നമ്മുടെ സ്വപ്നത്തിന്റെ അതിരുകൾ തീർക്കാൻ മറ്റൊരാളെയും അനുവദിക്കരുത്. ‘ഉയരെ' എന്ന മലയാള സിനിമയിൽ നിന്ന് കെഎം ധന്യ പകർത്തിയ പാഠം ഇതാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യ പൈലറ്റ് എന്ന നേട്ടത്തിന് തൊട്ടരികിലാണ് ഈ കോട്ടയം വാകത്താനം സ്വദേശി.

ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി സംവദിക്കാൻ ക്ഷണം ലഭിച്ചവരിൽ ധന്യയുമുണ്ട്. പോളിടെക്നിക് പഠനകാലത്താണ് ധന്യ ‘ഉയരെ’ സിനിമ കണ്ടതും പൈലറ്റാകണമെന്ന സ്വപ്നം ഉദിക്കുന്നതും. രാജീവ് ഗാന്ധി അക്കാദമി ഓഫ് ഏവിയേഷനിൽ ചേർന്നാൽ സ്കോളർഷിപ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

ADVERTISEMENT

നഗരസഭാ ക്ലീനിങ് ജീവനക്കാരനായ അച്ഛൻ വാലുപറമ്പിൽ മഹേഷ് ആഗ്രഹത്തിനൊപ്പം നിന്നു. പ്രവേശന നടപടി അപ്പോഴേക്കും കഴിഞ്ഞിരുന്നു. ഒന്നര വർഷം കഴിഞ്ഞേ പ്രവേശനം ലഭിക്കൂ എന്നറിഞ്ഞ് തിരികെ നാട്ടിലെത്തി. വിദൂര വിദ്യാഭ്യാസം വഴി പ്ലസ്ടുവിന് ചേർന്നു.

കൂടെ പഠിക്കുന്ന എല്ലാവർക്കും പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് ലഭിച്ചിട്ടും ധന്യയ്ക്ക്  ലഭിച്ചില്ല. പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യുന്നതിൽ സ്ഥാപനത്തിന് വന്ന പിഴവിൽ ധന്യയ്ക്ക് നഷ്ടപ്പെട്ടത് 5 മാസവും പരീക്ഷ എഴുതാനുള്ള അവസരവും. കടുത്ത നിരാശയുടേതായിരുന്നു അക്കാലമെന്നു ധന്യ ഓർക്കുന്നു.

ADVERTISEMENT

മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷൻ അക്കാദമി ധന്യയെ തേടിയെത്തി. അവർ പ്ലസ്ടു പഠനാവസരവും പാർട് ടൈം ജോലിയും  വാഗ്ദാനം ചെയ്തു. പൈലറ്റാകാനുള്ള പിന്തുണയും. അമ്മ ബിന്ദുവിനും മഹേഷിനും കണക്കു കൂട്ടാവുന്നതിലും അപ്പുറമായിരുന്നു ചെലവുകൾ. 3 ലക്ഷം രൂപ ഫീസിനത്തിൽ മാത്രം ചെലവായി. അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ അക്കാദമി ധന്യയെ സഹായിച്ചു. പലപ്പോഴും ഫീസ് പിന്നെ മതിയെന്നു പറഞ്ഞു.

‘അമ്മയെയും അച്ഛനെയും ആളുകൾ മിക്കപ്പോഴും കുറ്റപ്പെടുത്തി. പറ്റുന്ന പണിക്ക് വിട്ടാൽ  പോരേയെന്നൊക്കെ ചോദിക്കും. ഇടയ്ക്കു നാട്ടിൽ വന്നാൽ ഞാൻ പരീക്ഷ തോറ്റുവന്നു നിൽക്കുന്ന പോലെയാണ് പലരും പെരുമാറിയത്. മോളിനി നാട്ടിലേക്ക് വരണ്ട, തിരുവനന്തപുരത്ത് തന്നെ നിന്നോയെന്ന് ഒരിക്കൽ അച്ഛൻ കരഞ്ഞു പറഞ്ഞു. ചോദ്യങ്ങൾ കാരണം പുറത്തിറങ്ങാൻ പേടിയാണ്.’–ധന്യ പറയുന്നു.

ADVERTISEMENT

ഇനി രാജീവ് ഗാന്ധി അക്കാദമി ഓഫ് എവിയേഷനിലോ മധ്യപ്രദേശ് ഫ്ലൈയിങ് ക്ലബ്ബിലോ ചേർന്ന് പറക്കലിലടക്കം പരിശീലനം നേടണം. അതിനുള്ള പ്രാഥമിക കാര്യങ്ങൾ പൂർത്തിയാക്കി. അതിനിടെയാണ് രാഷ്ട്രപതിയെ കാണാനുള്ള ക്ഷണം ധന്യയെ തേടിയെത്തിയത്. കേരളത്തിലെ ആദ്യ ആദിവാസി പൈലറ്റ് താനാകുമോയെന്ന് ധന്യയ്ക്ക് ഉറപ്പില്ല, കാരണം അതിനിനിയും കടമ്പകളേറെ. പക്ഷേ ഒരു ഉറപ്പുണ്ട്.  ഒരിക്കൽ പറക്കും, വാനിലുയരെ..

ADVERTISEMENT