മാറിലും നട്ടെല്ലിലുമായി രണ്ടു തവണ അര്ബുദം: സംഗീതത്തിന്റെയും ഭക്തിയുടെയും കൂട്ടുപിടിച്ചു നേരിട്ട് വിശാലാക്ഷി
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ ഗുരുവായൂരമ്പലനടയിൽ... സ്വീകരണമുറിയായും കിടപ്പുമുറിയായും വേഷം മാറുന്ന കൊച്ചു മുറിയിലിരുന്നു മടിയിൽ വച്ചിരിക്കുന്ന മുരുകസ്തുതികളുടെ പുസ്തകത്തിൽ മെല്ലെ താളമിട്ട്, 74 വയസ്സിലും മാധുര്യം ചോരാത്ത സ്വരത്തിൽ വിശാലാക്ഷി പാടുകയാണ്... കൃഷ്ണഗാഥയായ് ഇന്നെന്റെ മാനസം നിന്റെ
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ ഗുരുവായൂരമ്പലനടയിൽ... സ്വീകരണമുറിയായും കിടപ്പുമുറിയായും വേഷം മാറുന്ന കൊച്ചു മുറിയിലിരുന്നു മടിയിൽ വച്ചിരിക്കുന്ന മുരുകസ്തുതികളുടെ പുസ്തകത്തിൽ മെല്ലെ താളമിട്ട്, 74 വയസ്സിലും മാധുര്യം ചോരാത്ത സ്വരത്തിൽ വിശാലാക്ഷി പാടുകയാണ്... കൃഷ്ണഗാഥയായ് ഇന്നെന്റെ മാനസം നിന്റെ
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ ഗുരുവായൂരമ്പലനടയിൽ... സ്വീകരണമുറിയായും കിടപ്പുമുറിയായും വേഷം മാറുന്ന കൊച്ചു മുറിയിലിരുന്നു മടിയിൽ വച്ചിരിക്കുന്ന മുരുകസ്തുതികളുടെ പുസ്തകത്തിൽ മെല്ലെ താളമിട്ട്, 74 വയസ്സിലും മാധുര്യം ചോരാത്ത സ്വരത്തിൽ വിശാലാക്ഷി പാടുകയാണ്... കൃഷ്ണഗാഥയായ് ഇന്നെന്റെ മാനസം നിന്റെ
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ
ഗുരുവായൂരമ്പലനടയിൽ...
സ്വീകരണമുറിയായും കിടപ്പുമുറിയായും വേഷം മാറുന്ന കൊച്ചു മുറിയിലിരുന്നു മടിയിൽ വച്ചിരിക്കുന്ന മുരുകസ്തുതികളുടെ പുസ്തകത്തിൽ മെല്ലെ താളമിട്ട്, 74 വയസ്സിലും മാധുര്യം ചോരാത്ത സ്വരത്തിൽ വിശാലാക്ഷി പാടുകയാണ്...
കൃഷ്ണഗാഥയായ് ഇന്നെന്റെ മാനസം
നിന്റെ പാദരേണു ചൂടി ധന്യയായ് ഞാൻ....
കേട്ടിരിക്കുമ്പോൾ മട്ടാഞ്ചേരിയിലെ ആ കൊച്ചുവീട്ടിൽ വൃന്ദാവനത്തിന്റെ തണുപ്പു നിറഞ്ഞു. ഭിത്തിയിൽ ഒട്ടിച്ചുവച്ച മയിൽപ്പീലികൾ തലയാട്ടി....
ഒരു നൊമ്പരക്കാലം
രണ്ടു തവണയാണു വിശാലാക്ഷിക്ക് അർബുദം വന്നത്. 2002 ൽ, വലത്തെ മാറിടത്തിലും 2011 ൽ നട്ടെല്ലിലും. ആദ്യ തവണ അസുഖം വന്നപ്പോൾ അർബുദമെന്ന വാക്കു പോലും പരിചിതമല്ലായിരുന്നു. പക്ഷേ, 2000 ൽ ഗർഭപാത്രം നീക്കൽ സർജറി കഴിഞ്ഞതുകൊണ്ട് ആശുപത്രി യാത്രകളും മരുന്നുകളുടെ മണവും സർജറിയുടെ ബുദ്ധിമുട്ടുകളും പരിചിതമായി കഴിഞ്ഞിരുന്നു.
