രണ്ടുതവണ അബോർഷൻ, ചുറ്റുമുള്ളവരുടെ കുത്തുവാക്കുകളിൽ മനസുനീറി: അന്ന് പാട്ടുനിർത്താൻ തീരുമാനിച്ച സുജാത
Sujtaha... Music, Life and Career
സുജാതയുടെ പാട്ടു കേട്ടാൽ ഉള്ളം കുളിരുമെങ്കിലും പാട്ടു പാടുന്നതോർത്തു മനസ്സു തളർന്നുപോയ ഒരു ഘട്ടമുണ്ട് സുജാതയുടെ 50 വർഷത്തെ പാട്ടുജീവിതത്തിൽ. റിക്കോർഡിങ്ങിനായി വിളിക്കുന്നവരോടു ‘നോ’ പറഞ്ഞ കാലം. വേദിയിൽ മൈക്കു കയ്യിലെടുക്കാൻ ഉള്ളുവിറച്ച കാലം. മനസ്സു മടുത്തുപോയ ആ ഘട്ടം അതിജീവിച്ചാണു സുജാത പാട്ടിലേക്കു
സുജാതയുടെ പാട്ടു കേട്ടാൽ ഉള്ളം കുളിരുമെങ്കിലും പാട്ടു പാടുന്നതോർത്തു മനസ്സു തളർന്നുപോയ ഒരു ഘട്ടമുണ്ട് സുജാതയുടെ 50 വർഷത്തെ പാട്ടുജീവിതത്തിൽ. റിക്കോർഡിങ്ങിനായി വിളിക്കുന്നവരോടു ‘നോ’ പറഞ്ഞ കാലം. വേദിയിൽ മൈക്കു കയ്യിലെടുക്കാൻ ഉള്ളുവിറച്ച കാലം. മനസ്സു മടുത്തുപോയ ആ ഘട്ടം അതിജീവിച്ചാണു സുജാത പാട്ടിലേക്കു
സുജാതയുടെ പാട്ടു കേട്ടാൽ ഉള്ളം കുളിരുമെങ്കിലും പാട്ടു പാടുന്നതോർത്തു മനസ്സു തളർന്നുപോയ ഒരു ഘട്ടമുണ്ട് സുജാതയുടെ 50 വർഷത്തെ പാട്ടുജീവിതത്തിൽ. റിക്കോർഡിങ്ങിനായി വിളിക്കുന്നവരോടു ‘നോ’ പറഞ്ഞ കാലം. വേദിയിൽ മൈക്കു കയ്യിലെടുക്കാൻ ഉള്ളുവിറച്ച കാലം. മനസ്സു മടുത്തുപോയ ആ ഘട്ടം അതിജീവിച്ചാണു സുജാത പാട്ടിലേക്കു
സുജാതയുടെ പാട്ടു കേട്ടാൽ ഉള്ളം കുളിരുമെങ്കിലും പാട്ടു പാടുന്നതോർത്തു മനസ്സു തളർന്നുപോയ ഒരു ഘട്ടമുണ്ട് സുജാതയുടെ 50 വർഷത്തെ പാട്ടുജീവിതത്തിൽ. റിക്കോർഡിങ്ങിനായി വിളിക്കുന്നവരോടു ‘നോ’ പറഞ്ഞ കാലം. വേദിയിൽ മൈക്കു കയ്യിലെടുക്കാൻ ഉള്ളുവിറച്ച കാലം. മനസ്സു മടുത്തുപോയ ആ ഘട്ടം അതിജീവിച്ചാണു സുജാത പാട്ടിലേക്കു മടങ്ങിവന്നത്. ആ കഥയിലേക്കു വരാം.
പാട്ടു കുടുംബത്തിലേക്കാണു വധുവായി ചെന്നത് ?
