വിജയനഗര സാമ്രാജ്യത്തിന് കരുത്തേകിയ, തുംഗാ നദിയുടെ തീരത്തെ ജ്ഞാന ദേവത... ഹൊയ്സാല–ദ്രാവിഡ ശിൽപചാതുരികൾ സമന്വയിക്കുന്ന ശൃംഗേരിയിലെ സരസ്വതീക്ഷേത്രം
ശൃംഗേരി യാത്ര നിശ്ചയിച്ച ദിവസമെത്തിയപ്പോൾ അവിടെ കനത്ത മഴ. ലീവ് വേറെ കിട്ടാനില്ല. ശനിയും ഞായറുമായി പോകാൻ തന്നെ ഉറച്ചു. മംഗളൂരു അടുക്കുമ്പോഴേക്ക് കിഴക്കൻ മാനത്ത് കാർമേഘം ഉരുണ്ടു കയറിത്തുടങ്ങിയിരുന്നു. മംഗളൂരു സെൻട്രലിൽ ട്രെയിൻ ഇറങ്ങി. മഴയ്ക്കു മുൻപേ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കോടി. സമയം ഉച്ചയ്ക്ക് 12.30. നേരിട്ടു ശൃംഗേരിക്ക് ബസ് ഉടനെയില്ല. കർക്കളയിലെത്തിയാൽ എപ്പോളും ശൃംഗേരി ബസ്സുണ്ടെന്ന ഡ്രൈവറുടെ വാഗ്ദാനത്തിൽ വീണ് ബസ്സിൽകയറി.
ടൗൺ പിന്നിട്ട് തിരക്ക് നന്നേ കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലൂടെയായി സഞ്ചാരം. ചന്നം പിന്നം മഴ പലവട്ടം കാഴ്ചയ്ക്കു തടസമായി. എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ്. വീതി കുറഞ്ഞ റോഡിലൂടെ ബസ് നല്ല വേഗത്തിൽ മുന്നോട്ടു നീങ്ങി. ചെറിയ തോടുകൾ, അടുത്ത് കൃഷിയിടങ്ങൾ. മൺസൂണിന്റെ അവസാനമായതിനാൽ പലയിടത്തും താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. ജനസാന്ദ്രത നന്നേ കുറവ്. മൂഡ്ബിദ്രി സ്റ്റാൻഡെത്തി. ഇടത്തരം ടൗൺ. വൃത്തിയുള്ള ബസ് സ്റ്റാൻഡ്. അവിടെ സമീപത്തുള്ള ആയിരം തൂൺ ജൈനക്ഷേത്രം പ്രശസ്തമാണ്. സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്റർ മാത്രമേയുള്ളു അവിടേക്ക്. രണ്ടരയോടെ കർക്കളയിലെത്തി.
കന്നഡ ഗ്രാമങ്ങളിലൂടെ
ഇപ്പോ വരും, ഇപ്പോ വരും എന്നു പറഞ്ഞ ശൃംഗേരി ബസ് വന്നത് വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞ്. അതും മംഗളൂരുവിൽ നിന്നുള്ള ബസ് തന്നെ. സീറ്റ് കൂടി ഇല്ലെങ്കിൽ കേമമാകും. മനസ്സിലോർത്തു. 3–3.15 ആയപ്പോൾ ബസ് എത്തി. ലഗേജുമായി ഒരുവിധം കയറിപ്പറ്റി.
