ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടി എത്തിയ അധ്യാപിക പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ മരിച്ചു. ഇളമ്പൽ കോട്ടവട്ടം നിരപ്പിൽ ഭാഗം നിരപ്പിൽ വീട്ടിൽ ബി. ശ്രീഹരിയുടെ ഭാര്യ അശ്വതി (34) ആണ് മരിച്ചത്. ടോക് എച്ച് പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപികയാണ്. ചികിത്സാപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടിയത് സംഘർഷം സൃഷ്ടിച്ചു. പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഛർദി അനുഭവപ്പെട്ട അശ്വതിയെ ഭർത്താവും മറ്റൊരു വിദ്യാർഥിയും കൂടി കാറിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കാറിൽ വച്ചും ഛർദിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം സ്ഥിതി കൂടുതൽ വഷളായതോടെ സിടി സ്കാൻ എടുത്തു. തുടർന്ന് നാലാം നിലയിലെ ഐസി യൂണിറ്റിലേക്കു മാറ്റി. സിടി സ്കാൻ റിപ്പോർട്ട് നോർമൽ ആയിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. ബിപിയും പൾസും വേഗത്തിൽ താഴ്ന്നു. 

ADVERTISEMENT

മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിച്ചെന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും ആരോപിച്ച് ഭർത്താവും ബന്ധുക്കളും ഐസി യൂണിറ്റിന്റെ മുൻപിൽ തർക്കവുമായി നിന്ന ശേഷം ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്. 

ഛർദി മൂർഛിച്ചപ്പോൾ കുത്തിവയ്പ് എടുത്ത ശേഷമാണ് ആരോഗ്യ സ്ഥിതി വഷളായതെന്നു ബന്ധുക്കൾ ആരോപിച്ചു. വൈകിട്ട് ആറരയോടെയാണ് അശ്വതി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്.കുന്നിക്കോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത ശേഷം ഇൻക്വസ്റ്റ് തയാറാക്കി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വീടിനു സമീപത്തെ ട്യൂഷൻ സെന്ററിൽ ആണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. ഏക മകൻ യുകെജി വിദ്യാർഥി ശ്രീദേവ്. കുളത്തൂപ്പുഴ സ്വദേശികളായ ചന്ദ്രബാബു– പ്രസന്നകുമാരി ദമ്പതികളുടെ മകളാണ് അശ്വതി.

ADVERTISEMENT

ഛർദിയുമായി എത്തിയ അശ്വതിയുടെ അസ്വസ്ഥത വർധിച്ചതിനാൽ തലച്ചോറിന് എന്തെങ്കിലും തകരാറുണ്ടോ എന്ന സംശയത്താൽ സിടി സ്കാൻ എടുത്തിരുന്നുവെന്നും പരിശോധന ഫലം നോർമൽ ആയിരുന്നുവെന്നും ജീവൻ രക്ഷിക്കാൻ ആശുപത്രിയിൽ സാധ്യമായത് എല്ലാം ചെയ്തുവെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ പറഞ്ഞു. ഐസി യൂണിറ്റിൽ എത്തിയശേഷം പൾസും ബിപിയും വേഗത്തിൽ കുറയുകയായിരുന്നു. കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നു മാത്രമേ അറിയാൻ സാധിക്കുവെന്നും സൂപ്രണ്ട് അറിയിച്ചു.

Teacher Dies After Vomiting During Tuition:

Teacher death reported in Punalur after vomiting and fatigue during tuition. Allegations of medical negligence arose following the death of the teacher, prompting police intervention.

ADVERTISEMENT
ADVERTISEMENT