പാട്ടിനോടുള്ള ഇഷ്ടമാണ് എന്നെ മോഹന്റെ (ഡോ. കൃഷ്ണമോഹൻ) കുടുംബത്തിലെത്തിച്ചത്. അതിനു ചില ഫ്ലാഷ് ബാക് ഉ ണ്ട്. ദാസേട്ടന്റെ പ്രോഗ്രാം ഗുരുവായൂരമ്പലത്തിൽ നടന്ന കഥ പറഞ്ഞില്ലേ. അന്നവിടെ മോഹൻ ഉണ്ടായിരുന്നു. എനിക്കന്ന് എട്ടു വയസ്സും മോഹന് 20 വയസ്സുമാണു പ്രായം. സ്റ്റേജിൽ ദാസേട്ടനൊപ്പം പാട്ടുപാടി കഴിഞ്ഞു ഞാൻ ചെന്നിരുന്നതു മോഹന്റെ അടുത്തായിരുന്നത്രേ. അടുത്ത ദിവസം തൊഴാൻ ചെന്നപ്പോൾ അറിഞ്ഞോ അറിയാതെയോ ഞാൻ കൈപിടിച്ചു നടന്നിട്ടുണ്ടെന്ന് ഇപ്പോഴും മോഹൻ പറയും. ചെമ്പൈ സ്വാമിയുടെ ശിഷ്യയായിരുന്നു മോഹന്റെ അമ്മ രാധാമണി ഉണ്ണിനായർ. അച്ഛൻ കെ.സി. ഉണ്ണി നായർ വക്കീലാണ്.
വളരെ വർഷങ്ങൾക്കു മുൻപ് അവരുടെ വിവാഹം നടന്ന കഥ നല്ല രസമാണ്. സംഗീതജ്ഞ ഡി.കെ.പട്ടമ്മാളുടെ കടുത്ത ആരാധികയാണ് അമ്മ. വിവാഹദിവസം പട്ടമ്മാളിനു ഡേറ്റില്ലാത്തതു കൊണ്ട് അമ്മ വാശി പിടിച്ചു വിവാഹം നീട്ടിവച്ചു.
കാത്തിരിപ്പിനൊടുവിൽ ഒരു വർഷത്തിനു ശേഷം നടന്ന വിവാഹത്തിനു പട്ടമ്മാളുടെ ഗംഭീര കച്ചേരി ഉണ്ടായിരുന്നു. അത്രമാത്രം സംഗീതത്തെ ഉപാസിക്കുകയും വിലമ തിക്കുകയും ചെയ്യുന്ന കുടുംബം.
മോഹൻ കുറച്ചുകാലം പാലാ സി.കെ. രാമചന്ദ്രൻ സാറിന്റെ കീഴിൽ സംഗീതം പഠിച്ചിട്ടുണ്ട്. മോഹന്റെ സഹോദരി സായ്ഗീത ചെന്നൈ കലാക്ഷേത്രയിൽ നിന്നു സംഗീതം അ ഭ്യസിച്ചയാളാണ്.
വിവാഹത്തിൽ യേശുദാസിന്റെ ഇടപെടലുണ്ടായി ?
ഒരിക്കൽ ചെമ്പൈ സ്വാമി മോഹന്റെ അമ്മയോടു പറഞ്ഞത്രേ, ‘ദാസ് കൂടെ പാട്റ അന്ത സുജാതാവെ മോഹനുക്ക് പാക്കലാമേ...’ (ദാസി നൊപ്പം പാടുന്ന സുജാതയെ മോഹനു വേണ്ടി നോക്കാം) എന്ന്. അതുകേട്ട് അമ്മ ഞെട്ടി. ‘അവ റൊമ്പ ചിന്ന പൊ ണ്ണായിടിച്ച് സ്വാമീ...’ (അവൾ തീരെ ചെറിയ കുട്ടിയല്ലേ സ്വാമീ) എന്നു പറഞ്ഞപ്പോൾ ‘ചിന്ന പൊണ്ണ് പെരിസായിടുമേ...’ (ചെറിയ കുട്ടി വലുതായിക്കോളുമല്ലോ) എന്നു പറഞ്ഞു സ്വാമി ചിരിച്ചത്രേ.