അഞ്ചരയോടെ ശൃംഗേരിയിൽ എത്തുമെന്നു കണ്ടക്ടർ പറഞ്ഞു. തട്ടുകളായുള്ള നെൽപ്പാടങ്ങൾ റോഡിന്റെ വശങ്ങളിൽ കാണാം. ചെക്ക്പോസ്റ്റിലെത്തി. ചുരം തുടങ്ങുകയാണ്. വീതി കുറഞ്ഞതെങ്കിലും നല്ല റോഡ്. തിരക്കു കുറഞ്ഞ പാത. മഴ കനത്തതോടെ ഇരുവശവും മരങ്ങൾ തിങ്ങി നിൽക്കുന്ന പാതയിൽ രാത്രിയുടെ പ്രതീതി. കോടയിറങ്ങി താഴ്‍വാരങ്ങളിൽ നിന്നു പുകച്ചുരുളുകൾ പോലെ. മലനിരകളുടെ ദൂരക്കാഴ്ചകൾ മങ്ങി. ബസിന്റെ തുറന്ന വാതിലിലൂടെ തണുപ്പ് അരിച്ചു കയറി. ചുരം കയറിക്കയറി ഏറ്റവും ഉയരത്തിലെന്നു തോന്നുന്ന ഒരു ജംക്‌ഷനിലെത്തി,. സ്കൂൾ, ഫോറസ്റ്റ് ഓഫിസ് ഒക്കെ കണ്ടു. ഇത് ബാലശൃംഗേരിയാണത്രേ. ഇനി 25 കിലോമീറ്ററിലധികം പോകണം. തുംഗാ നദി റോഡിനു സമാന്തരമായി കണ്ടുതുടങ്ങി.
മാനം മുഖം കറുപ്പിച്ച സന്ധ്യയിൽ ശൃംഗേരിയിലെത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തു തന്നെ ലോഡ്ജിൽ മുറിയെടുത്തു. ക്ഷേത്രത്തിനടുത്ത് ഒട്ടേറെ ലോഡ്ജുകളുണ്ട്. മഠത്തിന്റെ ഗസ്റ്റ് ഹൗസുകൾ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ മുറി കിട്ടും. എന്നാൽ അവിടത്തെ സൗകര്യങ്ങളെപ്പറ്റി അറിയില്ല. കെഎസ്ആർടിസി സ്റ്റാൻഡ് ക്ഷേത്രത്തിനടുത്തു തന്നെയാണ്.
ലോഡ്ജിൽ നിന്ന് ക്ഷേത്രത്തിലേക്ക് അര കിലോമീറ്റർ നടക്കാനുണ്ടായിരുന്നു. അലങ്കാര വിളക്കുകൾ വഴിക്കിരുവശവുംതെളിഞ്ഞു നിന്നു. ചാറ്റൽമഴ ആ വിളക്കുകൾക്കു മുന്നിലൂടെ തിളങ്ങിപ്പെയ്തു കൊണ്ടിരുന്നു. പുറത്തെ വേദിയിൽ കലാപരിപാടികൾ നടക്കുന്നു. അഭിനേതാക്കളുടെ വേഷം ഏതോ പുരാണ നാടകത്തെ അനുസ്മരിപ്പിച്ചു. കൊടും കന്നഡ ആയതിനാൽ ഒന്നും ‘ഗൊത്തിയില്ല’.
രാത്രി 8 വരെ ശാരദാംബ, വിദ്യാശങ്കര ക്ഷേത്ര മതിൽക്കകത്തേക്ക് പ്രവേശനമുണ്ട്. ഭീമൻ ഗോപുരം രാത്രിയിൽ മാനംമുട്ടെ തലയുയർത്തി നിന്നു. ശങ്കരമഠം തുംഗ നദിക്ക് അക്കരെയാണ്. അവിടേക്കുള്ള പ്രവേശനം നേരത്തെ അവസാനിക്കും.
വിജയനഗരത്തിന്റെ രാജഗുരു
പലതായി ചിതറിയ രാജവംശങ്ങളുടെ അധികാര പോരാട്ടങ്ങൾക്കു നടുവിലായിരുന്നു 14–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണേന്ത്യ. ഡെക്കാനിൽ വിവിധ ഹിന്ദു രാജവംശങ്ങളും, ദേവഗിരിയിൽ യാദവരും, വാറങ്കലിൽ കാകതീയ വംശവും മധുരയിൽ പാണ്ഡ്യന്മാരും അധികാരം നിയന്ത്രിച്ച കാലം.
