28ാം വയസ്സിൽ കാൽമുട്ടുകളെ ബാധിച്ച വാതത്തെത്തുടർന്നു ജീവന്റെ ജീവനായ നൃത്തകലയോടു യാത്ര പറയേണ്ടി വന്നപ്പോൾ ശ്രീദേവി ഒരു മടങ്ങി വരവു പ്രതീക്ഷിച്ചതേയില്ല. എന്നാലിപ്പോൾ 41ാം വയസ്സിൽ ശ്രീദേവി എത്തി നിൽക്കുന്നത് ഗോവ അയൺമാന്‍ 70.3 ട്രയാത്‌ലോൺ വിജയം കൈവരിച്ച ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടത്തിലാണ്. പാലിയം

28ാം വയസ്സിൽ കാൽമുട്ടുകളെ ബാധിച്ച വാതത്തെത്തുടർന്നു ജീവന്റെ ജീവനായ നൃത്തകലയോടു യാത്ര പറയേണ്ടി വന്നപ്പോൾ ശ്രീദേവി ഒരു മടങ്ങി വരവു പ്രതീക്ഷിച്ചതേയില്ല. എന്നാലിപ്പോൾ 41ാം വയസ്സിൽ ശ്രീദേവി എത്തി നിൽക്കുന്നത് ഗോവ അയൺമാന്‍ 70.3 ട്രയാത്‌ലോൺ വിജയം കൈവരിച്ച ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടത്തിലാണ്. പാലിയം

28ാം വയസ്സിൽ കാൽമുട്ടുകളെ ബാധിച്ച വാതത്തെത്തുടർന്നു ജീവന്റെ ജീവനായ നൃത്തകലയോടു യാത്ര പറയേണ്ടി വന്നപ്പോൾ ശ്രീദേവി ഒരു മടങ്ങി വരവു പ്രതീക്ഷിച്ചതേയില്ല. എന്നാലിപ്പോൾ 41ാം വയസ്സിൽ ശ്രീദേവി എത്തി നിൽക്കുന്നത് ഗോവ അയൺമാന്‍ 70.3 ട്രയാത്‌ലോൺ വിജയം കൈവരിച്ച ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടത്തിലാണ്. പാലിയം

28ാം വയസ്സിൽ കാൽമുട്ടുകളെ ബാധിച്ച വാതത്തെത്തുടർന്നു ജീവന്റെ ജീവനായ നൃത്തകലയോടു യാത്ര പറയേണ്ടി വന്നപ്പോൾ ശ്രീദേവി ഒരു മടങ്ങി വരവു പ്രതീക്ഷിച്ചതേയില്ല. എന്നാലിപ്പോൾ 41ാം വയസ്സിൽ ശ്രീദേവി എത്തി നിൽക്കുന്നത് ഗോവ അയൺമാന്‍ 70.3 ട്രയാത്‌ലോൺ വിജയം കൈവരിച്ച ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടത്തിലാണ്.

പാലിയം ഇന്ത്യയിലെ എജ്യുക്കേഷൻ ആൻഡ് സ്കിൽ ബിൽഡിങ് മേധാവിയായ ഡോ. ശ്രീദേവി വാരിയരുടെ ജീവിതകഥ ഇങ്ങനെ.

ADVERTISEMENT

‘‘നൃത്തത്തെ ജീവനുതുല്യം സ്നേഹിക്കുന്ന എന്നെ സംബന്ധിച്ചു നൃത്തം ചെയ്യാതിരിക്കുക എന്നതു ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. പക്ഷേ...’’ തിരുവനന്തപുരത്തെ വീട്ടിലിരുന്നു തന്റെ ജീവിതത്തിൽ ഓടിയും നീന്തിയും കയറുന്ന വിജയങ്ങളെക്കുറിച്ച് ഡോ. ശ്രീദേവി വാരിയർ സംസാരിച്ചു തുടങ്ങി.

