സഞ്ചാരികളുടെ പതിവ് പട്ടികയിൽ ഇനിയും ഇടംപിടിക്കാത്ത , ലോകത്ത് ഏറ്റവും ധനികരായ ജനങ്ങളുള്ള രാജ്യം
മഞ്ഞണിഞ്ഞ ഈ ശൈത്യകാല പ്രഭാതത്തിൽ ബ്രസൽസിലിരുന്ന് ചൂട് ചോക്കലേറ്റും വേഫിൾസും കഴിച്ചാൽ പോരേ? എന്തിനുള്ള പുറപ്പാടാണ് ഇത്? തിരക്കേറിയ ബ്രസൽസ് നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ലക്സംബർഗിലേക്കുള്ള ട്രെയിനിൽ കയറവേ ഞാൻ എന്നോടു തന്നെ പലവട്ടം ചോദിച്ച ചോദ്യമായിരുന്നു ഇത്. എങ്കിലും എനിക്ക് അങ്ങനെ ഇരിക്കാൻ സാധിക്കുമായിരുന്നില്ല, ലോകത്ത് ഏറ്റവും ധനികരായ ജനങ്ങളുള്ള രാജ്യം എങ്ങനിരിക്കുമെന്ന് അറിയാൻ ആഗ്രമുണ്ടായിരുന്നു.
ലക്സംബർഗിലേക്ക് ട്രെയിൻ കയറാൻ അതുതന്നെ മതിയായ ഒരു കാരണമായിരുന്നു. പടിഞ്ഞാറൻ യൂറോപ്പ് കാണാൻ ആഗ്രഹിക്കുന്ന, കണ്ടു പഴകിയ കാഴ്ചകളിൽ താൽപര്യമില്ലാത്തവർക്ക് പറ്റിയ ഇടമാണ് ഇത്.
മൂന്നു മണിക്കൂർ ട്രെയിൻ സഞ്ചാരം കണ്ണടച്ചു തുറക്കും മുൻപ് അവസാനിച്ചു. പുൽമൈതാനങ്ങളുടെ പച്ചപ്പരപ്പും ഇടതൂർന്ന വൃക്ഷമേലാപ്പുകളുടെ ഇരുണ്ട പച്ചയും മഞണിഞ്ഞ പ്രദേശങ്ങളുമൊക്കെ ജനാലയ്ക്കരികിലൂടെ ഓടിപ്പോയി. അയൽരാജ്യങ്ങളുടെ തലസ്ഥാന നഗരികളായ ബെർലിൻ, പാരിസ്, ബ്രസൽസ് എന്നിവയെപ്പോലെ സഞ്ചാരികൾക്കിടയിൽ സുപരിചിതമാകാത്ത ലക്സംബർഗ് സിറ്റി കാണേണ്ടതു തന്നെ എന്നു പറയാൻ ചില കാരണങ്ങളുണ്ട്.
നടന്നു തീർക്കാവുന്ന തലസ്ഥാനം
ലക്സംബർഗ് സിറ്റി അനുഭവിച്ചറിയാൻ ഏറ്റവും നല്ല വഴി വെറുതേ ചുറ്റിത്തിരിയുക തന്നെ, നടക്കേണ്ട ആവശ്യമേയുള്ളു. ആകർഷകമായ കോട്ടമതിലും ഓൾഡ് ടൗൺ പ്രദേശവും ഇടുങ്ങിയ തെരുവുകളും അനന്തമായ പച്ചപ്പും പാരിസിനെ ഓർമിപ്പിക്കുന്ന ഷോപ്പിങ് വീഥികളുമൊക്കെ ആരെയും ആകർഷിക്കും.
ഒട്ടേറെ യൂറോപ്യൻ സംസ്കാരങ്ങളുടെ സംഗമസ്ഥാനമായ ഈ നഗരത്തിൽ ചരിത്രവും സംസ്കാരവും ആസ്വദിക്കാം. ഫോട്ടോ പകർത്താം, ബീയർ നുണയാം, സിറ്റിസെന്ററിൽ വെയിൽ കാഞ്ഞിരിക്കാം. ശൈത്യകാലത്ത് പോയതിനാൽ വെയിൽ കാഞ്ഞിരിക്കാൻ എനിക്ക് സാധിച്ചില്ല. എന്നാൽ അത് ചൂട് വൈനുകൾ ആസ്വദിക്കാനുള്ള സമയമായിരുന്നു!
