ഒക്റ്റോബർ മാസം ഡൗൺസിൻട്രോം അവബോധ മാസമാണ്. ജനിത വ്യത്യാസം മൂലം വരുന്ന ഡൗൺസിൻട്രോമുള്ള വ്യക്തികളെ ഓർക്കാനും അവർക്ക് വേണ്ടി സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ഒക്കെ കൂടുതൽ സംസാരിക്കാനും പ്രവർത്തിക്കാനും നമുക്കൊരോരുത്തർക്കും ഈ സമയം ഉപയോഗിക്കാം. മഞ്ഞയും നീലയുമാണ് അവബോധം സൃഷ്ടിക്കാൻ തിരഞ്ഞെടുക്കപ്പെട്ട നിറങ്ങൾ. ഈ അവസരത്തിൽ ഡൗൺസിൻട്രോമുള്ള മലയാളത്തിലും ഹിന്ദിയിലും ഒക്കെ തിളങ്ങുന്ന ഗോപി കൃഷ്ണനെ അറിയം. സൂപ്പർ ഹിറ്റായ അമീർ ഖാന്റെ ‘സിതാരെ സമീൻ പർ’ എന്ന സിനിമയിൽ വരെ അഭിനയിച്ച ഈ നടൻ മലയാളികൾക്ക് അഭിമാനമാണ്.  2021ൽ ഗോപിക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം കൊടുത്ത ‘തിരികെ’ എന്ന് സിനിമ ഇറങ്ങിയപ്പോഴുള്ള ‘വനിത’യിൽ പ്രസിദ്ധീകരിച്ച ഗോപീകൃഷ്ണനെ കുറിച്ചുള്ള ലേഖനം വായിക്കാം...

Photo: Badusha

‘തിരികെ’ കണ്ടവർക്കാർക്കും ഗോപികൃഷ്ണൻ കെ. വർമയെ അറിയില്ല അവർക്കൊക്കെ ഗോപി ‘ഇസ്മു’വും ‘അച്ഛച്ചനു’മാണ്. അത്രകണ്ട് തന്മയത്വത്തോടെയാണ് ഗോപി ആ കഥാപാത്രമായി മാറിയത്. പലതരത്തിൽ അടയാളപ്പെടുത്തിയ വിജയമായിരുന്നു ഗോപിയുടെ ആ സ്വപ്നസാഷാത്കാരം. ഡൗൺസിൻടോം എന്നാൽ ചുരുങ്ങിപ്പോകൽ മാത്രമാണ് എന്ന് കരുതിയ ലോകത്തോടുള്ള തിരുത്തലിന്റെ വിജയം!

ADVERTISEMENT

സ്വയം ഡബ് ചെയ്ത് ഒരു കൊമേഴ്സ്യൽ ചിത്രത്തിൽ മുഴുനീള പ്രധാന വേഷത്തിലെത്തുന്ന ഡൗൺസിൻട്രോമുള്ള ഇന്ത്യയിലെ ആദ്യ നടൻ എന്ന നേട്ടം ഇന്ത്യൻ ബുക് ഓഫ് റെക്കോഡ്സിൽ സ്വന്തമാക്കിയ ഗോപി കൃഷ്ണന്റെ യാത്രയെ കുറിച്ചു കേൾക്കാം...

ഡോക്ടർ വഴി വന്ന ഭാഗ്യം

ADVERTISEMENT

‘‘തിരികെയുടെ സംവിധായകർ ജോർജ് കോരയും സാം സേവ്യറും ഡൗൺസിൻട്രോം ഉള്ളൊരു നടനു വേണ്ടി നടത്തിയ അന്വേഷണം ഡോ.ഷാജി തോമസിലേക്ക് എത്തുന്നിടത്താണ് ഗോപി സിനിമ നടനായതിന്റെ കഥ തുടങ്ങുന്നത്’’ അമ്മ രഞ്ജിനി പറയുന്നതൊക്കെ ശ്രദ്ധിച്ച് കേട്ട് ഗോപി അരികിൽ തന്നെയുണ്ട്. ‘‘വളരെ നാളായി ഗോപിയെ നോക്കുന്ന ആളാണ് ഡോ.ഷാജി. മോന്റെ ടിക്ടോക് വീഡിയോസും ലൈവ് പെർഫോമൻസും ഒക്കെ ഡോക്ടർ കണ്ടിട്ടുണ്ട്. സിനിമാ പ്രവർത്തകർ ഞങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവന്റെ ടിക്ടോക് വീഡിയോസും സെൽഫ് ഇൻട്രോയും ഒക്കെ ഞങ്ങൾ അയച്ചു കൊടുത്തിരുന്നു. വീഡിയോസ് അവർക്ക് ഇഷ്ടപ്പെട്ടതോടെ പച്ചക്കൊടി കിട്ടി.