‘‘രണ്ടാമത്തെ കുഞ്ഞു ജനിച്ചതിനു പിന്നാലെയാണു കാൽമുട്ടിന് അസഹ്യമായ വേദന വരുന്നത്. പരിശോധനയിൽ ആർത്രൈറ്റിസ് ആണെന്നു കണ്ടെത്തി. പെയിൻ കില്ലറുകളും വിശ്രമവുമായി വർഷങ്ങൾ കടന്നു പോകെ നൃത്തവുമായുള്ള വേർപാട് എന്നെ മാനസികമായി തളർത്തി. ഒരിക്കൽക്കൂടി ചിലങ്ക അണിയാൻ സാധിക്കുമോ എന്ന ചിന്തയിൽ കണ്ണുനിറയാത്ത രാത്രികളില്ലായിരുന്നു. നൃത്തവും വ്യായാമവും ഇല്ലാതെ ശരീരഭാരം കൂടുന്നതിനൊപ്പം കാലിന്റെ വേദനയും കൂടി.

ADVERTISEMENT

പാലിയം ഇന്ത്യയുടെ മുൻ സിഇഒ രാജ് കാലടി നല്ലൊരു സുഹൃത്തും മെന്ററുമാണ്. അദ്ദേഹമാണ് സ്ട്രെങ്തനിങ് വ്യായാമങ്ങൾ ചെയ്തു തുടങ്ങാമെന്നു നിർദേശിച്ചത്. തുടർച്ചയായുള്ള വ്യായാമം എന്റെ അവസ്ഥ മെച്ചപ്പെടുത്തി. ആയിടയ്ക്കാണ് കേരള സ്പോർട്സ് അസോസിയേഷന്റെ കേരള ഒളിമ്പിക് മാരത്തൺ 2022ൽ പങ്കെടുക്കൂ എന്നു രാജ് പറയുന്നത്. എന്നാൽ കാൽമുട്ടു വേദനയും കൂടെപ്പിറപ്പായി കിട്ടിയ ആസ്മയും പിന്നോട്ടു വലിച്ചു.

‘ഇതൊക്കെ ശ്രീയുടെ മനസ്സിന്റെ ചിന്തകൾ മാത്രമാണ്, ശരീരത്തിനു യാതൊരു പ്രശ്നവുമില്ല’ എന്നു പറഞ്ഞുമുന്നോട്ടു നയിച്ചതു രാജ് ആണ്. പരിശീലനം തുടങ്ങിയപ്പോൾ കഷ്ടിച്ചു 100 മീറ്റർ ഓടാൻ സാധിക്കുന്നില്ല എന്നതായിരുന്നു നില. എന്നാൽ, മാരത്തണിൽ 80 മിനിറ്റിനുള്ളിൽ 10 കിലോമീറ്റർ ഓടി. സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയപ്പോൾ സന്തോഷംകൊണ്ടു കരച്ചിൽ അടക്കാനായില്ല. തിരുവനന്തപുരത്തുള്ള ഐ10 റണ്ണേഴ്സ് ക്ലബിന്റെ ഭാഗമായതോടെ റണ്ണിങ്ങിന്റെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കി.

ADVERTISEMENT

എല്ലാം ഓക്കെ, പക്ഷേ, നീന്തൽ...

2023ന്റെ തുടക്കത്തിലാണ് അയൺമാൻ 70.3 ട്രയാത്‌ലോണിനെക്കുറിച്ച് അറിയുന്നത്. പക്ഷേ, മത്സരിക്കണമെങ്കിൽ ഓട്ടവും സൈക്ലിങും മാത്രം പോര നീന്തലും വേണം. റണ്ണിങ്ങിനു പിന്നാലെ സൈക്ലിങ്ങും തുടങ്ങിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം സൈക്കിളിൽ മൈസൂർ മുതൽ ഊട്ടി വരെ പോയി. ടൂർ ഓഫ് നീൽഗിരീസ് എന്നു പേരിട്ട യാത്രയുടെ ലക്ഷ്യം എട്ടു ദിവസത്തിനുള്ളിൽ സൈക്കിളിൽ 800 കിലോമീറ്റർ യാത്രചെയ്യുക എന്നതായിരുന്നു.

അയൺമാനിൽ നീന്തലിൽ പിടി വീഴുമെന്നു തീർച്ചയായിരുന്നു. പാലക്കാട് കുളത്തിനു ചുറ്റുമുള്ള ഒരു അഗ്രഹാരത്തിലാണ് അമ്മവീട്. പണ്ടൊക്കെ നീന്തിത്തുടിക്കാനുള്ള ആവേശത്തിൽ എല്ലാവരും കുളത്തിലേക്കു പോകുമ്പോൾ ഞാൻ കിണ്ടിയും മൊന്തയുമൊക്കെ ആയിട്ടാണു പോകാറ്. കരയ്ക്കിരുന്നു വെള്ളം കോരിക്കുളിക്കാല്ലോ. എന്തിനേറെ പറയുന്നു ഷവർ പോലും പേടിയുള്ള ആളാണു ഞാൻ.