തുംഗഭദ്രയുടെ തീരത്തെ ഫലഭൂയിഷ്ഠമായ മേഖലയായിരുന്നു റേയ്ച്ചൂർ. വടക്കു നിന്നും തെക്കു നിന്നും തുടർച്ചയായി ഈ മേഖല ആക്രമണങ്ങൾ നേരിട്ടു. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡെൽഹി സുൽത്താൻമാരായ അലാവുദ്ദീൻ ഖിൽജിയും മുഹമ്മദ് ബിൻ തുഗ്ലക്കും ഈ മേഖലയെ കൊള്ളയടിച്ചിരുന്നു. ഹൊയ്സാല വംശത്തിന്റെ പതനത്തോടെ സംഗമ വംശത്തിലെ ഹരിഹര ഒന്നാമനും ബുക്കനും വിജയനഗരം ഡെക്കാൻ മേഖലയുടെ ആധിപത്യം നേടി. സാമന്തരമ്മാരായി രാജ്യം ഭരിക്കാനെത്തിയ ഇരുവരെയും വിദ്യാരണ്യൻ പുനർ മതപരിവർത്തനം നടത്തിയതായി ചരിത്ര പുസ്തകങ്ങളിൽ പരാമർശങ്ങളുണ്ട്. ശേഷം ഹരിഹരനെയും ബുക്കനെയും രാജാക്കന്മാരായി വാഴിച്ചു. അദ്ദേഹം രാജഗുരുവായി മാറി. 1336ലായിരുന്നു ഇത്. ദക്ഷിണേന്ത്യയുടെ പിൽക്കാല ചരിത്രം തന്നെ മാറ്റിയെഴുതിയ വിജയനഗര സാമ്രാജ്യത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. സമാന്തരമായി ശൃംഗേരി മഠത്തിന്റെ സ്ഥാനവും ഒരുപാട് വളർന്നു.
വിജയ നഗരത്തിലെ പിൽക്കാല ഭരണാധികാരികൾ മഠത്തിലെ സന്ദർശകരായിരുന്നു. ആ സ്വാധീനത്താൽ മഠവും വളർന്നു. മഠത്തിന്റെ ശാഖകൾ വ്യാപിച്ചു. രാജഗുരുവായ വിദ്യാരണ്യൻ പിന്നീട് ശൃംഗേരിയിലെ 12–ാം മഠാധിപതിയായി. വിജയ നഗരത്തിന്റെ പതനത്തിനു ശേഷം 16 മുതൽ 18–ാം നൂറ്റാണ്ടിലെ ഹൈദരാലിയുടെ ആക്രമണം വരെയുള്ള കാലത്ത് കേലടി നായകന്മാരായിരുന്നു മഠത്തിന്റെ സംരക്ഷകർ. ലിംഗായത്ത് പാരമ്പര്യം പിന്തുടർന്നിരുന്ന ഇവർ വിജയ നഗര ഭരണാധികാരികളുടെ സാമന്തന്മാരായിരുന്നു. പിൽക്കാലത്ത് മറാത്ത വംശജരും മഠത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. അധികാരത്തിൽ ആരായാലും മഠത്തെ പിണക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.
ശൃംഗേരിയിലെ ക്ഷേത്രങ്ങൾ
പ്രധാനമായും രണ്ട് ക്ഷേത്രങ്ങളാണ് ശൃംഗേരി മഠത്തിനുള്ളിലുള്ളത്. ശിവനെ പ്രധാന മൂർത്തിയായി ആരാധിക്കുന്ന വിദ്യാശങ്കര ക്ഷേത്രവും സരസ്വതിയെ ആരാധിക്കുന്ന ശാരദാംബ ക്ഷേത്രവും.
