യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ വഴിയിലെ പരമാവധി കാഴ്ചകൾ കണ്ട് ലക്ഷ്യത്തിലെത്താനാണ് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹം. സുഹൃത്തിന്റെ പുതിയ കാറിൽ ആദ്യത്തെ ദൂരയാത്ര പ്ലാൻ ചെയ്തപ്പോളും അതു തന്നെയായിരുന്നു മനസ്സിൽ. കാസർകോട് നിന്ന് എങ്ങനെ വളഞ്ഞ വഴിയിൽ ചിക്കമഗളൂർ പോകാമെന്നു പരിശോധിക്കുമ്പോഴാണ് ദക്ഷിണ കന്നഡയിലെ ബിസ്‌ലെ

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ വഴിയിലെ പരമാവധി കാഴ്ചകൾ കണ്ട് ലക്ഷ്യത്തിലെത്താനാണ് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹം. സുഹൃത്തിന്റെ പുതിയ കാറിൽ ആദ്യത്തെ ദൂരയാത്ര പ്ലാൻ ചെയ്തപ്പോളും അതു തന്നെയായിരുന്നു മനസ്സിൽ. കാസർകോട് നിന്ന് എങ്ങനെ വളഞ്ഞ വഴിയിൽ ചിക്കമഗളൂർ പോകാമെന്നു പരിശോധിക്കുമ്പോഴാണ് ദക്ഷിണ കന്നഡയിലെ ബിസ്‌ലെ

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ വഴിയിലെ പരമാവധി കാഴ്ചകൾ കണ്ട് ലക്ഷ്യത്തിലെത്താനാണ് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹം. സുഹൃത്തിന്റെ പുതിയ കാറിൽ ആദ്യത്തെ ദൂരയാത്ര പ്ലാൻ ചെയ്തപ്പോളും അതു തന്നെയായിരുന്നു മനസ്സിൽ. കാസർകോട് നിന്ന് എങ്ങനെ വളഞ്ഞ വഴിയിൽ ചിക്കമഗളൂർ പോകാമെന്നു പരിശോധിക്കുമ്പോഴാണ് ദക്ഷിണ കന്നഡയിലെ ബിസ്‌ലെ

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ വഴിയിലെ പരമാവധി കാഴ്ചകൾ കണ്ട് ലക്ഷ്യത്തിലെത്താനാണ് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹം. സുഹൃത്തിന്റെ പുതിയ കാറിൽ ആദ്യത്തെ ദൂരയാത്ര പ്ലാൻ ചെയ്തപ്പോളും അതു തന്നെയായിരുന്നു മനസ്സിൽ. കാസർകോട് നിന്ന് എങ്ങനെ വളഞ്ഞ വഴിയിൽ ചിക്കമഗളൂർ പോകാമെന്നു പരിശോധിക്കുമ്പോഴാണ് ദക്ഷിണ കന്നഡയിലെ ബിസ്‌ലെ ഘട്ട് ഓർമയിൽ വരുന്നത്. കുക്കെ സുബ്രമണ്യയെ സക്ലേഷ്പുരയുമായി ബന്ധിപ്പിക്കുന്ന ചുരമാണിത്. മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഈ സ്ഥലത്തിന്–ഇതൊരു റിഡ്‍ജ് പോയിന്റാണ്. അതായത്, മലനിരകളിലെ ഏറ്റവും ഉയരമുള്ള വരമ്പ്. പശ്ചിമഘട്ടത്തിൽ പല ഇടങ്ങളിലും ഇത്തരം വരമ്പുകളുണ്ടെങ്കിലും മറ്റെവിടെയും കേട്ടിട്ടില്ലാത്ത വിധം ഇവിടെ ഒരു അടയാളക്കല്ലുണ്ട്, അതിന്റെ ഒരു ഭാഗത്ത് വീഴുന്ന മഴവെള്ളം അറബിക്കടലിലേക്കും മറു ഭാഗത്ത് പതിക്കുന്നത് ബംഗാൾ ഉൾക്കടലിലേക്കും ഒഴുകുന്നു. ബിസ്‌ലെ ഘട്ട് റിഡ്ജ് പോയിന്റ് കാണാൻ മാത്രമുണ്ടെന്ന് അറിവായി.

