മണ്ണിനെ സ്നേഹിക്കുന്ന കർഷകരുടെയും, കാലികളുടെയും നാടാണ് നാഗർഹോള വനത്തിനുള്ളിലെ ബൈരകുപ്പ. കാർഷികവൃത്തി കൊണ്ട് ജീവിച്ചുപോരുന്നയിവർക്ക് കാലികളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാനാകില്ല. ഒരു ഭാഗത്ത് നീണ്ട് നിവർന്നു കിടക്കുന്ന, ഏത് നിമിഷവും വന്യമൃഗങ്ങള്‍ ഇറങ്ങുന്ന രാജീവ്ഗാന്ധി നാഷനൽ പാർക്ക്. മറുഭാഗത്തിന് അതിരിടുന്ന കബനി നദി. കബനിക്കപ്പുറം തോണി കടന്നാൽ കേരളമാണ്. കബനി നദി കനിയുന്ന ഫലഭൂഷ്ഠതയിൽ വിളയുന്ന നെല്ലും, പച്ചക്കറിയുമെല്ലാം പുഴ കടന്ന് കേരളത്തിന്റെ വിപണി തേടിയെത്തുന്നു. കബനി ഒഴുക്കിക്കൊണ്ടു വരുന്ന എക്കലടിഞ്ഞ മണ്ണിൽ എന്ത് നട്ടാലും നൂറ് മേനി വിളവാണ്. പക്ഷേ വിളവെടുക്കണമെങ്കിൽ കാടിറങ്ങി വരുന്ന ആനയും, കടുവയും, കാട്ടുപന്നികളുമെല്ലാം കനിയണം. മുൻപത്തേക്കാൾ വന്യമൃഗാക്രമണങ്ങൾ ഇപ്പോള്‍ കൂടിയിട്ടേയുള്ളൂ. കാലമിത്രയായിട്ടും ഈ മണ്ണും, കൃഷിയും വിട്ട് എങ്ങോട്ടും പോകാനില്ലാത്തവരാണിവരാണ് ബൈരകുപ്പ, മച്ചൂരി തുടങ്ങിയ വനഗ്രാമത്തിലെ ജനങ്ങള്‍. കാടതിർത്തിയിടുന്ന ഗ്രാമങ്ങളിലെ ഉത്സവങ്ങൾ കാടിന്റെ കൂടിയാണ്. ബൈരകുപ്പയിലെ ഗ്രാമീണരായ ഉരിഡവരുടെ മൂരി അബ്ബയെന്ന ഉത്സവം കൂടാനാണ് ഈ യാത്ര. ബൈരക്കുപ്പയിലെ ബസേവശ്വര ക്ഷേത്രത്തിനു മുന്നില്‍ നിന്നും ബൈരെശ്വര ക്ഷേത്രം വരെയുള്ള കാളകൂറ്റന്‍മ്മാരുടെ ഓട്ടമാണ് മൂരിഅബ്ബയുടെ പ്രധാന ചടങ്ങ്.

മിന്നല്‍ മുരളിയും, കുറുക്കന്‍മൂലയും

ADVERTISEMENT

ബൈരകുപ്പയിലെ തോണിയും, കടവും മലയാളി ഉടനെയെങ്ങും മറക്കാൻ വഴിയില്ല. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ നായകനായ മിന്നൽ മുരളിയിലെ കുറുക്കൻമൂല ഗ്രാമമായത് ബൈരകുപ്പയാണ്. പുതിയ റോഡിന്റെ പണി തുടങ്ങും മുന്‍പ് വരെ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റ് അവിടെ ഉണ്ടായിരുന്നു.

ബൈരക്കുപ്പ, രാജീവ് ഗാന്ധി നാഷനൽ പാർക്കിനുള്ളിലായത് കൊണ്ട് തന്നെ വന നിയമങ്ങൾക്കനുസൃതമായ ജീവിതമാണിവരുടേത്. വൈകിട്ട് ആറുമണി കഴിയുന്നതോടെ ചെക്ക് പോസ്റ്റുകളെല്ലാം അടയ്ക്കും. ശേഷം പുറം ലോകത്തേക്ക് പോകണമെങ്കിൽ പാലം കടന്ന് ബാവലിയിലോ, തോണി കടന്ന് മരക്കടവിലോ എത്തണം.

