പ്രഫഷനൽ ജീവിതത്തിൽ നിന്നുള്ള ഇടവേള മാത്രമല്ല, മനോഹരമായ ജീവിതകാല ഓർമകളുമാണ് സഞ്ചാരത്തിലൂടെ ലഭിക്കുന്നത്. ഓരോ അവധിക്കാലത്തും കുടുംബസമേതം യാത്ര ചെയ്യാറുണ്ട്. ടൂർ പാക്കേജുകൾ എടുത്തുള്ള യാത്രയാകുമ്പോൾ യാത്രയുടെ ഫോർമാലിറ്റികളെക്കുറിച്ച് ആകുലതകൾ ഒഴിവാക്കപ്പെടുന്നു. ഏറ്റവുമൊടുവിലെ ട്രിപ്പ് ആഫ്രിക്കയിലെ മസായിമാരയിലേക്ക് ആയിരുന്നു. ഈ യാത്രയെ "ഹക്കുന്ന മറ്റാറ്റാ" എന്ന പേരിൽ വിശേഷിപ്പിക്കാം. മസായ് ഭാഷയിലുള്ള ഈ വാക്കിനർഥം " No worries " എന്നാണ്. ലയൺ കിങ് എന്ന ലോകപ്രശസ്ത ചിത്രത്തിലൂടെ ഈ വാക്ക് പ്രശസ്തമാണ്.

നെടുമ്പാശേരിയിൽ നിന്നു പുറപ്പെട്ട് ദുബായ് വഴിയാണ് കെനിയയിലേക്കു വിമാനടിക്കറ്റ് ബുക്ക് ചെയ്തത്. നെയ്റോബിയിൽ ലാൻഡ് ചെയ്തപ്പോൾ ഉച്ചയായി. എയർപോർട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പുതുലോകം മുന്നിൽ തെളിഞ്ഞ പോലെ തോന്നി. പ്രകൃതി, സൂര്യൻ, കാലാവസ്ഥ എല്ലാം പുതുമയുടെ തണുത്ത കാറ്റായി പൊതിഞ്ഞു നിന്നു. താമസത്തിനായി ജെ ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിലാണ് റൂം ബുക്ക് ചെയ്തിരുന്നത്. ആഡംബരത്തിനാൽ പ്രശസ്തമായ ഹോട്ടലിന്റെ സ്വീകരണം ഏറ്റു വാങ്ങി. ആഫ്രിക്കയിലെ ആദ്യത്തെ പ്രഭാത ഭക്ഷണം മാരിയറ്റിൽ നിന്നായിരുന്നു. കെനിയയിലെ തനതു വിഭവങ്ങളും മറ്റ് രാജ്യാന്തര വിഭവങ്ങളും അവിടെയുണ്ടായിരുന്നു.

ADVERTISEMENT

ആദ്യ ദിവസം വൈകിട്ട് കാഴ്ചകളിലേക്ക് ഇറങ്ങിത്തിരിച്ചു. ഒരു വാനിലാണു യാത്ര. ആദ്യത്തെ ഡെസ്റ്റിനേഷൻ‌ നെയ്റോബി ജിറാഫ് പാർക്ക്. ജിറാഫും മറ്റു ചെറിയ മൃഗങ്ങളും അവിടെയുണ്ട്. സന്ദർശകർ അവിടെയുള്ള ജിറാഫുകൾക്ക് ഭക്ഷണം നൽകുന്നു. അവ അതു കഴിക്കുന്നതും കൂടെ നിന്നു ഫോട്ടോ എടുക്കുന്നതുമൊക്കെയാണ് അവിടുത്തെ എന്റർടെയ്ൻമെന്റുകൾ.

