എവിടെ നോക്കിയാലും അവിടെല്ലാം കുനിഞ്ഞ തലകൾ മാത്രം. അതാണ് സമൂഹത്തിലെ പൊതുവായ കാഴ്ച. ബസ് സ്റ്റാൻഡിൽ, റെയിൽവേ സ്റ്റേഷനിൽ, വിവാഹ സദസ്സുകളിൽ, റസ്റ്ററന്റുകളിൽ എന്നുവേണ്ട എല്ലായിടത്തും മൊബൈൽ ഫോണിലേക്കു തലകുനിച്ച് മുഴുകിയിരിക്കുന്നവരെ കാണാം. ഓക്സിജൻ പോലെയാണു ചിലർക്ക് ഓൺലൈൻ സ്റ്റാറ്റസ്.

2024-ൽ ഇന്ത്യക്കാർ മൊബൈൽ ഫോണുകളിലേക്ക് നോക്കി ചെലവഴിച്ച സമയം അറിഞ്ഞാൽ നമ്മൾ ഞെട്ടും. 1.1 ലക്ഷം കോടി മണിക്കൂറാണു ഒരു വർഷം ഇന്ത്യക്കാ ർ മൊബൈൽ ഫോണിൽ ചെലവിട്ടത്. അതായത്, ഒരു ഇന്ത്യൻ പൗരൻ ദിവസവും ശരാശരി അഞ്ചു മണിക്കൂർ മൊബൈൽ സ്ക്രീനുകളിൽ ചെലവഴിക്കുന്നു. കൂടാതെ, ശരാശരി ഒരാൾ ദിവസം100-150 തവണ മൊബൈൽ ഫോൺ പരിശോധിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.18 വയസ്സുള്ള രാഹുലിനെ പരിചയപ്പെടാം. രാഹുലിനെപ്പോലെ നിരവധി യുവജനങ്ങൾ കണ്ണുകൾ ഫോണിലേക്കു താഴ്ത്തി, സ്ക്രീൻ സ്ക്രോൾ ചെയ്തുകൊണ്ടേയിരിക്കുന്നു. ഓരോ ലൈക്കും, ഓരോ ഫോളോവറും അവർക്ക് ഒരുതരം ലഹരിയാണ്. എന്നാൽ, ഒരു ദിവസം ലൈക്സ് കുറഞ്ഞാലോ ഫോളോവേഴ്‌സ് കുറഞ്ഞാലോ മനസ്സിൽ ഉത്കണ്ഠയുടെ നിഴൽ വീഴാൻ തുടങ്ങും. അടുത്തിടെ നടത്തിയ സർവേയിൽ, 18-നും 25-നും ഇടയിൽ പ്രായമുള്ള 70% യുവജനങ്ങളും സോഷ്യൽ മീഡിയ ഉപയോഗം അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. അതിരുകടന്ന ഡിജിറ്റൽ ഉപയോഗത്തിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് ഫോമോ (FOMO), അഥവാ ‘നഷ്ടപ്പെടുമോ’എന്ന ഭയം. മുൻനിരയിൽ നിന്നു പിന്തള്ളപ്പെടുമോ എന്ന ഭയം രൂപപ്പെടുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

എന്താണ് ഫോമോ?

‘‘ഫോമോ താരതമ്യത്തിൽ നിന്ന് ഉടലെടുക്കുന്ന ഒരു തോന്നലാണ്. താരതമ്യം ചെയ്യാനുള്ള പ്രവണത മനുഷ്യന് എന്നും ഉണ്ടായിരുന്നു. എന്നാൽ, നിലയ്ക്കാത്ത നോട്ടിഫിക്കേഷനുകളും നിരന്തരമായ സ്ക്രോളിങ്ങും സോഷ്യൽ മീഡിയയിലെ ഹൈലൈറ്റ് റീലുകളും അതിനെ കൂടുതൽ വഷളാക്കുന്നു.’’ സൈക്യാട്രിസ്റ്റ് കെ. രാജശേഖരൻ വിശദീകരിക്കുന്നു.

ADVERTISEMENT

‘‘സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവർ കൂടുതൽ ആവേശകരമായ ജീവിതം നയിക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നു. എല്ലാവരും സന്തോഷത്തിലാണ്, ഞാൻ മാത്രമാണു ദുരിതത്തിൽ എന്ന മിഥ്യ ധാരണ അതിനു പിന്നാലെ രൂപപ്പെടുന്നു.

