സ്കൂളിൽ കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണു ബോഡി ഷെയ്മിങ് അഥവാ ശരീരത്തെ കുറിച്ചുള്ള ആക്ഷേപം. നിറം, വണ്ണം, ആകൃതി, ശരീരത്തിന്റെ ലിംഗരൂപങ്ങളുമായി ബന്ധപ്പെട്ട പ്രത്യേകതകൾ തുടങ്ങിയവയെ കുറിച്ചൊക്കെ സഹപാഠികൾ കളിയാക്കാം. തീരെ മെലിഞ്ഞ കുട്ടികളെയും വണ്ണം കൂടിയവരെയും നിറം കുറഞ്ഞവരെയുമൊക്കെ വട്ടപ്പേരിട്ടും വിളിക്കാം. 

ലിംഗരൂപങ്ങളുമായി ബന്ധപ്പെട്ട കളിയാക്കലുകൾ കുറച്ചു തീവ്രമാണ്. പെൺകുട്ടികളിൽ പുരുഷന്മാരെ പോലെ രോമവളർച്ച വന്നാലോ, ആൺകുട്ടികളിൽ സ്ത്രീകളിലേതിനു സമാനമായ സ്തനവളർച്ച വന്നാലോ ഒക്കെ കളിയാക്കപ്പെടാം. 

ADVERTISEMENT

ഈ പ്രശ്നങ്ങൾ കുട്ടിക്കാലത്തു കരച്ചിലിലും പരാതിയിലുമാണ് അവസാനിക്കുക. കൗമാരത്തിലേക്കു കടക്കുന്നതോടെ കുട്ടികളുടെ സൗന്ദര്യസങ്കൽപവും വികസിക്കും. സൗന്ദര്യം മെച്ചപ്പെടുത്തിയെടുക്കണം എന്ന ആഗ്രഹം വരികയും അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ‘അത്ര പോരാ’ എന്നു തോന്നുന്നവരെയൊക്കെ അധിക്ഷേപിക്കുന്ന സ്വഭാവം കൂടി വരും. ഈ അധിക്ഷേപവാക്കുകൾ കുട്ടികളുടെ ആത്മവിശ്വാസത്തെ വല്ലാതെ തളർത്തും.

മനസ്സു കൈവിടുമ്പോൾ

ADVERTISEMENT

∙ വണ്ണം കുറയുന്നതിനും വണ്ണം അമിതമാകുന്നതിനും കളിയാക്കലുകൾ നേരിടുന്ന കുട്ടിയുടെ ഭക്ഷണശീലം തന്നെ താറുമാറാകാം (ഈറ്റിങ് ഡിസോർഡർ). ഒന്നും കഴിക്കാതെ ശരീരം അമിതമായി മെലിയാനാഗ്രഹിക്കുന്ന അവസ്ഥയും

അമിതമായി ഭക്ഷണം കഴിച്ചതിനു ശേഷം അമിതവ്യായാമം ചെയ്തു വണ്ണം കുറയ്ക്കാനുള്ള അനാരോഗ്യകരമായ വ്യഗ്രതയുമൊക്കെ ഇതിൽ പെടും.

ADVERTISEMENT

∙ ശാരീരിക പ്രത്യേകതകളെ പറ്റിയുള്ള കളിയാക്കലുകൾ കൊണ്ടു കുട്ടി വിഷാദം, ഉത്കണ്ഠ പോലുള്ള അവസ്ഥകളിലേക്കും എത്തിച്ചേരാം.

അതിജീവിക്കാം ഒന്നായി

∙ മനസ്സു കൈവിടാതെ സ്വഭാവ ദൃഢത പരിശീലിക്കാൻ കുട്ടിയെ പ്രാപ്തരാക്കുന്നതാണ് ഇതിനെ നേരിടാനുള്ള വഴി. നമുക്ക് ഇഷ്ടമില്ലാത്ത, നമ്മളെ അവഹേളിക്കുന്ന ഒരു കാര്യം എവിടെ നിന്നെങ്കിലും വന്നാൽ ശക്തമായ രീതിയിൽ എതിരഭിപ്രായം രേഖപ്പെടുത്താൻ കുട്ടിയോടു പറയണം.

