വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലുള്ള കെട്ടിടം, സിഡ്നിയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്ന ഈ ചിത്രം എന്താണ്!
ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിന്റെ തലസ്ഥാനമാണ് സിഡ്നി. അതിപുരാതനമായൊരു പട്ടണം. ലോകപ്രശസ്തമായ ഓപ്പറാ ഹൗസും കണ്ണുകൾക്ക് ഹരം പകരുന്ന മനോഹരമായ സിഡ്നി പാലവും തേടി ധാരാളം ലോകസഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.
ലിവർപൂൾ, പാരമറ്റാ, ബ്ലാക്ക് ടൗൺ, ന്യൂ കാസിൻ തുടങ്ങി അഴകേറിയ ചെറിയ നഗരങ്ങൾ കൊണ്ട് സമ്പന്നമാണ് ന്യൂ സൗത്ത് വെയിൽസ്. ഈ നഗരങ്ങളെല്ലാം വടക്കേ ഇന്ത്യക്കാരുടെ ഭക്ഷണശാലകളും കട കമ്പോളങ്ങളും വീടുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടത്തെ റോഡുകളിലെ ജനപ്രവാഹത്തിൽ നാൽപത് ശതമാനവും ഇന്ത്യക്കാരാണ്.
നഗരത്തിന്റെ ഹൃദയതാളം
വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലുള്ള കെട്ടിടം, സിഡ്നിയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്ന ചിത്രമാണ് ഓപ്പറഹൗസ്. ഓപ്പറാ ഹൗസിലുള്ള നാലു തിയേറ്ററിലും ലോക പ്രസിദ്ധരായ പ്രതിഭകൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. 2007 ൽ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഓപ്പറ ഹൗസ് ഇടം നേടി. നാൽപത് ഡോളറാണ് ഒരാൾക്കുള്ള പ്രവേശ ഫീസ്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ അവിടെയുള്ള ഏത് ടൂർ പരിപാടിയിലും ഈ ടിക്കറ്റ് വച്ച് പങ്കെടുക്കാം. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു സ്ഥലം ഡാർലിങ് ഹാർബറാണ്. അവിടെ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്.
സിഡ്നി പട്ടണത്തിന്റെ നാഴിക കല്ല് എന്നറിയപ്പെടുന്ന പ്രശസ്തമായ സിഡ്നി പാലം നിർമിച്ചത് 1932 ലാണ്. കടലിൽ നിന്നും 134 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ഈ പാലത്തിൽ ഗതാഗതത്തിനായി എട്ടു പാതകളുള്ള റോഡുകളും രണ്ട് റെയിൽവേ പാതകളും ഉണ്ട്. ഓപ്പറ ഹൗസും ബ്രിജും കണ്ടശേഷം മാത്രമേ സിഡ്നിയിലെത്തുന്നവർ മറ്റുകാഴ്ചകളിലേക്ക് കടക്കൂ.
റ്റരോങ്ങാ മൃഗശാലയും റോയൽ ബോട്ടാണിക്കൽ ഗാർഡനും കൂടി സന്ദർശിച്ച് ആദ്യദിനം മനോഹരമാക്കി. അണിഞ്ഞൊരുങ്ങിയ ഉദ്യാനങ്ങളും പാർക്കുകളും വിട്ട് തിരികെ പോരാൻ മനസ്സൊന്ന് മടിക്കും.
ബോഡെ ബീച്ചും ക്ഷേത്രവും
സിഡ്നിയിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി ഹെലൻസ്ബർഗ് എന്ന സ്ഥലത്താണ് വെങ്കടേശ്വര ക്ഷേത്രം. രണ്ട് സ്ക്വയർ മൈൽ വിസ്തീർണ്ണമുള്ള കോമ്പൗണ്ടിൽ 1978ൽ ഹിന്ദു ധർമ്മശാസ്ത്ര അഗമ പ്രകാരം നിർമ്മിച്ചതാണ് ഈ ക്ഷേത്രം.
