ആംഗ്യഭാഷ മാത്രം മനസിലാകുന്ന ജാബിറിന്റെ ഖൽബ് കീഴടക്കുന്ന ചായ: സ്നേഹ ഭാഷനിറയും ടെയ്സ്റ്റി ടീ ഷോപ്പ് Jabir and his story of Malabar Tastes
വെറും നാലു മണിക്കൂറായിരുന്നു ഉറക്കം. നമ്മളൊക്കെ എന്തിനാ ജീവിക്കുന്നത്? ആത്മാഭിമാനത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാനല്ലേ? അതൊക്കെ കിട്ടാതെ എത്ര നാൾ ഒരാൾക്കു നിൽക്കാനാകും?’ ഗൾഫിലുണ്ടായിരുന്ന സൂപ്പർമാർക്കറ്റിലെ ജോലിയുപേക്ഷിച്ചു നാട്ടിലേക്കു പോന്നതിനെ കുറിച്ചു ജാബിർ ആംഗ്യത്തിലൂടെ സംവദിച്ചു തുടങ്ങി.
‘എന്തിനാ നല്ല ജോലിയും കളഞ്ഞു നീയിങ്ങോട്ടു പോന്നത്?’ എന്നു മുൻപിൻ ചിന്തിക്കാതെ ചോദ്യം തൊടുത്തു വിടുന്നവർ ജാബിർ ഈ പറയുന്നതു കേൾക്കണം. പലരും ജോലി ഉപേക്ഷിക്കുന്നതു ജോലിയോടുള്ള ഇഷ്ടം കുറയുന്നതു കൊണ്ടു മാത്രമാവണമെന്നില്ല, ജോലി മനഃസമാധാനം ത ന്നെ താറുമാറാക്കുമ്പോഴാണ്. സമാധാനം കളഞ്ഞുള്ള യാതൊരു വിട്ടുവീഴ്ചയ്ക്കും ത യാറല്ലെന്ന തീരുമാനത്തിൽ ജാബിർ നാട്ടിലേക്കുള്ള വിമാനം പിടിച്ചു. അവിടുന്നാണ് ജാബിറിന്റെ പുതിയ കഥ തുടങ്ങുന്നത്.
ചായക്കഥ പറച്ചിൽ
നാട്ടിൽ വന്നിട്ട് അലുമിനിയം ഫാബ്രിക്കേഷനും പെയിന്റു പണിക്കും അങ്ങനെ പല ജോലികൾക്കും പോയി കറങ്ങിത്തിരിഞ്ഞാണ് ഒടുക്കം ചായക്കട തുടങ്ങാമെന്നോർക്കുന്നത്. അബുദാബിയിൽ നിന്നു നാട്ടിലേക്കു വരുമ്പോൾ ആരെയും കയ്യിലെടുക്കുന്ന ചായ റെസിപികളേയും കൂടെക്കൂട്ടി. അന്യനാട്ടിൽ ഒപ്പം താമസിച്ചവരാണു ജാബിറിനെ മനം മയക്കുന്ന ചായയുണ്ടാക്കാൻ പഠിപ്പിച്ചത്.
ചായക്കാര്യത്തിൽ ഉറപ്പുള്ളതു കൊണ്ട് രണ്ടും കൽപ്പിച്ചു ജാബിർ ജനുവരിയിൽ ചായക്കടത്തുടങ്ങാനിറങ്ങി. അത്തോളിയിൽ നിന്നു തിരുവങ്ങൂരിലേക്കു പോകും വഴിയുള്ള കുനിയിൽ കടവു പാലത്തിനടുത്തായി ‘ടെയ്സ്റ്റി’ ചായക്കട ഒച്ചയനക്കങ്ങളില്ലാതെ കടന്നു വന്നു. വളരെ പതിയെ ആ നാട്ടിലെ വൈകുന്നേരങ്ങളുടെ ഒഴിവാക്കാനാകാത്ത ഇടമായി മാറി. ചായ മഹിമ കേട്ടു വന്നവരൊക്കെ തമ്മിൽ പറഞ്ഞും സോഷ്യൽ മീഡിയയിലിട്ടും കട അതോടെ ‘സെലിബ്രിറ്റി’യായി.