പാലക്കാട്ടെ സംഗീത പരിപാടികളുടെ സംഘാടകനാണു മോഹന്റെ അച്ഛൻ അഡ്വ. ഉണ്ണിനായർ. ദാസേട്ടൻ പാലക്കാടു ചെല്ലുമ്പോൾ മോഹന്റെ വീട്ടിലാണു താമസിക്കുക. അപ്പോൾ എനിക്കു ചില സ്പെഷൽ സമ്മാനങ്ങളൊക്കെ അമ്മ കരുതി വയ്ക്കും. പട്ടുപാവാടയും ദൈവങ്ങളുടെ വിഗ്രഹങ്ങളുമൊക്കെയാണത്. അങ്ങനെ ചിന്നപൊണ്ണു വലുതായെന്നു തോന്നിയ സമയത്താകണം, അവർ ഞങ്ങളുടെ ജാതകം നോക്കി. സായ് ബാബയുടെ വലിയ ഭക്തരാണു മോഹന്റെ കുടുംബം. ബാബയോടു വിവാഹക്കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ പറഞ്ഞത്രേ, ജാതകമൊന്നും നോക്കേണ്ട, എല്ലാം ശുഭമാകും. ധൈര്യമായി വിവാഹം നടത്തിക്കോളൂ... എന്ന്്.
ദാസേട്ടൻ വഴിയാണ് അമ്മയോട് ഇക്കാര്യം അവതരിപ്പിച്ചത്. 12 വയസ്സു പ്രായവ്യത്യാസം അൽപം പ്രശ്നമായെങ്കിലും പാട്ടിനോടു വലിയ ഇഷ്ടമുള്ള കുടുംബമെന്ന മുൻഗണന കിട്ടി. അമ്മയ്ക്കു ജാതകത്തിലൊന്നും വിശ്വാസമില്ലായിരുന്നു. എല്ലാ പൊരുത്തവും നോക്കി നടത്തിയ വിവാഹമായിരുന്നു അമ്മയുടേത്. എന്നിട്ടും അച്ഛൻ ഞങ്ങളെ വിട്ടുപോയതിലുള്ള വിഷമം കൊണ്ടാകാം അത്. 18 വയസ്സു തികഞ്ഞ പാടേ കല്യാണം കഴിഞ്ഞു.
പാട്ടുയാത്രകളായിരുന്നോ അന്നു കൂടുതൽ ?
ഹണിമൂൺ പോയത് ഊട്ടിയിലേക്കാണ്. അവിടെ ഞങ്ങ ൾക്കൊരു ബന്ധുവുണ്ട്. ചുറ്റിക്കറങ്ങാനായി അദ്ദേഹത്തിന്റെ ഹെറാൾഡ് കാറു തന്നു. കുറച്ചു ദൂരം ഓടിക്കഴിയുമ്പോൾ കിതച്ചുകിതച്ചു കാർ നിൽക്കും. അവിടെയൊക്കെ കാഴ്ചകൾ കണ്ടു തിരിച്ചു വരുമ്പോഴേക്കും വീണ്ടും സ്റ്റാർട് ആകും.
ചെന്നൈയിൽ തിരിച്ചു വന്ന പിറകേ തിരുക്കുറൽകുൺട്രത്തിൽ പോയി. ആ യാത്ര അതിലേറെ രസമായിരുന്നു. വലിയൊരു മലയുടെ മുകളിലേക്കു കൂട്ടമായി നടന്നു കയറണം. ഒരു പ്രത്യേക സമയമാകുമ്പോൾ ആകാശത്തിൽ ഒരു പരുന്ത് വട്ടമിട്ടു പറക്കും. അതിനെ തൊഴുതാൽ ഏതാഗ്രഹവും സാധിക്കുമത്രേ. നട്ടുച്ചയ്ക്കു മലമുകളിൽ പരുന്തിനെ കാത്തിരുന്നതൊന്നും ജീവിതത്തിൽ മറക്കില്ല.
കല്യാണം കഴിഞ്ഞുള്ള ആദ്യ വിദേശയാത്ര ബഹ്റൈ നിലേക്കാണ്. പ്രോഗ്രാമിനു വേണ്ടിയുള്ള യാത്ര. ഒന്നാനാം കുന്നിന്മേൽ... എന്ന പാട്ട് അന്നു ഞാനും മോഹനും കൂടി പാടി. ദാസേട്ടന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു അത്. പിന്നെ, പല വേദികളിലും ഞങ്ങൾ ഒന്നിച്ചു പാടിയിട്ടുണ്ട്. സാഗർ കിനാരേ... ആയിരുന്നു ഞങ്ങളുടെ മറ്റൊരു ഡ്യൂയറ്റ്. അമേരിക്കൻ ഷോകളിലും മറ്റും പോകുമ്പോൾ അ വതാരകനാകാനുള്ള അവസരവും മോഹനു കിട്ടും.