സിഡ്നിയിൽ നിന്നും ഏഴ് കിലോമീറ്റർ മാറി പഞ്ചസാര പോലെ തൂവെള്ള പൊടി മണലുള്ള ബോഡെ ബീച്ച് സിഡ്നിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട കേന്ദ്രമാണ്. സിഡ്നിയിൽ നിന്നും ട്രെയിനിലോ അല്ലെങ്കിൽ ബസ്സിലോ ഇവിടേക്ക് എത്താം. ശാന്ത മഹാ സമുദ്രത്തിന്റെ തീരത്ത് പതയും നുരയും പതഞ്ഞു പൊങ്ങുന്ന തിരമാലകൾക്കിടയിലൂടെ കുളി ആസ്വദിക്കാനുള്ള സഞ്ചാരികളുടെ ആരവമാണ് എങ്ങും. 1..22 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുള്ള ഈ ബീച്ച് ഒരു കിലോമീറ്റർ നീളമുള്ള ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് സുരക്ഷിതമായി കടലിൽ ഇറങ്ങാം. വെള്ള മണൽ നിറഞ്ഞ നനഞ്ഞ കടൽ തീരവും പ്രസന്നതയാർന്ന സൂര്യ പ്രകാശവും അവിടെയുള്ള നീന്തൽക്കുളവും ലഘുഭക്ഷണശാലയും ബോഡെ ബീച്ചിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിപ്പിക്കുന്നു.
നീലകുന്നുകള്‍ക്ക് താഴെ
സിഡ്നിയിലെ നഗരക്കാഴ്ചകളിൽ നിന്നും അകലെ മാറി പ്രകൃതി ലാവണ്യം കവിഞ്ഞൊഴുകുന്ന പച്ചക്കുന്നുകളും കീഴ്‌ക്കാം തൂക്കായ പർവതങ്ങളു പുൽപ്പാടങ്ങളും ഭംഗി തുളുമ്പുന്ന താഴ്‌വരകളും നിറഞ്ഞ പ്രദേശമാണ് ബ്ലൂ മൗണ്ടൻസ്. യൂക്കാലി മരങ്ങൾ നിറഞ്ഞ കാടുകളും ചെറിയ വെള്ളച്ചാട്ടങ്ങളും നിറവധി റസ്റ്ററന്റുകളും ഇവിടെ കാണാം. ഇട തിങ്ങി നിൽക്കുന്ന യൂക്കാലി മരങ്ങളിൽ നിന്നും ഊറി വരുന്ന എണ്ണയും നീരാവിയും പൊടപടലവും നിറഞ്ഞ വായു മണ്ഡലത്തിൽ സൂര്യ കിരണങ്ങൾ പതിക്കുമ്പോൾ നീല നിറത്തിലുള്ള നേരിയ മൂടൽ മഞ്ഞ് രൂപപ്പെടുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന് ബ്ലൂ മൗണ്ടൻസ് എന്ന പേരുവന്നതത്രേ.
സിഡ്നിയിലെ വൃത്തിയും വെടിപ്പുമുള്ള വിശാലമായ നിരവധി തിരക്കേറിയ റോഡുകളും അതിലൂടെ ഓടുന്ന വളരെ വില കൂടിയ കാറുകളും രാജകീയ പ്രൗഢിയുള്ള പൗരാണിക കെട്ടിടങ്ങളും കണ്ണുകൾക്ക് ഹരം പകരുന്നതാണ്. എല്ലായിടത്തും ട്രാഫിക് ജംക്‌ഷനും ട്രാഫിക് അടയാളങ്ങളുമുണ്ട്. കാൽനട യാത്രക്കാർക്ക് റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് നടപ്പാതകളും റോഡ് മുറിച്ചു കടക്കാൻ പെഡസ്ട്രിയൻ ക്രോസിങ്ങുമുണ്ട്. നമ്മുടെ നാട്ടിലെ പോലെ തോന്നിയ സ്ഥലത്തു നിന്നും റോഡ് മുറിച്ചു കടക്കുന്നത് ഇവിടെ നടക്കില്ലെന്ന് സാരം. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് വളരെ കൂടിയ പിഴയാണ് ഈടാക്കുന്നത്. ഇരുനൂറ് ഡോളർ മുതൽ തുടങ്ങുന്നു സാധാരണ പിഴ. ഒരു ഓസ്ട്രേലിയൻ ഡോളറിന്റെ മൂല്യം ഏകദേശം 50 രൂപയാണ്.