ഈ സ്ഥിരമായ താരതമ്യം, വിഷാദം, മാനസികസമ്മർദം, ശ്രദ്ധയും ഉന്മേഷവും കുറയുക പോലുള്ള പ്രശ്നങ്ങളെ വളർത്തുന്നു. കാലക്രമേണ ഇതു പ്രവർത്തന ക്ഷമതയെയും ആരോഗ്യത്തെയും പോലും ബാധി ക്കാം. ഇത് ഏതൊക്കെ തരത്തിലാണ് ജീവിതത്തിലേക്കു കടന്നുവരുന്നതെന്നു നോക്കാം.’’

ADVERTISEMENT

∙ മറ്റുള്ളവർ കൂടുതൽ ആസ്വദിക്കുന്നു, വിജയിക്കുന്നു എന്ന തോന്നൽ.

∙സോഷ്യൽ മീഡിയ പോസ്റ്റുകളും അറിയിപ്പുകളും കാണുമ്പോൾ ഉ ത്കണ്ഠയും അസ്വസ്ഥതയും.

∙ സ്ഥിരമായ താരതമ്യവും അസംതൃപ്തിയും.

∙ ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, സമ്മർദം എന്നിവ ഉണ്ടാകാൻ സാധ്യത.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഫോമോ മനസ്സിനു മേൽ പിടിമുറുക്കുന്നുവെന്നു മനസ്സിലാക്കാം.

സന്തോഷം നേടാനുള്ള വഴി

28 വയസ്സുള്ള ബെംഗളൂരുവിലെ ടെക്കി രാജശ്രീക്ക് ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം നോക്കാതെ പത്തു മിനിറ്റുപോലും ഇരിക്കാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്തുക്കളുടെ അവധിക്കാല ചിത്രങ്ങളും, പാർട്ടി സ്റ്റോറികളും, സഹപ്രവർത്തകന്റെ പ്രൊമോഷൻ ആഘോഷങ്ങളും അവളെ അസ്വസ്ഥയാക്കിയിരുന്നു.

‘‘ലോകത്തെല്ലാവരും എന്നേക്കാൾ മെച്ചപ്പെട്ട ജീവിതം നയിക്കുകയാണെന്നു ഞാൻ കരുതി. ക്രമേണ അത് എന്റെ ജോലിയെയും, ആത്മാഭിമാനത്തെയും, മനഃസമാധാനത്തെയും ബാധിച്ചു. എല്ലാത്തിനോടും എനിക്കു ദേഷ്യവും അരിശവും ആയിരുന്നു. അപ്പോഴാണ് തെറപ്പിസ്റ്റിനെ കാണാൻ തീരുമാനിച്ചത്. അതെന്നെ ജോമോയിലേക്ക് നയിച്ചു,’’ രാജശ്രീ പറയുന്നു. ഫോമോയെ (Fear Of Missing Out) നയിക്കുന്നതു നഷ്ടപ്പെടുമോ, പിന്തള്ളപ്പെടുമോ ഭയമാണെങ്കിൽ, ജോമോ എന്നത് ഒരാൾ ബോധപൂർവം തിരഞ്ഞെടുക്കുന്നതാണ്.

എന്താണ് ജോമോ ?

വിട്ടുനിൽക്കുന്നതിലൂടെ സ്വയം സന്തോഷം കണ്ടെത്തുന്ന രീതിയാണ് ജോമോ (Joy Of Missing Out).

∙ ഒറ്റയ്ക്കാണെങ്കിലും സന്തോഷവും സമാധാനവും അനുഭവിക്കുക.

∙ സ്വന്തം മൂല്യങ്ങൾക്കും മുൻഗണനകൾക്കും അനുയോജ്യമായ തിരഞ്ഞെടുപ്പ്.

∙സോഷ്യൽ മീഡിയയിലെ താരതമ്യം ഒഴിവാക്കി സ്വയം ശ്രദ്ധിക്കാനും അ ർഥവത്തായ കാര്യങ്ങൾക്കായും സമയം ചെലവഴിക്കുക.

∙ ശാന്തമായ മനസ്സും നല്ല ഉറക്ക വും മികച്ച പ്രവർത്തനക്ഷമതയുമാണു ജോമോ ജീവിതത്തിന്റെ ഭാഗമാക്കുന്നതു കൊണ്ടുള്ള മെച്ചങ്ങൾ.