പിന്നീട് ഹോട്ടൽ മാരാ സിംബയിലേക്കു പോയി. ബാക്കി ദിവസങ്ങൾ തങ്ങിയത് ഈ ഹോട്ടലിലായിരുന്നു. മസായ് മാരാ നാഷനൽ പാർക്കിലുള്ള ഹോട്ടലാണിത്. ഓരോ കുടുംബത്തിനും ഓരോ കോട്ടേജ്. രാത്രിയായപ്പോൾ അതിഥികൾ ക്യാപ് ഫയർ ഏരിയയിൽ ഒത്തു ചേർന്നു. മസായ് ഗോത്രവാസികളാണ് അവിടെ ഞങ്ങളെ സ്വീകരിച്ചത്. ചുവപ്പു നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് അവരുടേതായ പാരമ്പര്യ രീതിയിലാണ് അതിഥികളെ സ്വീകരിച്ചത്. അവർ ഓരോരുത്തരുടേയും കൈകളിൽ വടികൾ ഉണ്ടായിരുന്നു. അത് അലങ്കാരത്തിനു വേണ്ടിയായിരുന്നില്ല. താമസ സ്ഥലത്തേക്ക് വന്യമൃഗങ്ങൾ രാത്രിയിൽ വരുന്നതിനാൽ വടി ഉപയോഗിച്ച് നിലത്ത് അടിച്ചുകൊണ്ട് ശബ്ദമുണ്ടാക്കിക്കൊണ്ടാണ് അവർ നമുക്കു മുന്നിൽ വഴികാട്ടിയായി നടക്കുന്നത്. കോട്ടജിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അതിഥികൾക്കൊപ്പം എപ്പോഴും ഗാർഡായി അവരിലൊരാൾ ഉണ്ടാകും. അവർ പാട്ടുപാടിയും നൃത്തം ചെയ്തും അതിഥികളെ സന്തോഷിപ്പിച്ചു.

ADVERTISEMENT

ഉഗാലിയും ന്യാമ കോമയുമാണ് കെനിയയിലെ തനതായ പ്രധാന ഭക്ഷ്യവിഭവങ്ങൾ. ചോളം, മരച്ചീനി എന്നിവയുടെ പൊടി ഉപയോഗിച്ചു തയാറാക്കിയതാണ് ഉഗാലി. ന്യാമ കോമ എന്നതു ബീഫ്, ആട് എന്നിവയുടെ ഇറച്ചി ബാർബിക്യു ചെയ്തു തയാറാക്കിയ വിഭവമാണ്. ആഫ്രിക്ക, ഇന്ത്യ, അറേബ്യ രാജ്യങ്ങളിലെ കുലിനറിയുടെ സമ്മിശ്ര ശൈലിയാണ് ആഫ്രിക്കക്കാർ പിൻതുടരുന്നത്. കെനിയയിലെ മാംസവിഭങ്ങൾ രുചികരമായിരുന്നു, വ്യത്യസ്തമായിരുന്നു. കെനിയക്കാരുടെ കാപ്പി അതിവിശിഷ്ടമാണ്.

തുറന്ന ജീപ്പിൽ കാട്ടിലൂടെ

ADVERTISEMENT

മസ്സായി മാര നാഷനൽ പാർക്ക് സന്ദർശനം ഫുൾ ഡേ ഗെയിം ഡ്രൈവ് അഥവാ സഫാരി ആയിരുന്നു. വന്യമൃഗങ്ങളെ കാണുന്നതിനോടൊപ്പം സൂര്യോദയവും സൂര്യാസ്തമയവും കാടിനുള്ളിൽ ആസ്വദിക്കുന്ന സഫാരി പാക്കേജ്. ആ കാടിനുള്ളിൽ മൊബൈൽ ഫോണിന് ടവർ ഇല്ല. ഇലക്ട്രോണിക് ഡയറ്റ് എന്നു പറയാം. ചുറ്റുപാടുകളെ ആസ്വദിക്കാനും കൂടെയുള്ളവരുമായി കൂടുതൽ സൃഹൃദം സൃഷ്ടിക്കാനും മികച്ച അവസരം ഒരുങ്ങുന്ന സഫാരി. നാഷനൽ പാർക്കിന്റെ ഭൂരിഭാഗം ഭൂപ്രദേശവും സ്വർണ നിറമുള്ള പുൽമേടുകളും കുറ്റിക്കാടുകളും അങ്ങിങ്ങായി കാണുന്ന അക്വാഷ്യ മരങ്ങളുമാണ്.

