ബോട്ടുസവാരി െചയ്യാം... ചൂണ്ടയിട്ടു മീൻ പിടിക്കാം... കണ്ടൽക്കാടിനരികിൽ മനോഹരമായ പകൽയാത്ര ആസ്വദിക്കാൻ പോകാം മാലിപ്പുറത്തേക്ക്...
അവധിദിനമാണ്. പകൽയാത്രയ്ക്കു പറ്റിയ ഇടം തിരഞ്ഞപ്പോൾ ആദ്യമെത്തിയ സ്ഥലപ്പേരിലൊന്നാണു മാലിപ്പുറം. എറണാകുളം ജില്ലയിലെ വൈപ്പിനിലെ മാലിപ്പുറം അക്വാടൂറിസത്തിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മത്സ്യഫെഡിന്റെ മാലിപ്പുറം ഫിഷ് ഫാമാണു മാലിപ്പുറത്തെ പ്രധാന ആകർഷണം. കണ്ടൽക്കാടിന്റെ മനോഹാരിതയും പ്രകൃതിഭംഗിയുമുളള ഈ ഫാമിൽ മനോഹരമായ പകൽ ആസ്വദിക്കാം.
കണ്ടൽക്കാടുകളുടെ കുളിർമയിലേക്ക്
എറണാകുളം ഹൈക്കോടതി ജംക്‌ഷനിൽ നിന്നാണു പുറപ്പെട്ടത്. ഗോശ്രീ പാലങ്ങളും ബോൾഗാട്ടി പാലസും കണ്ടെയ്നർ ടെർമിനലും കടന്നു വൈപ്പിനിൽ എത്തി. അഞ്ചു കിലോമീറ്റർ അകലെയാണു മാലിപ്പുറം. എറണാകുളത്തു നിന്നു പറവൂരിലേക്കു പോകുന്ന ബസുകളും മറ്റു വാഹനങ്ങളും പായുന്ന റോഡിലൂടെ മാലിപ്പുറം കവലയിലേക്കു കടന്നു. ഇടത്തോട്ടുള്ള റോഡ് മാലിപ്പുറത്തേക്കാണ്. റോഡിലൂടെ കുറച്ചു ദൂരം താണ്ടി. കടപ്പുറത്തേക്കു വലത്തോട്ടാണു തി രിയേണ്ടത്. അവിടെ നിന്ന് അര കിലോമീറ്റർ മുന്നോട്ടു നീങ്ങിയപ്പോഴേക്കും മത്സ്യ ഫെഡിന്റെ മാൻഗ്രോവ് പാർക്കിനു മുന്നിലെത്തി.
പ്രവേശന കവാടത്തിനരികെ ടിക്കറ്റ് കൗണ്ടറുണ്ട്. കായൽത്തീരം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. റബർ ഷീറ്റ് വിരിച്ചാണ് നടപ്പാത ഒരുക്കിയിട്ടുള്ളത്. ടയർ പാതയിലൂടെ വലത്തോട്ടു നീങ്ങാൻ ഇരുമ്പു പാലം നിർമിച്ചിട്ടുണ്ട്. പാലത്തിനപ്പുറം കണ്ടൽക്കാടാണ്. തീരദേശം കാത്തുരക്ഷിക്കുന്ന മനോഹരമായ കണ്ടൽവനം. ശുദ്ധവായു ലഭ്യമാക്കുന്ന ജലകാനനമാണു കണ്ടൽവനം. കണ്ടൽക്കാട് നശിപ്പിക്കാതെ നടക്കാൻ മനോഹരമായി വഴിയൊരുക്കിയിട്ടുണ്ട്. ചാരുബഞ്ചുകളും കൈത്തോടു താണ്ടി കണ്ടലിനിടയിലേക്ക് കടക്കാനുള്ള പാലങ്ങളും സുരക്ഷിതമായ സവാരിക്ക് സൗകര്യമൊരുക്കുന്നു.
നടപ്പാത ചെന്നെത്തുന്നതു കുട്ടികൾക്കു കളിക്കാനുള്ള പാർക്കിലേക്കാണ്. കുടുംബസമേതം എത്തുന്നവർ മക്കളെ കളിക്കാൻ വിട്ട് അവിടെ സൊറ പറഞ്ഞിരിക്കുന്നു. പാർക്കിന്റെ തെക്കുഭാഗത്തുള്ള പാടശേഖരങ്ങളും നിബിഢമായ കണ്ടൽക്കാടും നയനമോഹനം. മാൻഗ്രോവ് പാർക്കിനുള്ളിൽ വെളിച്ചം കുറവാണ്. ഈ സ്ഥലം കടന്നു കിഴക്കോട്ടു നീങ്ങുമ്പോൾ പ്രകൃതിരമണീയ ദൃശ്യങ്ങൾ കാണാം. ഗ്രാമഭംഗിയും ശാന്തതയും തണുത്തകാറ്റും നുകരാം.
ബോട്ടു സവാരി നടത്താം... ചൂണ്ടയുമിടാം...
പാത അവസാനിക്കുന്നിടത്ത് ഒരു പാലമുണ്ട്. പാലം കടന്നു ചെല്ലുമ്പോൾ എത്തിച്ചേരുന്നതു മത്സ്യഫെഡിന്റെ മീൻവളർത്തൽ കേന്ദ്രത്തിലേക്കാണ്. പാടം പോലെ വലിയ വരമ്പു കെട്ടിത്തിരിച്ചു കായൽത്തീരദേശത്ത് കുളം രൂപപ്പെടുത്തി മീൻവളർത്തുന്നു.ഈ ജലാശയത്തിൽ പെഡൽ ഫൈബർ ബോട്ട് സവാരിയും കയാക്കിങ്ങും ചെയ്യാൻ സൗകര്യമുണ്ട്. സന്ദർശകർക്കു ചൂണ്ടയിട്ടു മീൻപിടിക്കാം.
