മാനത്തങ്ങനെ ഉരുണ്ടുകൂടി കാറുകെട്ടി ഇടിച്ചു കുത്തി പെയ്യുന്ന മഴ. മലമുകളിൽ നിന്നു ഭൂമിയിൽ ആവാഹിച്ചിറക്കി, മണ്ണിലെ ഉറവകൾ പൊട്ടിച്ചു ചാലു കീറി, ചെറു നീരൊഴുക്കുകളാകും. ഒഴുകുംവഴിയിൽ അവയെ സംഗമിപ്പിച്ചു പെരുവെള്ളപാച്ചിലാക്കി, കുന്നുകളും പാറക്കെട്ടുകളും തുടങ്ങി മുന്നിലുള്ള ഒന്നിനെയും വകവെയ്ക്കാതെ അവയിൽ അലച്ചുതല്ലി താഴേക്കൊഴുക്കി ഒടുക്കം മുൻപോട്ട് നീങ്ങാൻ ഇടമില്ലാത്ത അറ്റത്തെത്തിച്ച് പിടിവിട്ട് താഴേക്കു വീണ് ചിതറി തെറിച്ചു പ്രവഹിക്കും. അങ്ങനെയുള്ള വെള്ളച്ചാട്ടങ്ങൾ എത്ര കണ്ടാലും മടുക്കാത്ത വിസ്മയങ്ങളാണ്.

ഫാമിലി ഡെസ്റ്റിനേഷൻ

ADVERTISEMENT

ചെറുതും വലുതുമായി ഒട്ടനവധി മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമാണ് കേരളത്തിലെ മലയോര മേഖലകളും കാടുകളും. മഴക്കാലമെത്തുന്നതോടെ അവയെല്ലാം ആർത്തുല്ലസിച്ച് ആഘോഷിക്കുമ്പോലെ പ്രവഹിക്കും. അക്കൂട്ടത്തിൽ അധികമാരും അറിയപ്പെടാത്ത മനോഹരമായ വെള്ളച്ചാട്ടമാണ് വടാട്ടുപാറ വെള്ളച്ചാട്ടം. മുൻപ് ഭൂതത്താൻകെട്ടിലും പരിസരത്തും കാഴ്ചകണ്ട്, പക്ഷികളെ നോക്കി നടക്കുന്നതിനിടെ ഒന്നു രണ്ടു വട്ടം ഈ വെള്ളച്ചാട്ടത്തിന് സമീപമെത്തിയിരുന്നു. എന്നാൽ അന്ന് അതിന്റെ സൗന്ദര്യം പൂർണമായും ആസ്വദിക്കാൻ സാധിച്ചിരുന്നില്ല.

Photos : Sudheesh Muraleedharan

പ്രാദേശിക രീതിയിൽ പറഞ്ഞാൽ വടാട്ടുപാറ കുത്തിനെ അതിന്റെ ഉഗ്രഭാവത്തിൽ കാണാനാണ് ഈ മഴക്കാലത്തോ മൺസൂണിനു ശേഷം അധികം വൈകാതെ തന്നെയോ അവിടേക്ക് പോകണം. വേനൽ അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോഴും വടാട്ടുപാറ വെള്ളച്ചാട്ടം സന്ദർശകർക്ക് കുളിർമ ഏകുന്നത് പതിവാണ്.

ADVERTISEMENT

കോതമംഗലത്തു നിന്ന് ഡ്രൈവ് ചെയ്യുമ്പോൾ ട്രിപ്പിന് കണ്ടെത്തിയ ദിവസം തെറ്റായിപ്പോയോ എന്ന് തോന്നി. ഇടവിട്ട് ഇടവിട്ട് പെയ്യുന്ന മഴ, നിരന്തരം വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാറ്റ്, തെളിച്ചം കാണാത്ത അന്തരീക്ഷത്തിൽ ക്യാമറ എടുക്കേണ്ടിയിരുന്നില്ല എന്നു തോന്നി.

കാടിനകത്തൂടെയുള്ള സഞ്ചാരം വടാട്ടുപാറ ട്രിപ്പിലെ ബോണസ്സാണ്. അങ്കമാലി-ആലുവ-പെരുമ്പാവൂർ റൂട്ടിൽ കോതമംഗലം എത്തി. തുടർന്ന് കുട്ടമ്പുഴ തട്ടേക്കാട് റോഡിലൂടെ കീരമ്പാറ ചെന്ന് ഇടത്തോട്ട്തിരിഞ്ഞു ഭൂതത്താൻകെട്ടുവഴി വടാട്ടുപാറ വെള്ളച്ചാട്ടത്തിനു സമീപം വാഹനമൊതുക്കി.

