മഹാനഗരം, ഹൗറ, കാളീഘട്ട്, ട്രാം, മധുരപലഹാരങ്ങൾ... ഇതു മാത്രമോ കൊൽക്കത്തയുടെ കാഴ്ചകൾ... പഴയകാല ശേഷിപ്പുകൾ തേടി ബംഗാളി ഗ്രാമങ്ങളിലൂടെ...
കൊൽക്കത്ത മഹാനഗരം, അവിടത്തെ സ്മാരകങ്ങൾ, ഹൂഗ്ലി നദി, ഹൗറ പാലം, കാളീഘട്ട്, ചീന ബസാർ, കോളജ് സ്ട്രീറ്റ്, മഞ്ഞ നിറത്തിലുള്ള അംബാസിഡർ കാർ, ബൊട്ടാണിക്കൽ ഗാർഡനിലെ ആൽ വൃക്ഷം, ട്രാം, റൊഷ്ഗുള, സന്ദേശ്, മിഷ്ടിദോയ് പിന്നെ ശാന്തിനികേതൻ... പശ്ചിമ ബംഗാൾ പൂർണമായി എന്നു തോന്നുന്നുവോ? എങ്കിൽ തെറ്റി. ഏക്താരയുടെ താളത്തിൽ മുഴങ്ങുന്ന ബാവുൽ ഗീതം പോലെ മനസ്സിനെ തൊട്ടുണർത്തുന്ന ഒട്ടേറെ ഗ്രാമങ്ങൾ വംഗദേശത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്.
ഗ്രാമമെന്നാൽ വെറും നാട്ടിൻപുറമല്ല, ഇന്നലെകളിലെ ബംഗാളിന്റെ സാമൂഹ്യ, സാംസ്കാരിക തുടിപ്പുകൾക്കൊപ്പം ചലിച്ചിരുന്ന ഇടങ്ങൾ. കാലം മാറിയപ്പോൾ പുതുതലമുറകൾ ജീവിതത്തിന്റെ പുതിയ തുരുത്തുകളിലേക്ക് ചേക്കേറിയപ്പോൾ വിസ്മൃതിയുടെ മാറാല പുതച്ചു തുടങ്ങിയവ സഞ്ചാരികളെ കാഴ്ചകൾക്കപ്പുറത്ത് ഒട്ടേറെ ലോകങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോകും.
പതിനേഴാം നൂറ്റാണ്ടിൽ കൊളോണിയൽ ശക്തികളുടെ വാണിജ്യത്തിനൊപ്പം വളർന്ന് ഒന്നര നൂറ്റാണ്ടിലേറെ ഇന്ത്യൻ തലസ്ഥാനമായി വാണ കൊൽക്കത്തയുടെ പ്രഭാവത്തിൽ മങ്ങിപ്പോയ ചില സ്ഥലങ്ങളുണ്ട്, ഏതൊരു ബംഗാൾ സഞ്ചാരത്തിനൊപ്പവും ചേർത്തു വയ്ക്കാവുന്നത്.
ഗൗറും പാണ്ഡുവയും
കൊൽക്കത്തയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയാണ് മാൽഡ. ബ്രിട്ടീഷുകാർ മാൽഡയുമായി വ്യാപാരമാരംഭിക്കുകയും അവിടെ ഫാക്ടറി തുറക്കുകയും ചെയ്തതിനാൽ ഈ പ്രദേശത്തിന് 'ഇംഗ്ലീഷ് ബസാർ' എന്നും പേരുണ്ടായി. മാൽഡ ജില്ലയിലെ ചരിത്രപ്രധാന നഗരങ്ങളാണ് പാണ്ഡുവയും ഗൗറും.
