കവിളിനുള്ളിലെ ചെറിയ മുറിവ്: പരിശോധനയിൽ കണ്ടെത്തിയത് കാൻസർ; ജീവിതം തിരിച്ചുപിടിക്കാന് സഹായം തേടി സലീമ Saleema's Battle with Oral Cancer: A Call for Help : Vanitha Exclusive
‘രേഖാചിത്ര’ത്തിലെ വില്ലത്തിയായ പത്മത്തെ ഓർമയില്ലേ. ആരണ്യകത്തിലെ അമ്മിണിയായും നഖക്ഷതങ്ങളിലെ ഊമയായ ലക്ഷ്മിയായും വന്ദനത്തിലെ കോളേജ് ഗേളായും മലയാളിയുടെ മനസ്സിൽ കയറിക്കൂടിയ സലീമയുടെ സിനിമയിലേക്കുള്ള രണ്ടാം വരവ് ഇരുകയ്യും നീട്ടിയാണു നമ്മൾ സ്വീകരിച്ചത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന രോഗാവസ്ഥ വെളിപ്പെടുത്തി സലീമ സഹായം തേടുന്നു.
കാർസിനോമ എന്ന ഓറൽ കാൻസർ ബാധിതയായി ചികിത്സയ്ക്കു ധനസഹായം തേടുന്ന താരം വനിതയ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ പറഞ്ഞത് മടങ്ങിവരവിന്റെ സന്തോഷത്തിനിടയിൽ വിധി ഒരുക്കിയ തിരിച്ചടിയെ കുറിച്ചാണ്. ‘‘അണപ്പല്ലിലെ പ്രശ്നങ്ങളും മോണയിലെ വേദനയും വലതു കവിളിലെ മുറിവുമൊക്കെയായി മൂന്നു മാസം മുൻപാണു ദന്തഡോക്ടറെ സമീപിച്ചത്. മുറിവിന്റെ ആദ്യകാഴ്ചയിൽ തന്നെ ഡോക്ടർ ഒരു നിർദേശം നൽകി, കാൻസറല്ല എന്നുറപ്പിക്കാൻ ബയോപ്സി ചെയ്യണം.
മറ്റൊരു ഡോക്ടറുടെ നേതൃത്വത്തിലാണ് സ്കാനിങ് നടത്തിയത്. അതിൽ കഴുത്തിലെ ലിംഫ് നോഡുകളിലും പ്രശ്നം കണ്ടു. തുടർന്നു നടത്തിയ ബയോപ്സിയിൽ രോഗം സ്ഥിരീകരിച്ചു, കാർസിനോമ (Carcinoma right retromolar trigone) എന്ന ഓറൽ കാൻസറാണ്. കഴുത്തിലെ ലിംഫ് നോഡുകളിലേക്കും രോഗം പടർന്നിട്ടുണ്ട്. െചന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ചികിത്സയിലാണ് ഇപ്പോൾ. അടിയന്തിയ ശസ്ത്രക്രിയയിലൂടെ വായിലെ കാൻസർ നീക്കം ചെയ്യണമെന്നാണു ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. പത്തു മണിക്കൂറോളം നീളുന്ന ശസ്ത്രക്രിയയിലൂടെ കഴുത്തിലെ ലിംഫ് നോഡുകളും നീക്കണം. കാലിൽ നിന്നെടുക്കുന്ന ഭാഗങ്ങളുപയോഗിച്ചു കഴുത്തിൽ ഗ്രാഫ്റ്റ് ചെയ്യുന്നതിനായുള്ള പ്ലാസ്റ്റിക് സർജറിയും വേണ്ടിവരും.
പത്തു ദിവസത്തെ ആശുപത്രിവാസത്തിനും തുടർചികിത്സയ്ക്കുമായി 20 ലക്ഷത്തിലേറെ രൂപ വേണ്ടിവരുമെന്നാണു കണക്കാക്കിയിട്ടുള്ളത്. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഇതുവരെയുള്ള പരിശോധനകൾക്കും മറ്റുമായി ഒരു ലക്ഷത്തോളം രൂപ ചെലവായി കഴിഞ്ഞു. ഇനി ഒരു രൂപ പോലും കയ്യിലെടുക്കാൻ ഇല്ലാത്ത അവസ്ഥയാണ്. സുമനസ്സുകളുടെ മുന്നിൽ സഹായം അഭ്യർഥിക്കാതെ തരമില്ലെന്നും സലീമ വാക്കുകളിടറി പറഞ്ഞു.
ചെന്നൈ വൽസരവാക്കത്തെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലാണു സലീമയുടെ അക്കൗണ്ട് (അക്കൗണ്ട് നമ്പർ– 3530951983, IFSC - CBIN0284964, MICR – 600016054) ഗൂഗിൾ പേ നമ്പർ– 7305059165.