എന്തു ചെയ്യുമെന്നു ചിന്തിച്ചിരുന്നപ്പോൾ മക്കൾ ഗൗതമും ഗംഗയും പ്രചോദനമായി എത്തി. അങ്ങനെ അവർക്കൊപ്പം ട്രിവാൻഡ്രം ക്ലബ്ബിൽ നീന്തൽ പരിശീലനം ആരംഭിച്ചു. തുടക്കത്തിൽ പേടിയായിരുന്നെങ്കിലും പതിയെ നീന്തൽ ആവേശമായി.

ആ ലോകമെന്നെ വിസ്മയിപ്പിച്ചു

2024 ഗോവ അയൺമാനിൽ രാജ് പങ്കെടുത്തിരുന്നു. അന്നു ഞാനും കാഴ്ചക്കാരിയായി പോയി. കടൽ കണ്ടപാടെ തിരിഞ്ഞോടി. പക്ഷേ, രാജും കുട്ടികളും വിട്ടില്ല‍. കുറച്ചു മാസങ്ങൾക്കുശേഷം ഗോവയിലെ ഒരു ക്ലബ്ബിൽ ചേർന്ന് ഡൈവിങ് കോഴ്സ് ചെയ്തു. എന്റെ ലോകവും ചിന്തകളും കീഴ്മേൽ മറിച്ച അനുഭവമായിരുന്നു അത്. ഡീപ് എൻഡ് ഡൈവിങ് പേടി സ്വപ്നമായിരുന്ന ഞാൻ കടലിനടിയിലെ മണൽത്തിട്ടയിൽ കാൽകുത്തിയിരുന്നു. കടലിന്റെ മാന്ത്രികതയും ശാന്തിയും ഉള്ളുനിറച്ചു. കാർട്ടൂണിൽമാത്രം കണ്ടിട്ടുള്ള നീമോയും തിളങ്ങുന്ന ജെല്ലി ഫിഷും പലനിറങ്ങളിലുള്ള മത്സ്യങ്ങളും പവിഴപ്പുറ്റുകളും കാലങ്ങൾക്കുമുന്നേ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളുമെല്ലാം കണ്ടു.

അയൺമാൻ 70.3 തയാറെടുപ്പിനു മുന്നോടിയായി ബാംഗ്ലൂർ ട്രയാത്‌ലോണിൽ ഞാൻ പങ്കെടുത്തു. 15 കിലോമീറ്റർ ഓട്ടം 60 കിലോമീറ്റർ സൈക്ലിങ് പിന്നെ കായലിലെ നീന്തൽ. കടലിൽ നീന്തിയതാണല്ലോ എന്ന ധൈര്യത്തിൽ കായലിലേക്ക് ഇറങ്ങി. ഷോക്ക് അടിക്കുന്ന തണുപ്പ്. സ്വിം സ്യൂട്ടിന് പുറമേ ജാക്കറ്റ് ധരിച്ചു. പക്ഷേ, നീന്തിത്തുടങ്ങിയപ്പോൾ ജാക്കറ്റിന്റെ ഭാരം കാരണം മുന്നോട്ടു പോകാൻ സാധിക്കുന്നില്ല. അയൺമാൻ സ്വപ്നം ഉപേക്ഷിക്കുന്നു എന്ന തീരുമാനത്തിലാണു കരയ്ക്കു കയറിയത്. അപ്പോൾ അതാ അനൗൺസ്മെന്റ് ‘തേഡ് പ്ലേസ് ഗോസ് ടു ഡോ. ശ്രീദേവി വാരിയർ’ എന്ന്. ആദ്യ മാരത്തൺ പൂർത്തിയാക്കിയപ്പോൾ കിട്ടിയ അതേ ഹൈ ഫീൽ ആയിരുന്നു അപ്പോഴും.

സ്വപ്നം യാഥാർഥ്യമാകുന്നു

മാനസികമായും ശാരീരികമായും തയാറെടുപ്പുകൾ ആവശ്യമുള്ള മത്സരമാണ് അയൺമാൻ 70.3 ട്രയാത്‌ലോൺ. 1.9 കിലോമീറ്റർ കടലിൽ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.2 കിലോമീറ്റർ ഓട്ടം എന്നീ മൂന്നു വിഭാഗങ്ങളും എട്ടര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം. ഓരോ വിഭാഗത്തിനും പ്രത്യേകം കട്ട് ഓഫ് സമയവുമുണ്ട്.