മാൽഡ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി ഗൗറിലേക്ക് സഞ്ചരിക്കുമ്പോൾ റോഡിന് ഇരുവശത്തും വിശാലമായ മാവിൻതോപ്പുകളും വാണിജ്യാടിസ്ഥാനത്തിൽ മത്സ്യകൃഷി നടത്തുന്ന വലിയ കുളങ്ങളും കണ്ടു. ബീഹാറുമായും അയൽരാജ്യമായ ബംഗ്ലദേശുമായും അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇത്. പതിനൊന്നാം നൂറ്റാണ്ടിലെ സെൻ രാജവംശത്തിന്റേതെന്നു കണക്കാക്കുന്ന കൊട്ടാരങ്ങളുടെ ശേഷിപ്പുകളാണ് ഗൗറിലെ പ്രധാന കാഴ്ചകളിലൊന്ന്. 'രാജ്ബാരി' അഥവാ കൊട്ടാരം എന്നാണ് ആ പൈതൃക സ്ഥലം അറിയപ്പെടുന്നത്. കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളാണെന്ന് പറയുന്നെങ്കിലും കാഴ്ചയിൽ ബുദ്ധക്ഷേത്രത്തിന്റെ ഭാഗങ്ങൾ പോലെ തോന്നി എനിക്ക്. അവിടെ അടുത്തടുത്തായി കണ്ട വൃത്താകൃതിയിലുള്ള നിർമിതി സ്തൂപങ്ങളുടെ അടിത്തറയായിരിക്കില്ലേ എന്ന സംശയവുമുണർന്നു. സാധാരണ കണ്ടുവരുന്നതുപോലെയുള്ള കൊട്ടാരം നിലനിൽക്കാനുള്ളത്ര വലുപ്പവും ആ സ്ഥലത്തിന് കണ്ടില്ല.
ഗൗറിൽ പുരാതനമായ മുസ്‌ലിം ആരാധനാലയങ്ങൾ ധാരാളമുണ്ട്. ഇഷ്ടികയിൽ പടുത്തുയർത്തിയ സൗന്ദര്യ സൃഷ്ടികൾ ഇപ്പോൾ സംരക്ഷിത കേന്ദ്രങ്ങൾ കൂടിയാണ്. 14,15 നൂറ്റാണ്ടുകളിൽ ഇസ്‌ലാമിക ഭരണാധികാരികളാണ് ഇവ നിര്‍മിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഭൂചലനത്തിൽ അതിൽ ചിലതൊക്കെ ഭാഗികമായി തകർന്നെങ്കിലും കേടുപാടൊന്നും പറ്റാതെ ഇപ്പോഴും നിലനിൽക്കുന്നവയുമുണ്ട്. ഗൗറിലെ കദം റസൂൽ മോസ്കിൽ സുൽത്താൻ നസ്രത് ഷാ 1513 ൽ മക്കയിൽ നിന്നും കൊണ്ടുവന്നതെന്ന് വിശ്വസിക്കപ്പെടുന്ന ശില പ്രവാചകന്റെ കാൽപാദം പതിഞ്ഞതാണെന്നു കണക്കാക്കുന്നു.
ലക്ഷം രൂപയുടെ മുസോളിയം
ഗൗറില്‍ നിന്ന് 40 കിലോമീറ്റർ കൂടി സഞ്ചരിക്കണം പാണ്ഡുവയിലേക്ക്. അവിടെ ആദ്യം കാണുന്ന പൈതൃക സ്മാരകം ഏക് ലാഖി മുസോളിയമാണ്. 15ാം നൂറ്റാണ്ടിൽ ബംഗാളിലെ സുൽത്താനായിരുന്ന സുൽത്താൻ ജലാലുദ്ദിൻ മുഹമ്മദ് ഷായുടെ കുടീരമാണ് ഇത്. സമ്പന്നനായ സമീന്ദാരും പ്രഭുവുമായിരുന്ന രാജാ ഗണേഷിന്റെ മകനാണ് മതപരിവർത്തനം ചെയ്ത് സുൽത്താൻ ജലാലുദ്ദിൻ ആയത്. രാജാ ഗണേഷ് നിർമിച്ചതാണ് ഈ മുസോളിയം എന്ന് ആർക്കിയോളജിക്കൽ സർവേയുടെ രേഖകൾ. എന്നാൽ പൂർണമായും ഇസ്‌ലാമിക നിർമാണ ശൈലിയിൽ ഒറ്റ താഴികക്കുടമുള്ള ഈ നിർമിതി സുൽത്താൻ തന്നെ പണി കഴിപ്പിച്ചതാകും എന്നു വാദിക്കുന്ന ചരിത്രകാരൻമാരുമുണ്ട്. സുൽത്താന്റെയും പത്നിയുടെയും മകന്റെയും കബറുകൾ ഇതിലുണ്ട്.