കാസർകോട് – സുള്ള്യ – കുക്കെ സുബ്രമണ്യ – ബിസ്‌ലെ ഘട്ട് – ബേലൂർ വഴി ചിക്കമഗളൂരു പോകാൻ തീരുമാനമായി. സുള്ള്യയിൽ നിന്ന് ചാർമടി ഘട്ട് വഴി എളുപ്പത്തിൽ ചിക്കമഗളൂരു പോകാമെങ്കിലും അതു മടക്കയാത്രയിലേക്കു മാറ്റിവച്ചു. സഞ്ചാരം തുടങ്ങുന്ന ദിവസം രാവിലെ പെരുമഴയെത്തി, യാത്ര കുളമാകുമോ എന്ന് ആശങ്ക. എങ്കിലും രാവിലെ 5.30നു തന്നെ പുറപ്പെട്ടു. ആദ്യ സ്‌റ്റോപ്പ് കുക്കെ സുബ്രമണ്യ ക്ഷേത്രത്തിനടുത്ത്. ചുറ്റും കാട്, അടുത്തു തന്നെ പുഴ, പ്രകൃതിയുടെ മടിത്തട്ടിലെ ചെറിയ ക്ഷേത്ര നഗരമാണ് സുബ്രമണ്യ. ക്ഷേത്രം ആദ്യ ലിസ്റ്റിൽ ഇല്ലായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാൻ നല്ല ഹോട്ടലുകൾ നോക്കിയപ്പോഴാണ് വിഷ്ണു വൈഭവയെന്ന ഹോട്ടൽ കണ്ടത്. സുബ്രമണ്യക്ഷേത്രത്തിനു തൊട്ടടുത്ത്. മികച്ച ഭക്ഷണം ഗ്യാരണ്ടി. ചൂട് മസാലദോശയും ചട്ണിയും, മൊരിഞ്ഞ വടയും അടിപൊളി ഫിൽട്ടർ കോഫിയും. വില ഒരൽപം കൂടുതലാണ്. പക്ഷേ രുചി അതിനു മുകളിൽ നിൽക്കും.

സുബ്രമണ്യ ടൗണിനു സമീപം
ADVERTISEMENT

ബിസ്‌ലെ ഘട്ടിലേക്ക്

വാഹനത്തിന് കർണാടകയിൽ നിന്ന് ഡീസലടിക്കാമെന്ന് തീരുമാനിച്ചിരുന്നു. 50 ലീറ്റർ ഫുൾടാങ്കുള്ള കാറിൽ 52 ലീറ്റർ അടിച്ചിട്ടും നിറഞ്ഞില്ല. 52ൽ ഞങ്ങൾ നിർത്തി. വില കുറയുമ്പോൾ അളവും കുറയുമോയെന്ന് സംശയമായി. സുബ്രമണ്യ ടൗണിനു സമീപത്തു നിന്നു തന്നെ വലത്തേക്കു തിരിയണം. കർണാടക സംസ്ഥാന പാത 85ലൂടെ ബി‌സ്‌ലെ റിസർവ് വനത്തിലൂടെയാണ് ഇനിയുള്ള യാത്ര. കുക്കെ മുതൽ ബെംഗളൂരു വരെയാണ് ഈ പാത. വടക്ക് കാവേരി വനം, പടിഞ്ഞാറ് ഭാഗിമല, തെക്കു പടിഞ്ഞാറ് കുക്കെ സുബ്രമണ്യ, തെക്ക് കുടകിലെ പുഷ്പഗിരി വന്യജീവി സങ്കേതം എന്നിവയാണ് അതിർത്തികൾ. വഴിയുടെ വീതി കുറഞ്ഞു വന്നു. ഇരുവശവും കൊടുംകാട്. ചുരത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.