ജീവിതം വേർപാടിന്റെ നൊമ്പരങ്ങളിലൂടെ കടന്നുപോകുന്ന സമയമായിരുന്നത്. വർഷത്തെ വിവാഹജീവിതത്തി ൽ നിന്നും ഭർത്താവു ചിദംബരനെ വൃക്കരോഗം വിളിച്ചു കൊണ്ടുപോയപ്പോഴുള്ള ഒറ്റപ്പെടലും നോവും മറക്കാനുള്ള ശ്രമത്തിനിടയ്ക്കാണു ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നത്. വിശാലാക്ഷിയുടെ സർജറി കഴിഞ്ഞു നാലാം നാൾ അമ്മ മരിച്ചു. മകളുടെ ജീവിതത്തിൽ തുടരെത്തുടരെ വന്ന ദുരന്തങ്ങൾ ആ അമ്മ മനസ്സിനെ അത്ര കണ്ടു നോവിച്ചിരിക്കണം. അമ്മ മരിക്കുന്നതിന് ആറു മാസം മുൻപെ അച്ഛൻ വിടപറഞ്ഞിരുന്നു. സർജറിയുടെ വൈഷമ്യങ്ങളും മാതാപിതാക്കളുടെ വേർപാടും ഒക്കെ ഹൃദയത്തെ ഞെരുക്കിയെങ്കിലും വിശാലാക്ഷി പിടിച്ചുനിന്നു.
വരവറിയിച്ചു സ്തനത്തിലെ മാറ്റം
അപ്പോഴാണു വലിയ സൂചനകളൊന്നും തരാതെ പതുങ്ങിയിരുന്ന സ്തനാർബുദം വരവറിയിച്ചത്. വലത്തെ മുലഞെട്ട് ഉൾവലിഞ്ഞതായിരുന്നു ലക്ഷണം. മുഴയോ വേദനയോ സ്രവമോ ഒന്നുമില്ല. അന്ന് അനിയത്തി മീനാക്ഷിക്കൊപ്പമായിരുന്നു താമസം. അവർ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേഷൻ സെക്‌ഷനിലാണു ജോലി ചെയ്തിരുന്നത്. ഇക്കാര്യം പറഞ്ഞപ്പോൾ സമയം കളയാതെ ആശുപത്രിയിൽ പോ കാമെന്നു പറഞ്ഞു. നേരേ ലക്ഷ്മി ഹോസ്പിറ്റലിൽ പോയി സർജനെ കണ്ടു. അദ്ദേഹം ബയോപ്സി ചെയ്തു നോക്കി, കാൻസർ ആണെന്നു കണ്ടുപിടിച്ചു.
13 വർഷം മുൻപു കാൻസർ എന്നു പറഞ്ഞാൽ ശാപമോ ദൈവകോപമോ ഒക്കെയായാണു കാണുക. കാൻസർ വന്നാൽ ജീവിതം തീർന്നു എന്ന പേടിപ്പിക്കൽ വേറെ. വിശാലാക്ഷിക്കു പക്ഷേ, പേടിയൊന്നും തോന്നിയില്ല. താലോലിക്കാൻ ഒരു കുഞ്ഞിനെ പോലും ഭഗവാൻ തന്നിട്ടില്ല. ആകെയുള്ള ഭർത്താവു പോയി. അർഥമില്ലാത്ത ജീവിതം നീട്ടിക്കിട്ടിയെന്തു കാര്യം, മരിക്കുന്നെങ്കിൽ അങ്ങു മരിക്കട്ടെ എന്നായിരുന്നു മനസ്സിൽ. പക്ഷേ, ഭഗവാന്റെ മനസ്സിലിരുപ്പ് അതായിരുന്നില്ല.
ആളായും പണമായും അനിയത്തിയും അനിയന്മാരും മ റ്റു കുടുംബാംഗങ്ങളും തങ്ങളെക്കൊണ്ടാകുന്നതു ചെയ്തു കൂടെ നിന്നു. ആ സമയത്ത് അർബുദ ചികിത്സകൻ ഡോ. മോഹനൻ നായർ ലക്ഷ്മിയിൽ വരാറുണ്ട്. സർജൻ പറഞ്ഞപ്രകാരം അദ്ദേഹത്തെ പോയിക്കണ്ടു. റിപ്പോർട്ടുകളൊക്കെ നോക്കി അദ്ദേഹം ധൈര്യം പകർന്നുÐ ‘‘വിശാലാക്ഷി ധൈര്യമായിരിക്കൂ... ആദ്യം സർജറി വേണം. പിന്നെ കീമോയും റേഡിയേഷനും...എല്ലാം ശരിയാകും.’’