പാണ്ഡുവയിലെ മറ്റൊരു അതിശയ നിർമിതിയാണ് അദീന മോസ്ക്. 1375 ൽ ഈ മോസ്ക് നിർമിക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയായിരുന്നു. പിൽക്കാലത്ത് ഭൂകമ്പത്തിൽ ഇതിന്റെ കുറേ ഭാഗം തകർന്നു പോയി, ബാക്കി ഭാഗമാണ് ഇപ്പോൾ കാണാനാകുന്നത്. അദീന മോസ്കിനും പാണ്ഡുവയിലെ മറ്റു മസ്ജിദുകൾക്കും പ്രത്യേകതയുണ്ട്. അവയിൽ പല ഭാഗത്തും ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന രൂപങ്ങളും പാറ്റേണുകളും കാണാം. ഗൗറിലെ മോസ്കുകൾക്കും ഈ പ്രത്യേകതയുണ്ട്. അതിന്റെ യഥാർഥ കാരണം അറിയില്ലെങ്കിലും രണ്ടു വിധത്തിൽ സംഭവിച്ചിരിക്കാമെന്നാണ് കണക്കാക്കുന്നത്.
ഹിന്ദു രാജാക്കന്മാരുടെ ഭരണകാലത്തെ കൽപണിക്കാർക്ക് ക്ഷേത്രങ്ങൾ പണിതുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ മോസ്‌ക് പണിതപ്പോഴും അവർ ക്ഷേത്രങ്ങളുടെ രൂപങ്ങൾ പലയിടങ്ങളിലും ചേർത്തിരിക്കാം. മുസ്‌ലിം രാജാക്കന്മാർ യുദ്ധം ചെയ്തു രാജ്യങ്ങൾ കീഴടക്കുമ്പോഴും ഹിന്ദു മതത്തോടവർക്ക് താൽപര്യമുണ്ടായിരുന്നെന്നും അതിനാൽ മോസ്കുകളിലും ക്ഷേത്ര ശൈലി കൊണ്ടുവരാൻ ശ്രമിച്ചതാകാമെന്ന വാദവുമുണ്ട്.
കാസിൽ വില്ലേജ് - ധന്യകുറിയ
കൊൽക്കത്തയിൽ നിന്ന് 80 കിലോമീറുണ്ട് 24 പർഗാനാസ് ജില്ലയിലെ ടാക്കി റോഡിലേക്ക്. അവിടെയാണ് സൗധങ്ങൾ നിറഞ്ഞ കാസിൽ വില്ലേജ് എന്നറിയപ്പെടുന്ന ഗ്രാമം. ധാരാളം ജന്മിമാർ ജീവിച്ചിരുന്ന പ്രദേശമാണ് ധന്യകുറിയ. യൂറോപ്യന്മാർ ബംഗാളിൽ ജീവിച്ചിരുന്ന കാലത്തു പ്രതാപികളായ ഈ ജന്മിമാർ യൂറോപ്യന്മാരുടെ ജീവിത ശൈലിയിലേക്ക് ആകർഷിക്കപ്പെടുകയും അതുപോലെ ജീവിക്കാൻ തുടങ്ങുകയും ചെയ്തു. യൂറോപ്യൻ മാതൃകയിലുള്ള ധാരാളം മാളികകൾ അവർ ഗ്രാമത്തിൽ പണിതു. അങ്ങനെയാണ് ധന്യകുറിയയ്ക്ക് 'കാസിൽ വില്ലേജ്' എന്ന് പേര് ലഭിക്കുന്നത്.
ധന്യകുറിയയിലെ കാസിലുകളിൽപ്പലതും താമസിക്കാൻ കഴിയാത്തവിധം കാലപ്പഴക്കത്താൽ തകർന്നുപോയി. എങ്കിലും ഇന്നും അത്ഭുതം ജനിപ്പിക്കും വിധം കേടു കൂടാതെ ശേഷിക്കുന്നവയും ഏറെയുണ്ട്. അവയിൽ ചിലതിലെങ്കിലും ജനവാസവുമുണ്ട്. ഗായെൻ ബാരി അതിലേറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു സൗധമാണ്. ഗായെൻ ബാരിക്കടുത്തായി ഗായെൻ ബഗാൻ ബാരി എന്ന മറ്റൊരു മാളികയുമുണ്ട്. അൻപതേക്കറോളം വരുന്ന പ്ലോട്ടിന്റെ നടുവിലാണ് ഈ അസാധാരണമായ ബംഗ്ലാവ് പണിതിരിക്കുന്നത്. അതിന്റെ കവാടത്തിന്റെ നിർമ്മിതിയും അത്ഭുതപ്പെടുത്തും. ഗായെൻ കുടുംബത്തിലെ ഒരംഗത്തോട് നേരത്തേ അനുവാദം വാങ്ങിയാണ് ഞാൻ കോട്ടയ്ക്കു തുല്യമായ ഈ രണ്ടു മാളികകളിലും കയറിയത്.