വഴിയോര കാഴ്ച
ADVERTISEMENT

ഇടയ്ക്കിടെ ചെറിയ വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികൾ ഇറങ്ങി ചിത്രങ്ങളെടുക്കുന്നു. കേരളം കടന്നാൽ ആളുകൾക്ക് വെള്ളം കണ്ടാൽ കണ്ട്രോളില്ലല്ലോ എന്ന് മനസിലോർത്തു. തുടക്കത്തിൽ അധികം വാഹനങ്ങളൊന്നുമില്ലായിരുന്നു. ചാറ്റൽ മഴയും മൂടൽ മഞ്ഞും നല്ല പാട്ടുമൊക്കെ കേട്ട് സുഖമായി പോകുമ്പോളാണ് ഇടുങ്ങിയ റോഡിൽ മുന്നിലെ വളവിൽ നിന്ന് പെട്ടെന്നൊരു ലോറി. വശങ്ങളിലേക്ക് ഒതുക്കാൻ അധികം സ്ഥലമില്ല. ഇത്ര ഇടുങ്ങിയ പാതയിൽ ലോറി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് ഇടയ്ക്കിടെ എതിരെ വാഹനങ്ങൾ വന്നു. വലിയ മരങ്ങൾ ചുരത്തിനു മുകളിലൂടെ കുട പോലെ നിൽക്കുന്നുണ്ട്. പലയിടത്തും ബിസ്‌ലെ ചുരത്തിന്റെ താഴ്ന്ന ഭാഗത്തും വലിയ മരങ്ങളുണ്ട്. അതിനാൽ ദൂരക്കാഴ്ചകൾ കുറവാണ്. ഉച്ചയ്ക്കു പോലും വെയിൽ വീഴുന്നത് കുറവ്. വൻചുരത്തിലെ യാത്രയിൽ കിലോ മീറ്ററുകളോളം പാത ഇരുണ്ടു തന്നെ കിടന്നു. ഇടയ്ക്ക് കുത്തനെയുള്ള കയറ്റങ്ങളും ‘മുടിപ്പിൻ’ വളവുകളുമുണ്ട്.

കർണാടക സംസ്ഥാന പാത 85ലൂടെ

ബിസ്‌ലെ ഘട്ട് വ്യൂ പോയിന്റ്

ADVERTISEMENT

കർണാടക വനംവകുപ്പിന്റെ കൗണ്ടറിൽ നിന്ന് പാസെടുത്ത് വേണം വ്യൂ പോയിന്റിലേക്ക് നടക്കാൻ. അര കിലോമീറ്ററിൽ താഴെ ദൂരം മാത്രമേയുള്ളു. ഞങ്ങളെത്തുമ്പോൾ മഞ്ഞു മൂടിയ നിലയിലായിരുന്നു ആ പരിസരങ്ങൾ. സന്ദർശകരായി ഏതാനും ചിലർ മാത്രം. സ്ഥലത്തിന്റെ പ്രത്യേകതകൾ വിശദമാക്കുന്ന ബോർഡ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. വ്യൂപോയിന്റിൽ നിൽക്കുമ്പോൾ കാണാവുന്ന കാഴ്ചകൾ പ്രധാന കൊടുമുടികളുടെ പേരൊക്കെ അതിലുണ്ട് ദക്ഷിണ കന്നഡ ജില്ലയിലെ കുമാര പർവതം, കുടകിലെ പുഷ്പഗിരി, ദൊഡ ബേട്ട, പട്ട ബേട്ട, എണ്ണിക്കല്ല് തുടങ്ങിയ പർവത നിരകൾ ഇവിടെ നിന്നു കാണാം. കാട്ടാനകളുടെ ഒട്ടേറെ സഞ്ചാരപാതകൾ ഇവിടെയുണ്ട്. അപൂർവമായ നീലഗിരി മാർട്ടിനെ ബിസ്‌ലെ വനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ബിസ്‌ലെ ഘട്ട് വ്യൂ പോയിന്റ്

കാറ്റിൽ കോടമഞ്ഞു മാറുമ്പോൾ ദൂരക്കാഴ്ചകൾ അവ്യക്തമായി മുന്നിൽ തെളിയുന്നുണ്ട്. മഞ്ഞും ചാറ്റൽമഴയും തണുപ്പുമെല്ലാം ആസ്വദിച്ച് സഞ്ചാരികൾ ഇരിപ്പിടങ്ങളിൽ ഇരുന്നും വ്യൂപോയിന്റിൽ നിന്ന് ചിത്രങ്ങളെടുത്തും സമയം ചെലവഴിക്കുന്നുണ്ട്. കർണാടകയിലെ ഹാസനിൽ നിന്നും സക്ലേഷ്പുരയിൽ നിന്നും ഇവിടേക്കെത്താൻ എളുപ്പമാണ്. എന്നാൽ ചുരത്തിന്റെ ഭംഗി പൂർണമായി അറിയാൻ സുബ്രമണ്യയിൽ നിന്നു തന്നെ പോകണം.

