കല്ലുകൊണ്ടു പണിത നന്ദി ശിൽപം വലുതാകുന്നു, കാക്കകൾ അടുത്തുപോലും വരുന്നില്ല... എന്താണ് ഈ ഗുഹാക്ഷേത്രത്തിന് ഇത്ര പ്രത്യേകത!
ആന്ധ്രാപ്രദേശിലെ കുർണ്ണൂൽ ജില്ലയിലെ ബനഗനപ്പള്ളിക്ക് സമീപമുള്ള ഒരു ഗുഹാക്ഷേത്രം തേടിയുള്ള യാത്രയാണിത്. യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം എന്ന പേരിലെ വ്യത്യസ്തതയാണ് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കാരണമായത്. ആ പേര് പോലെ തന്നെ വ്യത്യസ്ഥമാണ് സ്ഥലവും. കുർണ്ണൂലിൽ നിന്ന് 89 കിലോ മീറ്റർ അകലെ യെരമല്ല
ആന്ധ്രാപ്രദേശിലെ കുർണ്ണൂൽ ജില്ലയിലെ ബനഗനപ്പള്ളിക്ക് സമീപമുള്ള ഒരു ഗുഹാക്ഷേത്രം തേടിയുള്ള യാത്രയാണിത്. യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം എന്ന പേരിലെ വ്യത്യസ്തതയാണ് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കാരണമായത്. ആ പേര് പോലെ തന്നെ വ്യത്യസ്ഥമാണ് സ്ഥലവും. കുർണ്ണൂലിൽ നിന്ന് 89 കിലോ മീറ്റർ അകലെ യെരമല്ല
ആന്ധ്രാപ്രദേശിലെ കുർണ്ണൂൽ ജില്ലയിലെ ബനഗനപ്പള്ളിക്ക് സമീപമുള്ള ഒരു ഗുഹാക്ഷേത്രം തേടിയുള്ള യാത്രയാണിത്. യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം എന്ന പേരിലെ വ്യത്യസ്തതയാണ് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കാരണമായത്. ആ പേര് പോലെ തന്നെ വ്യത്യസ്ഥമാണ് സ്ഥലവും. കുർണ്ണൂലിൽ നിന്ന് 89 കിലോ മീറ്റർ അകലെ യെരമല്ല
ആന്ധ്രാപ്രദേശിലെ കുർണ്ണൂൽ ജില്ലയിലെ ബനഗനപ്പള്ളിക്ക് സമീപമുള്ള ഒരു ഗുഹാക്ഷേത്രം തേടിയുള്ള യാത്രയാണിത്. യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം എന്ന പേരിലെ വ്യത്യസ്തതയാണ് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കാരണമായത്. ആ പേര് പോലെ തന്നെ വ്യത്യസ്ഥമാണ് സ്ഥലവും. കുർണ്ണൂലിൽ നിന്ന് 89 കിലോ മീറ്റർ അകലെ യെരമല്ല കുന്നുകൾക്കിടയിലാണ് യാഗന്തി സ്ഥിതി ചെയ്യുന്നത്. ഡിസംബറിലെ തണുത്ത പ്രഭാതത്തിൽ കൂട്ടുകാർക്കൊപ്പം ബെംഗളൂരു നിന്ന് ഞങ്ങൾ യാഗന്തിയിലേക്ക് യാത്ര തിരിച്ചു. കർണാടക ഗ്രാമങ്ങളുടെ തണുപ്പിൽ നിന്നും ആന്ധ്രയിലേക്ക് കയറിയപ്പോൾ അന്തരീക്ഷത്തിന് ചൂടനുഭവപ്പെടാൻ തുടങ്ങി. ഇരുവശവും വയലുകൾ അവയ്ക്കിടയിലൂടെ ഒരു പാത. പാതയ്ക്കിരുവശത്തുമുള്ള വയലുകളിൽ, റാഗിയും, ബാർളിയുമെല്ലാം വിളഞ്ഞുകിടക്കുന്നു. ചിലയിടങ്ങളിൽ പാതയോരത്ത് തണലേകുന്ന വൃക്ഷങ്ങൾ. കാർഷിക വിളകൾ കൊണ്ടു പോകുന്ന ട്രാക്ടറുകളും, ഗ്രാനൈറ്റ് കയറ്റി പോകുന്ന കുറ്റൻ ലോറികളും ഇടയ്ക്കിടെ കാണാം.
