മരുഭൂമിയിലെ കാഴ്ചകൾ കണ്ടു ട്രെയിനിൽ യാത്ര ചെയ്താലോ? രാജസ്ഥാനിലെ മുനബാവോ അതിർത്തിയിലേക്കുള്ള ട്രെയിൻ യാത്ര നൽകും വേറിട്ട അനുഭവം...
മരുഭൂമിയിലൂടെ പായുന്ന ട്രെയിൻ ഇന്ത്യയിലുണ്ടെന്നറിയാമോ? ട്രെയിനിൽ സഞ്ചരിച്ച് ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും കണ്ട കാസർകോഡ് സ്വദേശികളായ സഹോദരൻമാരാണു നവീൻ ചന്ദ്രൻ, മനുരാജ് പി. എന്നിവർ. ഇന്ത്യൻ റെയിൽവേയുടെ ഒട്ടുമിക്ക പ്രധാന ട്രെയിനുകളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ റെയിൽവേ ലൈൻ കണക്ട് ചെയ്യുന്ന മണിപ്പുർ, മിസോറാം, സിക്കിം, മേഘാലയ സംസ്ഥാനങ്ങൾ ഒഴികെ എല്ലായിടവും നവീനും മനുവും സന്ദർശിച്ചിട്ടുണ്ട്. മരുഭൂമി കണ്ടു രാജസ്ഥാനിലെ മുനബാവോയിേലക്കു ട്രെയിനിൽ നടത്തിയ ഓർമകൾ പങ്കുവയ്ക്കുകയാണു നവീനും മനുവും...
മരുഭൂമിയിലൂടെ മുനബാവോയിലേക്ക്...
രാജസ്ഥാനിലെ പ്രധാന റെയിൽവേ ലൈനുകളിലൊന്നും മരുഭൂമി കാണാൻ കഴിയില്ല. ജയ്സൽമേറിൽ നിന്നു പൊഖ്റാൻ വഴി പോയാലോ ബാർമേറിൽ നിന്ന് മുനബാവോ എന്ന അതിർത്തിയിലേക്കു പോയാലോ മാത്രമേ മരുപ്രദേശം കാണാനാകൂ. ജോധ്പുർ മുഴുവൻ കറങ്ങിയ ശേഷമാണു രാത്രി 11 മണിയോടെ ബാർമേറിലേക്കുള്ള ട്രെയിൻ കയറിയത്. പുലർച്ചെ അവിടെ എത്തി. ഏഴ് മണിക്കാണു മുനബാവോ ട്രെയിൻ.
ടിക്കറ്റെടുക്കാൻ കൗണ്ടറിൽ ചെന്ന് ‘ദോ മുനബാവോ’ എന്ന് പറഞ്ഞപ്പോൾ ഇവരെന്തിനാ അവിടേക്ക് പോകുന്നത് എന്ന ഭാവമായിരുന്നു ആളുടെ മുഖത്ത്. പാസഞ്ചർ ട്രെയിനിൽ അധികം സഞ്ചാരികളൊന്നുമുണ്ടായിരുന്നില്ല. കുറച്ചേറെ പട്ടാളക്കാർ അതിലുണ്ടായിരുന്നു. തനി മരുപ്രദേശത്ത് കൂടിയായിരുന്നു ട്രെയിൻ സഞ്ചരിച്ചത്. മണൽത്തരികൾ കാറ്റിനൊപ്പം ട്രെയിനിനുള്ളിലേക്ക് അടിച്ചു കയറുന്നു. ഓരോ സീറ്റും ഒന്നു തുടച്ചാൽ ഒരു പിടി മണൽ ഉണ്ടാകും.
ചോദ്യം ചെയ്യാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥൻ
മുനബാവോ എത്തും മുൻപ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വന്ന് ചോദ്യം ചെയ്തു. ഞങ്ങൾ തിരിച്ചറിയൽ കാർഡുകളും യുട്യൂബ് ചാനലും എല്ലാം കാണിച്ചപ്പോൾ ആ നല്ല ഉദ്യോഗസ്ഥൻ ഞങ്ങളെ വിട്ടു. പക്ഷേ, റെയിൽവേ സ്റ്റേഷനിൽ വിഡിയോ, ചിത്രങ്ങൾ ഇവ പകർത്താൻ പാടില്ല എന്നു നിർദേശം നൽകി.
മുനബാവോയിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോം വല കൊണ്ടു സുരക്ഷിതമാക്കി വേർതിരിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് പാകിസ്ഥാനിലേക്ക് സർവീസ് നടത്തിയിരുന്ന താർ എക്സ്പ്രസ് അവിടെ നിന്നാണു യാത്ര ആരംഭിച്ചിരുന്നത്. പാളത്തിൽക്കൂടി ഒരു കിലോമീറ്റർ നടന്നാൽ തന്നെ അതിർത്തിയായി.
ഞങ്ങൾ വന്ന ട്രെയിൻ പത്ത് മണിയോടെ മടക്കയാത്ര ആരംഭിച്ചു. ബാർമേറിലേക്കുള്ള സഞ്ചാരികളായി ഞങ്ങൾ വീണ്ടും അതിൽ ഇടംപിടിച്ചിരുന്നു.