കരിങ്കല്ലിൽ തീർത്ത മഹാനിർമിതിയാണ് വിദ്യാശങ്കര ക്ഷേത്രം. കാലത്തെ അതിജീവിക്കുന്ന ശിലാകാവ്യം. ഹൊയ്സാല–ദ്രാവിഡ ശിൽപചാതുരിയുടെ സമന്വയമാണ് വിജയനഗര ഭരണ കാലത്ത് നിർമിച്ച ഈ ക്ഷേത്രം.
മഹാമണ്ഡപത്തിലെ 12 സ്തംഭങ്ങൾ സൂര്യ–ചന്ദ്രന്മാരുടെ സഞ്ചാരപഥങ്ങൾക്കനുസരിച്ച് പ്രത്യേക ചെരിവുകളോടെയാണ് നിർമിച്ചതെന്നു കരുതപ്പെടുന്നു.
വ്യത്യസ്ത ശൈലികളുടെ സംഗമം പരമ്പരാഗത രീതികളിൽ നിന്നു വേറിട്ട വിശേഷ രൂപം നൽകി ഈ ക്ഷേത്രത്തിന്. തറ നിരപ്പിൽ നിന്നുയർന്ന പ്രതലത്തിലാണ് പ്രതിഷ്ഠ. ഇതു ഹൊയ്സാല ശൈലിയോട് സാമ്യമുള്ളതാണ്. പടവുകൾ കയറുമ്പോൾ വശങ്ങളിലെ കൊത്തുപണികൾ നമ്മെ വിസ്മയിപ്പിക്കും. അകത്തു നിന്നു നോക്കുമ്പോൾ ഉള്ളിലെ അറകളും ശ്രീകോവിലിന്റെ ഭാഗവും ചതുരാകൃതിയിലാണെന്ന പ്രതീതി തോന്നുമെങ്കിലും സവിശേഷമായ ദീർഘ വൃത്താകൃതിയാണ് പുറംഭിത്തികളിൽ പ്രതിഫലിക്കുന്നത്. ശിവക്ഷേത്രത്തിന്റെ പുറംചുവരുകളിൽ പ്രത്യേക കോൺ ആകൃതികളിൽ ഹിന്ദുമതത്തിലെ പ്രധാന ദേവീ ദേവന്മാരുടെ രൂപങ്ങൾ കൊത്തി വച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ മത്സ്യ–കൂർമ–വരാഹ തുടങ്ങിയവയും ശ്രീകൃഷ്ണന്റെയും ദേവിയുടെയും കരിങ്കല്ലിൽ കൊത്തിയ രൂപങ്ങളും കാണാം. അടിത്തറയായി നിർമിച്ചിരിക്കുന്ന ഉയർന്ന പ്രതലത്തിൽ പുരാണ കഥകളുമായും അന്നത്തെ രാജ സദസുമായോ ബന്ധപ്പെട്ട ചിത്രങ്ങളുടെ പരമ്പര തന്നെ കാണാം. ദ്വാരപാലകർ, നർത്തകർ, സംഗീതം, പാമ്പാട്ടി, പല്ലക്കിൽ ആളെ ചുമക്കുന്നവർ, യുദ്ധങ്ങൾ, ആന, പോത്ത്, കുതിര തുടങ്ങിയ മൃഗങ്ങൾ ഇങ്ങനെ നീളുന്നു ചുവരുകളിലെ ചെറുകൊത്തുപണികൾ.
ഒരു കാലഘട്ടത്തിന്റെ കലാപരവും സാംസ്കാരികപരവുമായ വ്യക്തമായ ചിത്രം ചുവരിലെ കൊത്തുപണികളിൽ തെളിഞ്ഞു കാണാം. അന്നത്തെ സാമൂഹിക ജീവിതം, ഇണക്കി വളർത്തിയിരുന്ന മൃഗങ്ങൾ, യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, സംഗീതോപകരണങ്ങൾ എല്ലാം ക്ഷേത്ര ചുവരുകളിൽ ജീവൻ തുളുമ്പി നിൽക്കുന്നു.
