സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ മാസം കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത അനുഭവമായെന്ന് ബാബു രാജ് പറയുന്നു. ‘‘A dream come true... അതെ,

സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ മാസം കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത അനുഭവമായെന്ന് ബാബു രാജ് പറയുന്നു. ‘‘A dream come true... അതെ,

സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ മാസം കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത അനുഭവമായെന്ന് ബാബു രാജ് പറയുന്നു. ‘‘A dream come true... അതെ,

സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ മാസം കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത അനുഭവമായെന്ന് ബാബു രാജ് പറയുന്നു. ‘‘A dream come true... അതെ, എന്റെ രണ്ടു മക്കളും പറഞ്ഞു പറഞ്ഞ് ഞാനറിയാതെ എന്റെ മനസ്സിലുണ്ടായ സ്വപ്നം സഫലമായി.’’

ചേട്ടന്റെ മകൻ യുകെയിലുണ്ട്. സുനിൽ എന്നാണു പേര്. കഴിഞ്ഞ തവണ ഞാനും വാണിയും മക്കളോടൊപ്പം യുകെയിൽ പോയ സമയത്ത് സുനിലിന്റെ കുറച്ചു കൂട്ടുകാരെ പരിചയപ്പെട്ടു. ജർമനിയിലും ഇറ്റലിയിലും കാനഡയിലുമൊക്കെ ഉള്ളവരാണ്. അവരെല്ലാം ചേർന്ന് കശ്മീരിലേക്കൊരു ട്രിപ്പിന്റെ പ്ലാനിലായിരുന്നു. എന്റെ മക്കളായ അക്ഷയും അഭയും സാഹസിക യാത്രകളെക്കുറിച്ചു പറഞ്ഞ് എന്നെ ത്രിൽ അടിപ്പിച്ചു തുടങ്ങിയിട്ട് കുറേ കാലമായി. കശ്മീർ യാത്രയ്ക്ക് ഞാനുമുണ്ടെന്ന് സുനിലിനോടു പറഞ്ഞു. ‘ട്രാൻസ് ഹിമാലയൻ റാലി’ എന്ന വാട്സ് ആപ് ഗ്രൂപ്പിൽ അവർ എന്നെയും ചേർത്തു. ഈ സംഭവങ്ങളെല്ലാം നടക്കുന്നത് 2016 ഡിസംബറിലാണ്.

ADVERTISEMENT

ഒരു വർഷത്തെ ഒരുക്കത്തിനൊടുവിൽ അവരെല്ലാം കൂടി ഓഗസ്റ്റ് പതിനെട്ടിന് യാത്ര പുറപ്പെടാൻ തീരുമാനിച്ചു. യാത്രയുടെ തലേന്നാൾ, അതായത് ഓഗസ്റ്റ് പതിനേഴാം തീയതിയാണ് ഞാൻ ഒരുക്കങ്ങളാരംഭിച്ചത്. യാത്രയ്ക്കുള്ള സാധന സാമഗ്രികൾ വാങ്ങാൻ കൊച്ചിയിലേക്കിറങ്ങി. എന്തൊക്കെയാണു വാങ്ങേണ്ടതെന്നു ചോദിക്കാൻ സുനിലിനെ ഫോൺ വിളിച്ചു. ‘‘ഹെൽമെറ്റ് വാങ്ങിച്ചോ? കോട്ടു വാങ്ങിയോ, ബൂട്ട് വാങ്ങിയോ...?’’ സുനിൽ ഒരു വലിയ ലിസ്റ്റ് പറഞ്ഞു. ഹെൽമെറ്റൊക്കെ എന്റെ കയ്യിലുണ്ടെന്നു പറഞ്ഞപ്പോൾ സുനിൽ ചിരിച്ചു. സാധനങ്ങൾ വാങ്ങാൻ കടയിൽ കയറിയപ്പോഴാണ് സുനിൽ ചിരിച്ചതിന്റെ കാര്യം പിടികിട്ടിയത്. ഹെൽമറ്റിന് 23000 രൂപ. ജാക്കറ്റിനും ഗാർഡിനുംകൂടി 13000. നീഗാർഡും ബാക്കി സെറ്റപ്പും ചേർത്ത് 8000. ഷൂസ് 16,000. കശ്മീർ യാത്ര വലിയ സംഭവമാണെന്ന് എനിക്കു ബോധ്യമായി.