തുടക്കത്തിൽ ജാബിറും രണ്ടു സുഹൃത്തുക്കളും ചേർന്നാണു ചായക്കട തുടങ്ങിയത്. അവരും ജാബിറിനെ പോലെ തന്നെ മിണ്ടാനും കേൾക്കാനും ബുദ്ധിമുട്ടുള്ള ആളുകളായിരുന്നു. പിന്നീട് അവരിലൊരാൾ പഠിക്കാനും വേറൊരാൾ മറ്റൊരു ജോലിക്കായും പോയി. നിലവിൽ ജാബിറും നിവിനും ചേർന്നാണു കട മുന്നോട്ടു കൊണ്ടു പോകുന്നത്.
സ്വന്തം നാടായ കുറ്റ്യാടിയിൽ ആദ്യത്തെ ചായക്കട. അ വിടുന്നു പതിയെ അത്തോളി കുനിയിൽ കടവ് പാലത്തിനടുത്തേക്കു മറി. കടയിലേക്ക് എളുപ്പമെത്താവുന്ന ഇലത്തൂരുള്ള ഭാര്യവീട്ടിൽ നിന്നാണിപ്പോ പോക്കുവരവ്.
കടയിലേക്കു വേണ്ട മിക്ക കാര്യങ്ങൾ നോക്കുന്നതും അതിനുള്ള യാത്ര ചെയ്യുന്നതുമൊക്കെ ജാബിർ തന്നെ. എന്താവശ്യത്തിനു വിളിച്ചാലും വിളിപ്പുറത്തെത്തുന്ന നാട്ടുകാരും സുഹൃത്തുക്കളും ഒപ്പമുണ്ട്. തുടക്കത്തിൽ അമ്മായിയമ്മയായിരുന്നു കടയിലേക്കുള്ള പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത്. ജാബിറിന്റെ ഭാര്യ റസ്മീന ഗർഭിണിയായതോടെ, മേപ്പാടിയിലുള്ള മറ്റൊരു വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളാണു കടയിലെതുന്നത്. മൂന്നു മണിയാകുമ്പോഴേക്കും ജാബിർ ചുടൻ പലഹാരങ്ങളുമായി അത്തോളിയിലേക്ക്.
പാലത്തിന്റെയും പുഴയുടെയും സൗന്ദര്യം ആസ്വദിച്ചു വർത്തമാനം പറഞ്ഞിരിക്കാൻ വൈകുന്നേരമാകുമ്പോൾ ആളുകൾ അവിടേക്കെത്തിത്തുടങ്ങും. ചായക്കടികൾ തീരും വരെ രാത്രി ഏഴ് – എട്ടു മണി വരെ കട തുറന്നിരിക്കും. തനി നാടൻ മലബാർ ചെറുകടികളാണ് ‘ടെയ്സ്റ്റി’യുടെ ചില്ലലമാരയിൽ നിറയെ... കൽമാസ്, മീൻകായ്, ഉന്നക്കായ, ഏലാഞ്ചി, ചട്ടിപ്പത്തിരി (എരു), ചട്ടിപ്പത്തിരി (മധുരം), കടക്ക, ബ്രെഡ് പൊരിച്ചത് അങ്ങനെ നീളുന്നു കൊതിപ്പിക്കുന്ന പലഹാര ലിസ്റ്റ്.
‘‘എന്തൊക്കെയുണ്ടേലും എന്റെ ചായ ഒരിക്കെ കുടിച്ചവർ ആ ചായ കുടിക്കാൻ വേണ്ടിയാണു തിരികെ വരുന്നത്.’’ ജാബിർ ആംഗ്യഭാഷയിലൂടെ കടയുടെ പ്രധാന ഹൈലൈറ്റിനെ കുറിച്ചു പറഞ്ഞു വച്ചു.