സൈക്കോളജിസ്റ്റ് അരുണ സി.യുടെ അഭിപ്രായത്തിൽ, ‘‘ജോമോ ചിട്ടയായി പരിശീലിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. ഉറക്കം മെച്ചപ്പെടും. താരതമ്യങ്ങൾ ഇല്ലാതാകുമ്പോൾ സംതൃപ്തി കൂടുകയും ഇമോഷനൽ ബാലൻസ് ലഭിക്കുകയും ചെയ്യും.’’ രാജശ്രീയുടെ അനുഭവം പറയുന്നതും അതു തന്നെ. ‘‘ഇന്നു ഞാൻ നന്നായി ഉറങ്ങുന്നു, ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്നു, മറ്റുള്ളവർ ചെയ്യുന്നതു പിന്തുടരുന്നതു നിർത്തിയപ്പോൾ തന്നെ എന്റെ മിക്ക പ്രശ്നങ്ങളും തീർന്നു. എനിക്ക് എന്നോടു തന്നെ സ്നേഹവും മതിപ്പും തോന്നിത്തുടങ്ങി. ഞാനിന്ന് ഒാരോ നിമിഷവും സന്തോഷം അനുഭവിക്കുന്നു.’’ രാജശ്രീ പറയുന്നു. സോഷ്യൽ മീഡിയയിൽ ആളുകൾ പലപ്പോഴും പ്രദർശിപ്പിക്കുന്നതു ഫിൽറ്റർ ഇട്ട വ്യക്തിത്വമാണ്. പോസ്റ്റ് ചെയ്യുന്നതു മിക്കപ്പോഴും എഡിറ്റ് ചെയ്തു വർണാഭമാക്കിയ ജീവിതമാണ്. ഇതു സ്വന്തം ജീവിതവുമായി താരതമ്യം ചെയ്തു നിരാശയിൽ മുങ്ങുന്നവർ മാത്രമല്ല കുഴപ്പത്തിലാകുന്നത്. സോഷ്യൽ മീഡിയയിലെ എഡിറ്റഡ് വ്യക്തിത്വവും യഥാർഥ സ്വഭാവവും തമ്മിലുള്ള വൈരുധ്യം വ്യക്തിയെ മാനസിക സംഘർഷത്തിലാക്കും. സ്വയം നിർമിച്ച കപടവ്യക്തിത്വം ചുമക്കാനാകാത്ത ബാധ്യതയാകും. നിരാശയും ഉത്കണ്ഠയും കൂടും. വിഷാദത്തിലേക്കു വരെ മനസ്സ് വീണുപോകാം.

ഉത്കണ്ഠയെ എങ്ങനെ നേരിടാം?

സോഷ്യൽ മീഡിയ കാരണം ഉണ്ടാകുന്ന ഉത്കണ്ഠ കുറയ്ക്കാൻ മാനസികാരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന 10 വഴികൾ മനസ്സിലുറപ്പിക്കാം.

1. ഡിജിറ്റൽ ഉപവാസം: ദിവസവും 30Ð40 മിനിറ്റ് ബോധപൂർവം സ്ക്രീനുകളിൽ നിന്നു മാറിനിൽക്കുന്നതു മനസ്സിനു വിശ്രമം നൽകും.

2. ശ്രദ്ധയോടെ തിരഞ്ഞെടുക്കുക:

നിങ്ങളിൽ ഉത്കണ്ഠയുണ്ടാക്കുന്നതോ നിങ്ങളെ സന്തോഷിപ്പിക്കാത്തതോ ആയ അക്കൗണ്ടുകൾ അൺഫോളോ ചെയ്യുക. നിങ്ങളുടെ ഫീഡ് പോസിറ്റീവ് ആക്കാൻ ഇതു സഹായിക്കും.

3. പരിധി നിശ്ചയിക്കുക: ഫോണിൽ സോഷ്യൽ മീഡിയ ആപ്പുകൾക്കു സമയപരിധി വയ്ക്കുക. ഉദാഹരണത്തിന്, ദിവസം 30 മിനിറ്റിൽ കൂടു തൽ ഉപയോഗിക്കാതിരിക്കുക.

4. താരതമ്യം ഒഴിവാക്കുക: സോഷ്യൽ മീഡിയയിൽ കാണുന്ന ജീവിതം ഒരു വ്യക്തിയുടെ ജീവിതത്തിലെ ചെറിയ ഭാഗം മാത്രമാണ്. അതുകൊണ്ടു മറ്റുള്ളവരുടെ ജീവിതവുമായി നിങ്ങളുടേതു താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.

5. യഥാർഥ ലോകത്തേക്കു തിരിച്ചു പോവുക: സുഹൃത്തുക്കളോടും കുടുംബത്തോടും നേരിട്ടു സംസാരിക്കുക, പുതിയ ഹോബികൾ കണ്ടെത്തുക, അടുക്കള തോട്ടം, ഗാർഡനിങ് പോലെ പ്രകൃതിയോടിണങ്ങി സമയം ചെലവഴിക്കുക. ഇതു നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

6. പോസ്റ്റ് ചെയ്യുന്നതിനു മുൻപു ചിന്തിക്കുക: ഒരു ഫോ ട്ടോയോ വിഡിയോയോ പോസ്റ്റ് ചെയ്യുമ്പോൾ അതിന് ലൈക്കുകൾ കിട്ടുമോ എന്ന് ആലോചിക്കാതെ, അതു നിങ്ങൾക്കു സന്തോഷം നൽകുന്നുണ്ടോ എന്നു മാത്രം ചിന്തിക്കുക.