ബിസ്‌ലെ ഘട്ട് വ്യൂ പോയിന്റ്

മഴയൊഴുകും വഴി

ബിസ്‌ലെ ഘട്ടിലെ വ്യൂ പോയിന്റ് പിന്നിട്ട് 5 കിലോമീറ്റർ കഴിയുമ്പോൾ മങ്കനഹള്ളിയിൽ വഴിയരികിൽ തന്നെ ഒരു ശിലാഫലകം കാണാം. പെട്ടെന്നു ശ്രദ്ധിക്കപ്പെടുന്ന പോലെ തന്നെയാണ് ബ്രിട്ടീഷുകാരുടെ കാലത്ത് റിഡ്ജ് പോയിന്റിൽ ശിലാസ്മാരകം സ്ഥാപിച്ചിട്ടുള്ളത്. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും ഇടയിലുള്ള ജലപ്രവാഹത്തെ വേർതിരിക്കുന്ന ബിസ്‌ലെ ഘട്ടിലെ മങ്കനഹള്ളിയിലെ റിഡ്ജ് പോയിന്റാണ് ഇത്. രാജ്യത്ത് ബ്രിട്ടിഷുകാർ വ്യാപകമായി സർവേകൾ നടത്തിയിരുന്നു. ഭൂപടങ്ങൾ തയാറാക്കാനും ഭൂപ്രകൃതിയെക്കുറിച്ച് കൂടുതൽ പഠനം നടത്താനുമായിരുന്നു അവയൊക്കെ. അതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും റിഡ്ജ് പോയിന്റുകളുണ്ടെങ്കിലും ശിലാഫലകമോ സ്മാരകമോ എല്ലായിടത്തുമില്ല. അസാധാരണമായി ഒന്നുമില്ലെങ്കിലും അന്വേഷിക്കുമ്പോൾ കൂടുതൽ കൗതുകം ജനിപ്പിക്കുന്ന ഒന്നാണിത്.

ബിസ്‌ലെ ഘട്ട് മങ്കനഹള്ളിയിലെ ശിലാഫലകം

ഫലകത്തിന്റെ ഇടതുവശത്തെ പാതിയിൽ അറബിക്കടലെന്നും വലതു വശത്ത് ബേ ഓഫ് ബംഗാള്‍ എന്നും കാണാം. ഇവിടെ പെയ്യുന്ന മഴയെ തുടർന്നുള്ള ജലപ്രവാഹത്തിന്റെ ദിശയെയാണിതു സൂചിപ്പിക്കുന്നത്. പടിഞ്ഞാറോട്ട് ഒഴുകുന്ന മഴവെള്ളം കുമാരധാര നദിയിൽ ചേരുന്നു. ആ ജലം തീർഥാടന കേന്ദ്രമായ കുക്കെ സുബ്രമണ്യയിലൂടെ ഒഴുകി നേത്രാവതി നദിയിൽ ചേർന്ന് അറബിക്കടലില്‍ എത്തിച്ചേരുന്നു. കിഴക്കോട്ടൊഴുകുന്ന വെള്ളം കാവേരി നദിയുടെ കൈവഴിയായ ഹേമാവതി നദിയിലാണ് എത്തുന്നത്, തുടർന്ന് കാവേരിയിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിലെത്തും. ‌

റിഡ്ജ് പോയിന്റ്

മലനിരകൾക്കു മുകളിലെ ഏറ്റവും ഉയരമേറിയഭാഗമാണ് റിഡ്ജ്(വരമ്പ്). മലമുകളിൽ പെയ്യുന്ന മഴ ഇരു വശങ്ങളിലേക്കുമൊഴുകുന്നത് അതിലെ ഉയരമേറിയ ഭാഗത്തു നിന്നാണ്. ചെറിയ തോടുകളിൽ തുടങ്ങി നദികളിലേക്ക് മഴവെള്ളമെത്തുന്നു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഇത്തരം റിഡ്ജ് പോയിന്റുകൾ കാണപ്പെടുന്നുണ്ട്. പടിഞ്ഞാറോട്ടോ കിഴക്കോട്ടോ ഒഴുകുന്ന നദികളിലേക്ക് ജലപ്രവാഹമെത്തുന്നു. മൺസൂൺ കാറ്റുകളുടെ സ്വാധീനം, ശക്തമായ മഴ, നിത്യഹരിത വനങ്ങൾ തുടങ്ങിയ പ്രത്യേകതകൾ പശ്ചിമ ഘട്ടത്തിന്റെ പടിഞ്ഞാറൻ മേഖലയ്ക്കുണ്ട്.