ഡൽഹിയിൽ വച്ചു കണ്ടു മുട്ടാമെന്നാണ് വാട്സ് ആപ് ഗ്രൂപ്പിന്റെ തീരുമാനം. സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി ഞാൻ നെടുമ്പാശേരിയിലെത്തി. രണ്ടു മണിക്കാണ് വിമാനം. വിൻഡോ സീറ്റ് കിട്ടുമോ എന്നു നോക്കാൻ ടിക്കറ്റ് കൗണ്ടറിലേൽപ്പിച്ചു. ‘‘അയ്യോ സാറേ, ഈ ഫ്ളൈറ്റ് വെളുപ്പിന് രണ്ടു മണിക്കു പോയല്ലോ...’’ അവിടെയിരുന്ന പെൺകുട്ടിയുടെ മറുപടി. പോകാനുള്ള തിരക്കിനിടെ ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. തിടുക്കത്തിൽ അടുത്ത വിമാനത്തിന് ഡൽഹിയിലേക്കു ടിക്കറ്റുറപ്പിച്ചു.

ADVERTISEMENT

രാത്രി പന്ത്രണ്ടിന് ഞാൻ ഡൽഹിയിൽ ചെന്നിറങ്ങുമ്പോഴേക്കും യുകെയിൽ നിന്നും കാനഡയിൽ നിന്നുമുള്ളവരൊക്കെ എത്തിക്കഴിഞ്ഞിരുന്നു. ഗ്രൂപ്പിലെ മുപ്പതു പേരും ആദ്യമായാണ് നേരിൽ കാണുന്നത്. പുലരും വരെ ഞങ്ങൾ ഓരോ കഥകൾ പറഞ്ഞിരുന്നു. രാവിലെ 6.45ന് ഡൽഹിയിൽ നിന്നു കുളുവിലേക്കു വിമാനം കയറി.

30 ബുള്ളറ്റുകൾ

ADVERTISEMENT

ഒരു റൺവേ മാത്രമുള്ള ചെറിയ ടെർമിനലാണ് കുളുവിലേത്. ലാൻഡ് ചെയ്ത ഉടനെ ബ്രേക്കിട്ടില്ലെങ്കിൽ വിമാനം നിരങ്ങി അടുത്ത പറമ്പിലെത്തും. മഞ്ഞു മൂടിയ പ്രഭാതത്തിൽ‌ ഞങ്ങൾ അവിടെ ഇറങ്ങി. ഗ്രൂപ്പ് ലീഡർ ടിബറ്റ് വംശജനായ ലളിത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. കുളുവിൽ നിന്നു മണാലിയിലേക്കു കാറിലാണു യാത്രയെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് മണാലിയിൽ എത്തിച്ചേർന്നു. അവിടെ ചെന്ന ഉടനെ യാത്രികരെയെല്ലാം നിരത്തിയിരുത്തി ലളിത്തിന്റെ വകയൊരു ക്ലാസ്. No alcohol ഇതായിരുന്നു ആദ്യത്തെ നിർദേശം. പകുതിയാളുകളുടെ മുഖം അടി കിട്ടിയതുപോലെ മ്ലാനമായി.

അന്തരീക്ഷ മർദ്ദം കൂടുതലുള്ള സ്ഥലത്തേക്കാണ് പോകുന്നത്. ഓക്സിജന്റെ അളവു കുറയും. മദ്യപിച്ചാൽ ജീവൻ അപകടത്തിലായേക്കാം. ലളിത്ത് വളരെ ഗൗരവത്തോടെ കാര്യം പറഞ്ഞു മനസ്സിലാക്കി.