ആ സമയത്തു മോഹൻ എംബിബിഎസ് കഴിഞ്ഞു പിജിക്കു തയാറെടുക്കുകയാണ്. പിന്നെ, പീഡിയാട്രിക്സിൽ ഉപരിപഠനം നടത്താനായി മുംബൈയിലേക്കു പോയി. ഞാ ൻ ബിഎ പൂർത്തിയാക്കാനായി നാട്ടിൽ നിന്നു. ആയിടയ്ക്കൊരു രസമുണ്ടായി. രണ്ടാം വർഷത്തിലെ അവസാന പരീക്ഷ. കല്യാണത്തിന്റെ തിരക്കും പുതുമോടിയുമൊക്കെയായി സ്വപ്നലോകത്താണു പരീക്ഷാ ഹാളിലേക്കു ചെന്നത്. ഒരൊറ്റ ചോദ്യം പോലും പരിചയമില്ല. എന്തൊക്കെയോ എഴുതി വച്ചു പുറത്തിറങ്ങുമ്പോഴാണു ചോദ്യപേപ്പറിന്റെ മറുപുറം നോക്കിയത്. അവിടെയായിരുന്നു ഞാൻ പഠിച്ച പഴയ സിലബസിന്റെ ചോദ്യങ്ങൾ.
വിവാഹശേഷം പാട്ടിൽ നിന്നു വിട്ടുനിന്നു ?
മുംബൈയിൽ നിന്നു പിജി പൂർത്തിയാക്കി മടങ്ങിവന്ന മോ ഹനു ചെന്നൈ അപ്പോളോ ആശുപത്രിയിൽ ജോലി കിട്ടി. അങ്ങനെ ഞാനും അമ്മയും കൂടി ചെന്നൈയിലെത്തി. ആയിടയ്ക്കു ഗർഭിണിയായെങ്കിലും അത് അബോർഷനായി പോയി. സങ്കടവും വിഷമവുമൊക്കെ മറികടന്നു. വീണ്ടും ഗർഭിണിയായെങ്കിലും അതും അങ്ങനെ തന്നെ സംഭവിച്ചു. അതോടെ ചുറ്റുമുള്ള ചിലരൊക്കെ കുത്തുവാക്കുകൾ പറയാൻ തുടങ്ങി.
പാട്ടുപാടി നടക്കുന്നതുകൊണ്ടു കുട്ടികളെ പോലും വേണ്ടെന്നു വച്ചു എന്നൊക്കെയായിരുന്നു സംസാരം. നമ്മുടെ വീട്ടിനുള്ളിൽ നടക്കുന്നതൊന്നും അവർക്കറിയില്ലല്ലോ. അമ്മയും മോഹനും കുടുംബവുമെല്ലാം സമാധാനിപ്പിച്ചെങ്കിലും ഞാൻ പാട്ടിനെ വെറുത്തു. ഡിപ്രഷനിലേക്കു വരെ നീങ്ങിയ ഘട്ടം.
പാട്ടിനോട് അകൽച്ചയുണ്ടെങ്കിലും ദാസേട്ടൻ വിളിച്ചാ ൽ പാടാൻ പോകാതെ പറ്റില്ല. അങ്ങനെയിരിക്കെ സിലിഗുരിയിൽ ഒരു ഷോ. പോകുന്നതിനു മുൻപു കുറച്ചു ക്ഷീണംതോന്നി ഡോക്ടറെ കണ്ടിരുന്നു. പരിശോധനകൾക്കായി സാംപിളുകളും നൽകി. എന്തോ കാരണം കൊണ്ട് ഫ്ലൈറ്റ് മിസ്സായപ്പോൾ ട്രൂപ്പിനു വേണ്ടി ദാസേട്ടൻ ബസ് വരുത്തി. കുന്നും മലകളും താണ്ടി പത്തു മണിക്കൂറോളം നീണ്ട യാത്രയുണ്ട്. പകുതി ദൂരം ചെന്ന ശേഷം വിവരം പറയാൻ വീട്ടിലേക്കു വിളിച്ചപ്പോഴാണ് അമ്മ ആ സന്തോഷവാർത്ത പറഞ്ഞത്, ‘ടെസ്റ്റ് റിസൽറ്റ് പോസിറ്റീവാണ്, ഗർഭിണിയാണ്.’ വിവരമറിഞ്ഞ പാടേ ദാസേട്ടൻ വണ്ടി നിർത്തി.