മത്സരദിവസം രാവിലെ കടലിനടുത്ത്, നമുക്ക് അനുവദിച്ചിരിക്കുന്ന സ്ലോട്ടിൽ നിൽക്കണം. ത്രികോണ ആകൃതിയിലാണ് നീന്തേണ്ടത്. വഴി തെറ്റാതിരിക്കാൻ ചുവപ്പു നിറത്തിലുള്ള എയർ ബലൂണുകളുണ്ട്. നിരവധിപേർ ഒരേ സമയം നീന്തുന്നതുകൊണ്ടുതന്നെ അപകടങ്ങൾ സംഭവിച്ചേക്കാം. ഞാൻ നീന്തുന്നതിനിടെ ഒരാൾ മുങ്ങുന്നതു കണ്ടു. പരിഭ്രമം തോന്നിയെങ്കിലും മനസ്സിനെ ശാന്തമാക്കി അയാൾക്കു കയാക് ഉള്ള ദിശ കാട്ടിക്കൊടുത്തു.

ആദ്യ റെഡ് ബലൂൺ കണ്ടപ്പോൾ വളരെ ആശ്വാസം തോന്നിയെങ്കിലും രണ്ടാമത്തെ ബലൂണിനടുത്തെത്താൻ ഒരുപാടു സമയമെടുത്തെന്നു തോന്നി. പക്ഷേ, കരയിൽ കയറി നോക്കിയപ്പോൾ അതിശയിച്ചുപോയി. 54 മിനിറ്റിനുള്ളിൽ നീന്തിക്കഴിഞ്ഞു. പെട്ടെന്നു ഫ്രഷ് ആയി സൈക്കിളിൽ കയറി. ആദ്യ റൗണ്ട് ജയിച്ചതിന്റെ സന്തോഷത്തിൽ പാട്ടൊക്കെ പാടി ചിൽ ചെയ്ത് സൈക്കിൾ ചവിട്ടി. നാലു മണിക്കൂറിനുള്ളിൽ സൈക്ലിങും രണ്ടു മണിക്കൂർ 38 മിനിറ്റിൽ ഓട്ടവും പൂർത്തിയാക്കി. മത്സരത്തിനു മുൻപ് അയൺമാൻ വിജയി ടിം ടിം ശർമയുടെ കോഴ്സ് ചെയ്തതും കഠിന പരിശീലനവും ഏറെ പ്രയോജനം ചെയ്തു.

കായികം മാത്രമല്ല, കലയുമുണ്ട്

ചെറുപ്പം മുതല്‍ മോഹിനിയാട്ടം പഠിക്കുന്നുവെങ്കിലും ഇടയ്ക്കൊരു ഇടവേള വന്നു. ഇപ്പോൾ  പഠനം പുനരാരംഭിച്ചു. കഴിഞ്ഞ എട്ടു വർഷമായി മക്കൾക്കൊപ്പം കഥകളി പഠിക്കുന്നു. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയായിരുന്നു ഗുരു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം മകൻ വിഷ്ണു നമ്പൂതിരിയുടെ കീഴിൽ പഠനം തുടരുന്നു. ഞാനും മക്കളും ചേർന്ന് സീതയും ലവനും കുശനുമായി കഥകളി ചെയ്യണമെന്നു വാസുദേവന്‍ ആശാനു വലിയ ആഗ്രഹമായിരുന്നു. വിഷ്ണു ആശാന്റെ ശിക്ഷണത്തിൽ ഭർത്താവ് രവിയുടെ കുടുംബക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചു. വിപുലമായ കഥകളി പാരമ്പര്യമുള്ള കുടുംബമാണു രവിയുടേത്.

മുത്തശ്ശന്മാരും മുത്തശ്ശിമാരും മറ്റു ബന്ധുക്കളുമെല്ലാം നല്ല അഭിപ്രായം പറഞ്ഞതു കുട്ടികൾക്കു വലിയ ആവേശമായി. കഴിഞ്ഞ വർഷം ഞങ്ങൾ മൂവരും ചേർന്നു കുചേലവൃത്തം ചെയ്തു. കലയും കായികവുമായി മുന്നോട്ടുപോകുന്നതുകൊണ്ടാകണം കഴിഞ്ഞ മൂന്നു വർഷമായി പെയിൻ കില്ലർ തൊട്ടിട്ടേയില്ല. ഭക്ഷണത്തിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.