കശ്മീർ യാത്രയ്ക്കു തയാറായി മണാലിയിൽ നിർത്തിയിട്ട വാഹനങ്ങൾ കണ്ടപ്പോൾ എനിക്കു സന്തോഷം തോന്നി. എഴുപത്തേഴു വയസ്സുള്ള ഭാര്യയേയും കൂട്ടി സ്വിറ്റ്സർലൻഡിൽ നിന്നു ഹിമാലയം കാണാനെത്തിയ എൺപത്തേഴുകാരനായ വല്യപ്പനെ കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. ഞങ്ങൾ എട്ടു ദിവസംകൊണ്ടു പൂർത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള റൈഡ് 14 ദിവസംകൊണ്ടു പൂർത്തിയാക്കാനാണ് അവരുടെ തീരുമാനം. ആ പ്രായത്തിൽ നമ്മളൊക്കെ എഴുന്നേറ്റു നടക്കാൻ പറ്റാത്ത അവസ്ഥയിലായിട്ടുണ്ടാകുമെന്ന് സുഹൃത്തുക്കളോടു ഞാൻ തമാശ പറഞ്ഞു.

മുപ്പതു ബുള്ളറ്റ്, ലഗേജ് കയറ്റാനുള്ള വാൻ, ബുള്ളറ്റിന്റെ പാർട്സ്, നാല് മെക്കാനിക്കുകൾ, ഒരു ആംബുലൻസ്, രണ്ട് ഇന്നോവ, രണ്ട് ജിപ്സി – ഇത്രയും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ യാത്രാ സംഘം. മൗണ്ടനിയറിങ് തൊഴിലാക്കിയ ലളിത്താണ് അതെല്ലാം ഏർപ്പാടാക്കിയത്.

പതിനെട്ടാം തീയതി വൈകിട്ട് മണാലിയിൽ 15 കി.മീ വണ്ടിയോടിച്ച് ട്രയൽ റൺ നടത്തി. വണ്ടി ഓടിക്കേണ്ട വേഗതയും അപകട സാധ്യതകളും ലളിത്ത് പറഞ്ഞു തന്നു. മണാലിയിലെ റോഡ് ഒറ്റയടിക്ക് ഓടിച്ചു കയറ്റണം. ഏകദേശം അഞ്ഞൂറ് കിലോമീറ്റർ. ദൂരമല്ല പ്രശ്നം. കുത്തനെയുള്ള വഴിയാണ്. പണ്ടേതോ കാലത്ത് ടാർ ചെയ്തുവെന്നു പറയപ്പെടുന്നു. ഓഫ് റോഡെന്നു പോലും പറയാൻ പറ്റില്ല. വേണമെങ്കിൽ ‘ഓഫ്’ എന്നു പറയാം.

രാവിലെ 8.30ന് മണാലിയിൽ നിന്നു പുറപ്പെട്ടു. ജിപ്സ എന്ന സ്ഥലമാണ് ആദ്യത്തെ േസ്റ്റാപ്പിങ് പോയിന്റ്. ഏകദേശം 170 കി.മീ. ഇതിനിടയിലൊരു ചെക് പോസ്റ്റുണ്ട്. അവിടെ നിന്ന് ഹിമാചൽ പ്രദേശിന്റെ പെർമിറ്റ് വാങ്ങി യാത്ര തുടങ്ങി. അൽപ്പ ദൂരം ചെന്നപ്പോഴേക്കും എന്തോ അസ്വസ്ഥത. ശ്വാസം മുട്ടുന്ന പോലെ. ‘‘നമ്മളിപ്പോൾ സമുദ്ര നിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ്. പതുക്കെ പോയാൽ മതി. ’’ ലളിത്ത് പറഞ്ഞു.

അതിർത്തിയിലെ ടെൻഷൻ

റൊത്താൻപാസിലാണ് മണാലിയിൽ നിന്നുള്ള യാത്രികർ ആദ്യം ഒത്തുകൂടുന്നത്. 13058 അടി ഉയരത്തിലാണ് ആ സ്ഥലം. കുളുവിൽ നിന്നു പുറപ്പെട്ട യാത്രികരെല്ലാം അവിടെ നിന്നു ഫോട്ടോ എടുത്തു. അവിടെയൊരു റസ്റ്ററന്റിൽ ഉച്ചഭക്ഷണത്തിനു കയറി. ബ്രെഡ്ഡ്, ഓംലെറ്റ്, പഴം, ജ്യൂസ്, ഗ്ലൂക്കോസ്, ചോക്‌ലെറ്റ് എന്നിവയാണ് വിഭവങ്ങൾ.