ചെറിയ പ്രായം തൊട്ടേ ഗോപിക്ക് സിനിമ ഇഷ്ടമായിരുന്നു. വലുതാകുമ്പോ സിനിമയിൽ അഭിനയിക്കണം എന്നൊക്കെ അന്നേ പറയും. കുറച്ച് അറിവ് വച്ചു കഴിഞ്ഞപ്പോ മുതൽ അവന്‍ സിനിമ കണ്ട് കഴിഞ്ഞ് വന്നാൽ അതിന്റെയൊക്കെ ബിഹൈൻഡ് ദി സീൻസ് ആയി ഇറക്കുന്ന വീഡിയോസ് ഒക്കെ യൂട്യൂബിൽ നിന്ന് തനിയ തപ്പിയെടുത്ത് കാണും. സിനിമ മെയ്ക്കിങ്ങ് അവന് നല്ല ഇഷ്ടമാണ്.

ADVERTISEMENT

ആദ്യമൊക്കെ ടിക് ടോക് ചെയ്യുമ്പോൾ അവന് ക്ഷമ കുറവായിരുന്നു. വീണ്ടും ചെയ്യാം എന്നൊക്കെ പറഞ്ഞാൽ കേൾക്കില്ല. ‘ സിനിമയിൽ അഭിനയിക്കാൻ പോയാൽ നാലും അഞ്ചും അതിൽ കൂടുതലും ടെയ്ക്കുകൾ വേണ്ടി വന്നേക്കും... നീ പറ്റില്ലാന്ന് പറഞ്ഞാ അവർ വേറെ ആളെ വയ്ക്കും. അപ്പോ എന്ത് ചെയ്യും?’ എന്ന് ചോദിച്ചതും അവന്റെ അക്ഷമ മാറിക്കിട്ടി. അഭിനയിക്കാൻ പോയപ്പോൾ അത് ഗുണം ചെയ്തു. കാത്തിരുന്ന സ്ഥലത്ത് എത്തിപ്പെട്ടതിന്റെ സന്തോഷമായിരുന്നു അവന്.’’

ആകാശം കാട്ടി, ഇനി അവന് പറക്കാം

ഫേസ്ബുക്ക് വഴിയാണ് അഭിനയിക്കാനുള്ള ആപ്പുകൾ പരിചയപ്പെടുന്നത്. തുടക്കത്തിൽ ഡബ്സ്മാഷായിരുന്നു. അവന് ഒരു സപ്പോട്ടിനായിട്ടാണ് ഞാനും കൂടെ കൂടിയത്. പിന്നിട് ടിക് ടോക്കിലേക്കും ഇപ്പോ ഇൻസ്റ്റാ റീൽസിലുമാണ് ഞങ്ങളുടെ പരീക്ഷണങ്ങൾ. സിനിമ ചെയ്തപ്പോഴും അവന്റെ സീൻ പഠിപ്പിക്കാൻ വേണ്ടി അതാത് സീനിൽ അവന്റെ ഓപ്പസിറ്റ് കഥാപാത്രം ഞാനാകും എന്നിട്ടാണ് അവനോട് ഡയലോഗ് പറയാൻ പറയുന്നത്.

സിനിമയില്‍ ദേഷ്യപ്പെടുന്ന സീനിലൊക്കെ അവന്റെ അനുജനായി സിനിമയിൽ അഭിനയിച്ച ജോർജ് കോര ഇടുന്ന എക്സ്പ്രഷൻസിനനുസരിച്ച് അവൻ സ്വാഭാവികമായി തന്നെ റിയാക്ഷൻസ് കൊടുത്ത് അഭിനയിച്ചിരുന്നു. ഒന്നും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. നല്ലൊരു ടീമായിരുന്നു ആ സിനിമയുടേത്. ശാന്തി കൃഷ്ണ മാം ഒക്കെ മോനെ നന്നായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് എഡിറ്റ് ചെയ്ത് മാറ്റിയ ഒരു സ്വപ്നത്തിന്റെ സീൻ ഉണ്ടായിരുന്നു. കരയാറായി അഭിനയിച്ച രംഗം. അത് കഴിഞ്ഞപ്പോ മാം കൈയടിച്ച് ‘എത്ര ഡെഡിക്കേറ്റടായി അവനതു ചെയുന്നു. എല്ലാവരും ഗോപിയെ കണ്ട് പഠിക്കണം.’ എന്ന് പറഞ്ഞിരുന്നു. അതൊക്കെ വലിയ അംഗീകരമാണ്.