7. ഡിജിറ്റൽ ഡിറ്റോക്സ്: ആഴ്ചയിൽ ഒരു ദിവസമോ അല്ലെങ്കിൽ മാസത്തിൽ കുറച്ചു ദിവസമോ സോഷ്യൽ മീഡിയയിൽ നിന്നു പൂർണമായി വിട്ടുനിൽക്കുക.

8. സ്വയം ശ്രദ്ധിക്കുക: നിങ്ങൾക്ക് ഉ ത്കണ്ഠ തോന്നുന്നുണ്ടെങ്കിൽ, അതു തിരിച്ചറിയുക. എന്താണു നിങ്ങളെ വിഷമിപ്പിക്കുന്നത് എന്നു സ്വയം ചോദിക്കുക. ആവശ്യമെങ്കിൽ സുഹൃത്തുക്കളോടോ, വേണമെങ്കിൽ ഒരു തെറാപ്പിസ്റ്റിനോടോ സംസാരിക്കുക.

9. രാത്രിയിൽ ഫോൺ ഒഴിവാക്കുക: രാത്രിയിൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗിക്കുന്നതു നിർത്തുക. ഇതു നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

ജീവിതത്തിന്റെ മൂല്യം കണ്ടെത്തുക: നിങ്ങളുടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ തിരിച്ചറിയുക. സോഷ്യൽ മീഡിയയിലെ അംഗീകാരമല്ല, നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങളാണ് യഥാർഥസന്തോഷം എന്നു മനസ്സിലാക്കുക.

നിങ്ങൾക്കുണ്ടോ ഈ പ്രശ്നങ്ങൾ ?

അതിരുകടന്ന ഡിജിറ്റൽ ഉപയോഗത്തിന്റെ മറ്റു ലക്ഷണങ്ങൾ മനസ്സിലാക്കാം

ബിഞ്ച് വാച്ചിങ്: ഒരേ സമയം തുടർച്ചയായി നിരവധി പരിപാടികൾ, വീഡിയോകൾ, എപ്പിസോഡുകൾ അല്ലെങ്കി ൽ സിനിമകൾ കാണുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്.

നോമോഫോബിയ: മൊബൈൽ ഫോൺ ഇല്ലാതെ പോകുമ്പോഴോ നെറ്റ്‌വർക്ക് ലഭ്യമാകാതിരിക്കുമ്പോഴോ ഉണ്ടാകുന്ന അസാധാരണമായ ഉത്കണ്ഠയാണ് ഈ അവസ്ഥ.

ഫാന്റം വൈബ്രേഷൻ സിൻഡ്രോം: മൊബൈൽ ഫോ ൺ പോക്കറ്റിലില്ലെങ്കിലും, വൈബ്രേറ്റ് ചെയ്തിട്ടില്ലെങ്കിലും അതിന്റെ വൈബ്രേഷൻ അനുഭവപ്പെടുന്ന അവസ്ഥയാണിത്. നിരന്തരം ഫോൺ ഉപയോഗിക്കുന്നവരിൽ കൂടുത ലായി കാണപ്പെടുന്ന ഈ അവസ്ഥ, ഉത്കണ്ഠയും മാ നസിക സമ്മർദവും മൂലം ഉണ്ടാകുന്നതായി വിദഗ്ധർ പറയുന്നു.

സ്മാർട്ട്‌ഫോൺ ലാവറ്ററി സിൻഡ്രോം: കുളിമുറിയി ലും ശുചിമുറിയിലും ഫോൺ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ഇതു സൂചിപ്പിക്കുന്നു. ഇത് ഒട്ടും മാതൃകാപരമല്ലാത്ത ശീലം കൂടിയാണ്. വീട്ടിലെ കുട്ടികളും ഇതു കണ്ടു പഠിക്കുമെന്ന കാര്യം മ റക്കാതിരിക്കുക.

സീറോ ഇൻബോക്‌സ് സിൻഡ്രോം: ഇമെയിൽ ബോ ക്സിൽ ഒന്നും വായിക്കാതെ വിട്ടുപോകാതിരിക്കാൻ തുടർച്ചയായി ഇമെയിൽ പരിശോധിക്കുന്ന പ്രവണതയാണിത്.

English Summary:

FOMO and JOMO are increasingly relevant in today's digital age. Excessive screen time and social media usage contribute to anxiety, but embracing JOMO can lead to improved mental well-being.

ADVERTISEMENT