ശാരദാംബ
ജ്ഞാനത്തിന്റെയും കലകളുടെയും ദേവതയായ സരസ്വതിയാണ് ആശ്രമത്തിന്റെ പ്രധാന ആരാധനാ മൂർത്തി. ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ചന്ദനത്തിൽ തീർത്ത ലളിതമായ വിഗ്രഹത്തെ വിജയ നഗര സാമ്രാജ്യകാലത്ത് സ്വർണ വിഗ്രഹംകൊണ്ട് മാറ്റി പ്രതിഷ്ഠിച്ചു. 15ാം നൂറ്റാണ്ടിൽ പുതുക്കി നിർമിച്ച ക്ഷേത്രത്തിൽ 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അറ്റകുറ്റപ്പണികൾ നടന്നിരുന്നു. ഇതിനുള്ളിൽ ഒരു മഹാമണ്ഡപവും സപ്തമാതാക്കളുടെ ചിത്രങ്ങളുമുണ്ട്. ഇത് തമിഴ് പാരമ്പര്യവുമായി സമാനതകളുള്ള രീതിയിലാണ് ചെയ്തിരിക്കുന്നത്. സ്വർണ രഥത്തിലാണ് ഇവിടെ ദേവതയുടെ പ്രതിഷ്ഠ. ഗ്രന്ഥാലയവും വേദപഠന കേന്ദ്രവും ശങ്കരനെ ആരാധിക്കുന്ന സ്ഥലവും ഇവിടെയുണ്ട്. നവരാത്രി ആഘോഷവും ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ നടക്കുന്ന രഥോത്സവുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.
തുംഗ കടന്നാൽ
രാത്രി മഴ തോരാതെ പെയ്തു. പുലർച്ചെ 5 മുതൽ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും പുലർച്ചെ തന്നെ സജീവമാകും. 7 മണിയോടെ നല്ല തിരക്കാകും. വർഷകാലത്തിന്റെ എല്ലാ രൗദ്രതയും ആവാഹിച്ചാണ് ശൃംഗേരിക്കരികിലൂടെ തുംഗ കുതിച്ചൊഴുകിക്കൊണ്ടിരുന്നത്. നദിയിലേക്കുള്ള കൽപടവുകളിൽ അപകടകരമായ തോതിൽ ജലനിരപ്പുയർന്നിട്ടുണ്ട്. തുംഗാ നദിയിലെ മത്സ്യങ്ങൾക്ക് മലർ നൽകുന്നത് അവിടുത്തെ വഴിപാടുകളിലൊന്നാണ്. എന്നാൽ കലങ്ങി മറിഞ്ഞൊഴുകുന്ന നദിയിൽ ഒന്നും കാണാൻ സാധിച്ചില്ല. ചിലർ വിശ്വാസ പൂർവം മലർ വെള്ളത്തിലേക്കിടുന്നുണ്ടായിരുന്നു. മഴ ഇടയ്ക്കെല്ലാം രസംകൊല്ലിയായി വന്നുകൊണ്ടിരുന്നു. ക്യാമറ ഉപയോഗിക്കാൻ പലപ്പോഴും പ്രയാസപ്പെട്ടു.
