനങ്ങൾ എഴുതും. മനസ്സ് എപ്പോഴും എൻഗേജ്ഡ് ആയിരിക്കാനായി രാത്രിയിലും വായനയുണ്ട്. വാർത്തകളൊക്കെ കണ്ടും കേട്ടും കഴിഞ്ഞു കിടക്കാൻ പോകുമ്പോൾ കട്ടിലിൽ നിറയെ പുസ്തകങ്ങളുണ്ടാകും. അതെല്ലാം വായിക്കും. ഉറക്കത്തിനിടയിൽ ഉണരുമ്പോഴും ബെഡ് ലൈറ്റ് ഇട്ട് വീണ്ടും വായന.
‘സാപ്പിയൻസ്’ എന്ന ബുക്ക് പ്രിയപ്പെട്ടതാണ്. പലയാവർത്തി വായിച്ചത് ഫ്രീഡം അറ്റ് മിഡ്നൈറ്റാണ്. ജീവചരിത്രങ്ങൾ കൂടുതൽ വായിക്കും. മഹാത്മഗാന്ധിയുടെ ബയോഗ്രഫി ഏറെ പ്രിയപ്പെട്ടതാണ്. അറിവു വർധിപ്പിക്കുന്ന നോവലുകളും ഇഷ്ടമാണ്. ഇർവിങ് വാലസിന്റെ – ദി ആർ ഡോക്യുമെന്റ് പോലെ.
തകഴിയുടെ രണ്ടിഴങ്ങഴി. ചെമ്മീൻ, കേശവദേവിന്റെ പുസ്തകങ്ങൾ, ഉറൂബിന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എല്ലാം ഇഷ്ടമാണ്. എംടിയുടെ എല്ലാ പുസ്തകങ്ങളും ഇഷ്ടമാണ്. രണ്ടാമൂഴമൊക്കെ രണ്ടു മൂന്നു തവണ വായിച്ചിട്ടുണ്ട്. എന്റെ സ്വകാര്യ ശേഖരത്തിലെ അത്രയും പുസ്തകങ്ങൾ മറ്റൊരാൾക്കുണ്ടാകുമോ? എന്നു സംശയമാണ്.
അടുക്കും ചിട്ടയും
ജീവിതത്തിനു നല്ല അടുക്കും ചിട്ടയുമുണ്ട്. പ്രമേഹം ഇല്ല. നേരിയ ബിപിക്കു പതിവായും കൃത്യമായും മരുന്നു കഴിക്കുന്നു. രണ്ട് ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞതിനാൽ ഡയറ്റ് നന്നായി ശ്രദ്ധിക്കും. മാംസം വളരെ കുറച്ചേ കഴിക്കൂ. മത്സ്യം കഴിക്കും. വെജിറ്റേറിയൻ ഭക്ഷണമാണിഷ്ടം. രാവിലെ ഒരു മണിക്കൂർ നടക്കാൻ പോകാറുണ്ട്. യോഗയോ ധ്യാനമോ ചെയ്യാറില്ല. സിനിമ കാണാൻ ഇഷ്ടമാണ്. ടിവിയിൽ സിനിമ കാണും. നല്ല സിനിമയാണെങ്കിൽ തിയറ്ററിൽ പോയി കാണും.
ഇനിയും എഴുതാൻ മോഹം
തെറ്റായ വിധിന്യായങ്ങളൊന്നും നടത്തിയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. കേരള ഹൈക്കോടതിയിലിരുന്ന കാലത്ത് ഒരു കേസിലെ വിധിന്യായം തെറ്റാണെന്ന് എന്റെ മനസ്സു പറഞ്ഞു. അതു ഞാൻ ഉടൻ തന്നെ തിരുത്തിയെഴുതി. ഇപ്പോഴും ധാരാളം പേർക്ക് നിയമ ഉപദേശങ്ങൾ സൗജന്യമായി നൽകാറുണ്ട്.
Honeybees of Solomon ( സോളമന്റെ തേനീച്ചകൾ) എന്ന പുസ്തകം എന്റെ അഭിഭാഷക ജീവിതത്തിലെയും ന്യായാധിപ ജീവിതത്തിലെയും അനുഭവങ്ങൾ സമാഹരിച്ചതാണ്. പോസ്റ്റ് റിട്ടയർമെന്റ് ലൈഫിനെക്കുറിച്ച്, അക്കൂട്ടത്തിൽ ശൈശവത്തിലെ കുസൃതി ഓർമകൾ മുതൽ അഭിഭാഷകനായ ചേർന്ന കാലം വരെ ഉൾപ്പെടുത്തി എഴുതണമെന്നൊരു മോഹവുമുണ്ട്. സ്മരണകൾ എന്ന പേരിൽ എന്റെ അടുത്ത സുഹൃത്തു കൂടിയായ ഡി. ബാബുപോളിനെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു.
സംസാരിച്ചു തീർന്നപ്പോൾ തോമസ് സാർ മെല്ലെ മുറ്റത്തേക്കു നടന്നു. അദ്ദേഹം നടന്നു നീങ്ങവേ കാലം മായ്ക്കാത്ത ഓർമകളുടെ, ഉറവ വറ്റാത്ത ഒരു പുഴ ഒഴുകുന്നതു പോലെ തോന്നി.