അസാമാന്യ വലുപ്പമുള്ള, ആന വശം തിരിഞ്ഞിരിക്കുന്നതുപോലെ കൂറ്റൻ ഒറ്റക്കൽ പാറ. ആനപ്പുറത്ത് പച്ചനിറമുള്ള കുട നിവ‍ർത്തിയതുപോലെ പാറപ്പുറത്ത് വളർന്ന് പന്തലിച്ച ബോധിവൃക്ഷം. നാന്നൂറോളം പടികൾ കയറി അവിടെത്തുമ്പോൾ മന്ദാരഗിരി കാഴ്ചവയ്ക്കുന്ന ദൃശ്യങ്ങൾ മയിൽപീലികൊണ്ടുള്ള തഴുകലിന്റെ സുഖമുള്ള തിരയിളക്കം സൃഷ്ടിക്കുന്നു മനസ്സിൽ, ബെംഗളൂരു മഹാനഗരത്തിന്റെ പ്രാന്തങ്ങളിൽ നിന്ന് അതിവേഗം സഞ്ചാരികളുടെ ചെക്ക് ലിസ്റ്റിലേക്ക് കയറിപ്പറ്റുന്ന താരതമ്യേന പുതു ഡെസ്‌റ്റിനേഷനുകളിലൊന്നാണ് മന്ദാരഗിരി എന്ന ബസ്ദി ബേട്ട. പോകാം അവിടത്തെ കാഴ്ചകളിലേക്ക്...

ബെംഗളൂരു നഗരത്തിൽ ഞങ്ങൾ കസിൻസ് എല്ലാവരും ഒരുമിച്ചാൽ ട്രിപ്പ് നിർബന്ധമാണ്. ഇത്തവണയും ആ ആചാരത്തിന് മാറ്റമുണ്ടായില്ല. കുട്ടികൾ ഉൾപ്പടെയുള്ള സംഘം കാറുകളിലായി പുറപ്പെട്ടു. നഗരത്തിരക്കേറിയ പ്രദേശങ്ങൾ കടന്നതോടെ വീതിയേറിയ ദേശീയപാതയിലേക്ക് എത്തി.

മന്ദാരഗിരിയിലേക്കുള്ള കവാടം, ദൂരക്കാഴ്ചയിലെ മന്ദാരഗിരി
ADVERTISEMENT

തുംകൂരു പാതയുടെ വശങ്ങളിൽ ഫാക്ടറികളാണ് ഏറെയും കാണുന്നത്. വലിയ വ്യവസായ മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. തുംകൂരു എത്തുന്നതിന് ഏതാണ്ട് 10 കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് കാറുകൾ ദേശീയപാത വിട്ടിറങ്ങിയത്. ഇടറോഡിലൂടെ അൽപം ചെല്ലുമ്പോഴേക്ക് ഒറ്റക്കൽ പാറയുടെ തലയെടുപ്പ് കാണാൻ തുടങ്ങി. കൂറ്റൻ പാറയും പാറപ്പുറത്ത് ധ്യാനസ്ഥിതിയിലിരിക്കുന്ന ഒരു രൂപവും. അതാണു ദൂരത്തുനിന്നു കാണുന്ന കാഴ്ച. കുറച്ചു മാറി മയിൽപീലിയിൽ തീർത്തതെന്നു തോന്നിക്കുന്ന ഗോപുരം. വിജനമായ ആ ചുറ്റുപാടിൽ വളരെ ദൂരത്തു നിന്നു തന്നെ എല്ലാവരുടെയും കണ്ണിൽ പെടുന്നു ആകാംക്ഷ ജനിപ്പിക്കുന്ന സ്ഥലവും നിർമിതിയും.

മന്ദാരഗിരി മല മുൻപ് അറിയപ്പെട്ടിരുന്നത് ബസ്ദി ബെട്ട എന്നായിരുന്നു, ജൈനമതത്തിൽ‌ പെട്ടവരുടെ ആരാധനാ കേന്ദ്രങ്ങളാണ് കന്നഡയിൽ ബസ്ദി എന്നു വിളിക്കുന്നത്, ബെട്ട എന്നാൽ മല. മലമുകളിലെ ജൈന ക്ഷേത്രമാണ് ബസ്ദി ബെട്ട. ഈ പാറപ്പുറത്ത് ഇന്നും നിലനിൽക്കുന്ന, നൂറ്റാണ്ടുകൾക്കപ്പുറം നി‍ർമിച്ച ജൈനക്ഷേത്രങ്ങളാണ് ഈ പേരിന് പിന്നിൽ. ഒന്നു രണ്ടു വർഷം മുൻപ് ഇവിടെ നടത്തിയ പുനരുദ്ധാരണ പ്രവ‍ർത്തനങ്ങള്‍ വിസ്മൃതിയിലായിരുന്ന പ്രദേശത്തെ വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചു.

