പെൻഷൻകാശ് സ്വരുക്കൂട്ടി 72 വയസ്സുകാരായ കൂട്ടുകാരികൾ ലോകം കാണാൻ ഇറങ്ങി, ആഗ്രഹത്തെ പ്രായത്തിന് തോൽപ്പിക്കാനാവില്ലെന്ന തീരുമാനത്തോടെ...
വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയും വർഷങ്ങളോളം ചർച്ച നടത്തിയും യാത്ര പോകാൻ പെടാപ്പാടുപെടുന്ന സൗഹൃദങ്ങളേ... നിങ്ങൾക്കിനി ഇവരെ കണ്ടുപഠിക്കാം. കണ്ണൂർ മാതമംഗലം സ്വദേശികളായ 72 വയസ്സുള്ള സരോജിനിയും പത്മാവതിയും സൗഹൃദത്തിന്റെ കരങ്ങൾ ചേർത്തുപിടിച്ച് ലോകം കാണാൻ ഇറങ്ങിയിരിക്കുകയാണ്. ആഗ്രഹങ്ങൾക്ക് മുന്നിൽ പ്രായം തോറ്റുപോകും എന്നാണ് ഇരുവരുടെയും അഭിപ്രായം.
ഇത്രകാലത്തെ ജീവിതതിരക്കുകളിൽ നിന്നും ബാക്കിവന്ന സമയം, ഈ വാർദ്ധക്യകാലം നാമം ജപിച്ച് വീട്ടിലിരിക്കാനുള്ളതല്ല. മറിച്ച് കാഴ്ചകളുടെ അനുഭവങ്ങളുടെ വലിയലോകം ഞങ്ങളെ മാടി വിളിക്കുന്നു എന്നാണ് ഈ അമ്മമാർ പറയുന്നത്. പ്രധാനമായും പെൻഷൻകാശ് സ്വരുക്കൂട്ടി വച്ചാണ് ഇരുവരുടെയും സഞ്ചാരം. ബാക്കി പണം മക്കളും നൽകും. വിദേശരാജ്യങ്ങൾ ഉൾപ്പെടെ 13 ലധികം സ്ഥലങ്ങൾ ഇപ്പോൾ ഇരുവരും പിന്നിട്ടിരിക്കുന്നു.
അമ്പലദർശനത്തിൽ തുടക്കം
‘ഞാനും സരോജിനിയും ഒരേ നാട്ടുകാരായിരുന്നു. കുട്ടികാലത്തേ തുടങ്ങിയ സൗഹൃദം. പക്ഷേ, ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹത്തോടെ ആ സൗഹൃദത്തിന് വലിയൊരു ഇടവേള വന്നു. ഇന്നത്തെ പോലെ വിചാരിക്കുമ്പോഴേക്ക് വിളിച്ച് മിണ്ടാൻ ഫോൺ ഇല്ലല്ലോ. രണ്ടാളും തിരികെ നാട്ടിലെത്തി 16 വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് ഞങ്ങളൊരുമിക്കുന്നത്. അമ്പലദർശനമായിരുന്നു രണ്ടാളുടെയും പ്രധാനപരിപാടി. അങ്ങനെയിരിക്കെയാണ് പെൻഷൻ കാശ് സ്വരുക്കൂട്ടി വച്ച് യാത്ര പോയാലോ എന്നൊരു തോന്നൽ ഞങ്ങൾക്കിടയിൽ ഉണ്ടാകുന്നത്.
എന്റെ ഭർത്താവ് കരുണാകരൻ നമ്പ്യാർ ഒൻപത് വർഷം മുൻപ് മരിച്ചു. എനിക്ക് മൂന്ന് മക്കളാണ്. സരോജിനിയ്്ക്കും അങ്ങനെ തന്നെ. സരോജിനിയുടെ ഭർത്താവ് നാരായണൻ 37 വർഷം മുൻപാണ് മരിച്ചത്. മക്കളോട് യാത്ര പോകാനുള്ള ആഗ്രഹം അവതരിപ്പിച്ചപ്പോൾ എല്ലാവർക്കും സമ്മതം. കോവിഡ്ക്കാലത്തിന് ശേഷമാണ് ഞങ്ങളുടെ യാത്ര തുടങ്ങുന്നത്. സദാശിവം ട്രാവൽ ഗ്രൂപ്പിനൊപ്പമാണ് യാത്ര പോയത്. പഴനി, മധുര, രാമേശ്വരം, ധനുഷ്കോടി തുടങ്ങി ക്ഷേത്രദർശനത്തിലാണ് യാത്ര തുടർന്നത്.’ ആവേശത്തോടെ പത്മാവതി തന്റെ സഞ്ചാരസൗഹൃദകഥകൾ പറഞ്ഞുതുടങ്ങി.