മലയാളത്തിൽ എണ്ണംപറഞ്ഞ സംവിധായകരുടെ സിനിമയിലാണു സലീമ അഭിനയിച്ചിട്ടുള്ളത്. വന്ദനത്തിലെ കോളേജ് പെൺകുട്ടിയുടെ വേഷം ചെയ്ത ശേഷം മടങ്ങിപ്പോയ സലീമയെ പിന്നെ മലയാളി കണ്ടിട്ടില്ല. അമ്മയുടെ മരണശേഷം ഒറ്റപ്പെട്ടുപോയ സലീമ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്ന് തേനാംപേട്ടിലെ പഴയ വീട്ടിൽ ഒറ്റയ്ക്കു ജീവിച്ചത് 22 വർഷങ്ങളാണ്. 2017ൽ വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ സലീമ ആ മോഹം പങ്കുവച്ചു, ‘‘സിനിമയിലേക്ക് മടങ്ങിവരണം. മലയാളത്തിൽ സജീവമാകണം."
അന്നു ടി നഗറിലെ പെയിന്റിളകിയ ഒറ്റമുറി ഫ്ലാറ്റിലിരുന്ന് സലീമ വനിതയോടു ജീവിതം പറഞ്ഞു. ‘‘മുത്തശ്ശി സരോജം നടിയായിരുന്നു, നാടകങ്ങളിലാണ് അഭിനയിച്ചിരുന്നത്. ആ ചുവടുപിടിച്ചാണ് അമ്മ ഗിരിജയും അഭിനയ രംഗത്തെത്തിയത്. സ്വന്തമായി നാടകട്രൂപ്പുണ്ടായിരുന്നു അമ്മയ്ക്ക്. എൻടിആറിന്റെയും നാഗേശ്വര റാവുവിന്റെയും നായികയായ അമ്മ 200ലധികം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ ചുവടു പറ്റിയാണു ഞാനും സിനിമയിലെത്തിയത്. 'നഖക്ഷതങ്ങൾ' ചെയ്യുമ്പോൾ എനിക്കു 13 വയസ്സേ ഉള്ളൂ. 'നഖക്ഷതങ്ങളി'ലെ ലക്ഷ്മി ഊമയാണെങ്കിൽ ആരണ്യകത്തിലെ അമ്മിണി വായാടിയും തന്റേടിയുമാണ്. ഡയലോഗ് ഇംഗ്ലിഷിലെഴുതിയാണ് പഠിച്ചിരുന്നത്. അഭിനയിച്ച കാലമായിരുന്നു ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലം.
അമ്മയും മുത്തശ്ശിയും മരിച്ചതിനു ശേഷമാണ് ഒറ്റയ്ക്കായത്, 1995 മുതൽ. മുത്തശ്ശി മരിക്കുന്ന സമയത്ത് 'അശോകവനം' എന്ന തമിഴ് സീരിയലിൽ ലീഡ് റോൾ ചെയ്യുകയായിരുന്നു. പിന്നെയും തമിഴിലും കന്നടയിലും സീരിയലുകൾ ചെയ്‌തു. അഭിനയത്തിൽ നിന്ന് മനപ്പൂർവം മാറിനിന്നതൊന്നുമല്ല. 'വന്ദന'ത്തിനു ശേഷം ആരും എന്നെ വിളിച്ചില്ല. പല ജോലികളും പല ബിസിനസും ചെയ്താണു ജീവിതം മുന്നോട്ടു പോയത്. 21ാം വയസ്സിൽ ഒറ്റയ്ക്കായെങ്കിലും വിവാഹം കഴിക്കണമെന്നോ കൂട്ടു വേണമെന്നോ തോന്നിയില്ല. 'ആരണ്യകത്തിനു വേണ്ടി വിനീത് തന്ന ഉമ്മ മാത്രമേ ജീവിതത്തിൽ ഇതുവരെ കിട്ടിയിട്ടുള്ളൂ. അത് അഭിനയമല്ലേ. ജീവിതത്തിൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.
ഇപ്പോൾ മടങ്ങി വരണമെന്നു തോന്നുന്നു. മലയാളം സിനിമയോ സീരിയലോ വന്നാൽ തീർച്ചയായും അഭിനയിക്കും. ഏതു വേഷവും ചെയ്യാമെന്ന ആത്മവിശ്വാസമുണ്ട്. അമ്മ വേഷമോ മുത്തശ്ശിയോ ചേട്ടത്തിയോ ഒക്കെ...’’
വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖം വായിക്കാം www.vanitha.in/celluloid/celebrity-interview/2017/05/29/saleema-actress-after-vandanam-story-actress-saleema-back-to-cinema-interview.html