പ്രകാശം പരത്തുന്ന മക്കൾ

ഓരോ പേടിയും മറികടക്കുമ്പോൾ ഞാൻ എന്നെ പ്രശംസിക്കും. പറ്റില്ലെന്നോർത്തു പിന്നിലേക്കു നിന്നിരുന്നെങ്കിൽ ഈ വിജയങ്ങളുടെയൊന്നും മധുരം ഞാനറിയുമായിരുന്നില്ല. അതിനേക്കാളേറെ അഭിമാനം തോന്നുന്നത് എന്റെ കുട്ടികളുടെ കണ്ണിലെ തിളക്കം കാണുമ്പോഴാണ്. ആകെ തളർന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ടു വീടിനുള്ളിലിരുന്ന എന്നെ അവർ കണ്ടതാണ്. അവർ നൽകിയ പിന്തുണയും സ്നേഹവുമാണ് എന്നെ ഈ വിജയങ്ങൾക്കെല്ലാം അർഹയാക്കിയത്. മകൻ ഗൗതം ലെക്കോള ചെമ്പക സ്കൂളിൽ എട്ടാം ക്ലാസിലും മകൾ ഗംഗ ആറിലും പഠിക്കുന്നു.

പരിശീലനത്തിനായി കൂടുതൽ സമയം മാറി നിൽക്കേണ്ടി വരുമെന്നു മനസ്സിലായപ്പോൾ ‘അമ്മ പ്രാക്ടീസ് ചെയ്തോളൂ, മറ്റുകാര്യങ്ങൾ ഞങ്ങൾ മാനേജ് ചെയ്യാം’ എന്ന് രണ്ടുപേരും വാക്കു തന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പഠിച്ചുവെന്നു മാത്രമല്ല, അമ്മ ഇന്ന് എന്തൊക്കെ ചെയ്തു, എത്ര കിലോമീറ്റർ ഓടി, കാലു വേദനയുണ്ടോ? തുടങ്ങി ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും അവർ ചോദിക്കും. ഭർത്താവ് ഡോ. രവി പ്രസാദ് വർമ തിരുവനന്തപുരം ശ്രീചിത്രയിൽ പ്രഫസറാണ്.

വിവാഹം കഴിഞ്ഞു തിരുവനന്തപുരത്ത് എത്തിയപ്പോ ൾ മുതൽ ഞാൻ പാലിയം ഇന്ത്യ എന്ന എൻജിഒയുടെ ഭാഗമാണ്. ഗംഗ ജനിച്ചു രണ്ടാം മാസം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ എനിക്കൊരു മുറി പാലിയത്തിൽ തരാമോ എന്നു ഞാൻ രാജഗോപാൽ സാറിനോടു ചോദിച്ചു. അദ്ദേഹം സന്തോഷത്തോടെ ആ ആവശ്യം അംഗീകരിച്ചു. ഒരു കുഞ്ഞു തൊട്ടിലും നിറയെ കളിപ്പാട്ടങ്ങളുമുള്ള ഒരു കൊച്ചുമുറി ഞങ്ങൾക്കു കിട്ടി. പാലിയത്തിലെ അന്തേവാസികൾ നൽകിയ സ്നേഹച്ചൂടിൽ മക്കൾ വളർന്നപ്പോൾ എന്റെ സേവനവും ശ്രദ്ധയും ആവശ്യക്കാരിലേക്കും എത്തിക്കാൻ സാധിച്ചു. ‌

ഇന്നു കുട്ടികൾ എന്നെക്കുറിച്ച് അവരുടെ സുഹൃത്തുക്കളോട് അഭിമാനത്തോടെ പറയുമ്പോൾ എന്റെ മനസ്സു പറയും, ‘ഇറ്റ്സ് ഓൾ വർത്ത് ഇറ്റ്’. ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ട്. നിരവധി പേർക്കു മാതൃകയാകേണ്ടതുണ്ട്.’’ നിറഞ്ഞ ആത്മവിശ്വാസത്തോടെ ശ്രീദേവി ചിരിച്ചു.