വയറു നിറഞ്ഞ ശേഷം പതുക്കെയുള്ള യാത്ര എനിക്കു ബോറടിച്ചു. സുനിലും ഒറ്റപ്പാലത്തുകാരൻ വൈശാഖും ഞാനും ആക്സിലറേറ്ററിൽ പിടി മുറുക്കി. തടഞ്ഞിട്ടു കാര്യമില്ലെന്നു ലളിത്തിനു മനസ്സിലായി. കുറേദൂരം പോയി ഞങ്ങൾ പത്തു മിനിറ്റ് വിശ്രമിക്കുമ്പോഴേക്കും ബാക്കി സംഘം എത്തും. അങ്ങനെ ഓടിപ്പാഞ്ഞ് ജിപ്സയിലുള്ള പദ്മ ലോഡ്ജിലെത്തി. രാത്രി അവിടെയാണ് താമസം. ടിവിയില്ല, വൈഫൈ ഇല്ല, ഫോണില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആദ്യത്തെ ദിവസം.

പദ്മ ലോഡ്ജിനടുത്തൊരു പുഴയുണ്ട്. പളുങ്കുപോലെ തെളിഞ്ഞ വെള്ളമായിരുന്നെങ്കിലും പുഴയ്ക്ക് മ‍ഞ്ഞ നിറമായിരുന്നു. അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

പിറ്റേന്നു രാവിലെ 9ന് അവിടം വിട്ടു. സിർച്യൂ എന്ന സ്ഥലമാണ് ലക്ഷ്യം. ജിപ്സ – സിർച്യു 70 കി.മീ. ഉച്ചയോടെ ഒരു പട്ടാള ക്യാംപിനടുത്തെത്തി. സിയാചിനിലേക്കുള്ള പട്ടാളക്കാരുടെ ട്രെയിനിങ് ക്യാംപായിരുന്നു അത്. ഞങ്ങൾ ക്യാംപിനടുത്തൊരു റസ്റ്ററന്റിൽ കയറി. കഴിക്കാൻ എന്തുണ്ടെന്നു ചോദിച്ചപ്പോൾ കടക്കാരൻ ചില ചൈനീസ് വിഭവങ്ങളുടെ പേരു പറഞ്ഞു. ഇന്ത്യയും ചൈനയുമായി അടുത്ത കാലത്തുണ്ടായ തർക്കങ്ങളും സൈനിക നീക്കവുമെല്ലാം ആ ചായക്കടക്കാരന്റെ വാക്കുകളിൽ ഞങ്ങൾ വായിച്ചെടുത്തു.

ഞങ്ങൾക്കു മുന്നിലും പിന്നിലുമായി നിരവധി യാത്രാ സംഘങ്ങളുണ്ടായിരുന്നു. വഴി നിറഞ്ഞ് ബുള്ളറ്റുകൾ ഓടുന്നതു രസകരമായ കാഴ്ചയാണ്. അവിടെ ഏതു പെട്ടിക്കടയിൽ ചോദിച്ചാലും ബുള്ളറ്റിന്റെ പാർട്സ് വാങ്ങാൻ കിട്ടും. വൈശാഖിന്റെ വണ്ടി ഇടയ്ക്കു വച്ചൊന്നു മറിഞ്ഞു. അടുത്ത നിമിഷം ബാക്കപ്പ് വാൻ പാഞ്ഞെത്തി പകരം വണ്ടിയിറക്കി.