ബോട്ട് ചവിട്ടി ജലാശയത്തിനു നടുവിലെത്തിയാൽ ഒരു കൂടാരമുണ്ട്. വിശ്രമിക്കാനുള്ള ഇടമാണിത്. കായലിനെ തഴുകിയെത്തുന്ന കാറ്റേറ്റ് അവിടെയിരിക്കുന്നതു സുഖകരമായ അനുഭവമാണ്. തെക്ക്, വടക്ക് ദിക്കുകളിലെ കണ്ടൽക്കാടുകൾ ജലാശയത്തിനു ഹരിതാഭ പകരുന്നു.
കായൽക്കാഴ്ചയ്ക്കു ശേഷം കരയ്ക്കടുത്തു. കുടുംബശ്രീ വനിതകൾ നടത്തുന്ന റസ്റ്ററന്റിലേക്ക്. കരിമീൻകറി കൂട്ടി ഊണ്. വിഭവസമൃദ്ധമായ ഊണിനു ന്യായവില. ഊണു കഴിഞ്ഞ് ഇത്തിരി നേരം വരമ്പത്തിരുന്നു. ചൂണ്ടയിൽ ഇര കോർത്തു ജലാശയത്തിലേക്കു വീശിയെറിഞ്ഞു. ചൂണ്ടയിൽ പിടിക്കുന്ന മീൻ വീട്ടിലേക്കു കൊണ്ടു പോകാം. ചെറുമീനാണെങ്കിൽ സൗജന്യം. ഒരു കിലോയിൽ കൂടുതലുള്ള മീനാണെങ്കിൽ തൂക്കം നോക്കി വില നൽകണം. കരിമീൻ ഒരു കിലോയ്ക്ക് 260 രൂപ.
ഒരാളുടെ ചൂണ്ടയിൽ മുഴുത്ത മീൻ കുരുങ്ങി. രണ്ടര കിലോയോളം തൂക്കമുള്ള കരിമീൻ. അദ്ദേഹം തുകയടച്ചു മീൻ വാങ്ങി കവറിൽ പൊതിഞ്ഞു. അതു കണ്ട് അവിടെയുള്ളവർക്കെല്ലാം മീൻപിടിത്തം ഹരമായി. പൂമീനും കൂരിയും തിലോപ്പിയയും കണമ്പുമൊക്കെ കരയിൽ കിടന്നു പിടയ്ക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. അവയോരോന്നായി പായ്ക്ക് ചെയ്ത് വീട്ടിൽ കൊണ്ടു പോകുന്നവർക്കു പകൽയാത്ര സഫലമായതിന്റെ സന്തോഷം.
കുറേയാളുകൾ പെഡൽ ബോട്ടുമായി വെള്ളത്തിലിറങ്ങി. കുറച്ചു പേർ ഫൈബർ ബോട്ടുകളിലാണു സവാരിക്കിറങ്ങിയത്. ജലാശയത്തിന് ആഴം കുറവാണെങ്കിലും ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. ഫൈബർ ബോട്ട് തുഴയാന്‍ കൈവഴക്കം വേണം. പെട്ടെന്നു വെട്ടിത്തിരിച്ചാൽ ഫൈബർ ബോട്ട് മറിഞ്ഞേക്കാം. ആഴമുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണം. ബോട്ട് സവാരിയുടെ ക്ഷീണം മാറ്റാൻ കന്റീനിൽ നിന്നു ചായയും പഴംപൊരിയും കഴിച്ചു. ഫാമിനോടു യാത്ര പറഞ്ഞ് കടപ്പുറത്തേക്കു തിരിച്ചു.
കടൽക്കാഴ്ചകൾ കാണാം...
മാലിപ്പുറത്തു നിന്നു ചാപ്പ കടപ്പുറത്തേക്ക് ഏറെ ദൂരമില്ല. തീരത്ത് എത്തും മുൻപേ കുട്ടികളുടെ ആർപ്പു വിളി കേട്ടു. മണൽപ്പരപ്പിൽ പോസ്റ്റ് കെട്ടി സമീപവാസികളായ കുട്ടികൾ പന്തു കളിക്കുകയാണ്. മണൽത്തിട്ടയുടെ അരികിൽ കാറ്റാടി മരങ്ങൾ അതിരിട്ടു നിൽക്കുന്നു. ആ മരങ്ങളിൽ വലപോലെയുള്ള ഊഞ്ഞാലുകളുണ്ട്. കടൽക്കാറ്റ് ആസ്വദിച്ച് ഉച്ചമയക്കത്തിന് അനുയോജ്യമായ ആംബിയൻസ്.
ഒരു കിലോമീറ്ററിലേറെ നീളത്തിൽ ചരൽപോലെ തെളിഞ്ഞു കിടക്കുകയാണ് ചാപ്പ കടപ്പുറം. വാഹനങ്ങൾ കാറ്റാടി മരങ്ങളുടെ ചുവട്ടിലാണു പാർക്ക് ചെയ്തിട്ടുള്ളത്. സന്ദർശകർ തീരത്തു നിന്നു തിരമാലകളിലിറങ്ങി. ആഴക്കടൽ അല്ലാത്തതിനാൽ തീരം സുരക്ഷിതമാണ്. ഇരുട്ടുംവരെ കടൽത്തീരത്തിരുന്നു. മടങ്ങുമ്പോഴും ചക്രവാളത്തിൽ ചെഞ്ചായം മാഞ്ഞിരുന്നില്ല.