ADVERTISEMENT

ഒരു ഡസനോളം വാഹനങ്ങൾ കണ്ടപ്പോൾ തന്നെ മനസ്സിലായി മോശം കാലാവസ്ഥയൊന്നും സ‍ഞ്ചാരികളെ അലോസരപ്പെടുത്തിയട്ടില്ല എന്ന്. കൊച്ചി ഭാഗത്തുനിന്ന് കോലഞ്ചേരി-മുവാറ്റുപുഴ വഴി കോതമംഗലം എത്തിയിട്ട് വേണം വടാട്ടുപാറയിലേക്ക് വരാൻ. തെളിഞ്ഞ കാലാവസ്ഥയിൽ പച്ചപ്പിന്റെ ശോഭ ആ പരിസരത്തിന് ഏറെ മിഴിവേകും. ഒപ്പം കിളികളുടെ ചിലപ്പും തണുത്ത കാറ്റും കൂടിയാകുമ്പോൾ... ആഹാ!

വടം കെട്ടിയ പാറ വടാട്ടുപാറ

വെള്ളച്ചാട്ടം സ്ഥിതിച്ചെയ്യുന്ന പ്രദേശവും വടാട്ടുപാറ എന്നുതന്നെയാണ് അറിയപ്പെടുന്നത്. പണ്ട് കാലത്ത് പാറകളും കയറ്റങ്ങളും നിറഞ്ഞ സ്ഥലങ്ങളിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തിരുന്നത് വടങ്ങൾ കുറുകെ കെട്ടി അതിൽ പിടിച്ചായിരുന്നുവെന്നും ആ വടംകെട്ടുന്ന പാറയെ വടംകെട്ടിപ്പാറ എന്നുവിളിക്കുകയും പിന്നീടത് ലോപിച്ചു വടാട്ടുപാറ ആയി മാറിയെന്നും പറയപ്പെടുന്നു.

കിലോമീറ്ററുകളോളം പരന്നങ്ങനെ കിടക്കുന്ന പാറക്കൂട്ടങ്ങളാണ് വടാട്ടുപാറയെ വ്യത്യസ്തമാക്കുന്നത്. ‌വെള്ളച്ചാട്ടത്തിന് തൊട്ടടുത്തു വരെ സഞ്ചാരികൾക്ക് വാഹനങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നതും അവിടുത്തെ ഭൂമിശാസ്‌ത്രപരമായ ഈ പ്രത്യേകത കൊണ്ട് തന്നെ.

ചരിത്രാതീത കാലത്തെ പുരാസംസ്കൃതിയുടെ ശേഷിപ്പുകളായി ആ മേഖലയിൽ ധാരാളം മുനിയറകളും കണ്ടെത്തിയിട്ടുണ്ട്. മഴയൊഴിഞ്ഞ് നിൽക്കുന്നെങ്കിലും അന്തരീക്ഷം മൂടിക്കെട്ടിത്തന്നെ ഇരിക്കുന്നു. നടപ്പാതയിലൂടെ നീങ്ങുമ്പോൾ വെള്ളത്തില്‍ തിമിർക്കുന്ന കുട്ടികളുടെ ആഹ്ലാദം ആർപ്പുവിളികളായി കാറ്റിൽ അലയടിച്ചെത്തി.

ഏറെ ഉയരത്തിൽ നിന്നു പതിക്കുന്ന ഒന്നല്ല വടാട്ടുപാറ വെള്ളച്ചാട്ടം. അതിന്റെ സൗന്ദര്യം പരന്ന്, ചെരിഞ്ഞ് കിടക്കുന്ന പാറപ്പുറത്ത് കൂടി ഒഴുകി പ്രവഹിച്ചെത്തുന്ന നീരൊഴുക്കാണ്. കുട്ടികൾ വാട്ടർ പാർക്കുകളിലെ സ്ലൈഡിങ് വിനോദത്തിലെന്നോണം ആ പാറക്കെട്ടുകളിലൂടെ നിരങ്ങി താഴേക്ക് ഊർന്നിറങ്ങുന്നു. മറ്റൊരിടത്ത്, ആഴത്തിൽ കെട്ടിനിൽക്കുന്ന പ്രകൃതിയുടെ പൂളിലേക്ക് കുട്ടികളും മുതിർന്നവരും ഡൈവ് ചെയ്ത് മുങ്ങാങ്കുഴി ഇടുന്നു. മറ്റുചിലർ ജലപാതത്തിന്റെ താഴെപ്പോയി നിന്ന് തലയിലേക്കും ശരീരത്തിലേക്കും വെള്ളത്തിന്റെ കുളിർമ ഏറ്റുവാങ്ങുന്നു.

മഴക്കാലത്തിനു ശേഷവും സഞ്ചാരികളെ നിരാശപ്പെടുത്തില്ല എന്നതാണ് വടാട്ടുപാറയുടെ മറ്റൊരു സവിശേഷത. നാട്ടിൻപുറത്തെ ശാലീന സുന്ദരിയെപ്പോലെ അഴകും മിഴിവും തുടിക്കുന്ന ജലധാരയാകും അപ്പോൾ വടാട്ടുപാറയിൽ.ഇവിടത്തെ അസ്തമയം ഗംഭീര അനുഭവമാണ്.