താഴ്‌വരയിലെ കച്ചവടക്കാർ
ADVERTISEMENT

മലപോലെ തോന്നിക്കുന്ന കരിങ്കല്ലിന് അടുത്തേക്ക് എത്തും മുൻപ് കാണുന്ന വിദൂര ദൃശ്യങ്ങൾ അതിമനോഹരമാണ്. കല്ലിന്റെ ചെരിവിലൂടെ പടർന്നു കയറുന്ന പടിക്കെട്ടുകളും ദൂരക്കാഴ്ചയിലെ തെളിയുന്നുണ്ട്. മലയുടെ താഴ്‌വരയിൽ പാർക്കിങ് സ്ഥലത്ത് കാറൊതുക്കി വണ്ടിയിൽ നിന്ന് ഇറങ്ങി. വെള്ളവും ബിസ്കറ്റ് പാക്കറ്റും ചെറിയ ബാഗിൽ കരുതി. ചൂടുണ്ട്, എല്ലാവരും തൊപ്പി, ഗ്ലാസ് ഒക്കെ വച്ച് റെഡി ആയി. പാർക്കിങ്ങിൽ നിന്ന് മലയുടെ താഴ്‌വരയിലെ ഗോപുരത്തിങ്കലേക്ക് നടക്കവേ ഇളനീര് വിൽക്കുന്നവരും ചായ കച്ചവടക്കാരും കൈനോട്ടക്കാരും ഒക്കെ വിളിക്കുന്നുണ്ട്. പേ ആൻഡ് യൂസ് സംവിധാനത്തിലുള്ള ശുചിമുറി സൗകര്യമൊക്കെ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാണ്.

പിഞ്ചി’ ഗുരുമന്ദിരം

ADVERTISEMENT

മന്ദാരഗിരി എന്ന ആ കൂറ്റൻ പാറയുടെ വലുപ്പവും എടുപ്പും കണ്ടപ്പോൾ തന്നെ കിച്ചു പറഞ്ഞു, ‘‘ഷീബേച്ചീ ഞാൻ ഇല്ല, ട്രെക്കിങ് ഭ്രാന്തു നിങ്ങൾക്കാണല്ലോ. എന്നെക്കൊണ്ട് വയ്യ ഈ കൂറ്റൻ പാറപ്പുറത്തു നടന്നു കയറാൻ.’’ പാറയുടെ താഴ്‌വരയിൽ ഭംഗിയായി പരിപാലിക്കുന്ന ഉദ്യാനവും ഒപ്പം ചന്ദ്രനാഥ തീർത്ഥങ്കരന്റെ കൂറ്റൻ ശിൽപവും കാണാം. അതിനു വലതു വശത്താണ് ഗുരുമന്ദിരം എന്ന കെട്ടിടം.

ബസ്ദി ബെട്ട, ‘പിഞ്ചി’ ഗുരുമന്ദിരം, ചന്ദ്രനാഥ തീർത്ഥങ്കര ശിൽപം

ഒരുകെട്ട് മയിൽ പീലി ഭംഗിയായി അടുക്കി വിരിച്ചു വെച്ച രീതിയിലാണ് അതിന്റെ നിർമിതി. പിഞ്ചി എന്നാൽ മയിൽപീലി എന്നാണ് അ‍ർഥം. ജൈന സന്യാസിമാർ എപ്പോഴും ഒരു കെട്ട് മയിൽപീലി കൊണ്ടു നടക്കും. ചൂലുപോലെ ഉപയോഗിക്കുന്ന അതിന്റെ പേരാണ് ‘പിഞ്ചി’.

ദിഗംബര ജൈനഗുരുവിനു സമർപ്പിച്ചിരിക്കുന്ന നീലയും പച്ചയും അൽപം ഓറഞ്ചും ഇടകലർന്ന കുറച്ചു ഓറഞ്ചും കളർ ഉപയോഗിച്ച് ഉണ്ടാക്കിയ മനോഹരമായ സ്തൂപം കണ്ണിനും മനസിനും കുളിർമ തരുന്നു. സ്തൂപത്തിനുള്ളിലെ വൃത്താകൃതിയിലുള്ള മുറി മെഡിറ്റേഷന് പാകത്തിന് രൂപകൽപന ചെയ്തതാണ്. ജൈന മുനിയുടെ ചെറു ശിൽപം ഹാളിന്റെ നടുക്ക് കാണാം, ചുറ്റുമുള്ള ചുമരിൽ അവരുടെ ജീവചരിത്രവും വായിക്കാം. ജൈനിസത്തിന്റെ ഒരു പ്രധാന ശാഖയായ ദിഗംബര ജൈനരുടേതാണ് ഇവിടത്തെ മന്ദിരങ്ങൾ. ഒന്നിനോടും ആസക്തിയില്ലാതിരിക്കുക അല്ലെങ്കിൽ നിസ്സംഗത്വം ആണ് അവരുടെ പ്രധാനതത്ത്വം. കൂടാതെ ഒരു ജീവിയേയും വേദനിപ്പിക്കാൻ പാടില്ല എന്നതും അതിപ്രധാനമാണ്, അതിന്റെ പ്രതീകമായാണ് എല്ലാ ജൈനസന്യാസികളും കയ്യിൽ കൊണ്ടുനടക്കുന്ന പിഞ്ചി. അവർ നടക്കുന്ന വഴിയിലുള്ള ഏറ്റവും ചെറിയ ജീവജാലത്തെ പോലും വേദനിപ്പിക്കാതെ മാറ്റിനിർത്താൻ ഈ പിഞ്ചി ഉപയോഗിച്ച് തൂത്തുകൊണ്ടാണ് നടക്കുന്നത്.