ഞങ്ങൾ സുരക്ഷിതമായി സിർച്യുവിലെത്തി. അവിടെ ടെന്റിലാണ് താമസമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഒരു ടെന്റിൽ രണ്ടു പേർ. കിടക്കാനുള്ള സ്ഥലം, ടോയ്‌ലെറ്റ്, ക്യാബിൻ – ഇത്രയുമാണ് ഇന്റീരിയർ. ക്ലോസറ്റും വാഷ് ബേസിനുമൊക്കെ കുത്തി നിറുത്തിയിരിക്കുകയാണ്. പൈപ്പും കുഴലുമൊക്കെ പുറത്തു കാണാം. വൈദ്യുതിയില്ല. രാത്രി 10 കഴിഞ്ഞാൽ ജനറേറ്റർ ഓഫ് ചെയ്യും. കിടുക്കാമണിപോലെയൊരു സോളാർ ലൈറ്റ് മാത്രമാണ് വെളിച്ചത്തിന് ആശ്രയം. ക്ഷീണത്തിൽ ഒന്നു മയങ്ങി. പക്ഷേ, പന്ത്രണ്ടു മണിയായപ്പോഴേക്കും ഞെട്ടിയുണർന്നു. പിന്നെ തിരി‍ഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. കട്ടിലിന് എന്റത്രയും വലുപ്പമില്ല. ബെഡ്ഡ് വലിച്ച് നിലത്തിട്ട ശേഷമാണ് കുറച്ചു നേരം ഉറങ്ങിയത്.

പുലർച്ചെ അഞ്ചായപ്പോഴേക്കും പുറത്തു നിന്നു പാട്ടു കേട്ടു. ഞങ്ങളുടെ കൂടെയുള്ള കൃഷും ജോജസ്റ്റുമായിരുന്നു. ടെന്റിന്റെ സിബ്ബ് വലിച്ചൂരി പുറത്തു കടന്ന് ഞാനും അവരോടൊപ്പം ചേർന്നു. ശരീരത്തിലേക്ക് സൂചി കുത്തിക്കയറ്റുന്നതുപോലെ തണുപ്പായിരുന്നു. അടുപ്പത്തു തിളച്ചുകൊണ്ടിരുന്ന ചായ കപ്പിലേക്ക് ഒഴിച്ചപ്പോഴേക്കും ഐസു പോലെ തണുക്കുന്നത് ഞാൻ നേരിട്ടു കണ്ടു.

പല നിറമുള്ള മലകൾ

ലേയിലേക്കാണ് ഇനി യാത്ര. 190 കി.മീ. ഡ്രൈവ് ചെയ്യണം. ഈ ട്രിപ്പിലെ ഏറ്റവും ദൈർഘ്യമേറിയ തുടർയാത്ര. നാൽപ്പതു കിലോമീറ്ററോളം കിടലൻ റോഡായിരുന്നു. ഇരു വശത്തും ഭംഗിയുള്ള മലകൾ. ഈ റൂട്ടിലുള്ള നക്കീല എന്ന സ്ഥലം ഞങ്ങൾ ഫോട്ടോ സെഷനുവേണ്ടി തിരഞ്ഞെടുത്തു.

40 കി.മീ കഴിഞ്ഞപ്പോഴേക്കും റോഡിന്റെ സ്ഥിതി മാറി. വർഷത്തിൽ ആറു മാസമേ ആ വഴിക്കു ഗതാഗതമുള്ളൂ. ഒക്ടോബർ കഴിഞ്ഞാൽ മഞ്ഞുമൂടും. വഴിയും പുഴയും കാടുമൊന്നും തിരിച്ചറിയാൻ പറ്റില്ല. തണുപ്പുകാലം കഴിഞ്ഞാൽ കല്ലും മണ്ണുമായി റോഡ് തെളിയും. ആ റോഡിലൂടെ സ‍ഞ്ചരിച്ച് ഞങ്ങൾ തോങ്ലാംഗ്ലയിലെത്തി. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ റോഡുകളിൽ ലോകത്ത് രണ്ടാം സ്ഥാനം ഈ സ്ഥലത്തിനാണ്. 17582 അടി ഉയരത്തിലാണ് ഈ സ്ഥലം. അവിടെ നിന്നു ലെയിലേക്ക് 52 കി.മീറ്ററേയുള്ളൂ. പക്ഷേ, അപ്പോഴേക്കും കൂട്ടത്തിൽ പലരും ബൈക്ക് ഉപേക്ഷിച്ച് കാറിൽ കയറിയിരുന്നു.

