സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങിയതിന് പിന്നാലെ റഹീമിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് ബോബി ചെമ്മണ്ണൂര്‍. എല്ലാവരും ചേര്‍ന്ന് റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നും എന്റെ ഡ്രൈവര്‍ ജോലി നല്‍കാമെന്നായിരുന്നു ഉദ്ദേശിച്ചത്. പക്ഷേ, ഒരു കടയിട്ട് കൊടുക്കുമെന്നും അബ്ദുല്‍ റഹീമിന്‍റെ മാതാവിനോട് ബോബി ചെമ്മണ്ണൂര്‍. 

‘സംഘടനകളും കുട്ടികളും ഒക്കെക്കൂടെ ചേര്‍ന്ന് സഹകരിച്ച് റഹീമിന്‍റെ ജീവിതം രക്ഷിച്ചു. ഇത്രയും കാലം ജയിലില്‍ കിടന്നു. ഇനി കഷ്ടപ്പെടേണ്ട. അബ്ദുല്‍ റഹീമിന് ഒരു കടയിട്ട് കൊടുക്കും. അതിനായാണ് അടുത്ത ചലഞ്ച്. ഇന്ന് വരണം എന്ന് പ്രതീക്ഷിച്ചതല്ല, റഹീമിനെ ഇവിടെ ജീവനോടെ കൊണ്ടുവരണം എന്നാണ് കരുതിയത്. എല്ലാവരും കൂടി അബ്ദുല്‍ റഹീമിനെ ഇവിടെ കൊണ്ടുവരും. ഈ നാട്ടുകാര്‍ക്ക് ഇത്രയും നന്ദിയും സ്നേഹവും ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.’- ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ADVERTISEMENT

അതേസമയം അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച 34 കോടിയിലേക്ക് ബോബി ചെമ്മണ്ണൂർ സമാഹരിച്ച ഒരു കോടിരൂപ കൈമാറി. പാണക്കാട് സാദിഖലി തങ്ങൾക്കാണ് പണം കൈമാറിയത്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

സൗദി അറേബ്യയിലെ സ്പോൺസറുടെ മകന്റെ മരണമാണ് റഹീമിനെ ജയിലഴിക്കുള്ളിൽ ആക്കിയത്. ഭിന്നശേഷിക്കാരനായ സൗദി ബാലന്റെ ജീവൻ നിലനിർത്തിയിരുന്ന യന്ത്രം റഹീമിന്റെ കൈ തട്ടി തകരാറിലായി കുട്ടി മരിക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. 2006 നവംബറിലാണ് റഹിം ആദ്യമായി സൗദി അറേബ്യയിലേക്ക് പോകുന്നത്. 26 വയസ്സായിരുന്നു. ഹൗസ് ഡ്രൈവർ ആയിട്ടായിരുന്നു ജോലി. സൗദി പൗരനായ സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.

ADVERTISEMENT

സംഭവം പൊലീസിൽ അറിയിച്ചതോടെ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൗദി കോടതി മൂന്ന് തവണയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് സമയം നീട്ടി നൽകുകയായിരുന്നു. സ്പോൺസറുടെ കുടുംബം ഒരു ഘട്ടത്തിൽ പോലും റഹീമിന് മാപ്പു നൽകാൻ തയാറായിരുന്നില്ല. ഇതാണ് വധശിക്ഷയിലേക്ക് എത്താൻ കാരണം. ഒടുവിൽ ഒന്നരമാസം മുൻപാണ് ദിയാധനം നൽകിയാൽ മാപ്പ് നൽകാമെന്ന് സൗദി കുടുംബം അറിയിക്കുന്നത്. ഇതിനുശേഷമാണ് ട്രസ്റ്റ് രൂപീകരിച്ച ഗൾഫിലും നാട്ടിലുമായി മുൻപെങ്ങും കാണാത്ത വിധമുള്ള രക്ഷാദൗത്യം നടത്തിയത്.

34 കോടി രൂപ കണ്ടെത്തിയതോടെയാണ് അബ്ദു റഹീമിന്‍റെ മോചനത്തിന് വഴിയൊരുങ്ങുന്നത്. പണം സമാഹരിച്ച കാര്യം സൗദി കുടുംബത്തെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെയും, സൗദി എംബസിയുടെയും സംയുക്ത ഇടപെടലിലൂടെയാണ് 34 കോടി രൂപ സൗദി സ്പോൺസറുടെ കുടുംബത്തിന് കൈമാറുക.

ADVERTISEMENT
ADVERTISEMENT