ADVERTISEMENT

ഇരുട്ടു പരക്കുന്നതോടെ മനുഷ്യരിറങ്ങി നടന്നിരുന്ന വഴികൾ കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളാകും. നേരം പുലരും വരെ ഈ വഴികളുടെയും നാടിന്റെയും അവകാശികള്‍ കാട്ടുമൃഗങ്ങളാണ്. ശക്തമായ വനനിയമങ്ങൾ പാലിക്കപ്പെടുന്നതു കൊണ്ട് വന്യമൃഗങ്ങളുടെ ആക്രമണങ്ങളോടൊപ്പം ഏത് സമയത്തും കാടിനു പുറത്തേക്കുള്ള കുടിയിറക്കം കൂടി പ്രതീക്ഷിക്കുന്നവരാണിവിടെയുള്ളവര്‍. വന്യമൃഗങ്ങളോടുള്ള ഏതൊരു ഏറ്റുമുട്ടലുകളും അവരുടെ ജീവിതം പറിച്ചു നടലിന് വഴിവച്ചേക്കാം. അതുകൊണ്ടു തന്നെ ഏറെ കരുതലോടെയാണ് ബൈരക്കുപ്പയിലെ ജീവിതം.

വർണ്ണങ്ങളിലലിഞ്ഞ് വനഗ്രാമം

ADVERTISEMENT

ദീപാവലി കഴിഞ്ഞ് മൂന്നാം ദിവസം രാവിലെ ഗ്രാമമെങ്ങും ഉത്സവ തിമിർപ്പിലാകും. ഉത്സവ ദിവസം അതിരാവിലെ തന്നെ മൂരിക്കുട്ടന്മാരെയും, കാളകളെയും കുളിപ്പിച്ചൊരുക്കുന്നതാണ് പ്രധാന ചടങ്ങ്. നെറ്റിയിൽ നിറങ്ങളുള്ള കുറി വരച്ച്, കഴുത്തിലും കൊമ്പിലും പൂമാലകൾ ചാർത്തി, മണി കെട്ടിയ കാളകൾക്കൊപ്പം നാടും തെരുവിലേക്കിറങ്ങി തുടങ്ങും. ഈ കാളക്കൂറ്റൻമ്മാരെ കാണാൻ വഴിനീളെ ആൾകൂട്ടമുണ്ടാകും.

കബനീതീരത്തെ ഈ വർണക്കാഴ്ച ഒത്തൊരുമയുടെയും, ആത്മസംഗമങ്ങളുടെയും ഉത്സവം മാത്രമല്ല. ഇവിടുത്തെ പൂർവികരുടെ കഷ്ടപ്പാടിന്‍റെയും ദുരിതത്തിന്‍റെയും ഓർമ്മ പുതുക്കൽ കൂടിയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് കാട്ടുനായ്ക്കരും, തേൻ കുറുമരും മാത്രമുണ്ടായിരുന്ന ബൈരകുപ്പയിലേക്ക് കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നും കുടിയേറിയവരാണ് ഇവിടുത്തെ ഉരിഡവരുടെ മുൻ തലമുറ. പിറന്ന നാടും, വീടും വിട്ട് രക്ഷപ്പെട്ട നാളുകളിൽ അവർക്ക് തുണയായത് അവര്‍ വളര്‍ത്തിയ കന്നുകാലികളാണത്രേ. നാടും, വീടും ഉപേക്ഷിച്ച് ചിത്രദുര്‍ഗയില്‍ നിന്നും കാലികളുടെ പുറത്തേറിയ ആ യാത്രയില്‍ അവര്‍ സ്വന്തമായി കയ്യില്‍ കരുതിയത് ആരാധിച്ചിരുന്ന ദൈവങ്ങളെ മാത്രമായിരുന്നു.

പൂര്‍വികര്‍ ഓടി രക്ഷപ്പെടുമ്പോള്‍ ശിവ- പാര്‍വതിമാര്‍ കാളകളുടെ രൂപത്തിലെത്തി വഴികാട്ടിയെന്നും, ബൈരകുപ്പയിലെത്തി സ്ഥിര താമസമാക്കാന്‍ നിര്‍ദേശിച്ചുവെന്നുമാണ് ഉരിഡവരുടെ വിശ്വാസം. കാട് കടന്ന് കാളപ്പുറത്തേറി വന്നവർ പ്രാദേശിക ജനതയോടൊപ്പം ഈ നദീതീരത്ത് വേരുകളാഴ്ത്തി. പൂർവികരുടെ ആ യാത്രയുടെ ഓർമ്മ പുതുക്കൽ കൂടിയാണ് ബൈരകുപ്പക്കാര്‍ക്ക് മൂരി അബ്ബ.

കർണാടകക്കാർ ഓരി അബ്ബയെന്നും, മലയാളികൾ മൂരി അബ്ബയെന്നുമാണ് പറയുന്നത്.

കുടിയേറിയ ഉരിഡവരുടെ പിൻതലമുറ ഉത്സവദിനം അടുത്തടുത്ത ഗ്രാമങ്ങളിൽ നിന്നും കാളകളെയും, മൂരികുട്ടന്‍മ്മരെയും ഒരുക്കി ബൈരകുപ്പയിലെ ക്ഷേത്രത്തിലേക്കെത്തുന്നു. വന്യമൃഗങളോട് പടപൊരുതി നെല്ലും, റാഗിയും, പച്ചക്കറിയുമെല്ലാം വിളയിക്കുന്ന ഇവിടത്തുകാരുടെ ഓരോ കൃഷിക്കാലവും പൂർണമാവുന്നത് മൂരി അബ്ബ ഉൽസവത്തോടെയാണ്.