2019 ഒക്ടോബറിലാണ് സിനിമക്കാരെ ആദ്യം കണ്ടത്. ജനുവരി പകുതിയോടെയായിരുന്നു ഷൂട്ട്. കോവിഡ് ലോക്ഡൗൺ കാരണം ഡബ്ബിങ്ങ് കുറച്ച് താമസിച്ചു. മോൻ തന്നെയാണ് ഡബ്ബ് ചെയ്തതും.

ഓൺലൈനായി സിനിമ ഇറക്കാനായി ആദ്യം ആമസോണിനേയും നെറ്റ്ഫ്ലിക്സിനേയും സമീപിച്ചെങ്കിലും പ്രധാന നടന്മാരൊന്നും ഇല്ലെന്ന് പറഞ്ഞ് അവരൊന്നും സിനിമ എടുത്തില്ല. പലരും സിനിമ കണ്ട് നോക്കാൻ പോലും തയ്യാറായില്ല.അങ്ങനെയാണ് നീ സ്ട്രീം എന്ന പ്ലാറ്റ്ഫോമിൽ ഇറക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളുണ്ടായി. ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും ഈ വിജയം ശരിക്കും ആഘോഷിച്ചു. തങ്ങളുടെ കുട്ടികൾക്കും അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് തോന്നി എന്നൊക്കെ കുറേ പേർ പറഞ്ഞു. ഫെയ്സ്ബുക് വഴി ഡൗൺസിന്റോമുമായി ബന്ധപ്പെട്ട പല അന്താരാഷ്ട്ര ഗ്രൂപ്പുകളിലും മോന്റെ ഈ നേട്ടം ഷെയർ ചെയ്തിരുന്നു. പല രാജ്യങ്ങളിൽ നിന്നുള്ള ആളുകളും അവനെ അഭിനന്ദിച്ച് മെസേജ് അയച്ചിരുന്നു.

മോന് വേണ്ടിയാണ് 2002ൽ തൃശ്ശൂർ നിന്ന് കോഴിക്കോടേക്ക് മാറി താമസിച്ചതു തന്നെ. അതിലൊരു പങ്ക് ‘വനിത’യ്ക്കുമുണ്ട്. വനിതയിൽ വന്നൊരു ലേഖനത്തിലൂടെയാണ് ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റലിലെ ഡോ. ഷാജി തോമസിനെ കുറിച്ച് അറിയുന്നത്. ഡൗൺസിൻട്രോം മരുന്ന് കഴിച്ച് ഒറ്റയടിക്ക് മാറ്റാവുന്ന ‘രോഗം’ അല്ല അതൊരു ശാരീരികാവസ്ഥയാണ്. എന്നിരുന്നാലും പല തെറാപ്പികൾ ചെയ്ത് ഈ കുട്ടികളെ മിടുക്കരാക്കിയെടുക്കാം. മോന് നാലു വയസ്സിൽ തന്നെ സ്പീച്ച് തെറാപ്പിയൊക്കെ കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.

ഏഴാം ക്ലാസ് വരെ ഗോപി പല സ്പെഷ്യൽ സ്കൂളുകളിലായി പഠിച്ചു. പിന്നീട് വലിയ പോരാട്ടങ്ങൾക്ക് ശേഷം സാധാരണ സ്കൂളിൽ അഡ്മിഷ്ൻ കിട്ടി. പത്ത് പാസായത് പറയഞ്ചേരി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നിന്ന്. ഈസ്റ്റ് ഹിൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ്ടുവും. അതു കഴിഞ്ഞ് ഡാറ്റാ എന്‍ട്രി, എം.എസ് വേർഡ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ മൂന്ന് ഡിപ്ലോമ കോഴ്സുകൾ ചെയ്തു. മുൻപ് അവന്‍ ഡാറ്റാ എൻട്രിയും ചെയ്തിരുന്നു. സിനിമ എപ്പോഴുമുണ്ടാകില്ലല്ലോ... സ്വന്തമായി ഒരു ജോലി നേടിയെടുക്കാനുള്ളൊരു ശ്രമത്തിലാണ് ഇപ്പോ. പി.എസ്.സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാങ്ക് ജോലിയും നോക്കുന്നു. പ്യൺ, അറ്റന്റർ തുടങ്ങി പല ജോലികളും ഈ കുട്ടികൾക്ക് ചെയ്യാൻ പറ്റും.