ഗ്രാമീണസൗന്ദര്യം കാണാൻ
ഇവിടത്തെ ഗ്രാമങ്ങളിൽ അധികവും ഒറ്റനില വീടുകളാണ്. റോഡരികുകളിൽ ചെടികളും പൂക്കൾക്കൊണ്ട് നിറഞ്ഞ റൗണ്ട് എബൗട്ടുകളുണ്ട്. റോഡുകളുടെ ഇരുവശങ്ങളിലും ഏതാണ്ട് പത്തടി ഉയരത്തിൽ തളിർത്ത് പൂത്തുലഞ്ഞു നിൽക്കുന്ന നിരവധി പൂമരങ്ങൾ കാണാം. ഈ മരങ്ങളുടെ ഒരു വശത്ത് റോഡും മറുവശത്ത് ഒരു മീറ്റർ വീതിയുള്ള കോൺക്രീറ്റ് നടപ്പാതകളുമാണുള്ളത്. നടപ്പാതയിൽ നിന്നും അൽപം മാറി വരി വരിയായി വളർന്നു നിൽക്കുന്ന യൂക്കാലി മരങ്ങളുടെയും ഗം മരങ്ങളുടെയും ഇലകൾ ഇളം കാറ്റിന്റെ താളത്തിനൊത്തു നൃത്തം ചെയ്യുന്നത് സന്ദർശകരുടെ കണ്ണുകൾക്ക് ആനന്ദം പകരുന്നു.
വൈകിട്ട് നാലു കഴിഞ്ഞാൽ നടപ്പാതകളിലൂടെ തടാകം ലക്ഷ്യമാക്കി ആളുകളുടെ ഒഴുക്കാണ്. ചിലർ വലുതും ചെറുതുമായ വളർത്തു നായ്ക്കളുമായി സവാരിക്ക് ഇറങ്ങുന്നു. അവ വഴിയിലെങ്ങാനും മലവിസർജനം ചെയ്യുകയാണെങ്കിൽ അത് വൃത്തിയാക്കാനുള്ള ടിഷ്യു പേപ്പറും പ്ലാസ്റ്റിക് ഉപകരണങ്ങളും കവറും ഉടമസ്ഥരുടെ കൈയിൽ കാണും. ഇവിടെ എല്ലാ സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കാനുള്ള ചവറ്റു വീപ്പകൾ വച്ചിട്ടുണ്ട്.
യാത്രയ്ക്കിടെയാണ് ഈ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. നമ്മുടെ നാട്ടിലെ പോലെ ഇവിടെ ഇലക്ഷൻ ബഹളങ്ങളോ റോഡിൽ ജാഥയോ കൊട്ടിക്കലാശങ്ങളോ ഹർത്താലോ ഒന്നുമില്ലായിരുന്നു. മൈക്കോ ഉച്ചഭാഷിണിയോ ഉപയോഗിച്ചുള്ള പ്രചരണം ഇവിടെ നിയമ വിരുദ്ധമാണ്. പൊതുമാധ്യമം, സാമൂഹ്യമാധ്യമങ്ങൾ തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് ഇലക്ഷൻ പ്രചരണം നടക്കുന്നത്. മടക്കയാത്രയിൽ വെറുതെ ഓർത്തു, ഓരോരുത്തരും ശുചിത്വവും നിയമവും കൃത്യമായി പാലിച്ചാൽ നമ്മുടെ നാടും എത്ര സുന്ദരമായേനെ അല്ലേ!