റിഡ്ജ് പോയിന്റ് പരിസരങ്ങൾ

കർണാടകയുടെ പശ്ചിമഘട്ടനിരകളിൽ മറ്റ് രണ്ട് സ്ഥലങ്ങളിൽക്കൂടി ഇത്തരം വരമ്പുകൾ കാണാം. ശൃംഗേരിയിലേക്കും മുടിഗെരെയിലേക്കുമായി 2 ദിശകളിൽ വെള്ളം ഒഴുകുന്ന മുടിഗെരെയിലെ കലസിലാണ് അത്തരത്തിലുള്ള ഒരു റിഡ്ജ് പോയിന്റ്. ‌മടിക്കേരിയിലെ പുഷ്പഗിരി കുന്നുകളിൽ നിന്ന് ഒഴുകുന്ന വെള്ളം രണ്ടായി പിരിഞ്ഞ് കിഴക്കോട്ട് കാവേരി നദിയിലും പടിഞ്ഞാറേക്ക് കുമാരധാര നദിയിലും എത്തുന്നുണ്ട്.

ബിസ്‌ലെ ഘട്ട് റിഡ്ജ് പോയിന്റിൽ ഞങ്ങളെത്തുമ്പോൾ അവിടെ മഴ പെയ്യുന്നുണ്ടായിരുന്നു. ഫലകത്തിനു വലതു വശത്തായി പടിഞ്ഞാറു ഭാഗത്തെ ചെറിയ തടാകത്തിലേക്ക് വെള്ളം ഒഴുകി നീങ്ങുന്നതു കാണാം. . ഞങ്ങളുടെ ലക്ഷ്യം ബേലൂർ ചെന്നകേശവ ക്ഷേത്രമായിരുന്നു. അവിടെ നിന്ന് ചിക്കമംഗലൂരെത്തണം. അന്ന് രാത്രിയിലേക്ക് അവിടെ മുറി ബുക്ക് ചെയ്തിരുന്നു. മങ്കനഹള്ളി പിന്നിട്ട് ഹേത്തൂരിലെത്തി. ഗൂഗിൾമാപ്പ് കാണിച്ച എളുപ്പവഴിയിലൂടെയാണ് യാത്ര തുടർന്നത്. വലിയ നെൽപാടങ്ങൾ, കാപ്പിത്തോട്ടങ്ങൾ, ആടുകളുമായി പോകുന്ന കർഷകർ തുടങ്ങി ഗ്രാമക്കാഴ്ചകൾ കണ്ണിനു വിരുന്നൊരുക്കി. ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് മോശം റോഡ് ‌കണ്ടത്. ഹൈവേകൾ മിക്കതും കൂടുതൽ വീതിയിൽ നിർമിച്ചു കൊണ്ടിരിക്കുന്നു. സോമവാർപേട്ട്–ബേലൂർ റോഡിലൂടെ കർണാടകയിലെ ഗ്രാമീണക്കാഴ്ചകളിലൂടെ യാത്ര തുടർന്നു..

കർണാടകയിലെ ഗ്രാമീണക്കാഴ്ചകളിലൂടെ

How to Reach Bisle Ghat

സക്ലേഷ്പുരയാണ് ബിസ്‌ലെ ഘട്ടിന്റെ സമീപ നഗരം. മംഗളൂരു നിന്ന് 125 കിലോമീറ്ററും ഹസനിൽ നിന്ന് 55 കിലോമീറ്ററും ബെംഗളൂരു നിന്ന് 230 കിലോമീറ്ററുമുണ്ട് സക്‌ളേഷ്പുരയിലേക്ക്. അവിടെ അടിസ്ഥാന താമസ, ഭക്ഷണ സൗകര്യങ്ങളുണ്ട്. ചിക്കമഗളൂരു, ബേലൂർ, ഹാലേബീഡ് സഞ്ചാരികൾക്ക് ഒരു ഓഫ് ബീറ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ബിസ്‌ലെ ഘട്ടിലൂടെയുള്ള വഴി തിരഞ്ഞെടുക്കാം. ബിസ്‌ലെ ഘട്ടിലേക്കുള്ള ദൂരം സക്ലേഷ്പുര – 48 കിലോമീറ്റർ ഹാസൻ – 80 കിലോമീറ്റർ

ADVERTISEMENT