∙ കരയുകയോ ദേഷ്യപ്പെടുകയോ ചെയ്യാതെ തന്നെ ഇതു വ്യക്തമാക്കാം.  ഞാൻ ഇത് അംഗീകരിക്കാൻ തയാറല്ല എ ന്നു പറയാൻ കുട്ടിയെ തയാറെടുപ്പിക്കണം.

∙ ശാരീരിക സൗന്ദര്യത്തിലോ രൂപത്തിലോ യാതൊരു  പ്രസക്തിയുമില്ല എന്നും സ്വഭാവ ഗുണത്തിലാണ് ഏറ്റവുമധികം കാര്യമുള്ളത് എന്നും പറഞ്ഞുകൊടുക്കാം. അതിനാൽ തന്നെ ഇത്തരം അവഹേളനങ്ങളെ അവഗണിക്കണം എന്നും പറയാം.

∙നിരന്തരം അവഹേളനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ സ്കൂൾ അധികൃതരോടു പരാതിപ്പെടാം. സൈബർ ഇടങ്ങളിലും മറ്റും ഉള്ള അവഹേളനങ്ങൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കാം.

അങ്ങനെ ചെയ്തില്ലെങ്കിൽ കൂട്ടുകാർ പിണങ്ങില്ലേ ?

∙ താൽപര്യമില്ലാത്ത എന്തെങ്കിലും കാര്യം ചെയ്യാൻ കൂട്ടുകാർ നിർബന്ധിച്ചാൽ കുട്ടികൾക്കു ‘നോ’ പറയാനാകില്ല. കാരണം, പറയുന്നതു കേട്ടില്ലെങ്കിൽ ഒറ്റപ്പെട്ടു പോകും, സുഹൃത്തുക്കൾ ഇല്ലാതെയാകും എന്നൊക്കെയാകും അപ്പോൾ കുട്ടി ചിന്തിക്കുക.

∙ സമ്മർദത്തിനു വഴങ്ങിക്കൊടുക്കുന്ന രീതിയിൽ സ്വന്തം അവകാശങ്ങളെ കുറിച്ചു കുട്ടിക്കു ബോധ്യമുണ്ടാകാത്ത ഘട്ടത്തിലാണു നിഷ്ക്രിയ പ്രതികരണം അഥവാ പാസീവ് റിയാക്‌ഷൻ സംഭവിക്കുന്നത്. ഒറ്റപ്പെട്ടു പോകും, എന്ന ആശങ്ക കൊണ്ടുതന്നെ അവർ പറയുന്നതൊന്നും എതിർക്കാതെ അനുസരിച്ചുപോകും. 

∙ മറ്റുള്ളവർ എന്തു പറഞ്ഞാലും മൈൻഡ് ചെയ്യാതെ, സ്വന്തം വാശി മാത്രം നടത്തുന്നവരെ കണ്ടിട്ടില്ലേ. ആ സ്വഭാവ സവിശേഷതയാണ് അക്രമപ്രതികരണം അഥവാ അഗ്രസീവ് ബിഹേവിയർ. ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയാറാകാതെ അവനവന്റെ അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഇത്തരം കുട്ടികൾക്ക് അധികം സൗഹൃദങ്ങൾ ഉണ്ടാകാറില്ല.

∙ സ്വന്തം അവകാശങ്ങളെക്കുറിച്ചും മറ്റുള്ളവരുടെ അ വകാശങ്ങളെക്കുറിച്ചും ബോധ്യമുള്ള കുട്ടികൾക്കു മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ സ്വന്തം നിലയ്ക്ക് ആഗ്രഹങ്ങൾ സഫലീകരിച്ചു എടുക്കാൻ കഴിവുണ്ടാകും. ഇവരാണു സ്വഭാവദൃഢതാ പ്രതികരണം അഥവാ അസർട്ടീവ് റിയാക്‌ഷൻ ഗ്രൂപ്. വേണ്ട സ്ഥലത്തു നോ പറയാനും ശക്തമായ ഭാഷയിൽ താക്കീതു കൊടുക്കാനും ഇവർക്കാകും. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.

(ഓണററി കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി)

ADVERTISEMENT