മഠത്തിലെ രണ്ടാനകളെ തുംഗാ നദിയിൽ കുളിപ്പിക്കുന്നതു കണ്ടു. മഠത്തിലേക്കു നീളുന്ന പാലത്തിൽ നിന്ന് പലരും അതിന്റെ ചിത്രം പകർത്തുന്നുണ്ടായിരുന്നു. അൽപ സമയത്തിനകം തന്നെ ആനകളുമായി പാപ്പാന്മാർ പാലം കടന്ന് വിദ്യാശങ്കരക്ഷേത്രത്തിനടുത്തെത്തി. ക്ഷേത്രദർശനത്തിനെത്തുന്നവർ വഴിയിൽ തുമ്പിക്കൈ അനുഗ്രഹം വാങ്ങാൻ കാത്തു നിൽക്കുന്നു. മഴയെ വക വെയ്ക്കാതെ പാപ്പാൻ അടുത്തെത്തിയവർക്കെല്ലാം ആനയെക്കൊണ്ട് അനുഗ്രഹം നൽകുന്നു. കുട്ടികളിൽ ചിലർ ഭയന്നു കരയുന്നുണ്ട്. രണ്ടു മോഴയാനകളാണ് ഇവിടെ അനുഗ്രഹം നൽകാൻ കാത്തു നിൽക്കുന്നത്. കൊമ്പൻമാരെ കണ്ടുശീലിച്ച നമുക്ക് അത്ര കൗതുകമൊന്നും ഇതിൽ തോന്നില്ല. എന്നാൽ കുട്ടികളുമായെത്തിയ കുടുംബങ്ങൾ പലരും അനുഗ്രഹം വാങ്ങാനും ആനയ്ക്കൊപ്പം സെൽഫിയെടുക്കാനും തിരക്കു കൂട്ടുന്നതു കാണാമായിരുന്നു.
എട്ടാം നൂറ്റാണ്ടു മുതൽ 14–ാം നൂറ്റാണ്ടു വരെയുള്ള മഠത്തിന്റെ കാര്യങ്ങൾക്ക് വ്യക്തമായ രേഖകളില്ല. ചരിത്രകാരനായ ഹെർമൻ കുൽക്കെയുടെ നിഗമന പ്രകാരം ശൃംഗേരിയെക്കുറിച്ചുള്ള ലഭ്യമായ ഏറ്റവും പഴക്കമുള്ള രേഖ 12–ാം നൂറ്റാണ്ടിലേതാണ്. വിജയനഗര ഭരണ കാലം മുതലുള്ള പരാമർശങ്ങളും സാഹിത്യവും മഠത്തിലുണ്ട്.
എരിയുന്ന ഹോമകുണ്ഡത്തിനു മുന്നിൽ മുഖത്ത് വിളങ്ങുന്ന തേജസുമായി സന്യാസിമാർ ധ്യാന നിമഗ്നരായിരുന്നു. മന്ത്രോച്ചാരണങ്ങൾ മുഴങ്ങിത്തുടങ്ങി. ബൃഹദാരണ്യകോപനിഷദിലെ മഹാവാക്യമായ ‘അഹം ബ്രഹ്മാസ്മി’യാണു മൂലമന്ത്രം. മന്ത്ര തന്ത്രങ്ങളുടെ വേദമായ യജുർ വേദത്തിന്റെ പ്രാമാണികത്വം ശൃംഗേരി മഠത്തിനാണ്. അദ്വൈത, സംസ്കൃത സാഹിത്യ പഠനങ്ങൾ നടത്തുന്ന സ്മാർത്ത പാരമ്പര്യം പിന്തുടരുന്ന സന്യാസ സമൂഹമാണു ശൃംഗേരിയിലേത്.
തുംഗാ നദിക്കു കുറുകെയുള്ള പാലം കടന്നാൽ ഇപ്പോഴത്തെ വിവിധ ആചാര്യ സ്വാമികളുടെ വസന്തികൾക്കു മുന്നിലൂടെ കടന്നു പോകാം. അനുഗ്രഹം വാങ്ങാൻ വരിയായി നിൽക്കുന്ന ആളുകൾക്കിടയിലൂടെ ഞാൻ പുറത്തേക്കു നടന്നു. നവരാത്രി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. 12.30 ന് കർക്കലയിലേക്ക് ഒരു ബസ് ഉണ്ട്. അവിടെത്തിയാൽ മംഗളൂരു ബസ് കിട്ടും. യാത്ര തുടരണം, അന്തിവെയിൽ ചാഞ്ഞുതുടങ്ങിയപ്പോൾ ബസിൽ മടക്കയാത്ര .