അദ്ഭുതസിദ്ധിയുള്ള മുനിമാർ തപസ്സിരുന്ന ഇടം, ചിതറാൽ മലമുകളില്‍ ജൈനസംസ്കൃതി ഉറങ്ങിക്കിടക്കുന്ന സ്മാരകം
തിരുച്ചാരണത്തുമലയെ ചുറ്റിവന്ന കാറ്റ് കഥകളുടെ ഭാണ്ഡമഴിച്ചു. അങ്ങുദൂരെ പ്രകൃതിയ്ക്ക് അരഞ്ഞാണം ചാർത്തിക്കിടക്കുന്ന താമ്രപർണിനദി മൗനിയായി. തീർത്ഥങ്കരന്മാരുടെ ധ്യാനം മുറിയാതെ കാവൽക്കാരായ യക്ഷിണിയും യക്ഷനും പേരാൽ മരത്തിലിരുന്ന് സാക്ഷി ചൊല്ലി. കാറ്റാകാനും കടലാകാനും അദ്ഭുതസിദ്ധിയുള്ള ചരണന്മാർ ലോകത്തിന്റെ നാനാഭാഗത്തും അഹിംസയും കരുണയും വിതച്ചു. പിന്മുറക്കാരാൽ എഴുതപ്പെട്ട ചരിത്രകഥകൾ ലിഖിതങ്ങളായും ശിൽപ്പങ്ങളായും ഗുഹകളിലും ക്ഷേത്രങ്ങളിലും നിറഞ്ഞു. ലോകത്തെ നന്മയിലേക്ക് നയിക്കാൻ പുതിയകാലത്തിന്റെ തീർത്ഥങ്കരൻ ജന്മമെടുക്കുമെന്ന പ്രതീക്ഷയോടെ...
ചിതറാൽ മലമുകളില്‍ ജൈനസംസ്കൃതി ഉറങ്ങിക്കിടക്കുന്ന സ്മാരകം തേടിയാണ് ഈ യാത്ര. തിരുവനന്തപുരത്ത് നിന്ന് 56 കിലോമീറ്റർ അകലെയാണ് ചിതറാൽ മലനിരകൾ. തിരുവനന്തപുരം– കന്യാകുമാരി ഹൈവേയിൽ കുഴിത്തുറ നിന്നും മാർത്താണ്ഡത്തു നിന്നും ചിതറാലിലേക്ക് തിരിയാം. ചിതറാലിലെ തിരുച്ചാരണത്തുമലയിലാണ് ജൈനമതത്തിന്റെ അവശേഷിപ്പുകളുള്ളത്. തിരുച്ചാരണത്തുമല എന്നാൽ ചരണന്മാരുടെ മലയാണ് . ചരണന്മാരെന്നാൽ അദ്ഭുതസിദ്ധിയുള്ള മുനിമാരാണ്. ഒരു ഗുഹാക്ഷേത്രവും ഗുഹയുടെ ഭിത്തിയിൽ റിലീഫ് മാതൃകയിൽ കൊത്തിയിരിക്കുന്ന തീർഥങ്കരന്മാരുടെയും യക്ഷിണീ, യക്ഷന്മാരുടെയും ശിൽപ്പങ്ങളും ലിഖിതങ്ങളുമാണ് ഇവിടുത്തെ ചരിത്രാവശിഷ്ടങ്ങളിൽ പ്രധാനം.
മലമുകളിലെ മലൈക്കോവിൽ
കുഴിത്തുറ– ആറ്റൂർ റോഡിലേക്ക് വാഹനം തിരിച്ചു. ചിതറാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ചിതറാൽ മലനിരകൾ. മൂന്നുകിലോമീറ്റർ പിന്നിട്ടപ്പോൾ വഴിയരികിൽ മലൈക്കോവിലിലേക്ക് സ്വാഗതം എന്നെഴുതിയ കവാടം കണ്ടു. ആർക്കിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥൻ പഴനിയപ്പനാണ് സെക്യൂരിറ്റി ഗാർഡായി ഉണ്ടായിരുന്നത്. ബാഗ് പരിശോധിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കി. കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി എണ്ണി രേഖപ്പെടുത്തി. മലമുകളിൽ പ്ലാസ്റ്റിക് കുപ്പിയോ കവറുകളോ ഉപേക്ഷിക്കുന്നത് ശിക്ഷാർഹമാണ്. അഞ്ചുരൂപ വാഹനപാർക്കിങ് ഫീസ് അല്ലാതെ മലൈക്കോവിലിലേക്ക് വേറെ പ്രവേശനഫീസ് ഇല്ല. തിരുച്ചാരണം ജൈനക്ഷേത്രം എങ്ങനെ മലൈക്കോവിലായി എന്ന സംശയത്തിന് ഉത്തരം തന്നത് പഴനിയപ്പനാണ്, ‘കേരളത്തിൽ നിലനിന്ന പല ജൈനക്ഷേത്രങ്ങളും 13ാം നൂറ്റാണ്ടിനുശേഷം ഹിന്ദുക്ഷേത്രങ്ങളായി മാറിപ്പോയി’.