പിന്നീടുള്ള റോഡ് സ്വപ്നതുല്യമായിരുന്നു. ആ സ്ഥലത്ത് ഓരോ മലയ്ക്കും ഓരോരോ നിറങ്ങളാണ്. പച്ചമല, സ്വർണ നിറമുള്ള മല, മഞ്ഞ നിറമുള്ള കുന്ന്, ചെമ്പൻ നിറമുള്ള പർവതം, അരുവികൾ... ഇതിനിടയിൽ നാലോ അഞ്ചോ വീടുകളുള്ള ചെറിയ ഗ്രാമങ്ങൾ. ഇറക്കമായതിനാൽ സുഖമായി വണ്ടിയിലിരുന്ന് വഴിയോരക്കാഴ്ചകൾ ആസ്വദിക്കാം. വിശാലമായ പറമ്പുകളിൽ യാക്കുകളും ചെമ്മരിയാടുകളും മേയുന്നതു കണ്ടു. ഇങ്ങനെയൊക്കെയാണെങ്കിലും രാവിലെ 11നു മുൻപ് ആ വഴി താണ്ടണം. ഉച്ചയായാൽ മലയിലെ മഞ്ഞുരുകി റോഡിലേക്ക് ഒഴുകും.

ഞങ്ങൾ ലെയിലെത്തിയപ്പോൾ സമയം ഉച്ച കഴിഞ്ഞ് 4.00. സൗകര്യങ്ങളുള്ള പട്ടണമാണ് ലെ. പക്ഷേ, അവിടെ സിനിമാ തിയെറ്ററില്ല എന്നത് വലിയൊരു കുറവായിട്ട് എനിക്കു തോന്നി. സുന്ദരികളായ കശ്മീരി സ്ത്രീകളും ചൈനീസ് മുഖച്ചായയുള്ള പുരുഷന്മാരും ആ വഴിയിലൂടെ കടന്നുപോയി.

ഷിംഗെ പാലസ് ഹോട്ടലിലാണ് താമസം. ഞങ്ങൾ മുറിയിലെത്തി. വീട്ടിലേക്കു വിളിച്ചിട്ട് മൂന്നു ദിവസമായി. ഭൂമിയുടെ ഏതു കോണിലാണെന്നു വീട്ടിലുള്ളവർക്ക് അറിയില്ല. ഹോട്ടൽ മാനെജരുമായി ഏറെ നേരത്തെ തർക്കത്തിനൊടുവിൽ ഒരു സാറ്റലൈറ്റ് ഫോൺ കിട്ടി. ബന്ധുക്കളുമായി സംസാരിച്ചതോടെ എല്ലാവരും ഊർജസ്വലരായി. ഇടയ്ക്കെപ്പഴോ എന്റെ ഫോണിൽ സിഗ്നൽ കിട്ടിയ ഉടനെ ഞാൻ വാണിയെ വിളിച്ചു. ‘‘ഇതെവിടെയാണ് ? മൂന്നു നാലു ദിവസമായി വിവരമൊന്നും ഇല്ലല്ലോ’’ വാണി ഇത്രയും പറഞ്ഞപ്പോഴേക്കും ഫോൺ കട്ടായി.

പാങോങ്ങിലെ ഫൈവ് സ്റ്റാർ ടെന്റ്

ഹിമാചൽ പ്രദേശ് രജിസ്ട്രേഷൻ വണ്ടികൾക്ക് ലെ വരെയേ പെർമിറ്റുള്ളൂ. ഞങ്ങൾ വന്ന വാഹനം അവിടെ വച്ച് ട്രാവൽസിനു കൈമാറി. മുന്നോട്ടുള്ള യാത്രയ്ക്ക് ജമ്മു ആൻഡ് കശ്മീർ രജിസ്ട്രേഷനുള്ള വണ്ടി തന്നു. പാങോങ്ങിലേക്കാണ് അടുത്ത യാത്ര. സൂര്യാസ്തമയം ആകുമ്പോഴേക്കും തടാകത്തിനരികിൽ എത്തി. രാത്രി അതിനടുത്തൊരു ടെന്റിലായിരുന്നു താമസം. അവിടെ വച്ചാണ് ഞാൻ ആദ്യമായി ഫൈവ് സ്റ്റാർ സൗകര്യമുള്ള ടെന്റ് കാണുന്നത്. വിസ്പറിങ് മെഡോസ് എന്നാണ് െടന്റിന്റെ പേര്. സിറ്റൗട്ട്, ഡൈനിങ് ഹാൾ, മോഡേൺ ടോയ്‌ലെറ്റ് – ഇന്റീരിയർ ആഡംബരമായിരുന്നു.

