അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മകൾ മരിച്ചു; ഡോക്ടറുടെ തലയ്ക്ക് വെട്ടിപരുക്കേൽപ്പിച്ച് പിതാവ്! ചികിത്സയില് കാലതാമസമെന്നു ആരോപണം
കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ പിതാവ് സനൂപ് എന്നയാളാണ് ഡോക്ടറുടെ തലയ്ക്കു വെട്ടിപരുക്കേൽപ്പിച്ചത്.
കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അക്രമമുണ്ടായതെന്നാണ് വിവരം. സനൂപിനെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ഡോ. വിപിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
പനി ലക്ഷണങ്ങളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനയയുടെ നില ഗുരുതരമാണെന്നു കണ്ട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായ കാലതാമസമാണ് അനയയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുട്ടിയുടെ ബന്ധുക്കൾ തൊട്ടുപിന്നാലെ ആരോപണം ഉന്നയിച്ചത്.
ആദ്യഘട്ടത്തിൽ കുട്ടിക്ക് ഛർദ്ദിയും പനിയും മറ്റും ഉണ്ടായെങ്കിലും രോഗം സ്ഥിരീകരിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നാണ് ബന്ധുക്കൾ പരാതിപ്പെട്ടത്. താലൂക്ക് ആശുപത്രിയിൽ പനി മൂർച്ഛിച്ച് അപസ്മാരമുണ്ടായ ശേഷമാണ് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനമുണ്ടായതെന്നാണ് പറയുന്നത്.
അനയയുടെ സഹോദരനായ എഴു വയസ്സുകാരനും പിന്നീട് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയെ ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം രോഗം ഭേദമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. അനയയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇത് സൂചിപ്പിക്കുന്ന മരണ സർട്ടിഫിക്കറ്റ് കുടുംബത്തിന് നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് താമരശേരി ആശുപത്രിയിലേക്കു കോൺഗ്രസ് നേരത്തെ പ്രതിഷേധപ്രകടനം നടത്തുകയും വാഴനട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.