സിനിമയില്‍ നിന്ന് ചെറിയ ഓഫറുകള്‍ വന്നു. പക്ഷേ, കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോയില്ല. വലിയ സ്റ്റാഴ്സിന്റെ ഒക്കെ ഓഫർ വന്നാലോ കുറച്ച് കൂടി നല്ല റോൾ വന്നാലോ പോകാമെന്നോർത്തു. അവന് ഇനിയും തമിഴ്, ഹിന്ദി, മലയാളം സിനിമകളിൽ അഭിനയിക്കണമെന്നാണ് മോഹം. പറ്റുന്നത്ര സപ്പോർട്ട് ഞങ്ങൾ കൊടുക്കും. അവൻ ഇഷ്ടത്തിന് പറക്കട്ടേ.

ചേർത്തു പിടിക്കലും മരുന്ന്

ഗോപിയുടെ അച്ഛൻ കിഷോർ അനിയന് എൽ.ഐ.സിയിലാണ് ജോലി. ചേച്ചി മാളവിക വർമ യു.എസ്.എയിൽ പിഎച്ച്ഡി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഞങ്ങൾ എല്ലാവരും തുടക്കം മുതലേ എല്ലാ കാര്യങ്ങൾക്കും ഗോപിയെ കൂടെ കൂട്ടും. അവനില്ലാതെ വരാൻ പറയുന്നിടത്തേക്ക് ഞങ്ങളും പോകാറില്ല!

Photo: Badusha

‍ഡൗൺസിൻട്രോം അല്ലെങ്കിൽ മറ്റ് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളോട് പറയാനുള്ളത് കുട്ടികളെ മാറ്റി നിർത്തതെ നോർമലായി തന്നെ കാണുക എന്നതാണ്. എന്റെ മോൾക്ക് പാടാനും വരയ്ക്കാനും എഴുതാനും വേണ്ട എല്ലാ കാര്യങ്ങളും അവളെ പഠിപ്പിക്കാൻ ഒപ്പം നിന്ന പോലെ തന്നെ ഗോപിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ അവനും ചെയ്തുകൊടുത്തു. അതുപോലെ മോൾ ചെയ്യുന്ന വീട്ടു ജോലികളൊക്കെ അവനെ കൊണ്ടും ചെയ്യിപ്പിച്ചിട്ടുണ്ട്. ഒരു സ്പെഷ്യൽ കൺസിഡറേഷനും കൊടുത്തിട്ടില്ല. നമ്മൾ എത്രത്തോളം അവരെ നോർമലായി പരിഗണിക്കുന്നോ അത്രയും നന്നായി അവരും വളർന്നു വരും. അവന്റെ ചേച്ചിയും ആ കാര്യത്തിൽ ശ്രദ്ധിച്ചിരുന്നു. ചില നേരം മാതാപിതാക്കൾക്ക് കടന്നു ചെല്ലാൻ പറ്റാത്ത ഇടങ്ങളിൽ സഹോദരങ്ങൾ താങ്ങാകും. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം കളിക്കാൻ ചെല്ലുമ്പോൾ ചിലർ സമ്മതിക്കില്ല. മോൾ അവരെ പറഞ്ഞ് വരുതിയിലാക്കും. ചിലപ്പോൾ അവനു വേണ്ടി വഴക്കിടും. അവനേയും ഉൾക്കൊള്ളിക്കും. പലപ്പോഴും അച്ഛനമ്മമാർ ‘ഒരാളെങ്കിലും കളിക്കട്ടേ, ഇവനെ അകത്ത് നിർത്താം’ എന്നൊക്കെ ഓർക്കും. അത് ഞങ്ങൾ ചെയ്തിട്ടില്ല.

ഇനി ഗോപിയുടെ റാപിഡ് ഫയർ സെഷനിലേക്ക്...

1.ഗോപിയുടെ ഒരു സീക്രട്ട് ടാലന്റ്?

-വരയ്ക്കും. ഡാൻസ് കളിക്കും. യൂട്യൂബ് നോക്കി ഡയലോഗ് എഴുതി പഠിക്കും. പിന്നെ കംപ്യൂട്ടർ ടൈപ്പിങ്ങ്.

2.ഗോപി അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതാ?

-കാറിന്റെ സീൻ.

3.ഏറ്റവും ബുദ്ധിമുട്ടിച്ച സീനോ?

-ഓ, ഒരു ബുദ്ധിമുട്ടും ഇല്ല. ഒക്കെ ഈസിയായിരുന്നു.

ആ വീട്ടിലാകെ വീട്ടിലാകെ കൂട്ടച്ചിരി...