മലകളാൽ ചുറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് യാഗന്തി. ദ്രാവിഡ ശൈലിയിലുള്ള വാസ്തുവിദ്യയും, കൊത്തുപണികളും നിറഞ്ഞ അതിമനോഹരമായ മൂന്നു ഗുഹാ ക്ഷേത്രങ്ങൾ അടങ്ങിയതാണ് യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം. പല രാജവംശങ്ങളുടെ കാലത്താണ് ഈ ക്ഷേത്രം പൂർത്തിയായതെന്ന് കരുതപ്പെടുന്നു. കല്ലിൽ കവിത വിരിയിച്ചിരുന്ന പല്ലവർ മുതൽ, ചാലുക്യരും, ചോള രാജാക്കൻമാരുടെ വരെ നിയന്ത്രണത്തിലുണ്ടായിരുന്നയിടമാണ്. എങ്കിലും 15ാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യകാലത്ത് സംഗമ രാജവംശത്തിലെ ഹരിഹരബുക്കരായരാണ് ഈ ക്ഷേത്രങ്ങൾ പൂർണ്ണമായും പൂർത്തീകരിച്ചത് എന്നാണ് കരുതപ്പെടുന്നത്.
യാഗന്തി താഴ്‌വരയിൽ
ഏകദേശം ഏഴു മണിക്കൂർ യാത്രയ്ക്കു ശേഷം യെരമല്ല കുന്നുകൾ കണ്ടു തുടങ്ങി. മലകൾക്കരികിലേക്ക് നീണ്ടു കിടക്കുന്ന വഴിയേ നീങ്ങി ഞങ്ങൾ യാഗന്തി താഴ്‌വരയിലെത്തി. മലമുകളിൽ തലയുയർത്തി ഒരു ക്ഷേത്രം. താഴ്‌വാരത്ത് നിന്നു കുന്നിൻ മുകളിലെ ക്ഷേത്രത്തിലേക്ക് നീളുന്ന പടികൾ. ഈ പടികൾക്ക് താഴെയായി വിശാലമായ പാർക്കിങ്. അതിനരികിൽ ക്ഷേത്രം വക ഭോജന ശാല. നീണ്ട യാത്രയുടെ ക്ഷീണവും, കഠിനമായ വിശപ്പും കാരണം ആദ്യം ഞങ്ങള്‍ ഭോജന ശാലയിലേക്ക് കയറി. ചോറും , സാമ്പാറും, എന്തൊക്കെയോ കറികളും ചേർന്ന ഭക്ഷണത്തിന് നല്ല രുചി. ഭോജന ശാലയിൽ നിന്ന് നോക്കിയാൽ മുകളിൽ മലകൾക്ക് താഴെ ക്ഷേത്രഗോപുരം കാണാം.
ക്ഷേത്രത്തിലേക്കുള്ള വഴികൾക്കിരുവശവും വിൽപനശാലകളാണ്. പൂജാ സാധനങ്ങളും, കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകൾ. വലതു വശത്ത് പ്രകൃതി പ്രത്യേക തരത്തിൽ തീർത്ത ആകാശത്തോളമുയർന്നു നിൽക്കുന്ന യെരമല്ല കുന്നുകൾ. അടുക്കിന് വച്ച പാറകൾ കുത്തനെ വെട്ടിയിറക്കിയപോലെയുള്ള ആ കുന്നുകൾക്കുള്ളിൽ പ്രകൃതി തീർത്ത നിരവധി ഗുഹകളുണ്ട്. അഗസ്ത്യ ഗുഹ, വെങ്കിടേശ്വര ഗുഹ, ബീബ്രഹ്മ ഗുഹ എന്നീ മൂന്നു ഗുഹകളിലായി മഹേശ്വരന്റെയും, ഉമാ മഹേശ്വരിയുടെയും, ബ്രഹ്മാവിന്റെയും ക്ഷേത്രങ്ങൾ. അല്ലു അർജുൻ നായകനായ പുഷ്പ ടു സിനിമയിൽ ഈ ക്ഷേത്രം ഉൾപ്പെടുത്തിയത് കൊണ്ടാകും ഇപ്പോൾ ക്ഷേത്രത്തിലേക്ക് സന്ദർശകരുടെ തിരക്കുണ്ട്.
