ഡെഡ് ലൈനില്ല, വർക്ക് പ്രഷർ ഇല്ല... ഇത് സ്ത്രീകൾ ഒരുക്കുന്ന കുഞ്ഞുടുപ്പുകളുടെ ലോകം Beyond Business: Building a Community of Empowered Women Since 1980s
‘‘ജീവിച്ചു പോകാനുള്ളതൊക്കെ വീട്ടിലുണ്ട് പക്ഷേ, എല്ലാത്തിനും ഭർത്താവിനു മുന്നിൽ കൈനീട്ടണം. ഒരു ഫെയർ ആന്റ് ലൗലി ക്രീം വാങ്ങണമെങ്കിലോ ഒരു പുസ്തകം വാങ്ങണമെങ്കിലോ അതൊരു അനാവശ്യ കാര്യമായിട്ടാണ് പുള്ളിക്ക് തോന്നുന്നതെങ്കിൽ ആ ആഗ്രഹം മാറ്റി വയ്ക്കേണ്ടി വരും. എനിക്കെന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്കായി ചിലവഴിക്കാൻ ഇച്ചിരി കാശു വേണം. ഞാൻ നിങ്ങൾക്കു വേണ്ടി ജോലി ചെയ്തോട്ടേ?’’ ‘താര’ ബേബി ഷോപ്പിന്റെ ഉടമ അറുപത്തിയെട്ടുകാരി അന്നു ജോസ് എൺപതുകളിലെ ആ കാലഘട്ടമോർത്തു.‘‘അക്കാലത്ത് കല്യാണം കഴിയുന്നതിന് മുൻപ് വരെയാണ് മിക്ക സ്ത്രീകളും പുറത്തു പോയി ജോലി ചെയ്തിരുന്നത്. പിന്നീടവർ വീട്ടുകാര്യങ്ങക്കായി ജോലി വേണ്ടെന്നു വയ്ക്കും. ഈ സ്ത്രീയും അങ്ങനെ തന്നെ... എന്നാൽ ഒരു ദിവസം തിരികെ വന്നവർ ജോലി ചെയ്യാനുള്ള ആഗ്രഹം പറഞ്ഞു. അവരെ ഭർത്താവ് പുറത്ത് മറ്റു ജോലിക്കായി വിടില്ല. ഇതൊക്കെ പരിഗണിച്ചാണ് സ്ത്രീകൾക്ക് അവരവരുടെ വീട്ടിലിരുന്ന് ചെയ്യാവുന്ന തരത്തിൽ ജോലി ചിട്ടപ്പെടുത്തുന്നത്. അത് വാമൊഴിയായി അറിഞ്ഞും പറഞ്ഞും കേരളത്തിലെ സ്വയം സേവാ സംഘങ്ങളിലെ സ്ത്രീകളും അല്ലാതെ ഒറ്റയ്ക്കും സ്ത്രീകൾ താരയ്ക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയത്.’’
അവർ എന്റെ ജോലിക്കാരല്ല, എനിക്കൊപ്പം നടന്നവർ
ചേർത്തല, കണ്ണമാലി, ചെല്ലാനം, പെരുമ്പടപ്പ് എന്നിങ്ങനെ പല സ്ഥലങ്ങളിലുള്ള പലരാണ് താരയിലെ കുഞ്ഞുടുപ്പുകൾ ഉണ്ടാക്കുന്നതും എംബ്രോയിഡറി ചെയ്യുന്നതും. അവരാരും എന്റെ ‘ജോലിക്കാരല്ല’. അവർക്ക് ഡെഡ് ലൈനില്ല. വർക്ക് പ്രഷറില്ല. അവരവരുടെ ഇഷ്ട സ്ഥലങ്ങളിലിരുന്ന് അവരുടെ ജീവിതം ജീവിക്കുന്നതിനിടയിൽ കിട്ടുന്ന കുറച്ച് സമയത്താണ് താരയ്ക്കായി അവർ ഉടുപ്പ് തുന്നുന്നത്. പലപ്പോഴും നമുക്ക് അത്ര ഓഡർ വരാത്തപ്പോഴും സ്ത്രീകൾ ചെയ്തു കൊണ്ടുവരുന്ന ഉടുപ്പുകൾ എടുക്കാറുണ്ട്. അതാണ് ഞാനും അവരും തമ്മിലുള്ള ഇഴയടുപ്പം. ഉടമ-പണിക്കാർ എന്ന പവർ പ്ലേയ്ക്ക് പകരം പരസ്പര ബഹുമാനത്തിന്റെ ഇഴയടുപ്പമാണ് ഞങ്ങൾ തമ്മിൽ.
ഇവിടെ മെഷീൻ എംബ്രോയിഡറി ചെയ്യാത്തതിന്റെ പ്രധാനകാരണം ഞങ്ങൾക്ക് ആ ‘ഹ്യൂമൻ ടച്ച്’ നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്തതിനാലാണ്. ചിലപ്പോൾ ചില കൊച്ച് കൊച്ച് പാകപ്പിഴകൾ വന്നാൽ പോലും അവ ഞങ്ങളുടെ കുഞ്ഞുടുപ്പുകളുടെ അഴക് കൂട്ടുകയേയുള്ളൂ. അതിനു വേണ്ടിയാണ് ആളുകൾ വിദേശത്തു നിന്നു പോലും ഇവിടെ തന്നെ വന്ന് കുഞ്ഞുടുപ്പുകൾ വാങ്ങുന്നത്.പലരും എന്നോട് കളിയായി ‘നിങ്ങളാണ് ഇവരെ വഷളാക്കുന്നത്’ എന്നൊക്കെ പറയാറുണ്ട്’. പക്ഷേ, എല്ലാ ജോലികളും ജോലിസ്ഥലങ്ങളും നമ്മളെ വലിഞ്ഞു മുറുക്കുന്നതാകണമെന്നില്ലല്ലോ.