1840 കളിലാണ് ഈ മാളികകൾ പണി കഴിപ്പിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ പണിയപ്പെട്ട സാവൂ മാളികയും ബല്ലാ മാളികയും മാർബിൾ പാലസും ഇന്നും കേടു കൂടാതെ നിലനിൽക്കുന്നു. ഇവയിൽ ഗായെൻ ബഗാൻ മാളികയിലും മാർബിൾ പാലസിലും ഇപ്പോഴും തലമുറകൾ വസിക്കുന്നുണ്ട്. പ്രൈവറ്റ് പ്രോപ്പർട്ടിയായതിനാൽ ഉടമസ്ഥരുടെ അനുമതിയോടുകൂടി മാത്രമേ ഉള്ളിൽക്കയറാൻ അനുവാദമുള്ളൂ. ടാകി റോഡിലൂടെ ടാക്കിയിലെത്തിയാൽ മറ്റൊരു രസകരമായ അനുഭവമുണ്ടാകും. ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ഇടയിലൂടെ ഒഴുകുന്ന ഇച്ഛാമതി നദിയിലൂടെ ഇന്ത്യയിൽ നിന്നു ബംഗ്ലദേശിന്റെ അടുത്തുവരെ യാത്ര ചെയ്യാൻ കഴിയും. നദിയിലൂടെ യാത്ര ചെയ്യാതെ തന്നെ ബംഗ്ലദേശ് വളരെ അടുത്തായി കാണാനും സാധിക്കും.
ബിഷ്ണുപുർ - ക്ഷേത്രങ്ങളുടെ നഗരം
കൊൽക്കത്തയിൽ നിന്ന് ഏകദേശം 340 കി മീ അകലെയാണ് ബങ്കുര ജില്ലയിലെ ബിഷ്ണുപുർ. വെസ്റ്റ് ബംഗാളിലെ ക്ഷേത്രനഗരം എന്നറിയപ്പെടുന്ന ബിഷ്ണുപുർ രണ്ടാം തവണയാണ് ഞാൻ സന്ദർശിക്കുന്നത്. ബ്രിട്ടീഷുകാർ ബംഗാൾ പിടിച്ചടക്കും വരെ ആയിരം വർഷത്തോളം മല്ല രാജാക്കന്മാർ മല്ലഭും എന്ന ബിഷ്ണുപുർ ഭരിച്ചിരുന്നു. വിഷ്ണുഭക്തരായ മല്ല രാജാക്കന്മാർ 17 -18 നൂറ്റാണ്ടുകളിൽ പണികഴിപ്പിച്ച 118 ക്ഷേത്രങ്ങളിൽ പത്തോളം ക്ഷേത്രങ്ങൾ മാത്രമേ ഇവിടെ ഇപ്പോൾ ശേഷിച്ചിട്ടുള്ളൂ. അവിടുത്തെ ക്ഷേത്രങ്ങളിലധികവും ടെറക്കോട്ട നിർമിതമാണ്. അഗ്നിപർവ്വത (വോൾകാനിക്) കല്ലുകൾ കൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളും അവിടെയുണ്ട്.
രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ ക്ഷേത്രങ്ങളുടെ ഭിത്തികളിൽ നിറയെ കൊത്തിവച്ചിട്ടുണ്ട്. അവയിൽ നിന്നാണ് ബംഗാളിൽ നിന്നുള്ള പേരുകേട്ട 'ബാലുച്ചെറി' സാരികളുടെ ഡിസൈൻ കോപ്പി ചെയ്തിരിക്കുന്നത്. മല്ല രാജാക്കന്മാരുടെ നാമാവശേഷമായ കൊട്ടാരത്തിന്റെ ഭാഗങ്ങളും ബിഷ്ണുപുരിൽക്കാണാം. രാജാക്കന്മാരുടെ ഇപ്പോഴത്തെ തലമുറ വസിക്കുന്നത് ഒരു ചെറിയ ഭവനത്തിലാണ്. ആ വീട് നിൽക്കുന്ന ഭാഗത്തേക്ക് പോകാനോ ഫോട്ടോ എടുക്കാനോ സന്ദർശകർക്ക് അനുവാദമില്ല.
