കിടന്ന കിടപ്പിൽ ബിനീഷ് കണ്ടു, പൊന്നുമോളുടെ ചേതനയറ്റ മുഖം: സ്വപ്നങ്ങൾ ബാക്കിയാക്കി ബിൻസി മടങ്ങി Tragic Road Accident Claims Student's Life in Aryanad
ആശുപത്രി കിടക്കയിൽനിന്നു എഴുന്നേൽക്കാനാകാതെ കിടന്നു കൊണ്ടാണ് ആര്യനാട് ചെറുകുളം സ്വദേശി ബിനീഷ് പൊന്നുമോൾ ആൻസിയുടെ ചേതനയറ്റ മുഖം വിങ്ങലോടെ കണ്ടത്. മെഡിക്കൽകോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി 11ന് ആണ് ആൻസിയുടെ മൃതദേഹം ബിനീഷ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആംബുലൻസ് എത്തുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് മകളുടെ മരണം ഇദ്ദേഹത്തെ അറിയിച്ചത്.
ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് മകളുമായി വീട്ടിലേക്കു പോകുമ്പോഴാണ് ബിനീഷ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ബൈക്ക് ഇടിച്ചു സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ പിന്നാലെ വന്ന ടിപ്പർ ലോറി കയറിയിറങ്ങി. ആര്യനാട് വെള്ളനാട് റോഡിൽ ലൂഥർ ഗിരിക്കും ചെറുകുളത്തൂരിനും ഇടയിലായിരുന്നു അപകടം. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് ആൻസി.
ടിപ്പർ ലോറി ഡ്രൈവർ അറസ്റ്റിൽ
അപകടമുണ്ടാക്കിയ ടിപ്പർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മൂങ്ങോട് ജെ.എസ്. ഭവനിൽ ജോസ്(40) ആണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ ബൈക്ക് യാത്രക്കാരൻ ആര്യനാട് കാഞ്ഞിരംമൂട് മാതാ ഭവനിൽ അമൽ ആന്റണി (27) പരുക്കേറ്റ് ചികിത്സയിലാണ്. അച്ഛനും മകളും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ബൈക്ക് ഇടിച്ചാണ് കുട്ടി മരിച്ചതെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.
പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തലും കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയുണ്ടായ മുറിവാണ് മരണ കാരണമെന്ന് പറയുന്നതായിപൊലീസ് അറിയിച്ചു. ആര്യനാട് എസ്എച്ച്ഒ ശരൺ.ജെ.നായർ, എസ്ഐ കെ.വേണു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.