പടികൾ കയറി മുകളിലേക്കെത്തിയപ്പോൾ ദര്‍ശനത്തിനുള്ള നീണ്ട വരി കണ്ടു. ചതുരാകൃതിയിൽ പണി കഴിപ്പിച്ച പുഷ്കരിണിയെന്ന പാപനാശിനി കുളത്തിലേക്കാണ് ആദ്യം കയറി ചെല്ലുന്നത്. എത്ര കടുത്ത വേനലിലും വറ്റാത്ത ഇവിടുത്തെ സ്നാനം പാപങ്ങളകറ്റി ശുദ്ധീകരിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ചെറുതല്ലാത്ത തിരക്കുണ്ട് പുഷ്കരിണിയിൽ. വലിയ കല്ലുകൾ ചെത്തിയെടുത്തുണ്ടാക്കിയ കല്ലുകളിൽ നിന്നും തണുപ്പ് ചെറുതായി കാലിലേക്ക് പടരുന്നുണ്ട്.
ഉമാ മഹേശ്വര പ്രതിഷ്ഠ
വളരുന്ന നന്ദി പ്രതിമ
വൈഷ്ണവ പാരമ്പര്യമനുസരിച്ച് നിർമ്മാണം തുടങ്ങിയ ക്ഷേത്രമാണത്രേ യാഗന്തിയിലേത്. ക്ഷേത്രത്തിന്റെ ഉത്ഭവത്തെകുറിച്ച് പറയുന്ന ഒരു കഥയിങ്ങനെയാണ്. ഇവിടെ ഗുഹയിൽ തപസ്സനുഷ്ഠിച്ച അഗസ്ത്യമുനി ഒരു മഹാവിഷ്ണു ക്ഷേത്രം പണിയാൻ തുടങ്ങിയെങ്കിലും, പ്രതിഷ്ഠിക്കേണ്ട വിഗ്രഹത്തിന്റെ കാൽ വിരലിലെ നഖം തകർന്നതിനാൽ പ്രതിഷ്ഠ നടന്നില്ല. ഇതിൽ അസ്വസ്ഥനായ അഗസ്ത്യൻ, ശിവനെ തപസ്സു ചെയ്തു. തപസ്സിൽ പ്രീതിപ്പെട്ട ശിവൻ കൈലാസ സമാനമായ ഇവിടെ ശിവപ്രതിഷ്ഠ നടത്താൻ ഉപദേശിച്ചു. ഉമാ മഹേശ്വര രൂപത്തിൽ ഇവിടെ കുടിയിരിക്കാമെന്ന് അഗസ്ത്യന് ഉറപ്പുകൊടുത്തു. അതുകൊണ്ട് തന്നെ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി ശിവലിംഗത്തിന് പകരം ശിവ-പാർവതി വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. മഹാശിവരാത്രിയോടനുബന്ധിച്ച് വളരെ വിപുലമായ ആഘോഷങ്ങളാണ് യാഗന്തിയിൽ ഉണ്ടാവുക. ഈ സമയത്ത് ലക്ഷകണക്കിന് ഭക്തരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
ക്ഷേത്രതിനോട് ചേർന്ന് ഒറ്റകല്ലിൽ തീർത്ത ഒരു നന്ദികേശ പ്രതിമയുണ്ട്. വളർന്നു കൊണ്ടിരിക്കുകയാണ് ഈ നന്ദിപ്രതിമയെന്നാണ് വിശ്വാസം. പണ്ട് ഈ പ്രതിമ വളരെ ചെറുതായിരുന്നെന്നും, ആളുകൾ ഇതിനുചുറ്റും അനായാസം പ്രദക്ഷിണം നടത്താറുണ്ടായിരുന്നു. ഇപ്പോൾ പ്രതിമ വലുതായതുകൊണ്ട് അരികിലുള്ള തൂണും പ്രതിമയും തമ്മിലുള്ള വിടവ് ഇല്ലാതായി മാറി. സംഭവം പറയുമ്പോൾ അതിശയം തോന്നുമെങ്കിലും ഇത് സത്യമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിതീകരിച്ചിട്ടുണ്ട്. പാറകൾക്കുള്ളിൽ നടക്കുന്ന രാസപ്രവർത്തനം കാരണം സ്വയം വികസിക്കുന്ന സ്വഭാവമുള്ള ചില പാറകൾ ഉണ്ട്. അത്തരം ഒരു പാറയിലാണ് ഈ നന്ദികേശ പ്രതിമ കൊത്തിയെടുത്തിരിക്കുന്നത്. ഓരോ ഇരുപത് വർഷം കഴിയുമ്പോഴും ഒരിഞ്ച് വലിപ്പം വയ്ക്കുന്നു എന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നത്. സംഭവം ശാസ്ത്രീയമായി എന്ത് തന്നെയായാലും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു അദ്ഭുത പ്രതിഭാസമാണ്.