ഏഴു പേർക്ക് ഇരിക്കാവുന്ന തുറന്ന 4x4 ലാൻഡ് ക്രൂസറാണ് സഫാരി വാഹനം. "The Big Five" എന്നറിയപ്പെടുന്ന 5 ഇനം വന്യമൃഗങ്ങളാണ് മസ്സായി മാര നാഷനൽ പാർക്കിന്റെ ആകർഷണം. ആഫ്രിക്കൻ ആന, ആഫ്രിക്കൻ ബഫല്ലോ, സിംഹം, കാണ്ടാമൃഗം, പുള്ളിപ്പുലി എന്നിവയെയാണ് ബിഗ് ഫൈവ് എന്നു വിശേഷിപ്പിക്കുന്നത്. തുറന്ന സഫാരി വാനിന്റെ സമീപത്തേക്ക് മൃഗങ്ങളെത്തും. അവയെ തൊട്ടടുത്തു നിന്നു കാണാം.

അങ്ങനെ മുന്നോട്ടു പോകുമ്പോൾ ആ കാഴ്ച. നാലു പുള്ളിപ്പുലികൾ ചേർ‌ന്ന് ഒരു മൃഗത്തെ കൊന്നു ഭക്ഷിക്കുന്നു. മറ്റൊരിടത്ത് കഴുകന്മാർ ജീവനില്ലാത്ത മൃഗങ്ങളുടെ ശരീരം തിന്നുന്നതും കണ്ടു. ഇതൊക്കെ കാടിന്റെ നിയമങ്ങളാണ്.

മസ്സായ് മാരയിൽ‌ മൃഗങ്ങളുടെ സമീപത്തുകൂടിയുള്ള യാത്ര സുരക്ഷിതമാണ്. മുഴുവൻ സമയം ഗൈഡ് കൂടെയുണ്ടായിരുന്നു. ‘‘മൃഗങ്ങൾ ഭക്ഷണത്തിനായി ഇരയെ ആക്രമിക്കുന്നു. പ്രകോപനം ഉണ്ടാകുമ്പോൾ മാത്രമേ മറ്റുള്ളവയെ അവ ആക്രമിക്കാറുള്ളൂ. മനുഷ്യരെ ആക്രമിക്കില്ല’’ ഗൈഡ് ഞങ്ങളോടു പറഞ്ഞു.

ടിവി ചാനലിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങൾ തുറന്ന വാനിൽ നിന്നു കാണുമ്പോഴുണ്ടായ ഭയത്തെ മറി കടക്കാനായി ഞങ്ങളുടെ ഗൈഡ് ഇക്കാര്യം ഇടയ്ക്കിടെ ഓർമിപ്പിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ടുന്ന എക്സ്പീരിയൻസ് ആണ് മസ്സായി മാര.

മഹാ പ്രവാഹം

വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരുടെ പ്രിയപ്പെട്ട ലൊക്കേഷനാണു മസായി മാര. ദ് ഗ്രേറ്റ് മൈഗ്രേഷൻ എന്ന പ്രതിഭാസം കാണാനായി കാടിലൂടെ യാത്ര തുടർന്നു. ഈ സമയത്ത് കടുവയും പുലിയും മരത്തിൽ കയറുന്നതും സിംഹം സ്വൈരവിഹാരം നടത്തുന്നതും കണ്ടു. പുള്ളിപ്പുിലിയും സിഹവും ഇരുന്നിരുന്ന മരത്തിനു തൊട്ടു താഴെ സഫാരി വാഹനത്തിൽ നിന്നു കൊണ്ടാണ് അൽപം ഭയത്തോടെയെങ്കിലും ഞങ്ങൾ അവയുടെ ചിത്രം പകർത്തിയത്.