ചന്ദൻനഗർ - ഫ്രഞ്ച് കോളനി
ഹൗറയിൽ നിന്ന് 45 കിലോമീറ്ററോളം ദൂരമേയുള്ളൂ ഹൂഗ്ലി ജില്ലയിലെ ചന്ദൻനഗറെന്ന ഫ്രഞ്ച് കോളനിയിലേക്ക്. ബംഗാളിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ബ്രിട്ടീഷുകാരുടെ ഭരണത്തിൻകീഴിലായിരിക്കുമ്പോൾ അതിൽനിന്നും വേറിട്ട് നിന്ന പ്രദേശമാണ് ചന്ദൻനഗർ. 1688 ലാണ് ഹൂഗ്ലി നദിക്കരെയുള്ള ഈ പ്രദേശത്ത് ഫ്രഞ്ച് സെറ്റിൽമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും ചന്ദൻനഗർ ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു. 1951 ൽ ഫ്രഞ്ചുകാർ വിഭജന ഉടമ്പടിയിൽ ഒപ്പു വയ്ക്കുന്നതുവരെ ചന്ദൻനഗർ അവരുടെ കീഴിലായിരുന്നു. കൊൽക്കത്ത നഗരത്തിൽ നിന്നും വെസ്റ്റ് ബംഗാളിന്റെ ഇതരപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ അന്തരീക്ഷമാണ് ചന്ദൻ നഗറെന്ന ഫ്രഞ്ച് കോളനിക്കുള്ളത്. ഇന്ത്യയിലെ അഞ്ചു ഫ്രഞ്ച് കോളനികളിൽ പോണ്ടിച്ചേരി കഴിഞ്ഞാൽ മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഫ്രഞ്ച് കോളനി ചന്ദൻനഗറാണ്. ചന്ദൻനഗറിന് 'ചാന്ദേർനഗർ' എന്നും പേരുണ്ടായിരുന്നു.
തിരക്കേറിയ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഫ്രഞ്ചുകാർ അവിടെ ജീവിച്ചിരുന്ന കാലത്തെ ധാരാളം അടയാളങ്ങൾ കാണാം. എന്നാൽ ഇത്രയും തിക്കും തിരക്കും നിറഞ്ഞ ഒരു ഗ്രാമമാണോ ചന്ദൻനഗർ എന്നാലോചിച്ചു യാത്ര ചെയ്യുമ്പോഴാണ് 'സേക്രഡ് ഹാർട്ട് ചർച്ച്' കാണുന്നത്. നഗരത്തിന്റെ തിരക്കേറിയ ഇടങ്ങൾക്കഴിഞ്ഞാൽ ഈ ചർച്ച് മുതലാണ് ഫ്രഞ്ച് കോളനിയെന്ന ചന്ദൻനഗർ ആരംഭിക്കുന്നത്. ചർച്ച് മാത്രമല്ല അക്കാലത്തെ സബ് ഡിവിഷൻ കോർട്ട്, കോളജ്, ഹൂഗ്ലി നദിയോട് ചേർന്ന സ്ട്രാൻഡ്, മ്യൂസിയം, സെന്റ് മേരിസ് ഇൻസ്റ്റിറ്റ്യൂട്ട് അഥവാ കനയ് ലാൽ വിദ്യാമന്ദിർ സ്കൂൾ, ഫ്രഞ്ച് സെമിത്തേരി തുടങ്ങി ഫ്രഞ്ചുകാർ നിർമിച്ച പലതും കോളനിയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കോളനിയുടെ ഒരു ഭാഗത്തായി 1860 ൽ ഹൂഗ്ലിയിലെ ജന്മി കുടുംബം പണിത 'പത്തൽ ബാരി' കാണാം. പത്തൽ എന്നാൽ പാതാളം, ബാരി എന്നാൽ വീട്. അതായത് പാതാള ഭവനം അഥവാ അണ്ടർഗ്രൗണ്ട് ഹൗസ്. പത്തൽ ബാരിയുടെ താഴത്തെ നില ഹൂഗ്ലി നദിയിലാണ് നിർമിച്ചിരിക്കുന്നത്. അതാണ് കെട്ടിടത്തിന്റെ പേരിന് കാരണം. ഈ നാല് സ്ഥലങ്ങളിൽ ഒതുങ്ങുന്നതല്ല പശ്ചിമ ബംഗാളിന്റെ പ്രാധാന്യം. കണ്ടതിനെക്കാൾ സുന്ദരമാണ് കാണാനുള്ള സ്ഥലങ്ങളെന്ന് ബംഗാളിനെക്കുറിച്ച് പറയാം..