ഒത്തുചേരലിന്റെ മൂരി അബ്ബ

ബൈരകുപ്പയില്‍ നിന്നും ബാവലി മുതല്‍ മൈസൂരു താലൂക്ക് വരെയുള്ള വിവിധ ഇടങ്ങളിലേക്ക് ഉരിഡവരുടെ പുതുതലമുറ കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. എവിടെയാണെങ്കിലും വർഷാവർഷമുള്ള മൂരി അബ്ബയ്ക്ക് കുടുംബത്തോടൊപ്പം ഉരിഡവരെല്ലാം ബൈരക്കുപ്പയിലെത്തും.

മൂരി അബ്ബ ദിനം ബൈരക്കുപ്പയിലെ കടത്തുകാര്‍ക്ക് നല്ല കോളാണ്. ഷോണമംഗലത്ത് നിന്നും, ചേകാടിയില്‍നിന്നും, പുല്‍പള്ളിയില്‍ നിന്നുമൊക്കെ കടത്തുകടന്നും, ബാവലിയിലെ ചെക്ക് പോസ്റ്റ്‌ കടന്നും നിരവധി മലയാളികള്‍ മൂരി അബ്ബയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. ദീപാവലിക്ക് ശേഷമുള്ള അമാവാസി ദിവസമാണ് മൂരി അബ്ബയുടെ ചടങ്ങുകള്‍ നടക്കുന്നത്. ബൈരകുപ്പയിലെ ബസവേശ്വര ക്ഷേത്രത്തിനും, ബൈരെശ്വര്‍ ക്ഷേത്രതിനുമിടയില്‍ ഘോഷയാത്രയായി കൊണ്ടുവരുന്ന അലങ്കരിച്ച കാളകളെ ഓടിക്കുന്നതാണ് മൂരി അബ്ബയുടെ പ്രധാന ചടങ്ങ്. ഷോണമംഗലത്ത് നിന്നും, ബാവലിയില്‍ നിന്നും, മച്ചൂരില്‍ നിന്നുമടക്കം കാളകളുമായി ഘോഷയാത്രയായി എത്തുന്ന ദേശക്കാര്‍ ബസവേശ്വര ക്ഷേത്രത്തിനു മുന്നില്‍ ഒത്തുകൂടുന്നു. ഉത്സവത്തോടനുബന്ധിച്ച് ബസവേസ്വര ക്ഷേത്രത്തില്‍ പ്രത്യേക പൂജയും വഴിപാടുകളും ഉണ്ടാകും. ബസവേശ്വരന് മുന്നില്‍ കാളകളുമായി തൊഴുന്ന അവര്‍ നാടിനും നാട്ടുകാർക്കും വേണ്ടി നേര്‍ച്ചയിട്ടു പ്രാര്‍ത്ഥിക്കുന്നു. ഏകദേശം ഉച്ചയോടെ പല ദേശങ്ങളില്‍ നിന്നുള്ള ഘോഷയാത്രകള്‍ ബസവേസ്വര ക്ഷേത്രസന്നിധിയിലെക്കെത്തും. താലപ്പൊലിയും,അമ്മന്‍കുടവും, ചെണ്ടമേളവുമൊക്കെയായി ഓരോ കരക്കാരും ഘോഷയാത്രയെ പരമാവധി പൊലിപ്പിക്കും. മൂരി അബ്ബയില്‍ പങ്കെടുക്കുന്ന കാളകള്‍ക്കും പ്രത്യേകതയുണ്ട്. വീടുകളില്‍ പ്രത്യേകമായി പരിപാലിച്ചുപോറ്റുന്ന കാളകളാണ് ഉത്സവത്തിൽ പങ്കെടുക്കുന്നത്. ബസേവശ്വര ക്ഷേത്രത്തിൽ നിന്നും ബൈരെശ്വര ക്ഷേത്രം വരെ കാളകള്‍ കുതിച്ച്പായാൻ തുടങ്ങുമ്പോൾ കാളകള്‍ക്കൊപ്പവും, അവയുടെ മുകളില്‍ വലിഞ്ഞു കയറിയും ഉരിഡവരുടെ പുതിയ തലമുറ മൂരി അബ്ബയെ ആഘോഷമാക്കും. എല്ലാ ദേശക്കാരും ഒരുമിച്ച് പങ്കെടുക്കുന്ന ഘോഷയാത്രയോടെയാണ് മൂരി അബ്ബ ഉത്സവം അവസാനിക്കുന്നത്. ഓരോ ഉത്സവത്തിന്റെയും അവസാനം പ്രതീക്ഷകളുടെ പുതിയൊരു കാലത്തിനായുള്ള കാത്തിരിപ്പ്....

ADVERTISEMENT