മനോഹരമായി കരിങ്കല്ലുപാകിയ മലമുകളിലേക്ക് നീളുന്ന വൃത്തിയുള്ള നടപ്പാത. ഇടയ്ക്കിടെ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ. ഉദ്ദേശം ഒരു കിലോമീറ്റർ ദൂരം മലമുകളിലേക്ക് നടക്കാനുണ്ട്. കുടപിടിച്ചെന്നോണം നിൽക്കുന്ന തണൽമരങ്ങളുള്ളതിനാൽ നട്ടുച്ചയ്ക്ക് പോലും ക്ഷീണമറിയില്ല. അടുക്കടുക്കായി കിടന്നുറങ്ങുന്ന ആനക്കൂട്ടം പോലെ വലിയ കരിമ്പാറകൾ. പടർന്നുപന്തലിച്ച് നിൽക്കുന്ന പേരാൽ മരത്തിന്റെ ചുവട്ടിലാണ് വഴി അവസാനിക്കുന്നത്. വലതുഭാഗത്ത് താഴ്‌വാരത്തിന്റെ മനംമയക്കുന്ന ചന്തം.
ദൈവം വാഴുന്ന മേട്ടിൽ
പേരാലിനു ചുറ്റും ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളിൽ വിശ്രമിക്കുന്ന സഞ്ചാരികൾ. ആലിന്റെ വശത്ത് ഉയരങ്ങളിലേക്ക് നീളുന്ന മനോഹരമായ പടികൾ. അവ കയറി മുകളിലെത്തിയാൽ വലതുഭാഗത്ത് കരിങ്കലിന്നാൽ നിർമിതമായ കവാടം കാണാം. കവാടത്തിനപ്പുറം ചെറിയൊരു ഗുഹയാണ്. അതിനകത്തുകൂടി നടന്ന് പടികളിറങ്ങി ക്ഷേത്രമുറ്റത്തേക്ക് കടക്കാം. ക്ഷേത്രത്തിന്റെ ചുവരുകളിൽ മഹാവീരന്റെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ജൈനധർമത്തിന്റെ പ്രവാചകനായി അറിയപ്പെടുന്ന ശ്രീ വർധമാന മഹാവീരനാണ്. ജൈനമതവിശ്വാസമനുസരിച്ച് അദ്ദേഹം ഇരുപത്തിനാലാമത്തെ തീർഥങ്കരനാണ്.
ഓരോ തീർഥങ്കരന്മാരെയും തിരിച്ചറിയുന്ന അടയാളവും ചൈത്യവൃക്ഷവും യക്ഷനും യക്ഷിണിയും കാണും. ആദ്യ തീർഥങ്കരനായ ഋഷഭനാഥന്റെ അടയാളം കാളയും ചൈത്യവൃക്ഷം പേരാലും യക്ഷൻ ഗോവദനനും യക്ഷി ചക്രേശ്വരിയുമാണ്. അവസാന തീർഥങ്കരനായ മഹാവീരരുടെ അടയാളം സിംഹവും വൃക്ഷം മരുതും യക്ഷൻ ഗുഹൃകനും യക്ഷി സിദ്ധായിനിയുമാണ്. ഒൻപതാം നൂറ്റാണ്ടു മുതൽ പഠനത്തിന്റെയും തീർഥാടനത്തിന്റെയും ഒരു വലിയ തെന്നിന്ത്യൻ കേന്ദ്രമായിരുന്നു തിരുച്ചാരണത്തുമല. ഇന്നത്തെ മലൈക്കോവിൽ. സ്ത്രീകളും പുരുഷന്മാരും ആചാര്യന്മാരായിട്ടുണ്ടായിരുന്ന ഇവിടേക്ക് പലദേശങ്ങൾ താണ്ടി വിദ്യാർഥികളെത്തിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
പാറയ്ക്ക് മുകളിൽ പാറ, അകത്ത് ക്ഷേത്രം
ഒരു പാറയ്ക്ക് മുകളിൽ അമർന്നിരിക്കുന്ന മറ്റൊരു പാറയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. തനത് ജൈനശിൽപകലാ രീതിയായ മാനസാര ശിൽപശാസ്ത്രമനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിർമാണം. പ്രധാനമണ്ഡപത്തിൽ മൂന്ന് ഗർഭഗൃഹങ്ങൾ കാണാം. ശ്രീ ഭഗവതി അമ്മൻ, ഭഗവാൻ മഹാവീരർ, മഹാദേവപാർശ്വനാഥർ എന്നിങ്ങനെയാണ് പ്രതിഷ്ഠ. കൊത്തുപണികളാൽ സമ്പന്നമായ തൂണുകളാണ് പാറ താങ്ങി നിർത്തുന്നതെന്നു തോന്നും വിധം സുന്ദരമായ നിർമിതി.
പ്രധാനമണ്ഡപത്തിൽ നിന്ന് ഇറങ്ങി മുറ്റത്തിനു താഴെയായി ഒരിക്കലും വറ്റാത്ത കുളമുണ്ട്. തിരികെ പടികൾ കയറി ഗുഹയിലൂടെ പുറത്തിറങ്ങിയാൽ പാറക്കെട്ടിന് മുകളിലായുള്ള ക്ഷേത്രവിമാനത്തിന് അരികെയെത്താം. ഇവിടെ നിന്നാൽ താഴ്‌വാരത്തെ തഴുകിയെത്തുന്ന കാറ്റിന്റെ കുളിര് മനം തണുപ്പിക്കും. ഭക്തിസാന്ദ്രമായ ആ അന്തരീക്ഷത്തിൽ കണ്ണുകളടച്ച് നിൽക്കുമ്പോൾ ചെവിയിലാരോ മന്ത്രിക്കുന്ന പോലെ, ‘ അഹിംസാ പരമോ ധർമ്മ’...