നഗരം മുഴവനായി കാണാനുള്ളതാണ്, വിട്ടുപോകാതെ കാണണം എന്നു പറയാനൊരിടം ഇല്ല. ഓൾഡ് ക്വാർടറിൽ തുടങ്ങാം, നഗരത്തിലെ ചരിത്രപ്രധാനമായ ഒരു സ്ഥലമാണിത്. ചരിത്രത്തിൽ താൽപര്യമില്ലാത്തവർക്കു പോലും ഈ പ്രദേശം രസകരമായ തുടക്കമാകും.
വടക്കിന്റെ ജിബ്രാൾടർ
കോട്ടകെട്ടി തിരിച്ച ഇടമായതിനാൽ തന്നെ യൂറോപ്പിലെ പ്രധാന നഗരങ്ങളിലൊന്നാണ് ലക്സംബർഗ് ഓൾഡ് ക്വാർടർ. ഇവിടത്തെ വീഥികൾ വശ്യതയുള്ള പുരാതന കെട്ടിടങ്ങളാലും വീടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ നടക്കുന്നതിനിടെ. അഡോൾഫി ബ്രിജ് പോലെ ഗംഭീരമായ ഒട്ടേറെ പാലങ്ങളിലൂടെ നാം കടന്നുപോകും. മലയിടുക്കിനോട് ചേർന്ന് നിർമിച്ച ഓൾഡ് ക്വാർടർ വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും സമ്മാനിക്കുന്നു.
യൂറോപ്പിലെ ഏറെ മനോഹരമായ ബാൽകണികളിൽ ഒന്നായി അറിയപ്പെടുന്ന ലെ ചെമിൻ ഡെ ലാ കോർണിഷ്, നഗരത്തിന്റെ ഏറ്റവും പുരാതന ഭാഗങ്ങൾ ചേർന്ന ദി ബാരിയോ ഗ്രൗണ്ട്, ഒന്നര നൂറ്റാണ്ടിലേറെ പഴക്കം ചെന്ന, കമാനാകൃതിയിലുള്ള പാസറല്ല പാലം എന്നിവയാണ് ലക്സംബർഗിലെ ആകർഷകമായ കാഴ്ചകളിൽ പ്രധാനപ്പെട്ടവ. ഇലപൊഴിഞ്ഞ മരങ്ങളുടെയും അൽസെറ്റോ പെട്രൂസീ നദികൾ തുടങ്ങിയവ കണ്ട് കോർനിഷ് ഭാഗത്ത് നടക്കവെ ബാരിയോ ഗ്രൗണ്ടിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യം കാണാം. 10ാം നൂറ്റാണ്ട് മുതലുള്ള ആ ജനവാസ കേന്ദ്രം വടക്കിന്റെ ജിബ്രാൾടർ എന്നും അറിയപ്പെടുന്ന ബാരിയോ ഗ്രൗണ്ട് യുനെസ്കോ ലോകപൈതൃക കേന്ദ്രമാണ്.
വില്യം സ്ക്വയർ (പാലസ് ഗിലോമെ)
നഗരഹൃദയത്തിലുള്ള അശ്വാരൂഢനായ കിങ് വിൽഹെം രണ്ടാമന്റെ ശിൽപത്തിൽ നിന്ന് നാമം കൈവന്ന സ്ഥലമാണ് വിൽഹെം സ്ക്വയർ. നെതർലൻഡിന്റെ രാജാവും ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്കുമായിരുന്നു ഈ വിൽഹെം. ചത്വരത്തിലെ ശിൽപം അതിഗംഭീരമാണ്. പ്രഭുവിന്റെ കൊട്ടാരവും നോട്ടർ ഡാം കതീഡ്രലും അതിന്റെ തൊട്ട് പിന്നിലാണ്. ബരോക്കെ നിർമാണ ശൈലിയും നവോത്ഥാന ശൈലിയും സമന്വയിക്കുന്ന മനോഹര നിർമിതിയാണ് ഇത്. സൂക്ഷ്മമായ വർണച്ചായങ്ങളുള്ള ഗ്ലാസുകളും മതപരമായ കഥകൾ സ്റ്റെയിൻഡ് ഗ്ലാസുകളുള്ള ജനാലകളും എല്ലാം ഈ ദേവാലയത്തെ സഞ്ചാരികൾക്കും പ്രിയങ്കരമാക്കുന്നു.