സവാരിയ്ക്കൊപ്പം മലേഷ്യ
‘മക്കളുടെ കൂടെ ഇന്തൊനീഷ്യ, മുംബൈ, സൗദി, കശ്മീർ എന്നിവിടങ്ങളിലെല്ലാം പോയിട്ടുണ്ട്. എങ്കിലും സരോജിനിയ്ക്ക് ഒപ്പമുള്ള യാത്രകൾ എനിക്ക് സ്പെഷലാണ്. അതിൽ തന്നെ സവാരി ട്രാവൽ ഏജൻസിയുടെ കൂടെ പോയ ഹൈദരാബാദ്, മലേഷ്യ യാത്രകൾ മറക്കാനാവാത്ത അനുഭവമായിരുന്നു. ഹൈദരാബാദ് ഫിലിം സിറ്റി ശരിക്കും അദ്ഭുതപ്പെടുത്തി. അവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കി ഒരു മകനെ പോലെ കൂടെ നിന്നത് സവാരിയുടെ റിജിനായിരുന്നു. അതുപോലെ ഞങ്ങളൊരുമിച്ചു പോയ ആദ്യവിദേശയാത്ര മലേഷ്യയിലേക്കാണ്. അതും ഞങ്ങൾക്ക് രണ്ടാൾക്കും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം തന്നെയാണ്. സവാരി ടീമിന്റെ പ്രമീഷാണ് അന്ന് ഒപ്പമുണ്ടായിരുന്നത്. ഞങ്ങളുടെ യാത്രകൾ മിക്കതും ഓരോ ട്രാവൽ ഏജൻസികൾ വഴിയാണ്.
ഒരാൾക്ക് 36000 രൂപയായിരുന്നു ഞങ്ങളുടെ മലേഷ്യൻ യാത്രയുടെ ആകെ ചെലവ്.
ഗുജറാത്ത്, രാജസ്ഥാൻ, കാശി, അയോധ്യ, ബദരീനാഥ്, കേദാർനാഥ്, ഹിമാലയം പ്രദേശങ്ങളിലെല്ലാം പോയിട്ടുണ്ട്. കാശ്മീരാണ് കണ്ടതിൽ ഏറെ ഇഷ്ടപ്പെട്ട ഇടം. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോയത് നല്ലൊരു അനുഭവമായിരുന്നു. കുറേ ദൂരം നടന്നും ബാക്കി കുതിരപ്പുറത്തുമായിരുന്നു സവാരി.
കേദാർനാഥ് യാത്രയും ഏതാണ്ട് ഇതുപോലെയായിരുന്നു. കുറേ നടന്നും ബാക്കി കുതിരപ്പുറത്ത് കയറിയും മുന്നോട്ട് നീങ്ങി. പക്ഷേ, ഇടയ്ക്ക് വീണ് എന്റെ തുടയെല്ല് പൊട്ടി. അന്ന് കുറച്ച് കാലം യാത്രകളിൽ നിന്ന് ഇടവേളയെടുത്തു.’ പത്മാവതി പറയുന്നു.
ഇനിയുമുണ്ട് യാത്രാമോഹങ്ങൾ
മരിക്കുന്നതിന് മുൻപ് പരമാവധി സഞ്ചരിച്ച് ഒരുപാട് കാഴ്ചകളും അനുഭവങ്ങളും സമ്പാദിക്കണം എന്നാണ് പത്മാവതിയുടെയും സരോജിനിയുടെയും ആഗ്രഹം. ആ സ്വപ്നത്തിന് താങ്ങായി കുടുംബവും ഇവർക്കൊപ്പമുണ്ട്. ട്രാവൽ ഏജൻസികൾ ട്രിപ് പ്ലാൻ പ്രസിദ്ധീകരിച്ചത് കണ്ടാൽ ഉടനെ പത്മാവതി സരോജിനിയെ വിളിക്കും, അല്ലെങ്കിൽ തിരിച്ച്. നമുക്ക് ഇവരുടെ കൂടെ അങ്ങു പോയാലോ.