ഉച്ചഭക്ഷണം ഞങ്ങൾ പാക്ക് ചെയ്തു കൊണ്ടുവന്നിരുന്നു. കാടിനുള്ളിൽ വച്ച് അതു കഴിച്ചു. മസ്സായി മാരയിലെ വൃക്ഷത്തലപ്പുകളും കുറ്റിച്ചെടികളും ആകാശവും വിവിധതരം പക്ഷികളാൽ സമൃദ്ധമാണ്. പക്ഷി നിരീക്ഷകരുടെ സ്വർഗമെന്ന് ഇവിടം അറിയപ്പെടുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ മാരാ നദിക്ക് സമീപത്ത് എത്തി. വൈൽഡ് ബീസ്റ്റ്, സീബ്ര, ജിറാഫ് എന്നിവ കൂട്ടത്തോടെ മാരാ നദി കുറുകെ കടന്ന് പച്ചപ്പു തേടി പോകുന്ന അദ്ഭുതകരമായ കാഴ്ചയാണ് ദ ഗ്രേറ്റ് മൈഗ്രേഷൻ. ജൂൺ Ð ഒക്ടോബർ വരെയാണ് മൃഗപ്രവാഹം നടക്കുന്നത്. അതിനാൽ ഈ മാസങ്ങളിൽ മസായ് മാരയിലേക്ക് ധാരാളം സഞ്ചാരികൾ എത്തുന്നു.

ദ് ഗ്രേറ്റ് മൈഗ്രേഷൻ നടക്കുന്ന സമയത്ത് മൃഗങ്ങളെ തിന്നാൻ സിംഹവും കടുവയുമൊക്കെ നദിയുടെ തീരത്ത് എത്തുന്നു. അസ്ത്മയ സൂര്യന്റെ പശ്ചാത്തലത്തിൽ മൃഗങ്ങൾ കൂട്ടമായി പ്രവഹിക്കുന്ന ദ ഗ്രേറ്റ് മൈഗ്രേഷൻ എന്ന കാഴ്ച വാക്കുകളിൽ വർണിക്കാവുന്നതിനും അപ്പുറമാണ്.

അസ്തമിക്കുന്ന സൂര്യന്റെ പശ്ചാത്തലത്തിൽ മൃഗങ്ങൾ കൂട്ടത്തോടെ നടന്നു പോകുന്ന കാഴ്ച വർണിക്കാൻ പറ്റുന്നതിനും അപ്പുറം മനോഹരം ആയിരുന്നു. ആ കാഴ്ച ആസ്വദിക്കുന്നതിനിടയിൽ അവ ക്യാമറയിൽ പകർത്താൻ അൽപ്പ നിമിഷത്തേക്ക് ഞങ്ങൾ മറന്നു പോയി.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലാണ് നമ്മൾ ചിത്രങ്ങൾ എടുക്കാൻ മറന്നു പോകുന്നത് "എന്ന സുന്ദരമായ വാക്കുകൾ ആ നിമിഷത്തിൽ ഓർത്തു.

ആതിഥേയരായ മസ്സായികൾ

കെനിയയിലെ മറ്റു വിഭാഗം ജനങ്ങൾ ആധുനിക ജീവിത രീതിയിലേക്ക് മാറിയെങ്കിലും മസായ് ഗോത്രം പരമ്പരാഗത രീതി പിൻതുടരുന്നു. അവരുടെ വീടുകൾ സന്ദർശിക്കാനും ജീവിത രീതി, സംസ്കാരം എന്നിവ കണ്ടു മനസ്സിലാക്കാനും സാധിച്ചു. മണ്ണും ചാണകവും ഉപയോഗിച്ചു നിർമിച്ച ചെറിയ വീടുകളിലാണ് അവർ താമസിക്കുന്നത്. കന്നുകാലികളെ വളർത്തിയും അവയുടെ മാംസവും പാലും ഭക്ഷിച്ചുമാണ് അവർ ജീവിക്കുന്നത്. ആഥിത്യ മര്യാദയ്ക്ക് പേരു കേട്ട ഗോത്രമാണ് മസ്സായികൾ.