അഗസ്ത്യ ഗുഹയും, വെങ്കിടേശ്വര ഗുഹയും
പ്രധാനക്ഷേത്രത്തിൽ നിന്നിറങ്ങി ഇടതുവശത്തുള്ള പാലം കടന്നാൽ ഗുഹാക്ഷേത്രങ്ങളായി. അഗസ്ത്യ മുനി തപസ്സുചെയ്തിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന അഗസ്ത്യ ഗുഹയും സന്യാസിയായ ശ്രീ പൊതുലൂരി വീര ബ്രഹമേന്ദ്ര സ്വാമികൾ കാലം കഴിച്ചുകൂട്ടിയിരുന്നു എന്നു കരുതുന്ന ബീ ബ്രഹ്മ ഗുഹയും, വിഷണു വിഗ്രഹം സൂക്ഷിച്ച വെങ്കിടേശ്വര ഗുഹയുമാണ് ഇവയിൽ പ്രധാനം. നൂറ്റിയിരുപതോളം പടികൾ കയറി വേണം അഗസ്ത്യഗുഹയിലേക്കെത്താൻ. പാർവതി ദേവിയുടെ പ്രതിഷ്ഠയാണ് ഇവിടെ. ഫൊട്ടോഗ്രഫിയും ഈ ഗുഹയ്ക്കുള്ളിൽ അനുവദിക്കില്ല. അഗസ്ത്യന് മുന്നിൽ ശിവൻ പ്രത്യക്ഷനായത് ഈ ഗുഹയിൽ വച്ചാണത്രേ.
ഇവിടെ നിന്നുമിറങ്ങി, അതിനേക്കാൾ കഠിനമായ കയറ്റം കയറി ചെല്ലുന്നത് വെങ്കിടേശ്വര ഗുഹയിലുള്ള മഹേശ്വര ക്ഷേത്രത്തിലേക്കാണ്. അഗസ്ത്യ ഗുഹായിലേക്കുള്ള പടികളെക്കാൾ കുറച്ചുകൂടി കുത്തനെ ഉള്ളതും കയറാൻ പ്രായസമുള്ളതുമാണ് വെങ്കിടേശ്വര ഗുഹ.
മൂന്നാമത്തെ ഗുഹ ബീ ബ്രഹ്മ ഗുഹയാണ്. ബ്രഹ്മാവിന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഗുഹാ കവാടത്തിന് ഉയരം കുറവായതിനാൽ കുനിഞ്ഞു മാത്രമേ ഇതിനകത്തേക്ക് കയറാൻ കഴിയുകയുള്ളൂ. ബീ ബ്രഹ്മ ഗുഹയിൽ നിന്ന് താഴേക്കുള്ള താഴ്വാരത്തിന്റെ കാഴ്ച മനോഹരമാണ്.
കാക്കകൾ ഇല്ലാത്ത ക്ഷേത്രം
യാഗന്തിയുമായി ബന്ധപ്പെട്ട് കേൾക്കുന്ന മറ്റൊരു ഐതിഹ്യമാണ് കാക്കകൾ ഇല്ലാത്ത ക്ഷേത്രം എന്നത്. മിത്തെന്തായാലും ശരി ഞങ്ങളും അവിടെ ഒരു കാക്കയെപ്പോലും കണ്ടില്ല. ഹിന്ദു മിതോളജി പ്രകാരം ശനിയുടെ വാഹനമാണ് കാക്ക. ശനിക്ക് ഇവിടെപ്രവേശിക്കാനാകാത്തതുകൊണ്ടാണത്രേ ഇവിടെ കാക്കകൾ ഇല്ലാത്തത്. പ്രകൃതിയും, ചരിത്രവും, മിത്തും, എല്ലാം ഇടകലർന്ന വിശ്വാസമാണ് യാഗന്തിയിലെ ഉമാ മഹേശ്വര ക്ഷേത്രത്തിന്റെ പ്രത്യേകത. യെരമല്ല കുന്നുകൾക്കു കീഴെ ഓരോ മഹാശിവരാത്രികളിലും ഒഴുകിയെത്തുന്ന ജനസഞ്ചയത്തെയും കണ്ട് ഉമാ-മഹേശ്വരൻ ഇവിടെ നിലകൊള്ളുന്നു.