ഒരു കൊച്ച് മേശയിൽ തുടങ്ങിയത്...
1981ൽ എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ കുട്ടിയുടുപ്പുകളെ കുറിച്ച് കൂടുതൽ ശ്രദ്ധിച്ചത്. തയ്യലൊന്നും വശമില്ല പക്ഷേ, വേണ്ടതെന്താണെന്നറിയാം... അതൊട്ട് ഇവിടെ കിട്ടുന്നുമില്ല. വരയ്ക്കാനും തുന്നാനും അറിയാത്ത ഞാൻ തയ്യൽക്കാരെ കണ്ട് അവരോട് മനസിലുള്ളത് പറഞ്ഞ് തയ്പ്പിക്കാൻ തുടങ്ങി. ഇന്ന് ഇത്രയും വർഷങ്ങളുടെ പരിചയസമ്പത്തു കൊണ്ട് എംബ്രോയിഡറി ക്ലാസുകൾ വരെ എടുക്കാൻ സാധിക്കുന്നിടം വരെ എത്തി നിൽക്കുന്നു.
അന്ന് തയ്പ്പിച്ചെടുത്ത ആ ഉടുപ്പുകൾ കണ്ട് ഇഷ്ടമായതോടെ എന്റെ അമ്മ അമ്മയുടെ ചെറിയ സാരിക്കടയിലെ ഒരു മേശ തന്നിട്ട് ഉടുപ്പുകള്‍ അവിടെ വച്ചോളാൻ പറഞ്ഞു. അവിടുന്നാണ് താരയുടെ തുടക്കം. 2-3 വർഷത്തിനുള്ളിൽ അറുപതോളം അവിവാഹിതരായ സ്ത്രീകൾ താരയ്ക്കായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാൽ ജോലി നിർത്തിപ്പോകുന്നതായിരുന്നു അന്നത്തെ രീതി. പിന്നീടാണ് കല്യാണം കഴിഞ്ഞവരും കുഞ്ഞുടുപ്പുകൾ ഉണ്ടാക്കാൻ തുടങ്ങിയത്. ഇന്ന് സാഹചര്യങ്ങൾ മാറി സ്ത്രീകൾ എല്ലായിടത്തും ജോലി ചെയ്യുന്നു. നിലവിൽ നൂറിൽ ഏറെ സ്ത്രീകൾ ഉടുപ്പുകളുണ്ടാക്കുന്നുണ്ട്. ഇവരാരും താരയ്ക്കു വേണ്ടി മാത്രം ജോലി ചെയ്യുന്നവരോ നമുക്കൊപ്പം മാത്രം സമയം ചിലവഴിക്കുന്നവരോ അല്ല.
അധികം പേപ്പറും തുണികഷ്ണങ്ങളും പാഴാക്കിക്കളയാതിരിക്കാനും ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. ബിൽ അടിക്കുന്ന പേപ്പറിന്റെ പുറകിൽ വിലയെഴുതി അതാണ് ഉടുപ്പിൽ തുന്നിച്ചേർക്കുന്നത്. തുണിവാങ്ങുമ്പോൾ കമ്പനിയുടെ പേരിന്റെ ഭാഗം മുറച്ചു കളയേണ്ടി വരുന്ന കഷ്ണങ്ങളിലാണ് എംബ്രോയിഡറി മോഡലുകൾ റെഫറൻസിനായി തുന്നി വച്ച് കാറ്റലോഗ് ഉണ്ടാക്കുന്നത്.
1984 മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ എറണാകുളം എം.ജി.റോഡിൽ താരയ്ക്കു കടയുണ്ടായിരുന്നു. ആ കടയടച്ചപ്പോൾ അവിടെ ആദ്യമുണ്ടായിരുന്ന സെയിൽസ് ഗേൾ കടയിലേക്ക് വന്നെന്നെ കണ്ടു, 80ൽ കുഞ്ഞായിരുന്ന ഇന്ന് കുഞ്ഞുങ്ങളുള്ളവർ ഇവിടുന്ന് ഉടുപ്പു വാങ്ങിയ കഥകൾ പറഞ്ഞ് വന്നു... അതൊക്കെ മറക്കാനാവാത്ത ഓർമകളാണ്. തൃശൂരിൽ ഇപ്പോഴും താരയ്ക്ക് ഷോപ്പുണ്ട്. ഓൺലൈനായും വസ്ത്രങ്ങൾ വാങ്ങാം. സ്ഥിരം കസ്റ്റമേഴ്സിന്റെ ആവശ്യം മാനിച്ച് ഇടപ്പള്ളി പത്തടിപ്പാലത്ത് എന്റെ വീടിനോട് ചേർന്നൊരു മുറിയിൽ ചെറിയൊരു യൂണിറ്റ് തുടങ്ങാൻ ആലോചിക്കുന്നു...