ഓർക്കസ്ട്ര ഉപകരണങ്ങൾ പാക്ക് ചെയ്തിരിക്കുന്ന സ്പോഞ്ചുകളൊക്കെ ഇളക്കിയെടുത്തു കുഷ്യൻ പോലെ സീറ്റിൽ നിരത്തി എന്നെ കിടത്തി. പ്രോഗ്രാം കഴിഞ്ഞു തിരികെ ചെന്നൈയിലെത്തിയപ്പോൾ ദാസേട്ടൻ ഒരു നിർദേശം വച്ചു, ‘നീ തൽകാലം വീട്ടിലേക്കു പോണ്ട.’
ദാസേട്ടന്റെ വീട്ടിലെ താഴത്തെ നിലയിൽ അന്നൊരു പ്രമുഖനുണ്ട്, മുല്ലശ്ശേരി രാജുവേട്ടൻ. അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈയിൽ വന്നു താമസിക്കുകയാണ്. മുകളിലത്തെ നിലയിലെ കുട്ടികളുടെ മുറി ഞങ്ങൾക്ക് ഒരുക്കിതന്നു. മൂന്നുമാസം അനങ്ങാൻ പോലും സമ്മതിക്കാതെ ബെഡ് റെസ്റ്റ്. ആയിടയ്ക്കൊരു സംഭവമുണ്ടായി. ദാസേട്ടന്റെ വീട്ടിൽ മൂന്നു പശുക്കളുണ്ട്. ഒരെണ്ണം ഗർഭിണിയായിരുന്നു. ആ പശുവിന്റെ ഗർഭം അലസിപ്പോയി. ദൈവം എനിക്കു വേണ്ടി ഇടപെട്ടതാണ് എന്നാണു തോന്നുന്നത്.
മൂന്നുമാസത്തിനു ശേഷം വീട്ടിലേക്കു വന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ഒൻപതു മാസം വരെയും ഡോക്ടർ ബെഡ് റെസ്റ്റ് നിർദേശിച്ചു. എട്ടു മാസമായപ്പോഴാണ് ഒരു ഇളവു കിട്ടിയത്. ആയിടയ്ക്കു ചെന്നൈയിലൊരു ഷോ കാണാൻ പോയി. ദാസേട്ടനും ജയേട്ടനും (പി. ജയചന്ദ്രൻ) ജാനകിയമ്മയും പി. സുശീലാമ്മയും വാണിയമ്മയുമൊക്കെ (വാണി ജയറാം) പാടിയ പ്രോഗ്രാം. അതുകഴിഞ്ഞു മൂന്നാം നാൾ പ്രസവത്തിനു വേണ്ടി ആശുപത്രിയിൽ അഡ്മിറ്റായി. പറഞ്ഞതിലും ഒരു മാസം മുൻപേ.
ശ്വേതയ്ക്കു പേരിട്ടത് ആരാണ് ?
ചെന്നൈയിൽ വെള്ളപ്പൊക്കം വരുന്നതു പോലുള്ള മഴ ഇടയ്ക്കു പെയ്യും. അങ്ങനെയൊരു ദിവസമാണു വേദന വന്നത്. ആശുപത്രിയിൽ ചെന്ന പാടേ ഡോക്ടർ നോക്കിയിട്ടു പറഞ്ഞു, കുറച്ചു സമയമെടുക്കും.