സ്നേഹം കൊണ്ട് ചേർത്തു പിടിക്കുന്നവർ
വീട്ടിൽ പൊടിക്കുന്ന ഏലയ്ക്കാ കൂട്ടാണ് ജാബിറിന്റെ ചായയെ ‘സ്പെഷലാക്കി’ മാറ്റുന്ന ചേരുവ. നാട്ടുകാരുടെ സ്നേഹമാണു തനിക്കു കിട്ടുന്ന ഏറ്റവും വലിയ ഊർജം എന്ന് ആംഗ്യത്തിലൂടെ ഇടയ്ക്കിടെ പറഞ്ഞ് ജാബിർ മനസ്സു നിറയുന്ന ചിരി സമ്മാനിക്കുന്നു. ചായക്കടയിലേക്ക് വേണ്ട സ്റ്റാന്റുകളും മറ്റും സുഹൃത്തുകൾ വാങ്ങി കൊടുത്തതാണ്, അത്രയും ചേർത്തു പിടിക്കുന്ന ആളുകൾക്കിടയിലാണു ജാബിറുള്ളത്.
ആദ്യമൊക്കെ എഴുതിവച്ച മെനുവിൽ തൊട്ട് കാണിച്ചാണു ചിലർ ഓർഡർ ചെയ്തിരുന്നത്. പതിയെ അതുമാറി ഓർഡർ പറച്ചിൽ തന്നെയായി. പറയുമ്പോഴേക്കും ചിരിച്ചുള്ള തലയോട്ടലായോ തള്ളവിരലുയർത്തിയുള്ള ആംഗ്യ മായോ ‘ഓക്കെ’ തിരികെ കിട്ടും.
ജാബിറിന് 20 ശതമാനത്തോളം കേൾക്കാം. പത്താം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞു കുടുംബം നോക്കാനായി പല പല ജോലികൾ ചെയ്തു. മൂന്നു പേരാണു കൂടപ്പിറപ്പുകള്‍. അതിൽ ഒരു സഹോദരി ഒഴികെ ബാക്കി രണ്ടു സഹോദരിമാർക്കും കേൾക്കാനും സംസാരിക്കാനും സാധിക്കില്ല. ജാബിറിന്റെ വാർത്തകളും ലേഖനങ്ങളും കാണുമ്പോൾ ഏറെ സന്തോഷിക്കുന്നത് ‘ടെയ്സ്റ്റി’യുടെ തൊട്ടടുത്തു മീൻ കച്ചവടം ചെയ്യുന്ന ഉറ്റ ചങ്ങാതി സിജീഷ് ആണ്.
നാളെയെന്നുള്ളൊരാ പ്രതീക്ഷ
നമ്മുടെ നാട്ടിലെ നിയമങ്ങളും അടിസ്ഥാന സൗകര്യങ്ങളുമൊക്കെ സ്വതവേ ‘നോർമൽ’ ആളുകൾക്കു വേണ്ടി മാത്രമാണുള്ളത്. പലപ്പോഴും ഡിസെബിലിറ്റിയുള്ളൊരാൾക്ക് ഇണങ്ങുന്ന തരത്തിലുള്ള സൈൻ ബോർഡുകളോ വിളിച്ചു പറയലോ ഇല്ല. അത്തരം മാറ്റങ്ങൾ സർക്കാർ ഇടപ്പെട്ട് വിപുലമായ രീതിയിൽ നടത്തണമെന്ന് ജാബിറും ഭാര്യ റസ്മീനയും. ഒപ്പം സ്കൂൾ മുതൽ ആംഗ്യഭാഷ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിക്കുന്നു. ഇപ്പോൾ വാർത്തയ്ക്കൊപ്പം ആംഗ്യഭാഷ പറയുന്ന ആളെ കാണുമ്പോൾ ഞങ്ങളെ കൂടി ഉൾപ്പടുത്തുന്നുണ്ടല്ലോ എന്നോർത്തു മനസ്സു നിറയുമെന്നവർ.
റസ്മീനയെ ജാബിറിനു കൊടുത്തതും ഈ നാടു ത ന്നെ. സുഹൃത്തുക്കൾ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അന്നു റസ്മീന പോളിടെക്നിക്കിനു പഠിക്കുന്ന സമയം. ആംഗ്യഭാഷയിലൂടെ ഇരുവരും തമ്മിലറിയാൻ തുടങ്ങി. രണ്ടാളും ധാരാളം സംവദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് ഇനിയുള്ള യാത്ര ഒരുമിച്ചാക്കിയാൽ നന്നാകുമെന്നു തോന്നി. അങ്ങനെ നിക്കാഹിലേക്ക്.