കാൻസർ ചികിത്സ നല്ല പണച്ചെലവുള്ള കാര്യമാണ്, അ ന്നും. ആരുമില്ലാത്തവർക്കു ഭഗവാൻ തുണ എന്നാണല്ലൊ. രോഗത്തെ ചികിത്സിക്കുന്നതിനിടയിൽ രോഗിയെ കാണാൻ മറക്കാത്ത ചികിത്സകനായിരുന്നു ഡോ. മോഹനൻ നായർ. വിശാലാക്ഷിയുടെ അവസ്ഥ അറിഞ്ഞ അദ്ദേഹം ചികിത്സാചെലവിന്റെ കാര്യത്തിലും മരുന്നുകളുടെ കാര്യത്തിലും ചില ഇളവുകൾ സാധ്യമാക്കി. സാംപിൾ മരുന്നുകൾ കുറെയൊക്കെ സൗജന്യമായി നൽകി.
ഔഷധമായി സംഗീതം
പക്ഷേ, വേദനയുടെ കാര്യത്തിൽ ഇളവുകൾ സാധ്യമല്ലല്ലൊ? അവിടെ പാട്ടായിരുന്നു വിശാലാക്ഷിക്ക് ഔഷധം. കീമോ എടുക്കുമ്പോൾ മരുന്നു തീരും വരെ, സ്വന്തമായുള്ള കൊച്ചു റേഡിയോയിൽ പഴയ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും കേട്ടുകിടക്കും. 25Ðാം വയസ്സിൽ വിവാഹശേഷം കൊച്ചിയിൽ താമസമാക്കിയ സമയത്ത് ഫൈൻ ആർട്സ് കോളജിൽ ബിഎ സംഗീതത്തിനു പഠിച്ച ദിവസങ്ങളോർക്കും. എഫ്എം റേഡിയോയിൽ ‘അടുത്ത ഗാനം പാടുന്നതു വിശാലാക്ഷി’ എന്നു കേട്ടു സന്തോഷിച്ചതോർത്തു ചിരിക്കും. ഭർത്താവു ചിദംബരത്തിന്റെ മനോഹര സ്വരത്തിലുള്ള പാട്ടുകൾ മനസ്സിൽ കേൾക്കും...
‘‘മരുന്നു കയറുന്ന ദിവസങ്ങളിൽ വിശപ്പു തീരെ ഉണ്ടാകില്ല. വായിൽ വല്ലാത്ത ചുവയും ഒാക്കാനവും കടുത്തക്ഷീണവും. എങ്ങനെയൊക്കെയോ ആ ദിവസങ്ങൾ പിന്നിട്ടു. കോട്ടയം മെഡിക്കൽ കോളജിലാണു റേഡിയേഷൻ ചെയ്തത്. അവിടെയാകുമ്പോൾ ചികിത്സ സൗജന്യമാണ്. ഒരു ഫ്ളാസ്ക് നിറയെ പാലുമായി രാവിലെ മട്ടാഞ്ചേരിയിൽ നിന്ന് എട്ടരയ്ക്ക് ബസ് കയറും. ആരെങ്കിലും കൂടെവരും. പതിനൊന്നരയാകുമ്പോൾ കോട്ടയത്തെത്തും.
റേഡിയേഷൻ കഴിഞ്ഞാൽ നല്ല പുകച്ചിലും നീറ്റലുമാണ്. വല്ലാത്ത ക്ഷീണവും. ബസ് കയറി മട്ടാഞ്ചേരിയിലെ വീട്ടിലെത്തി നേരേ കട്ടിലിലേക്കു വീഴും. പിറ്റേന്നു വീണ്ടും രാവിലെ ബസ് കയറി പോകണം. ഇങ്ങനെ 21 ദിവസം റേഡിയേഷൻ എടുത്തു. അപ്പോഴേക്കും രോഗമടങ്ങി. തുടർന്നുള്ള പരിശോധനകളിലും കുഴപ്പമില്ല.’’
ആ സമയത്തു മട്ടാഞ്ചേരിയിൽ ഒരു വാടകവീട്ടിലേക്കു വിശാലാക്ഷി താമസം മാറ്റിയിരുന്നു. അസുഖവും ചികിത്സകളുമൊക്കെയായി കൂടപ്പിറപ്പുകളെ ആവശ്യത്തിൽ കൂടുതൽ ബുദ്ധിമുട്ടിച്ചു, ഇനി അതു വേണ്ട എന്നതു സ്വയമെടുത്ത തീരുമാനമായിരുന്നു. അസുഖമെല്ലാം മാറി ഏറെ സ്നേഹിച്ചിരുന്ന കർണാടകസംഗീതത്തിന്റെ ലോകത്തിലേക്കു തിരിച്ചുവന്ന വിശാലാക്ഷി തന്റെ അറിവുകൾ കുട്ടികൾക്കു പകർന്നുകൊടുത്തു തുടങ്ങി.