മോഹന്റെ കൂൾ സ്വഭാവം പാരയായത് അന്നാണ്. വീട്ടിൽ നിന്ന് എന്തൊക്കെയോ എടുക്കാനായി മോഹൻ പോ യി. വേദന കൂടി പ്രസവം അടുക്കാറായിട്ടും മോഹൻ വരുന്നില്ല. മെയിൻ ഡോക്ടറെ കൂട്ടി വരാൻ മോഹനോടു പറയാമോ എന്ന് അവർ ചോദിച്ചതോടെ നൂറുവട്ടമെങ്കിലും അമ്മ വീട്ടിലേക്കു ഫോൺ ചെയ്തു. പക്ഷേ, ബെല്ലടിക്കുന്നതല്ലാതെ ആരും ഫോണെടുക്കുന്നില്ല.
എന്തു ചെയ്യുമെന്ന് ഒരു നിശ്ചയവുമില്ല. പെട്ടെന്ന് അമ്മ പ്രഭ ചേച്ചിയെ വിളിച്ചു. ചേച്ചി കാറെടുത്ത് ഓടിവന്നു. വഴിയിലെല്ലാം വെള്ളമാണ്. അതിനിടയിലൂടെ പോയി ഡോക്ടറെ കൂട്ടിക്കൊണ്ട് ആശുപത്രിയിലെത്തി. അപ്പോഴും വീട്ടിൽ ബെല്ലടിക്കുന്നതല്ലാതെ മോഹന്റെ വിവരമൊന്നുമില്ല. പ്രസവത്തിനു തൊട്ടുമുൻപു മോഹൻ ആശുപത്രിയിലെത്തി. ടിവിയിൽ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം രസിച്ചു കണ്ടിരിക്കുന്നതിനിടെ ഫോൺ ബെല്ലടിച്ചത് അറിഞ്ഞില്ലത്രേ.
അന്നും ഇന്നും മോഹനോടു വഴക്കിടുന്നതു വിളിച്ചാൽ ഫോൺ എടുക്കാത്തതിനാണ്. ചെന്നൈയിൽ ഏതു കലാപരിപാടി നടന്നാലും മോഹൻ പോകും. പ്രോഗ്രാം കഴിഞ്ഞ് അവരോടൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നതൊക്കെ വലിയ ഹരമാണ്. കല്യാണം കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞ സമയം. രാത്രി രണ്ടുമണിയായിട്ടും മോഹനെ കാണുന്നില്ല. ടെൻഷനടിച്ചു പാലക്കാടേക്കു ഫോൺ ചെയ്തു. ‘അച്ഛാ, മോഹൻ എത്തിയിട്ടില്ല, പേടിയാകുന്നു.’ എന്നു പറഞ്ഞു. പിറ്റേന്ന് അച്ഛൻ മോഹനെ വിളിച്ചു നല്ല ചീത്ത പറഞ്ഞു. അതിനുശേഷം രാത്രി വൈകുമെങ്കിൽ മോഹൻ ഉറപ്പായും വിളിച്ചു വിവരം പറയും.
ശ്വേത എന്നതു റഷ്യന്‍ പേരാണ്. അതിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ദാസേട്ടനാണു പറഞ്ഞത്, ശ്വേത എന്നാൽ സരസ്വതി എന്നും അർഥമുണ്ട് എന്ന്. അങ്ങനെ ആ പേരിട്ടു. ദാസേട്ടന്റെ വീട്ടിൽ വലിയൊരു പിയാനോയുണ്ട്. ശ്വേത കുട്ടിയായിരിക്കുമ്പോൾ അവളെ മടിയിലിരുത്തി ദാസേട്ടൻ പിയാനോ വായിച്ചു കൊടുക്കും. സ്വരസ്ഥാനം കൃത്യമായി അവൾ പാടുന്നതു കണ്ടു ദാസേട്ടനാണു പറഞ്ഞതു ശ്വേതയ്ക്കു പാട്ടിൽ നല്ല ബോധ്യമുണ്ടെന്ന്. ആറാം വയസ്സിൽ ഡി.കെ.പട്ടമ്മാളാണു ശ്വേതയ്ക്കു സ്വരങ്ങൾ പറഞ്ഞുകൊടുത്ത ആദ്യഗുരു.