നാനൂറ് കിലോമീറ്റർ പരന്നു കിടക്കുന്ന പാങോങ് തടാകത്തിന്റെ ഒരു ഭാഗം ചൈനയിലാണ്. ഈ തടാകത്തിന്റെ തീരത്താണ് ത്രി ഇഡിയട്സ് ചിത്രീകരിച്ചത്. മഞ്ഞു മലകൾക്കു നടുവിൽ ഉപ്പുവെള്ളം നിറഞ്ഞു നിൽക്കുന്ന തടാകം പ്രകൃതിയിലെ വലിയ അദ്ഭുതങ്ങളിലൊന്നാണ്.

പാങോങ്ങിൽ നിന്നു നുബ്ര വാലിയിലേക്കാണ് പോയത്. ഞാൻ ബൈക്കു മാറ്റി ജിപ്സിയെടുത്തു. നിരവധി പട്ടാള വണ്ടികൾ ഞങ്ങൾക്കരികിലൂടെ കടന്നു പോയി. ജിപ്സിയിലായതിനാൽ അവരിൽ നിന്ന് എനിക്കൊരു അനുകമ്പ കിട്ടി. ചില പട്ടാളക്കാർ എന്നെ നോക്കി തൊപ്പിയൊക്കെ നേരെയാക്കി െസ്റ്റഡിയായി ഇരുന്നു. ഇന്ത്യ – ചൈന അതിർത്തിയിൽ നമ്മുടെ പട്ടാളക്കാരും ജനങ്ങളുമായുള്ള ബന്ധം ശ്രീനഗറിലേതു പോലെയല്ല. ഇവിടുത്തെ ജനങ്ങൾ പട്ടാളക്കാരെ ബഹുമാനിക്കുന്നു, ആദരിക്കുന്നു.

നുബ്ര വാലിയിൽ ലെ ചാങ് എന്ന ഹോട്ടലിൽ താമസിച്ചു. കാടിനു നടുവിലാണ് ഈ ഹോട്ടൽ. ജാക്കിചാന്റെ സിനിമയിൽ കാണുന്നതുപോലെയുള്ള വസ്ത്രം ധരിച്ചവരാണ് നുബ്രക്കാർ. റസ്റ്ററന്റുകളിലെ ബെഞ്ചും പാത്രങ്ങളും വിഭവങ്ങളുമൊക്കെ ചൈനീസ് ൈസ്റ്റലിലാണ്. ക്യാംപ് ഫയറും ആഘോഷങ്ങളുമൊക്കെക്കഴി‍‍ഞ്ഞ് അന്നു രാത്രി സുഖമായി കിടന്നുറങ്ങി.

ട്രിപ്പിലെ അവസാന പോയിന്റായ കർദുങ് ലാ പാസാണ് ഇനി കാണാനുള്ളത്. അവിടേക്കു പുറപ്പെടുന്നതിന്റെ തലേന്നാൾ രാത്രി ആഘോഷത്തിനിടെ ഞാൻ കൂടെയുള്ള രാജീവുമായൊരു ബെറ്റ് വച്ചു. അവിടെ നിന്നു കർദുങ് ലാ വരെ ചെരുപ്പിട്ട് നടക്കാമെന്നു ഞാൻ പറഞ്ഞു. അങ്ങനെ ചെയ്താൽ 10000 രൂപയും ഒരു കിടിലൻ ഹെൽമറ്റും തരുമെന്നു രാജീവിന്റെ വാഗ്ദാനം. മരം കോച്ചുന്ന തണുപ്പിൽ വെറും കാലുകളുമായി ഞാൻ വണ്ടിയോടിച്ചു. തണുപ്പടിച്ച് കാലിന്റെ നിറം വിളറി. ഞരമ്പുകൾ കോച്ചി വലിഞ്ഞു. ബെറ്റ് വച്ചതല്ലേ, വിഷമങ്ങൾ പുറത്തു കാണിക്കാൻ പറ്റുമോ? കാൽപ്പാദത്തിലെ തൊലി പോയെങ്കിലും പതിനായിരം രൂപയും ഇന്റർനാഷണൽ ഹെൽമറ്റും സ്വന്തമാക്കി.