സുരക്ഷിതം. സുന്ദരം

മഴക്കാലത്താണ് വടാട്ടുപാറ ജലപാതം അതിന്റെ വിശ്വരൂപം കൈക്കൊള്ളുന്നത്. കാലവർഷത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ സുരക്ഷയ്ക്കു വളരെ പ്രാധാന്യം കൊടുക്കാൻ ശ്രദ്ധിക്കണം. പാറകളിലെ വഴുക്കല്‍ ശ്രദ്ധിക്കണം. വടാട്ടുപാറ വെള്ളച്ചാട്ടത്തിനു ഏറ്റവും അടുത്തുള്ള പ്രകൃതിരമണീയമായ മറ്റൊരു വിനോദസഞ്ചാര ലൊക്കേഷൻ ആണ് ഭൂതത്താൻകെട്ട്‌ ഡാമും പരിസരവും. വെള്ളവും വനവും ഇഴചേർത്ത് പ്രകൃതി വരച്ച ക്യാൻവാസ് ആണ് ഇത്. ആധുനിക സാങ്കേതിക വിദ്യകൾ ഒന്നുമില്ലാതിരുന്ന കാലത്ത് മനുഷ്യർക്ക് സാധ്യമോ എന്ന് സംശയിക്കുന്ന വിധം നിർമിച്ച അണക്കെട്ട് ആയതുകൊണ്ടാണ് ഭൂതങ്ങൾ കെട്ടിയ അണക്കെട്ട് എന്ന അർഥത്തിൽ ഭൂതത്താൻ കെട്ട് എന്ന് വിളിക്കുന്നത്.

കൃത്യമായി സമയം പ്ലാൻ ചെയ്താൽ തട്ടേക്കാട് പക്ഷി സങ്കേതം, ഇഞ്ചത്തൊട്ടി തൂക്കുപാലം, മാമലക്കണ്ടം, ഇടമലയാർ തുടങ്ങി അടുത്തുള്ള പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങൾ കൂടി അന്നുതന്നെ കണ്ട് മടങ്ങാം. കരുതൽ വിടരുത് ആകെ നനഞ്ഞാൽ കുളിച്ചു കയറണം എന്ന് പറയും പോലെ..

വെള്ളച്ചാട്ടങ്ങൾ മനോഹരം എന്നതുപോലെ സൂക്ഷിച്ചില്ലെങ്കിൽ അപകടകരവുമാണ്. ഏത് വിനോദസഞ്ചാര കേന്ദ്രമായാലും വെള്ളച്ചാട്ടങ്ങളിൽ കുളിക്കാൻ ഇറങ്ങുന്നത് സുരക്ഷിതവും അനുവദനീയവുമായ ഇടങ്ങളിൽ മാത്രമായിരിക്കണം. മഴക്കാലത്ത് പാറകളിൽ നിറയെ പായലുകൾ നിറയും, തെന്നി വീഴാൻ സാധ്യത ഏറും. ഒഴുക്കു വെള്ളത്തിന് താഴെ നിൽക്കുമ്പോൾ മുകളിൽ നിന്നും പാറകളോ മരത്തടിയോ ഒക്കെ ഒഴുകി വീഴാനുള്ള സാധ്യതയും തള്ളിക്കളയരുത്. ഒട്ടു മിക്ക വെള്ളച്ചാട്ടങ്ങളും വനമേഖലയോട് അടുത്തായതിനാൽ വന്യമൃഗസാന്നിധ്യവും നിസ്സാരമായി കാണരുത്. വെള്ളച്ചാട്ടങ്ങൾക്ക് അടുത്ത് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകളോ തദ്ദേശവാസികളുടെ ഉപദേശങ്ങളെയോ അവഗണിക്കരുത്. ഇത്തരം ചില കരുതലുകൾ കൂടിയുണ്ടെങ്കിൽ യാത്രകളും മധുരമുള്ള ഓർമകൾ സമ്മാനിക്കുന്നതാക്കും..

എറണാകുളം ജില്ലയിലും പരിസരപ്രദേശത്തുമുള്ളവർക്ക് ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കൊപ്പമോ കുടുംബമായോ വൺഡെ ട്രിപ്പ് പ്ലാൻ ചെയ്യാൻ പറ്റിയ സ്ഥലമാണ് വടാട്ടുപാറ വെള്ളച്ചാട്ടം. ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലാണ് വടാട്ടുപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കോതമംഗലത്തു നിന്ന് 18 കിലോമീറ്ററുണ്ട് വടാട്ടുപാറയിലേക്ക്. പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് പരിസരം വൃത്തികേടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ADVERTISEMENT