രുകെട്ട് മയിൽ പീലി ഭംഗിയായി അടുക്കി വിരിച്ചു വെച്ച രീതിയിലുള്ള മന്ദിരം

പാറപ്പുറത്തെ മനോഹാരിത

12, 14 നൂറ്റാണ്ടുകളിൽ നി‍ർമിച്ച അഞ്ച് ജൈന ക്ഷേത്രങ്ങളാണ് പാറയുടെ മുകളിലുള്ളത്. താഴെ നിന്ന് മുകളിലേക്ക് കയറാൻ 432 പടികളുണ്ട്, കയറേണ്ടതും ഇറങ്ങേണ്ടതും അതിലൂടെയാണ്. ഇത്രയും പടികൾ കയറി മുകളിൽ എത്തുകയെന്നത് സന്തോഷം തരുന്നതാണെങ്കിലും ശ്രമകരമായ പ്രവൃത്തിതന്നെയാണ്. ഒന്ന്, രണ്ട്, മൂന്ന്... ആദ്യമൊക്കെ പടികൾ എണ്ണിയെണ്ണി കയറാൻ തുടങ്ങി. പിന്നെ അത് വിട്ടു ശ്വാസം എടുക്കുന്നതിലായി മുഴുവൻ ശ്രദ്ധ. പകുതി എത്തും മുൻപ് തന്നെ ഭഗവാനെ ഇത്‌ കുറെ ഉണ്ടല്ലോ എന്നായി ചിന്ത.

അരമണിക്കൂറോളം നീണ്ട പ്രയത്നത്തിന് ശേഷം മുകളിൽ എത്തിയപ്പോഴേക്കും, ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ, ഒരു ഒഴിവു ദിവസം കിട്ടിയാൽ ആ ആഴ്ച മുഴുവൻ ജോലി ചെയ്തതിനു പകരം വിശ്രമം എടുത്താൽ പോരെ എന്നായിരുന്നു കിച്ചുവിന്റെ മുഖത്തെ ഭാവം. മുകളിലെത്തുമ്പോൾ ലഭിക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചകൾ തേടി ഓടുകയായി എല്ലാവരും. മല കയറി ചെല്ലുന്നിടത്ത് തന്നെ ഒരു ബോധി വൃക്ഷവും അതിനു താഴെ ഇരിക്കുന്ന ഒരു വിഗ്രഹവും കുറെ ഏറെ ആൺ രൂപങ്ങളും പക്ഷി മൃഗാദികളെയും കാണാം. അത് കണ്ടു നടക്കുമ്പോൾ ഇടതു വശത്തു കണ്ണെത്താദൂരം വരെ പരന്നു കിടക്കുന്ന തുംകൂർ ജില്ലയും ചെറുതും വലുതും ആയ രണ്ടു തടാകങ്ങളും വലിയ പാറകളും ഒക്കെയാണ് കാഴ്ചകൾ.

മലമുകളിലെ ബോധി വൃക്ഷവും

ഞങ്ങൾ എത്തിയപ്പോഴേക്കും നല്ല ചൂടായി മാർബിൾ തറയിൽ കാല് വയ്ക്കാൻ പറ്റാത്ത അവസ്ഥ. വേഗം ഒരു തണൽ കണ്ടെത്തി കാഴ്ച ആസ്വദിക്കലാണ് അടുത്ത് ലക്ഷ്യം.‍

പുരാതന ജൈനമന്ദിരം

മനോഹരിയായി മൈദാല തടാകം

മന്ദാരഗിരിയുടെ താഴ്‌വരയിൽ ചെറുതും വലുതുമായി രണ്ടോ മൂന്നോ തടാകങ്ങളുണ്ട്. അതിൽ പാറപ്പുറത്ത് നിന്നാൽ നന്നായി കാണാൻ പറ്റുന്ന, പച്ചനിറത്തിലുള്ള വെള്ളം നിറഞ്ഞു കിടക്കുന്ന രണ്ട് തടാകങ്ങളാണ് പ്രധാനം. അവയി‌ൽ ക്ഷേത്രത്തിനു പിറകു വശത്തായിട്ടുള്ളതാണ് മൈദാല തടാകം. ക്ഷേത്രത്തിനു പിന്നിലൂടെ സാവകാശം ശ്രദ്ധിച്ച് പാറയിലൂടെ ഇറങ്ങി അതിനു സമീപമെത്താം.