പാട്ടിനോടുള്ള അനിഷ്ടം എങ്ങനെ മാറ്റി ?
ഗർഭിണിയായിരിക്കുമ്പോൾ കുഞ്ഞിനു വേണ്ടി പാട്ടുകൾ പാടി കൊടുക്കുമായിരുന്നു. ബെഡ് റെസ്റ്റ് ആയിരുന്ന കാലത്താണു ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. കുൽക്കർണി മാഷ് വീട്ടിൽ വന്നു പഠിപ്പിക്കുകയായിരുന്നു.
സിനിമയിലും വേദിയിലുമൊക്കെ പാടാൻ പലരും വിളിച്ചെങ്കിലും പോകാൻ അപ്പോഴൊന്നും മനസ്സുവന്നില്ല. പ്രിയദർശനാണു നിർണായക ഇടപെടൽ നടത്തിയത്. ആയിടയ്ക്ക് പ്രിയേട്ടൻ മോഹനെ വിളിച്ചു, ‘എന്താണു സുജാതയെ പാടാൻ അനുവദിക്കാത്തത്?’ എന്നായിരുന്നു ചോദ്യം. മോഹൻ പറഞ്ഞിട്ടാണു ഞാൻ പാട്ടു നിർത്തിയത് എന്നാണത്രേ അവരൊക്കെ കരുതിയിരുന്നത്. ‘കല്യാണം കഴിച്ചതു തന്നെ പാടുന്നതു കൊണ്ടാണ്, ഇപ്പോഴിതാ പാടുന്നില്ല എന്നു പറഞ്ഞിരിക്കുന്നു. നിങ്ങൾക്കു പറ്റുമെങ്കിൽ പാടിപ്പിക്കൂ...’ എന്നായിരുന്നു മോഹന്റെ മറുപടി.
ഞാൻ പാടാത്തതിൽ ഏറ്റവും വിഷമം മോഹനായിരുന്നു. അങ്ങനെ പ്രിയൻ കാണാൻ വന്നു. ‘ഈശ്വരൻ തന്ന വരം വേണ്ടെന്നു വയ്ക്കരുത്’ എന്നു പറഞ്ഞു നിർബന്ധിച്ചു. അങ്ങനെയാണു കടത്തനാടൻ അമ്പാടിയിൽ പാടിയത്. നാളെയന്തി മയങ്ങുമ്പോൾ... എന്ന പാട്ട്. അതിന്റെ റിക്കോർഡിങ്ങിനാണ് ശ്രീക്കുട്ടനെ (എം.ജി. ശ്രീകുമാർ) ആദ്യമായി കാണുന്നത്. അതിനു പിറകേ പാടിയ ചിത്രത്തിലെ ‘ദൂരെക്കിഴക്കുദിക്കും...’ എന്റെ രണ്ടാം വരവും ശ്രീക്കുട്ടന്റെ സ്ഥാനവും ഉറപ്പിച്ചു. വന്ദനം, ഒരു മുത്തശ്ശിക്കഥ... പ്രിയദർശന്റെ സിനിമകളിലെല്ലാം ഞങ്ങൾക്കു ഹിറ്റു പാട്ടുണ്ടായിരുന്നു. കമൽ സാറും സിബി മലയിൽ സാറും ലാൽ ജോസുമാണു പിന്നെ സ്നേഹത്തോടെ ഓർക്കുന്ന പേരുകൾ.
രണ്ടാം വരവിൽ എന്താണു സ്പെഷലായി തോന്നിയത് ?
സലിൽ ദായുടെ (സലിൽ ചൗധരി) നന്മ ചേരും അമ്മ, തുമ്പീ തുമ്പീ തുള്ളാൻ വായോ... ഒക്കെ വളരെ ചെറിയ പ്രായത്തിൽ പാടിയതാണ്. അതൊന്നും അത്ര ഓർമ പോലുമില്ല. കൊച്ചുകുട്ടികളെ പാട്ടുപഠിപ്പിച്ചാൽ തത്തമ്മേ പൂച്ച പൂച്ച എന്നു തിരികെ പാടും പോലെയായിരുന്നു അതെല്ലാം. കല്യാണം കഴിക്കുന്നയാൾ ‘ഇനി പാടേണ്ട’ എന്നു പറഞ്ഞാൽ പാട്ടു നിർത്തണം എന്നു വരെ അന്നു തീരുമാനിച്ചിരുന്നു.