മസ്സായി ഗോത്രക്കാരുടെ ആരോഗ്യം, ആയുസ്സ് എന്നിവയെ പറ്റി കൂടുതൽ അറിയാൻ ഡോക്ടർ എന്ന നിലയിൽ ആകാംക്ഷ തോന്നി. അവർ കഠിനാധ്വാനികളാണ്. അവർക്കിടയിൽ ജീവിതശൈലി രോഗങ്ങൾ തീരെയില്ല. മസ്സായി ഗോത്രത്തിൽ ജനിച്ചവരുടെ ശരാശരി ആയുസ്സ് 55 മുതൽ 60 വയസ്സ് വരെയാണെങ്കിലും 95 വയസ്സിലും ആരോഗ്യത്തോടെ നടക്കുന്നവരെ അവിടെ കണ്ടു. മൃഗങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ സംഭവിക്കുമ്പോൾ അവർക്കിടയിൽ പ്രചാരത്തിലുള്ള പാരമ്പര്യ രീതിയാണ് അവർ സ്വീകരിക്കുന്നത്.

രോഗം വന്നാൽത്തന്നെ ചികിത്സയ്ക്കുള്ള മോഡേൺ മെഡിസിൻ സൗകര്യങ്ങളൊന്നും ആ പ്രദേശത്തൊന്നും ഇല്ലായിരുന്നു. മോഡേൺ മെഡിസിന്റെ അപര്യാപ്തതയിലും പൂർണാരോഗ്യത്തോടെ ദീർഘായുസ്സോടെ ജീവിക്കുന്ന മസ്സായിയിലെ ജനങ്ങൾ എന്നെ അദ്ഭുതപ്പെടുത്തി.

പാട്ടും നൃത്തവും അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. വൃത്താകൃതിയിൽ വട്ടം ചേർന്നു നിന്നാണ് അവർ നൃത്തം ചെയ്തത്. അവരുടെ കൂട്ടത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും കൂടെ ഞങ്ങളും നൃത്തം ചെയ്തു. ആധുനിക ജീവിതത്തിന്റെ സങ്കീർണതകൾ ഇല്ലാത്ത പ്രകൃതിയോട് ഇഴുകിച്ചേർന്ന ആ ജീവിതം എത്ര ലളിതവും പൂർണമാണെന്ന് അൽപ്പ നിമിഷത്തേക്കാണെങ്കിലും തോന്നി. ആ ഗ്രാമത്തിലൂടെയുള്ള യാത്രയ്ക്കിടെ ഒട്ടകപ്പക്ഷികളെയും കാണാൻ സാധിച്ചു.

കെനിയയിലെ ഗ്രാമങ്ങൾ സന്ദർശിച്ചതിനു ശേഷം സന്തോഷത്തോടെ ഹോട്ടലിൽ തിരിച്ചെത്തി. പിറ്റേദിവസം രാവിലെ കിഫാറു റസ്റ്ററന്റിൽ നിന്നു പ്രഭാത ഭക്ഷണം കഴിച്ചു. അതിനു ശേഷം മസ്സായ് മാരയിൽ നിന്നു മടക്ക യാത്ര ആരംഭിച്ചു. മസായ് ജനങ്ങൾ നിർമിച്ച അലങ്കാരവസ്തുക്കൾ, വസ്ത്രങ്ങൾ, മാല- വളകൾ എന്നിവ അതിമനോഹരമായിരുന്നു. ആ നാടിന്റെ ഓർമയ്ക്കായി ഇത്തരം വസ്തുക്കളെല്ലാം വാങ്ങി.

വന്യവും മനോഹരവുമായ പ്രകൃതി ദൃശ്യങ്ങൾ, ചെറുതും വലുതുമായ ജീവജാലങ്ങളുടെ അതിശയിപ്പിക്കുന്ന നിര, ഊഷ്മളമായ ആഥിത്യമര്യാദകളുടെ സഞ്ചാരികളെ സ്വീകരിക്കുന്ന മസായിയിലെ ജനങ്ങൾ Ð ഇത്രയുമാണ് മസ്സായി മാരയെ ലോകപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയത്. എല്ലാ അർഥത്തിലും ഈ യാത്ര പ്രകൃതിയിലേക്കുള്ള അത്ഭുത യാത്രയായിരുന്നു..

ADVERTISEMENT