കണ്ണഞ്ചിപ്പിക്കും വജ്രാഭരണങ്ങൾ, കൂടെയൊരു സർപ്രൈസും: കപ്പടിച്ചതിന് പിന്നാലെ ഇന്ത്യൻ വനിതകൾക്ക് സമ്മാനപ്പെരുമഴ Indian Women's Cricket Team Celebrated with lavish gifts
ക്രിക്കറ്റിന്റെ വിശ്വകിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ വനിതകളെ തേടി സമ്മാനപ്പെരുമഴകളാണ് എത്തുന്നത്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ അടിയറവു പറയിച്ച പെൺപുലികൾക്ക് ബിസിസിഐയുടെ വകയായാണ് ആദ്യ സമ്മാനമെത്തിയത്. ലോകകപ്പ് ജേതാക്കളെന്ന നിലയിൽ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 40 കോടി രൂപയുടെ സമ്മാനത്തിന് പുറമേ ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐ 51 കോടി രൂപയും പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ, സൂററ്റിൽ നിന്നുള്ളൊരു വജ്രവ്യാപാരിയുടെ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനപ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ശ്രീ രാമകൃഷ്ണ എക്സ്പോർട്സ് (എസ്ആർകെ) എന്ന വജ്രാഭരണ കമ്പനിയുടെ മേധാവിയും രാജ്യസഭാ എംപിയുമായ ഗോവിന്ദ് ധോലാക്കിയ പ്രഖ്യാപിച്ച സമ്മാനം ഇങ്ങനെ: വനിതാതാരങ്ങളുടെ ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ വജ്രഭാരണം.
പുറമേ സോളർ പാനലും!ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ശതകോടി ഇന്ത്യക്കാരുടെ ഹൃദയംകവർന്നുവെന്നും അവരുടെ പോരാട്ടവീര്യവും ആത്മവിശ്വാസവും അച്ചടക്കവും മാതൃകാപരമാണെന്നും വരുന്ന തലമുറയ്ക്ക് പ്രോത്സാഹനമാകുമെന്നും വ്യക്തമാക്കിയാണ് വജ്രവ്യാപാരിയുടെ സമ്മാന പ്രഖ്യാപനം. ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഗ്സ് തുടങ്ങി ഓരോ താരത്തിന്റെയും അഭിരുചിക്കിണങ്ങിയ വജ്രാഭരണങ്ങൾ തയാറാക്കും. ഇതിൽനിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് അവർക്ക് തിരഞ്ഞെടുക്കാം. ഈ ഇന്ത്യൻ ടീമിന് വജ്രത്തേക്കാൾ തിളക്കമാണെന്നും ധോലാക്കിയ അഭിപ്രായപ്പെട്ടു.
ഞായറാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ച് ഇന്ത്യൻ ടീം കന്നിക്കിരീടം സ്വന്തമാക്കിയത്.