കല്യാണത്തിനു മുൻപ് ഒറ്റയ്ക്ക് എവിടേക്കും പോയിട്ടില്ല. കല്യാണം കഴിഞ്ഞ് എവിടെ പോയാലും മോഹൻ കൂട്ടുവരും. ആ കൂട്ടാണ് ഇവിടെ വരെ എത്തിച്ചത്. എല്ലാ പാട്ടുകാരെയും മോഹന് അറിയാം. അന്നുവരെ കേട്ടിട്ടില്ലാത്ത പാട്ടുകാരെ വരെ പരിചയപ്പെടുത്തിയതു മോഹന്റെ പാട്ടു കളക്‌ഷനാണ്. ജീവിതം വളരെ ലൈറ്റ് ആയി എടുത്തതും മോഹന്റെ കൂടെ കൂടിയ ശേഷമാണ്. അതുകൊണ്ടു തന്നെ രണ്ടാം വരവിൽ പാടിയ പാട്ടുകളാണു പ്രഫഷനൽ ഗായികയായി ഞാൻ എന്നെത്തന്നെ വിലയിരുത്തുന്നത്.
ആ വരവിൽ ചിത്ര ഗായികയായി പേരെടുത്തിരുന്നു. ജാനകിയമ്മയും സുശീലാമ്മയുമൊക്കെ പതിയെ പാട്ടു കുറച്ചു. ചിത്രയ്ക്കൊപ്പം നിലനിൽക്കണമെങ്കിൽ ചിത്ര പാടുന്നതിൽ നിന്നു വ്യത്യാസമായി പാടണമെന്നു തോന്നി. വാക്കുകളുടെ എക്സ്പ്രഷനിലും വരികളുടെ ഭാവത്തിലും ആലാപന രീതിയിലുമൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി.
എന്റെ ശബ്ദത്തിന്റെ കരുത്തു മനസ്സിലാക്കാൻ സഹായിച്ചത് എ.ആർ.റഹ്മാനാണ്. ‘ആത്തങ്കര മനമേ...,’ ‘പോരാളി പൊന്നുത്തായി...’ ഒക്കെ എന്റെ ഐഡന്റിറ്റി ഉള്ള പാട്ടുകളാണ്. വിദ്യാസാഗറാണ് എടുത്തു പറയേണ്ട മറ്റൊരാ ൾ. ‘എന്റെ എല്ലാമെല്ലാമല്ലേ...’ ഒക്കെ രസിച്ചു പാടിയ പാട്ടുകളാണ്. ഔസേപ്പച്ചൻ ചേട്ടന്റെ ‘ഒരു പൂവിനെ നിശാശലഭം...’ എടുത്തു പറയേണ്ട പാട്ടാണ്. എന്റെ ശബ്ദം ഏറ്റവും നന്നായി ഉപയോഗിച്ച മറ്റൊരാൾ എം. ജയചന്ദ്രനാണ്. ശബ്ദത്തിന്റെ പല മോഡുലേഷനുകളിൽ കുട്ടൻ എന്നെ പാടിച്ചു.
ചിത്രയോടുള്ള താരതമ്യം ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടോ ?
താരതമ്യം എപ്പോഴും ഉണ്ട്, ഇപ്പോഴതു സോഷ്യൽമീഡിയയിൽ ഫാൻസ് തമ്മിലാണെന്നു മാത്രം. പക്ഷേ, പ്രായം കൂടും തോറും ഞാനും ചിത്രയും തമ്മിലുള്ള അടുപ്പം കൂടിക്കൂടി വരുന്നേയുള്ളൂ. രണ്ടുപേർക്കും ഇത്രമാത്രം വളരാനായത് എതിരെ നിൽക്കാൻ ഒരാളുള്ളതു കൊണ്ടാണെന്ന സത്യം ആർക്കും മായ്ക്കാനാകില്ല.