വേദനകളുടെ രണ്ടാം വരവ്
2011 ൽ കാലിനും ൈകക്കും നടുവിനുമൊക്കെ അതിശക്തമായ വേദന അനുഭവപ്പെട്ടു തുടങ്ങി. ഇരിക്കാനും നിൽക്കാനും വയ്യ. കുഴമ്പു പുരട്ടിയിട്ടും ചൂടുവച്ചിട്ടും മാറാത്ത വേദന കാൻസറിന്റേത് ആണെന്നു കണ്ടെത്തുന്നതു ഡോ. മോഹനൻ നായർ തന്നെയാണ്. ഇത്തവണ കീമോയും റേഡിയേഷനുമായിരുന്നു ചികിത്സ. ആദ്യ അർബുദ ചികിത്സ കഴിഞ്ഞ് ഒൻപതു വർഷം കഴിഞ്ഞു വീണ്ടും കീമോയും റേഡിയേഷനും എടുത്തപ്പോൾ പണ്ടത്തെയത്ര പ്രയാസം തോന്നിയില്ലെന്നു വിശാലാക്ഷി പറയുന്നു. പുതിയ മരുന്നുകൾ കാൻസർ ചികിത്സയെ കൂടുതൽ മെച്ചപ്പെടുത്തിയതാകാം കാരണം. ഇത്തവണയും കുടുംബം കൂടെനിന്നു. ഡോക്ടറും കഴിയുന്നത്ര സഹായിച്ചു.
ആദ്യ അർബുദം വന്ന സമയത്തു കാൻസർ രോഗികൾക്കുള്ള പെൻഷൻ കിട്ടിയിരുന്നു. ചെറിയ തുകയാണെങ്കിലും അതു വലിയ സഹായമായിരുന്നെന്നു വിശാലാക്ഷി പറയുന്നു. പക്ഷേ, പെൻഷന് അപേക്ഷിക്കുന്ന രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയതോടെ ഒറ്റ പോക്കുകൊണ്ടു കാര്യം നടക്കാതെയായി. ഒപ്പും മറ്റും വേണ്ടതുകൊണ്ടു രോഗി ചെല്ലുകയും വേണം. ദിവസങ്ങളോളം ഇതിനു പുറകെ നടന്നു വയ്യാതായതോടെ പെൻഷൻ വേണ്ടെന്നുവച്ചു. അല്ലാതെന്തു ചെയ്യാൻ?
വീടെന്ന നടക്കാത്ത സ്വപ്നം
‘‘പണ്ടു കൂടെപ്പഠിച്ച കൂട്ടുകാരിക
ളൊക്കെ ചുറ്റുവട്ടത്തുണ്ട്. അവരൊക്കെ ഇടയ്ക്കു വരും. കൂടപ്പിറപ്പുകളുടെ മക്കളുള്ളപ്പോൾ സ്വന്തമായി മക്കളില്ലെങ്കിലെന്ത്?. അവരുടെ സ്നേഹമുള്ളപ്പോൾ ഞാൻ ഒറ്റയ്ക്കല്ല.
പ്രായമായതോടെ പ്രമേഹവും മുട്ടു തേയ്മാനവും ബിപിയുമൊക്കെ വന്നു. കുറേ മരുന്നുകളൊക്കെ ജനൗഷധിയിൽ നിന്നു വില കുറച്ചു കിട്ടും. ബാക്കി കൂടപ്പിറപ്പുകൾ സഹായിക്കും.
എന്റെ നക്ഷത്രം തിരുവാതിരയാണ്. ദേവൻ ശിവനും. എങ്കിലും പണ്ടു മുതലേ കൃഷ്ണനാണ് ഇഷ്ടദൈവം. ഇടയ്ക്ക് ഞാനോർക്കും, ഇത്രയുമായിട്ടും ഭഗവാനെന്താ എന്റെ ജീവനെടുക്കാത്തത് എന്ന്. ജീവിക്കുകയാണെങ്കിൽ നന്നായി ജീവിക്കണം...ചെറുതാണെങ്കിലും സ്വന്തമെന്നു പറയാൻ ഒരു വീടും ആരോഗ്യമുള്ള ശരീരവും ഒക്കെയായി...പലയിടത്തും വീടിന് അപേക്ഷ വച്ചു. കിട്ടിയില്ല...അങ്ങനെയൊരു കുഞ്ഞുപരിഭവം മാത്രമേ എനിക്കെന്റെ കണ്ണനോടുള്ളു...’’
നിറഞ്ഞ കണ്ണുകൾ മറയ്ക്കാൻ വിശാലാക്ഷി കുനിഞ്ഞു
കണ്ണടച്ചില്ലൂരി തുടച്ചു. എല്ലാം
മനസ്സിലായ മട്ടിൽ ഭിത്തിയിലെ
മയിൽപ്പീലി മെല്ലെ തലയാട്ടി.