മാം തുഝെ സലാം

ഉച്ചയ്ക്ക് 11.30ന് കർദുങ് ലായിലെത്തി. മഞ്ഞിന്റെ കൂമ്പാരത്തിനു നടുവിൽ ഉയർന്നു പറക്കുന്ന ദേശീയ പതാകയെ ഞാൻ നിവർന്നു നിന്നു സല്യൂട്ട് ചെയ്തു. ആ കൊടും തണുപ്പിലും എന്റെ ഞരമ്പുകളിൽ ദേശസ്നേഹത്തിന്റെ ചൂടു പടർന്നു. ദേശീയ പതാക സംരക്ഷിക്കാനും സന്ദർശകരെ നിയന്ത്രിക്കാനും അവിടെ നാലു പട്ടാളക്കാരെ നിയോഗിച്ചിട്ടുണ്ട്. നമ്മളെല്ലാം സുരക്ഷിതരായി ഉറങ്ങാൻ വേണ്ടി നമ്മുടെ പട്ടാളക്കാർ ഉറക്കമൊഴി‍ഞ്ഞു സഹിക്കുന്ന കഷ്ടപ്പാടുകൾക്കു മുന്നിൽ ഞാൻ ശിരസ്സു നമിച്ചു.

കർദുങ് ലായിൽ ഒരു സംഘത്തിന് പത്തു മിനിറ്റു നേരമേ അനുവദിക്കൂ. കുറച്ചു ഫോട്ടോ എടുത്ത ശേഷം ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു. അൽപ്പദൂരം നീങ്ങിയപ്പോൾ റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നു. പടുകൂറ്റൻ ജെസിബികളുടെ പിന്നിലായി വണ്ടി നിർത്തി. അൽപ നേരത്തിനു ശേഷം വണ്ടിയെടുക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നു കൂട്ട നിലവിളി. ഞാൻ പുറത്തേക്കു നോക്കി. മലയുടെ മുകളിൽ നിന്നൊരു പടുകൂറ്റൻ പാറ തെന്നി നീങ്ങി താഴേക്ക് ഉരുണ്ടു വരുന്നു. അടുത്ത നിമിഷം അതു വേറൊരു പാറയിൽ തട്ടി രണ്ടു കഷണങ്ങളായി എന്റെ ജീപ്പിനു മുന്നിൽ റോഡിൽ പതിച്ചു. വണ്ടി മുന്നോട്ടെടുത്തിരുന്നെങ്കിൽ ജിപ്സിയും ഞാനും ചമ്മന്തിയായേനെ.

വലിയൊരു അപകടത്തിന്റെ വായിൽ നിന്നു രക്ഷപെട്ട് ലെയിൽ തിരിച്ചെത്തി. അവിടെയുള്ള പട്ടാള ക്യാംപുകളും ആശ്രമങ്ങളും ശിവക്ഷേത്രവും സന്ദർശിച്ചു.

എട്ടാം നാൾ രാവിലെ ലെയിലെ വിമാനത്താവളത്തിൽ എത്തി. ഡൽഹിയെ ലക്ഷ്യമാക്കി ഞങ്ങളുടെ വിമാനം പറന്നുയർന്നു. കർദുങ് ലായിലെ കൊടും തണുപ്പിൽ കാവലിരിക്കുന്ന പട്ടാളക്കാരന്റെ ശബ്ദം അപ്പോഴും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. ‘‘ ധൈര്യമായി പൊയ്ക്കോളൂ. നിങ്ങൾ സുരക്ഷിതരാണ്...’’

ADVERTISEMENT