മലമുകളിൽ നിന്നുള്ള കാഴ്ചകൾ

അൽപമൊന്ന് ഇറങ്ങിയപ്പോൾ ഒരു ഗേറ്റ് കണ്ടു, അതു തുറക്കുന്നതാകട്ടെ ഒന്നാന്തരമൊരു ടാറിട്ട വഴിയിലേക്കാണ്. അടിവാരത്തുനിന്ന് ഈ ദൂരം കയറിവരാൻ ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഇവിടം വരെ വാഹനത്തിലെത്താം. ഗോപുരത്തിങ്കൽ നിന്ന് ഇവിടെ വരെ 400 രൂപയ്ക്ക് ആളുകളെ എത്തിക്കുന്ന ഓട്ടോ റിക്ഷക്കാരുമുണ്ട്.

തടാകവും തടാകക്കരയിലൂടെയുള്ള പാതയും

ഉച്ചയോടെ എല്ലാവരെയും വിശപ്പ് ആക്രമിക്കാൻ തുടങ്ങി. നമുക്ക് പോകാം എന്നായി. ആ ഗേറ്റ് കഴിഞ്ഞു കുറച്ചു മുന്നോട്ടു പോയപ്പോൾ കോൺക്രീറ്റ് കല്ലുകൾ കൊണ്ടു കവാടം പോലെ ഒരു സ്ഥലം കാണാം. കുറച്ചു പേര് അവിടെ ഇരുന്നു വിശ്രമിക്കുന്നുണ്ട്. ഒരാൾ കക്കിരിക്കകൊണ്ടുള്ള ചാട്ട് ഉണ്ടാക്കി കൊടുക്കുന്നുണ്ട്. നടന്നു വിശന്നു ക്ഷീണിച്ചവർക്കു, അത് വലിയ ആശ്വാസമായിരുന്നു. ഞങ്ങൾ അവിടെ നിന്ന് ചാട്ട് വാങ്ങി കഴിച്ചു. എന്റെ കന്നഡ ഭാഷയിലുള്ള നൈപുണ്യം പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ഞാനും വെറുതെ വിട്ടില്ല. "ഇരട് ചാട്ട് ബേക്കു" ... ചാട്ട് കൊറിച്ച് കലപില ചാറ്റ് ചെയ്ത് ആ വഴിയിലൂടെ ഞങ്ങൾ മന്ദാരഗിരി ഇറങ്ങി.

നടന്നിറങ്ങുന്ന വഴിയിലെ കാഴ്ചകൾ

പോകേണ്ട വഴി

കർണാടകയിലെ തുംകൂരു ജില്ലയിലാണ് മന്ദാരഗിരി അഥവാ ബസ്ദി ബേട്ട മോണോലിത്തിക് ഹിൽ. മലയുടെ ആകൃതിയും വലുപ്പവുമുള്ള കൂറ്റൻ പാറയാണ് മോണോലിത്തിക് ഹിൽ എന്നറിയപ്പെടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മോണോലിത്തിക് ഹിൽ ബെംഗളൂരുവിനു സമീപം തന്നെയുള്ള സാവൻദുർഗ ആണ്.

ബെംഗളൂരു നിന്ന് 60 കിലോമീറ്ററുണ്ട് മന്ദാരഗിരിയിലേക്ക്, ഒന്നര മണിക്കൂർ ഡ്രൈവ് മതിയാകും. മജസ്റ്റിക് ബസ്‌സ്റ്റാൻഡിൽ നിന്ന് തുംകുരു ബസ്സിൽ കയറി ബസ്ദി ബെട്ട ക്രോസിൽ ഇറങ്ങണം. ഹൈവേ ക്രോസ് ചെയ്ത് രണ്ട് കിലോമീറ്റർ നടന്നാൽ മന്ദാരഗിരി.

സൂര്യാസ്തമയം കാണുന്നതിന് മനോഹരമായ സ്ഥലമാണ് മന്ദാരഗിരി, അതിനു തക്കവിധം ഇവിടെത്തുന്നത് നന്നായിരിക്കും.

ADVERTISEMENT