കതീഡ്രലിനു മുൻപിൽ, റോഡിന് മറുവശത്താണ് യുദ്ധസ്മാരകം. 21 മീറ്റർ ഉയരത്തിലുള്ള കരിങ്കൽ സ്തംഭത്തിനു മുകളിൽ വിജയ ദേവതയായ നൈക്കിന്റെ സ്വർണ ശിൽപം തിളങ്ങുന്നുണ്ട്. യുദ്ധസ്മാരകത്തിന്റെ അറ്റത്തേക്ക് നീങ്ങിയാൽ രണ്ടു നിലയുള്ള ആർച്ച് ബ്രിഡ് അഡോൾഫിയുടെ മനോഹര ദൃശ്യം ആസ്വദിക്കാം.
ഒട്ടേറെ യക്ഷിക്കഥകളുടെ ശേഷിപ്പും ലക്സംബർഗിലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളിൽ മുൻപന്തിയിലുള്ളതുമാണ് ഗ്രാൻഡ് ഡ്യൂക്കിന്റെ ആസ്ഥാനമായ പാലെയ്സ് ഗ്രാൻഡ് ഡുകൽ. ചില ദിവസങ്ങളിൽ മാത്രമേ കൊട്ടാരത്തിലേക്ക് സാധാരണക്കാർക്ക് പ്രവേശനമുള്ളു.
അമേരിക്കൻ സെമിട്രി മെമോറിയൽ
17 ഏക്കറിൽ സമൃദ്ധമായ പച്ചപ്പുൽതകിടിയിൽ 5076 അമേരിക്കൻ സൈനികർ അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണ് ഈ സെമിത്തേരി. ബാറ്റിൽ ഓഫ് ബൾജിൽ കൊല്ലപ്പെട്ടവരാണ് ഇവരിൽ ഏറെയും.
ലക്സംബർഗ് നിവാസികൾ ഏറെയും വിദേശികളായതിനാൽ ഇവിടെ ഭക്ഷണവൈവിധ്യത്തിന് ഒരു കുറവുമില്ല. പോർക്കും ബീൻസും ചേർന്ന ജുദ് മാറ്റ് ഗാർദിബുമെൻ ആണ് ഇവിടെ ദേശീയ ഭക്ഷണം. പോർക്ക്, ബീൻസ് സൂപ്പ് ഞാൻ ഏറെ ആസ്വദിച്ചെങ്കിലും ഏഷ്യൻ വിഭവങ്ങളോട് അൽപം കൊതി തോന്നിയതിനാൽ തായ് ജോയിന്റ് സ്ട്രീറ്റിലാണ് ഞാൻ ഭക്ഷണം മുഴുമിപ്പിച്ചത്. ക്രിസ്മസ് ചന്തകളുടെ കാലമായതിനാൽ രസകരമായ വിഭവങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. ചൂട് വൈൻ കുടിക്കുന്നു എങ്കിൽ അതു തരും മുൻപ് ഒരു നിശ്ചിത തുക നാം അടയ്ക്കണം. വൈൻ പാനം ചെയ്യുന്നത് മുഴുമിപ്പിച്ച് കപ്പ് തിരികെ കൊടുക്കുമ്പോൾ ആ തുകയും ലഭിക്കും!
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുപാകിയ തെരുവുകളിലൂടെ നടക്കുമ്പോൾ ഞാൻ ചിന്തിച്ചു, ബ്രസൽസിന്റെ തണുപ്പിൽ പുതച്ച് മൂടി കിടക്കാതിരുന്നത് എത്ര നന്നായി എന്ന്.